"ആ ഗൃഹനാഥന്‍ കോപിച്ചു ദാസനോടു പറഞ്ഞു: നീ വേഗം പട്ടണത്തിന്‍റെ തെരുവുകളിലും ഊടുവഴികളിലും ചെന്ന്, ദരിദ്രരേയും കുരുടരേയും മുടന്തരേയും ഇവിടെ കൂട്ടിക്കൊണ്ടു വരിക." ലൂക്കാ: 14:21
ചിലരുടെ സാന്നിദ്ധ്യത്തില്‍ നിങ്ങളില്‍ നിഷേധാത്മക വികാരങ്ങള്‍ ഉടലെടുക്കുന്നതു നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ അവരുടെ സാമീപ്യം നിങ്ങള്‍ ഏതുവിധേനയും ഒഴിവാക്കാനും ശ്രമിക്കുന്നുണ്ടാവാം. അത്തരത്തിലുള്ള ഒരു വ്യക്തിയെ - നിങ്ങള്‍ ലവലേശം ഇഷ്ടപ്പെടാത്ത ഒരാളെ - മനസ്സില്‍ കൊണ്ടുവരിക. അയാള്‍ നിങ്ങളുടെ തൊട്ടടുത്ത് നില്ക്കുന്നതായി സങ്കല്പിക്കുക. അപ്പോള്‍ നിങ്ങള്‍ക്കനുഭവപ്പെടുന്ന നെഗറ്റീവ് വികാരങ്ങള്‍ ഒന്നു നിരീക്ഷിക്കുക.
നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ 'മുടന്തനും അന്ധനും പരമ ദരിദ്രനുമായ ഒരു തെണ്ടി'യുടെ മുമ്പിലാണ് ഇപ്പോള്‍. നിങ്ങളുടെ ഏറ്റവും വശ്യവും ഹൃദ്യവുമായ സൗഹൃദങ്ങള്‍ക്കു നിങ്ങളുടെ ജീവിതത്തിനു നല്കാനാവാത്ത ഒന്നു തെരുവില്‍ നിന്നും നിങ്ങള്‍ വിളിച്ചുകയറ്റിക്കൊണ്ടുവന്ന ആ 'തെണ്ടി'ക്കു നല്കാനാവും എന്നു നിങ്ങള്‍ മനസ്സിലാക്കുക.
നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നു അയാള്‍ നിങ്ങള്‍ക്കു വെളിപ്പെടുത്താന്‍ പോകുകയാണ്. വേദഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന വെളിപാടുകള്‍പോലെ അമൂല്യമായ ഒന്നായിരിക്കും അത്. തെരുവിലെ തെണ്ടി നിങ്ങള്‍ക്കു നല്കുന്ന വെളിപാട് നിങ്ങളുടെ ഹൃദയത്തെ വികസ്വരമാക്കും- ഓരോ സൃഷ്ടിക്കും ഇടം ലഭിക്കത്തക്കയത്രയും വികസിതം. ഇതിലും മനോഹരമായ ഒന്ന് നിങ്ങള്‍ക്കു മറ്റാരെങ്കിലും നല്കുമോ?
നിങ്ങളിലുണ്ടാകുന്ന നിഷേധാത്മകമായ പ്രതികരണങ്ങളെ ശ്രദ്ധയോടെ നിരീക്ഷിച്ചതിനുശേഷം ചുവടെ കാണുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കുക:
1. ഈ സാഹചര്യത്തെ ഞാന്‍ നിയന്ത്രിക്കുകയാണോ, അതോ അത് എന്നെ നിയന്ത്രിക്കുകയാണോ?
ഇതു നല്കുന്ന ഉത്തരം അടുത്ത ഉത്തരത്തിലേക്കു നമ്മെ നയിക്കും:
2. ഒരു സാഹചര്യത്തെ നിയന്ത്രിക്കണമെന്നുണ്ടെങ്കില്‍, നാം നമ്മുടെ തന്നെ നിയന്ത്രണം ഏറ്റെടുക്കണം. പക്ഷേ, അതിനു നിങ്ങള്‍ക്കാകുന്നില്ല. സ്വയം നിയന്ത്രണമേറ്റെടുക്കാന്‍ ഒരാള്‍ക്ക് എങ്ങനെ കഴിയും?
ക. ആദ്യം നിങ്ങള്‍ അറിയേണ്ടത്, ഈ പ്രത്യേക വ്യക്തിയുടെ സാന്നിദ്ധ്യത്തില്‍ ഇത്രയും നെഗറ്റീവായ വികാരങ്ങള്‍ ഉണ്ടാകാത്ത അനേകം മനുഷ്യര്‍ നിങ്ങളുടെ ചുറ്റുവട്ടത്തില്‍തന്നെ ഉണ്ടെന്നുള്ള വസ്തുതയാണ്.
ഘ. അവര്‍ക്ക് ആ സാഹചര്യത്തെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങളെപ്പോലെ അവര്‍ അതിന് അടിമപ്പെട്ടുപോകുന്നില്ല.
ഗ. അതുകൊണ്ട് നിങ്ങള്‍ മനസ്സിലാക്കേണ്ടത്, നിങ്ങളിലുണ്ടാകുന്ന നെഗറ്റീവ് വികാരങ്ങള്‍ക്കു കാരണം ആ വ്യക്തിയല്ല, പിന്നെയോ നിങ്ങളിലെ പ്രോഗ്രാമിംഗാണ് എന്ന വസ്തുതയാണ്. ആ 'തെണ്ടി' നിങ്ങള്‍ക്കു നല്കുന്ന മൂന്നാമത്തെ വെളിപാട് ഇതാണ്.
ഇത്രയും നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് ബോദ്ധ്യപ്പെട്ടു കഴിഞ്ഞാല്‍, പൊതുവിലുള്ള മനുഷ്യസ്വഭാവത്തെക്കുറിച്ചും നിങ്ങള്‍ക്കു ചില വെളിപാടുകള്‍ ലഭിക്കും.
നിങ്ങള്‍ക്ക് അസഹനീയമായി തോന്നുന്ന ആ വ്യക്തിയുടെ ഒരു പ്രത്യേക സ്വഭാവവിശേഷത്തിനും അദ്ദേഹം യാതൊരു വിധത്തിലും ഉത്തരവാദിയല്ലെന്നുള്ള വസ്തുത നിങ്ങള്‍ ഗ്രഹിക്കുന്നുണ്ടോ? അയാള്‍ പൂര്‍ണ്ണ സ്വതന്ത്രനാണെന്നും അതുകൊണ്ട് അയാളുടെ ഓരോ സ്വഭാവവിശേഷത്തിനും അയാള്‍തന്നെ ഉത്തരവാദിയാണെന്നുമുള്ള തെറ്റിദ്ധാരണ നിങ്ങള്‍ പുലര്‍ത്തുന്ന കാലത്തോളം മാത്രമേ നിങ്ങള്‍ക്ക് അയാള്‍ അസഹനീയമായി തുടരുകയുള്ളൂ.
ആര്‍ക്കാണു പൂര്‍ണ്ണ അവബോധത്തോടെ തിന്മ ചെയ്യാനാകുക? തിന്മ ചെയ്തുപോകുന്നതു സ്വാതന്ത്ര്യം ഉള്ളതുകൊണ്ടല്ല, മനസ്സ് രോഗഗ്രസ്തമായതു കൊണ്ടാണ് - അവബോധമില്ലായ്മയെന്ന രോഗം. പൂര്‍ണ്ണമായും സ്വതന്ത്രയായ ഒരു വ്യക്തിക്ക് തിന്മ ചെയ്യാനാവില്ല- ദൈവത്തിന് തിന്മ ചെയ്യാനാവാത്തതുപോലെ തന്നെയാണത്.
നിങ്ങളുടെ മുമ്പിലെ ഈ 'തെണ്ടി' യഥാര്‍ത്ഥത്തില്‍ മുടന്തനും അന്ധനുമാണ്; അല്ലാതെ, നിങ്ങള്‍ കരുതുന്നതുപോലെ ദുര്‍വ്വാശിക്കാരനും തിന്മ നിരൂപിക്കുന്നവനുമല്ല. ഈ സത്യം നിങ്ങള്‍ക്കു ഗ്രഹിക്കാനായാല്‍, ഇതിനെക്കുറിച്ച് അവധാനപൂര്‍വ്വം ചിന്തിക്കാനായാല്‍ നിങ്ങളിലെ നെഗറ്റീവ് വികാരങ്ങള്‍ സഹാനുഭൂതിക്കും ഹൃദയാര്‍ദ്രതയ്ക്കും വഴിമാറുന്നതു കാണാനാകും. അതോടുകൂടി, ഇന്നുവരെ നിങ്ങളാലും മറ്റുള്ളവരാലും ഓരങ്ങളിലേക്ക് തള്ളിനീക്കപ്പെട്ടവര്‍ക്ക് ഇടം കൊടുക്കാന്‍ നിങ്ങളുടെ ഹൃദയം സജ്ജമാകും.
പണ്ട് ഇത്തരം വ്യക്തികള്‍ നിങ്ങളെ നിയന്ത്രിച്ചിരുന്നു. നിങ്ങളില്‍ നെഗറ്റീവ് വികാരങ്ങള്‍ അവര്‍ ഉണര്‍ത്തിയിരുന്നു. നിങ്ങള്‍ അവരെ കാണുമ്പോള്‍ വഴിമാറി നടന്നിരുന്നു. പക്ഷേ, ഇതാ ഇപ്പോള്‍ നിങ്ങള്‍ക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യം കൈവന്നിരിക്കുന്നു; ആരേയും അവഗണിക്കാതിരിക്കാനും നിങ്ങള്‍ക്കു കഴിയുന്നു. മറ്റാര്‍ക്കും നല്കാനാവാത്ത വലിയൊരു സമ്മാനവുമായാണ് ആ 'തെണ്ടി' നിങ്ങളുടെ ഭവനത്തില്‍ വന്നതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ?- നിങ്ങളുടെ ഹൃദയം വിശാലവും മനോഭാവം സഹാനുഭൂതിയുള്ളതും വ്യക്തിത്വം സ്വതന്ത്രവുമായിത്തീര്‍ന്നിരിക്കുന്നു.
ഇത്രയും നിങ്ങള്‍ക്കു ശ്രദ്ധിക്കാനായാല്‍ ആ വ്യക്തിയോട് നിങ്ങള്‍ക്കു സഹാനുഭൂതി മാത്രമായിരിക്കില്ല അനുഭവപ്പെടുക! വിലമതിക്കാനാവാത്ത ഈ ഉപകാരം ചെയ്തതിനു നിങ്ങള്‍ അയാളോടു കൃതജ്ഞതയുള്ളവളുമായിത്തീരും. അതോടുകൂടി ഇതുവരെ പരിചിതമല്ലാത്ത ഒരു വികാരം നിങ്ങള്‍ക്ക് അനുഭവിക്കാനാകും.
നീന്തല്‍ പഠിച്ചവര്‍ നദി അന്വേഷിക്കുന്നതുപോലെ, നിങ്ങളെ വളര്‍ത്തുന്ന 'മുടന്തരും അന്ധരും ദരിദ്രരു' മായവരുടെ സാന്നിദ്ധ്യം നിങ്ങള്‍ അന്വേഷിച്ചുകൊണ്ടേയിരിക്കും. പണ്ട് അവരുടെ സാന്നിദ്ധ്യം നിങ്ങള്‍ക്ക് അസഹനീയവും ഉള്ളില്‍ കാലുഷ്യം നിറയ്ക്കുന്നതും ആയിരുന്നെങ്കില്‍, ഇന്ന് അത് നിങ്ങളില്‍ സഹാനുഭൂതി നിറയ്ക്കുകയും ആകാശത്തോളം വിശാലമായ ഹൃദയം നല്കുകയും ചെയ്യുന്നു. അപ്പോള്‍ നിങ്ങള്‍, സ്വയം അറിയാതെ തന്നെ, ഗുരുവിന്‍റെ നിര്‍ദ്ദേശാനുസരണം, തെരുവുകളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും ചെന്ന് അന്ധരേയും മുടന്തരേയും ദരിദ്രരേയും വീട്ടിലേക്കു സ്വാഗതം ചെയ്യുകതന്നെ ചെയ്യും.