സെന്‍ഗുരു ബോധിധര്‍മ്മന് തൊണ്ണൂറുവയസ്സായി. അദ്ദേഹം തന്‍റെ ശിഷ്യന്മാരെയെല്ലാം വിളിച്ചു ചേര്‍ത്തു പറഞ്ഞു: "എനിക്ക് ഹിമാലയത്തിലേക്ക് തിരിച്ചുപോകാന്‍ സമയമായി. മരിക്കാന്‍ പറ്റിയതായി ലോകത്തെവിടെയും അത്തരമൊരു ഇടമില്ല, അത്രയ്ക്കു നിശ്ശബ്ദവും. ഞാന്‍ പിരിയും മുമ്പ് ഈ ധ്യാനവിദ്യാലയം തുടര്‍ന്നു നടത്താന്‍ പ്രാപ്തനായ ഒരാളെ എനിക്കു കണ്ടുപിടിക്കണം. ഇതിന് പ്രാപ്തിയുള്ളവരായി സ്വയം തോന്നുന്നവര്‍ ദയവായി എഴുന്നേറ്റു ന്ലക്കണം."
നൂറുകണക്കിനു ശിഷ്യന്മാര്‍ അവിടെയുണ്ടായിരുന്നു. അവരില്‍ അഞ്ചുപേര്‍ മാത്രം എഴുന്നേറ്റു നിന്നു. അദ്ദേഹം പറഞ്ഞു: "എന്നെ നഷ്ടമായവര്‍ നിങ്ങള്‍ തന്നെയാണ്. അതുകൊണ്ട് ഉടന്‍ പുറത്തുപോവുക." അനന്തരം അദ്ദേഹം ശിഷ്യന്മാരുടെ ഇടയിലൂടെ അവരുടെ കണ്ണുകള്‍ നിരീക്ഷിച്ചുകൊണ്ട് നടന്നുപോവുകയും നാലുപേരെ കണ്ടുപിടിക്കുകയും ചെയ്തു.
അദ്ദേഹം അവരെ അടുത്തു വിളിച്ചു ചോദിച്ചു: "ഞാന്‍ മരിച്ചാല്‍ എന്‍റെ പിന്‍ഗാമി ആരായിരിക്കുമെന്ന് നിങ്ങളുടെ ഉത്തരത്തില്‍നിന്ന് ഉറപ്പിക്കാന്‍ പോവുകയാണ്. എന്‍റെ നിഗൂഢ സമീപനത്തിന്‍റെ സത്ത എന്തായിരുന്നു? കുറഞ്ഞ വാക്കുകള്‍കൊണ്ട് പറയണം". ഒന്നാമന്‍ പറഞ്ഞു: "അതു ധ്യാനമാകുന്നു." ബോധിധര്‍മ്മന്‍ പറഞ്ഞു: "നിനക്ക് എന്‍റെ തൊലിയുണ്ട്. നീ അതിന്‍റെ ആഴംവരെ പോയില്ല."
രണ്ടാമനോട് ചോദിച്ചു: "നിന്‍റെ ഉത്തരം എന്താണ്?" "ബോധോദയം. "നിനക്ക് എന്‍റെ എല്ലുകളുണ്ട്. നീയും പോയി ഇരിക്ക്," ഗുരു പറഞ്ഞു.
മൂന്നാമന്‍റെ ഊഴം വന്നു. "ഗുരോ, എനിക്കറിയില്ല." "നീ എന്‍റെ വളരെ അടുത്താണ്. ഇതു നല്ലതു തന്നെ. പക്ഷേ വേണ്ടത്ര നല്ലതല്ല. നിനക്കിപ്പോള്‍ കുറച്ച് അറിയും! പോയി ഇരിക്ക്."
ഗുരു നാലാമനെ നോക്കി. അയാള്‍ കണ്ണു നിറഞ്ഞ് ഒരു വാക്കും ഉരിയാടാതെ നിന്നു. അയാള്‍ ഗുരുവിന്‍റെ പാദങ്ങളില്‍ വീണു. ഗുരുമൊഴിഞ്ഞു: "നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. നീ എന്നെ പ്രതിനിധീകരിക്കും. നിന്നില്‍ എന്‍റെ സത്തയുണ്ട്. അവര്‍ക്ക് വാക്കുകള്‍കൊണ്ട് പകരാനാകാത്തത് നിശ്ശബ്ദതയിലൂടെ നീ വെളിപ്പെടുത്തി! നല്ലത്! "