ചീത്ത എന്ന മലയാളം വാക്കിന്‍റെ അര്‍ത്ഥം മോശമെന്നാണ്. എന്നാല്‍ നമ്മുടെ നാട്ടുപ്രയോഗത്തില്‍ ഈ വാക്ക് സാധാരണയായി ഉപയോഗിക്കുന്നത് ലൈംഗികമായ ചിന്ത, ഭാവന, പ്രവൃത്തി ഇവയെ സൂചിപ്പിക്കാനാണ്. നമ്മുടെ ചിന്താഗതിയില്‍ ലൈംഗികമായതെന്തും മോശമാണ്. അതുകൊണ്ടുതന്നെ മാന്യതയുള്ള ഒരാളായിരിക്കുക എന്നാല്‍ ലൈംഗിക ഭാവനകളോ പ്രവൃത്തിയോ ഇല്ലാത്ത ഒരു വ്യക്തിത്വത്തിന് ഉടമയായിരിക്കുക എന്നര്‍ത്ഥം. പക്ഷെ എന്തുചെയ്യാം ഏറിയാല്‍ 'എനിക്ക് അത്തരം ചിന്തകളൊന്നുമില്ലെന്ന്' നടിക്കാനായേക്കാം. എന്നിരുന്നാലും നാമാരും ലൈംഗിക വൈകാരികതയില്ലാത്തവരാകുന്നില്ലല്ലോ!

കൗമാരത്തിന്‍റെ തുടക്കംവരെ നമ്മുടെ ശരീരത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ വിശപ്പും ദാഹവും ചൂടും തണുപ്പുമായി ബന്ധപ്പെട്ടിരുന്നു. മാനസിക ആവശ്യങ്ങളാവട്ടെ കളിവിനോദങ്ങളിലും മാതാപിതാക്കളോടും കൂട്ടുകാരോടുമുള്ള ഇഷ്ടത്തിലും പരിമിതപ്പെട്ടതായിരുന്നു. എന്നാല്‍ കൗമാരം പിന്നിട്ടപ്പോഴേയ്ക്കും ശരീരത്തിലും മനസ്സിലും കൂടുതല്‍ സങ്കീര്‍ണ്ണമായ ചില മാറ്റങ്ങളിലൂടെ നാം കടന്നുപോയി. ശരീരം പുഷ്ടിപ്പെട്ടതോടൊപ്പം കൂടുതല്‍ സ്പര്‍ശന സംവേദനമാകാന്‍ തുടങ്ങി. ശരീരത്തിന്‍റെ ചില ഭാഗത്തുണ്ടാകുന്ന സ്പര്‍ശനങ്ങള്‍ പ്രത്യേകിച്ച് ലൈംഗികഭാഗത്തുണ്ടാകുന്ന സ്പര്‍ശനങ്ങള്‍ സുഖദായകമായ അനുഭവത്തിലേയ്ക്ക് നയിക്കുന്നുവെന്ന തിരിച്ചറിവുണ്ടായി. ഒപ്പം നമ്മുടെ എതിര്‍ലൈംഗിക വിഭാഗത്തില്‍പ്പെട്ടവരോട് അന്നോളമുണ്ടായിരുന്ന സൗഹൃദം എന്ന ബന്ധത്തിന്‍റെ തലം വിട്ട് അവരുടെ ശരീരത്തോട് മാനസികമായ ഒരാകര്‍ഷണം തോന്നിത്തുടങ്ങി. അവരുടെ നഗ്നമായ ശരീരങ്ങള്‍ കാണുന്നതും സ്പര്‍ശിക്കുന്നതും കൗതുകകരമായ ഭാവനകളായി മനസ്സില്‍ കടന്നുവരാനാരംഭിച്ചു. അങ്ങനെ സാവകാശം നാമൊക്കെ ലൈംഗികജീവികളായി രൂപപ്പെടുകയായിരുന്നു. ചിലപ്പോള്‍ ലൈംഗികമായ അറിവുകള്‍ ആരെങ്കിലും നമുക്ക് പറഞ്ഞ് തന്നിരിക്കും; എന്നാല്‍ ശരീരത്തിന്‍റെയും മനസ്സിന്‍റെയും ഈ മാറ്റങ്ങള്‍ നമ്മില്‍ വളരെ സ്വാഭാവികമായി സംഭവിച്ചതാണ്. അല്ലാതെ ആരെങ്കിലും പറഞ്ഞ് തന്നതുകൊണ്ട് നമ്മില്‍ സംഭവിച്ചതല്ല.

 

ഊഷ്മളതയുള്ള സ്നേഹബന്ധങ്ങള്‍ക്കുടമകളാകാനും കുടുംബം കെട്ടിപ്പടുക്കാനും പക്വതയുള്ള വ്യക്തിത്വങ്ങളാകാനും ദൈവം തന്ന അനുഗ്രഹമാണിത്. പിന്നെ എപ്പോഴാണ് ഇതൊക്കെ 'ചീത്ത' എന്ന ചിന്ത നമ്മുടെ മനസ്സില്‍ കടന്നുകൂടി കുറ്റബോധം സൃഷ്ടിക്കാന്‍ തുടങ്ങിയത്!

 

2-ാം വര്‍ഷം എന്‍ജിനിയറിംഗിന് പഠിക്കുന്ന എബിന്‍ മാത്യു (പേര് സാങ്കല്പികം) അവധിക്കാലത്ത് ധ്യാനത്തില്‍ സംബന്ധിക്കാന്‍ വന്നതാണ്. ഏതെങ്കിലുമൊരു വൈദികനെ കണ്ട് നേരിട്ട് സംസാരിക്കണമെന്ന് മനസ്സില്‍ തീരുമാനിച്ചാണ് വന്നത്. 'ഈ ധ്യാനത്തിലൂടെയെങ്കിലും ദൈവമെ എന്‍റെ പ്രശ്നങ്ങളൊക്കെ മാറ്റിത്തരണമെയെന്ന്' ഒത്തിരി പ്രാര്‍ത്ഥിച്ചിട്ടാണ് സംസാരിക്കാന്‍ വന്നത്. എബിന്‍റെ പ്രശ്നങ്ങളാരംഭിക്കുന്നത് 9-ാം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതലാണ്. വഴിയിലൂടെ പോകുമ്പോള്‍ ശരീരഭാഗങ്ങളൊക്കെ പ്രദര്‍ശിപ്പിച്ച് നില്‍ക്കുന്ന സ്ത്രീകളുടെ സിനിമാപോസ്റ്ററുകള്‍ കാണുമ്പോള്‍ ചീത്തയായ ചിന്തകള്‍ മനസ്സില്‍ വരുന്നു. മിക്കപ്പോഴും കൂട്ടത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികളുമായും കാണാന്‍ ഭംഗിയുള്ള സ്ത്രീകളുമായും ശാരീരികമായി ബന്ധപ്പെടുന്നതായി ഭാവനയില്‍ കടന്നുവരുന്നു. അവരുടെ നഗ്നത കാണാന്‍ മനസ്സില്‍ വല്ലാത്ത ഭ്രമം. പള്ളി വീടിനടുത്തായതുകൊണ്ട് മിക്കദിവസങ്ങളിലും പള്ളിയില്‍ പോകും. ഈശോയോട് ഒത്തിരി പ്രാര്‍ത്ഥിച്ചു. പക്ഷേ ഇതുവരെ ഫലമുണ്ടായിട്ടില്ല. ജീസ്സസ് യൂത്തിലും, കെ.സി.വൈ.എം.ലും പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ എപ്പോഴും മനസ്സില്‍ വല്ലാത്ത കുറ്റബോധം- "ഞാന്‍ നല്ല കുട്ടിയാണെന്നാ എല്ലാവരും വിചാരിക്കുന്നത്. എന്‍റെ ഈ അവസ്ഥകളൊക്കെ അവരറിഞ്ഞാല്‍....ഞാന്‍ ദൈവത്തെയും മറ്റുള്ളവരെയും കബളിപ്പിക്കുകയല്ലേ....?"

 

ഈ കൗമാരപ്രായക്കാരന്‍റെ ചിന്തകളില്‍ അസന്മാര്‍ഗ്ഗികമായ എന്തെങ്കിലുമുണ്ടോ? അഥവാ അതില്‍ അസന്മാര്‍ഗ്ഗികതയുണ്ടെന്ന് കരുതിയാല്‍പോലും ഈ കുട്ടിക്ക് സ്വന്തം പരിശ്രമങ്ങളിലൂടെ ഇത്തരം ഭാവനകളേയും ചിന്തകളേയും മറികടക്കാനാവുമോ? ഒരു പടികൂടി കടന്ന് പഠനവും പ്രാര്‍ത്ഥനയും മറ്റ് ചിന്തകളുമായി മനസ്സിനെ നിറച്ച് മനസ്സില്‍ സ്ത്രീകളോടുള്ള ആകര്‍ഷണം പരിപൂര്‍ണ്ണമായി ഇല്ലാതാക്കിയാല്‍ (അസാധ്യമായ ഒന്ന്) ഈ കുട്ടിക്ക് ഭാവിയില്‍ ഭാര്യയോടൊത്ത് ഒരു സന്തുഷ്ടകുടുംബജീവിതം സാധ്യമാകുമോ? സ്ത്രീയോട് മനസ്സില്‍ ആകര്‍ഷണം തോന്നാത്ത ഒരാള്‍ക്ക് എങ്ങനെ കുടുംബജീവിതം സാധ്യമാകും?
 

ഈ കുട്ടിയുടെ ഭാവനയിലും ചിന്തയിലും മോശമായതൊന്നുമില്ലെന്ന ബോധ്യപ്പെടുത്തലില്‍തന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു. എന്നു മാത്രമല്ല ഈ യുവാവ് നല്ലൊരു ക്രിസ്തീയ ജീവിതം നയിക്കുന്ന, ശരിയായ മാനസിക-വൈകാരിക വളര്‍ച്ചയുള്ള ആളാണ്. (ഒരാളുടെ ഭാവനയും ചിന്തയും ധാര്‍മ്മികമായി വിലയിരുത്തപ്പെടേണ്ടത് അയാളുടെ വ്യക്തിത്വത്തിന്‍റെ ആകമാനമുള്ള ധാര്‍മ്മിക നിലവാരത്തിന്‍റെ വെളിച്ചത്തിലായിരിക്കണം എന്ന ധാര്‍മ്മിക മാനദണ്ഡം ഇവിടെ അനുസ്മരിക്കട്ടെ). ശരീരവും ലോകവും മുഴുവന്‍ തിന്മ നിറഞ്ഞതാണെന്ന തെറ്റായ തത്ത്വശാസ്ത്രചിന്ത ക്രിസ്തീയമതത്തിനുള്ളില്‍ കടന്ന് കൂടിയ കാലം മുതലാണ് ലൈംഗികഭാവനയെ നാം പാപചിന്തയോടെ നോക്കിക്കാണാന്‍ തുടങ്ങിയത്.  ഈ അനഭിലഷണീയമായ കുറ്റബോധത്തെ സാവകാശം മറികടന്നില്ലെങ്കില്‍ ഒത്തിരി നന്മയ്ക്കുപകരിക്കാവുന്ന നമ്മിലെ മാനസികോര്‍ജ്ജത്തെ ഇത് നിരന്തരം തളര്‍ത്തിക്കളഞ്ഞുകൊണ്ടിരിക്കും.

നിരന്തരം മനസ്സ് ലൈംഗികചിന്തകളാല്‍ വേട്ടയാടപ്പെടുന്ന ഒരു യുവന്ന്യാസി. 71 വയസ്സുള്ള ആചാര്യതുല്യനായ സന്ന്യാസിയുടെ അടുക്കല്‍ ചെന്ന് ഒരിക്കല്‍ ചോദിച്ചു: "എത്ര വയസ്സ് കഴിയണം മനസ്സില്‍നിന്ന് സ്ത്രീകളോടുള്ള ആകര്‍ഷണം മാറിപ്പോകാന്‍?". മുതിര്‍ന്ന സന്ന്യാസി മറുപടി നല്കി: "70 വയസ്സ് കഴിഞ്ഞാല്‍ പിന്നെ അത്തരം ചിന്തകളൊന്നും മനസ്സില്‍ വരില്ല." ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത ഹോസ്റ്റലില്‍ താമസിച്ച് കോളേജ് പഠനം നടത്തിയിരുന്ന പെണ്‍കുട്ടികള്‍ അവരുടെ പഠനം പൂര്‍ത്തീകരിച്ച് പോകുന്നതിന് മുന്‍പ് യാത്രപറയാനായി സന്ന്യാസാശ്രമത്തില്‍ വന്നു. വിശ്രമിക്കുകയായിരുന്ന മുതിര്‍ന്ന സന്ന്യാസിയെ കണ്ട് യാത്രപറയാന്‍ അദ്ദേഹത്തിന്‍റെ മുറിയിലും അവര്‍ ചെന്നു. പെണ്‍കുട്ടികള്‍ യാത്രപറഞ്ഞ് പോയിക്കഴിഞ്ഞപ്പോള്‍ മുതിര്‍ന്ന സന്ന്യാസി കൊച്ചുസന്ന്യാസിയെ മുറിയിലേയ്ക്ക് വിളിപ്പിച്ചിട്ട് പറഞ്ഞു: "കഴിഞ്ഞ ദിവസം ഇദ്ദേഹം ഒരു പ്രായത്തിന്‍റെ സംശയം ചോദിച്ചപ്പോള്‍ ഞാന്‍ 70വയസ്സ് എന്നല്ലേ പറഞ്ഞത്. അത് 70 അല്ല കേട്ടോ 72 ആയിരുന്നു".

 

ഇല്ല, പക്വതയാര്‍ന്ന വ്യക്തികളില്‍ ലൈംഗികഭാവനകള്‍ അവസാനിക്കുന്നില്ല, പ്രായത്തിനും കാലത്തിനും വ്യക്തികള്‍ക്കുമനുസരിച്ച് ഏറ്റക്കുറച്ചിലുകളുണ്ടായേക്കാം. ചില സ്ത്രീകള്‍ അവര്‍ക്ക് ലൈംഗികഭാവനകള്‍ മനസ്സില്‍ കടന്നുവരാറില്ലെന്ന് അവകാശപ്പെടാറുണ്ട്. അത് ശരിയല്ല, സാമൂഹികമായ ലജ്ജാബോധത്തില്‍ അത് അവര്‍ വിസമ്മതിക്കുന്നതാണ്. മാത്രമല്ല സ്ത്രീകളുടെ ലൈംഗികഭാവന പുരുഷന്മാരുടേതില്‍നിന്ന് വ്യത്യസ്തമാണ്. അവ കൂടുതല്‍ വൈകാരികമാണ്. നഗ്നത, ലൈംഗികപ്രവൃത്തി എന്നതിനേക്കാള്‍ അവരുടെ ഭാവനകള്‍ പുരുഷനുമായുള്ള വൈകാരിക പ്രേമത്തെക്കുറിച്ചായിരിക്കും. അഥവാ പ്രായപൂര്‍ത്തിയായ ഏതെങ്കിലും സ്ത്രീയിലോ പുരുഷനിലോ ലൈംഗികഭാവനകള്‍ ഉണരുന്നില്ലെങ്കില്‍ അവരുടെ ലൈംഗികവളര്‍ച്ചയില്‍ എന്തോ പ്രശ്നം നേരിട്ടുണ്ട്. അത്തരക്കാര്‍ക്ക് ഒരു ഡോക്ടറിന്‍റെയോ മനഃശാസ്ത്രവിദഗ്ദ്ധന്‍റെയോ സഹായം ആവശ്യമുണ്ട്.

 

നീണ്ടുപോകുന്ന സന്മാര്‍ഗ്ഗിക വിശദീകരണത്തിനിടയില്‍ ക്രിസ്തു വിട്ടുപോകുന്നല്ലോ എന്ന് തോന്നിയേക്കാം. മനഃപൂര്‍വ്വം ക്രിസ്തുവിനെ വിട്ടുകളഞ്ഞതല്ല മറിച്ച് ലൈംഗിക ചിന്തകളുടെ ധാര്‍മ്മികതയെക്കുറിച്ച് സുവിശേഷത്തിലെ യേശു കാര്യമായിട്ടൊന്നും പരാമര്‍ശിച്ചിട്ടില്ല എന്നതു തന്നെ കാര്യം. ഇതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന പല കാര്യങ്ങളെക്കുറിച്ചും അവന് ഏറെ പറയാനുണ്ടായിരുന്നതിനാലായിരിക്കണം ധാര്‍മ്മിക വിചിന്തനത്തിന്‍റെ മുന്‍ഗണനാക്രമത്തില്‍ അത്രകണ്ട് ഊന്നല്‍ കൊടുക്കേണ്ടതില്ലാത്ത ലൈംഗികഭാവനയെ ഒറ്റപ്പരാമര്‍ശത്തിലേക്ക് അവനൊതുക്കിയത്. ആ പരാമര്‍ശം മത്താ. 5:28-ല്‍ ഇങ്ങനെകാണുന്നു: "ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളുമായി ഹൃദയത്തില്‍ വ്യഭിചാരം ചെയ്തുകഴിഞ്ഞു." ഈ വചനത്തിന്‍റെ വിവര്‍ത്തനത്തിലുള്ള ന്യൂനതയും ക്രിസ്തുവിന്‍റെ പരാമര്‍ശത്തിന്‍റെ പശ്ചാത്തലവും മനസ്സിലാക്കിയിട്ടുള്ള ദൈവശാസ്ത്രപണ്ഡിതന്മാര്‍ പറയുന്നത് സ്ത്രീയെ ഉപയോഗവസ്തുവായി മാത്രം കണക്കാക്കിയിരുന്ന യഹൂദസംസ്കാരത്തില്‍ അവളുടെ മനുഷ്യമഹത്ത്വം ഉയര്‍ത്തിക്കാട്ടാനുള്ള ക്രിസ്തുവിന്‍റെ ശ്രമമാണ് ഇതെന്നാണ്.

 

ഏതൊരു മനുഷ്യനിലും രണ്ട് തരം ഭാവനകള്‍ ഉണരാറുണ്ട്. ഫലവത്തായ ഭാവനകളും ഫലവത്താകാന്‍ സാധ്യതയില്ലാത്ത ഭാവനകളും. (Efficacious and Non efficacious Fantasies). ബോധപൂര്‍വ്വമായ മനസ്സിന്‍റെ തീരുമാനത്തില്‍നിന്ന് ഉടലെടുക്കുന്ന ഭാവനകളാണ് ഫലവത്തായ ഭാവനകള്‍. എന്നാല്‍ ജൈവികചോദനകളില്‍നിന്ന് ഉടലെടുക്കുന്ന സ്വാഭാവിക ഭാവനകള്‍ ഫലവത്തല്ലാത്ത ഭാവനകളാണ്. ഇവയ്ക്ക് വെറും ദിവാസ്വപ്നം എന്ന തലംവിട്ട് പ്രവൃത്തിയിലേയ്ക്ക് കടക്കാനുള്ള കഴിവില്ല. ഫലവത്തല്ലാത്ത ഭാവനകള്‍ പ്രവൃത്തിയിലേയ്ക്ക് നയിക്കണമെങ്കില്‍ അതിന്മേല്‍ മനസ്സിന്‍റെ പ്രവര്‍ത്തനം നടന്നിരിക്കണം. ഉദാഹരണത്തിന് ഒരാണ്‍കുട്ടി ഒരു കെട്ടിടത്തിന് മുകളില്‍നിന്ന് പറന്നുവന്ന് മല്ലന്മാരെ തലങ്ങും വിലങ്ങും ഇടിച്ച് വീഴ്ത്തുന്നതായും വെടിവെയ്ക്കുന്നതായും ഭാവനചെയ്തേക്കാം. എന്നാല്‍ ആ കുട്ടിയെ ഒരു തോക്കും കൊടുത്ത് കെട്ടിടത്തിന് മുകളിലേയ്ക്ക് കയറ്റിവിട്ടാല്‍ ഈ കാര്യങ്ങളൊന്നും ചെയ്യാന്‍ പോകുന്നില്ല. ലൈംഗികഭാവനകള്‍ ഏറിയപങ്കും ഇങ്ങനെയാണ്. ലൈംഗിക ആകര്‍ഷണീയതയുള്ള ചിത്രങ്ങളോ വ്യക്തികളെയോ കാണുമ്പോള്‍ അവരുമായി ലൈംഗിക ബന്ധത്തിലോ ചേഷ്ടകളിലോ ഏര്‍പ്പെടുന്നതായി ഭാവനയുണ്ടാകാമെങ്കിലും അതിന് സാധ്യതയുള്ള ഒരു സാഹചര്യം മുന്നില്‍ വന്നാല്‍ അവരെ ആക്രമിച്ചോ വശീകരിച്ചോ കീഴ്പ്പെടുത്തി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പോകുന്നില്ല.

 

എന്നാല്‍ ചിലരില്‍ മനസ്സിന്‍റെ ബോധപൂര്‍വ്വമായ തിരഞ്ഞെടുപ്പില്‍ നിന്ന് ഭാവനകളുണരും. ഉദാഹരണത്തിന് ഒരാളെ കൊല്ലാന്‍  തീരുമാനിച്ചിരിക്കുന്ന വ്യക്തി അയാളെ എങ്ങനെ നീചമായി കൊലപ്പെടുത്തണമെന്നതിനെക്കുറിച്ച് പലവിധ ഭാവനകള്‍ മെനയും.  ലൈംഗിക മേഖലയിലും അപൂര്‍വ്വം ചില വ്യക്തികളില്‍ ഈദൃശമായത് സംഭവിക്കാം. ആരെയും സ്വന്തം ലൈംഗികതാല്പര്യത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ മടിയില്ലാത്ത ചില വ്യക്തികളുണ്ട്. അങ്ങനെയുള്ളവര്‍ തങ്ങള്‍ക്ക് ലൈംഗികമായി ആകര്‍ഷണം തോന്നുന്നവരെ ഉന്നം വയ്ക്കുകയും എങ്ങനെ അവരെ വശീകരിച്ച് വശത്താക്കാമെന്നോ ശാരീരിക ബലംകൊണ്ട് കീഴ്പ്പെടുത്തി ലൈംഗികതൃപ്തി നേടാമെന്നോ ഭാവനകള്‍ മെനയുകയും ചെയ്യും. "ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍" എന്ന ക്രിസ്തുവിന്‍റെ പ്രയോഗം ഇത്തരക്കാരെ ഉദ്ദേശിച്ചാണ്.

ധാര്‍മ്മികതയുടെ മുന്‍ഗണനാക്രമത്തില്‍ ലൈംഗികവിഷയങ്ങള്‍ക്ക് അവ അര്‍ഹിക്കുന്നതിലേറെ പ്രാധാന്യം കൊടുക്കാതിരുന്ന ക്രിസ്തുവിന്‍റെ ധാര്‍മ്മികമനസ്സ് സ്വന്തമാക്കിയാല്‍ മാത്രമെ അനാവശ്യ കുറ്റബോധങ്ങളെ മറികടക്കാനാവൂ.

 

വികാരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുതെന്ന് മനഃശാസ്ത്രജ്ഞന്മാര്‍ നമുക്ക് ഒരു മുന്നറിയിപ്പ് തരുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളെന്തും മനസ്സിനെ കൂടുതല്‍ അലോസരപ്പെടുത്തുകയും മറ്റ് സ്വഭാവവൈകല്യങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും. ലൈംഗികഭാവനയുടെ കാര്യത്തിലും അങ്ങനെതന്നെ. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ ലൈംഗികഭാവനകള്‍ അവരുടെ ദാമ്പത്യജീവിതത്തെ സ്നേഹോഷ്മളമാക്കുമെന്നതിനാല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നാണ്. എന്നാല്‍ ദമ്പതികളുടെ ലൈംഗികഭാവനയിലുള്ള വ്യക്തി സ്വന്തം ജീവിതപങ്കാളിയല്ലെങ്കില്‍ അത് ലൈംഗികബന്ധത്തിന്‍റെ ആസ്വാദ്യത കുറയ്ക്കുകയും സാവകാശം അവരുടെ ദാമ്പത്യബന്ധം മനംമടുപ്പിക്കാനിടയാവുകയും ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ പരസ്പരം സ്നേഹിക്കുന്ന ദമ്പതികള്‍ സ്വന്തം ജീവിതപങ്കാളിയെക്കുറിച്ചു തന്നെ ലൈംഗികഭാവനകള്‍ മെനയുകയാണ് വേണ്ടത്. എന്നാല്‍ വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിച്ചിട്ടില്ലാത്തവര്‍ തങ്ങളുടെ ലൈംഗികഭാവനയെ ദാമ്പത്യജീവിതത്തിനായി തങ്ങളെ ദൈവം രൂപപ്പെടുത്തുന്ന മഹനീയ പ്രക്രിയയായി വേണം മനസ്സിലാക്കാന്‍. ഈ ഭാവന പൂവണിയുന്നത് വിവാഹജീവിതത്തിലാണ്.

 

അടിച്ചമര്‍ത്തപ്പെടാതെയും ദൈവികദാനമായും ലൈംഗികഭാവനയെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും ലൈംഗികത ശാരീരികഭാവനാതലം പിന്നിട്ട് വ്യക്തികള്‍ തമ്മിലുള്ള മാനസികവും ആത്മീയവുമായ അടുപ്പത്തിലേയ്ക്ക് കടക്കുന്നു. അതുകൊണ്ടാണ് ചില ദമ്പതിമാര്‍ ദീര്‍ഘകാലത്തെ ലൈംഗികജീവിതം പിന്നിട്ട് കഴിയുമ്പോള്‍ ശാരീരിക ലൈംഗികതയെ വളരെ ശാന്തമായും ചിലപ്പോള്‍ നിസ്സംഗമെന്ന് പോലും തോന്നിക്കാവുന്ന തരത്തില്‍ സമീപിക്കുന്നത്. ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും രോഗിയുടെ നഗ്നമായ ശരീരത്തെ ലൈംഗിക ആകര്‍ഷണമില്ലാതെ നിരീക്ഷിക്കാന്‍ കഴിയുന്നതും ഇവരിലെ ഭാവനയുടെ ജിജ്ഞാസകള്‍ സ്വാഭാവികമായി ശമിക്കപ്പെട്ടതുകൊണ്ടാണ്. പാശ്ചാത്യസംസ്കാരത്തില്‍ അവധിക്കാലത്ത് ആളുകള്‍ അടിവസ്ത്രം മാത്രം ധരിച്ച് കുടുംബസമേതം കളിച്ച് ചിരിച്ച് കടലോരത്ത് വിശ്രമിക്കുമ്പോള്‍ അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നാതിരിക്കുകയും, എന്നാല്‍ അച്ചടക്കത്തോടെ വസ്ത്രം ധരിച്ച മലയാളി ഇടം കണ്ണിട്ട് കടലിലെ തിരകള്‍പോലും കാണാതെ സദാ സമയം അവരെ തന്നെ നോക്കി നില്ക്കുകയും ചെയ്യുന്നത് മലയാളിയുടെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികഭാവനയുടെ പ്രകടനമാണ്.

യഥാര്‍ത്ഥത്തില്‍, ലൈംഗികഭാവനകളെ സ്വാഭാവികമായും ഉപയോഗപ്പെടുത്തുന്നതിലൂടെയാണ് അവിവാഹിതര്‍ തങ്ങളുടെ ലഘുവായ ലൈംഗിക പിരിമുറുക്കങ്ങളെ മറികടക്കുന്നത്. ഒപ്പം ഒരു മുന്നറിയിപ്പ് കൂടി: ലൈംഗികഭാവനകള്‍ മനസ്സില്‍ കടന്ന് വരുന്നത് സ്വാഭാവികവും ദൈവികവും പക്വതയുടെ ലക്ഷണവുമാണ്. എന്നാല്‍ മനസ്സിലേക്ക് ഭാവനകളെ നിരന്തരം ക്ഷണിച്ചു വരുത്തുകയും സദാസമയം മനസ്സിനെ ലൈംഗികലോകത്ത് അലയാന്‍ വിടുകയും ചെയ്യുന്നത് ഒരാളെ ധാര്‍മ്മിക അധഃപതനത്തിലേയ്ക്ക് നയിക്കും. ലൈംഗികഭാവനകള്‍ പഠനം, ജോലി, മറ്റ് ഉത്തരവാദിത്വങ്ങള്‍ എന്നിവയ്ക്ക് വിലങ്ങുതടിയാവാതിരിക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

 

'രണ്ടാം ക്രിസ്തു'വെന്നൊക്കെ ചരിത്രം വിശേഷിപ്പിച്ച ഒരു മനുഷ്യനുണ്ട് - അസ്സീസിയിലെ ഫ്രാന്‍സിസ്. അദ്ദേഹത്തിന്‍റെ ലൈംഗികഭാവനാ ജീവിതവുമായി ബന്ധപ്പെട്ട് ചില മനോഹരമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ലോകം മുഴുവന്‍ തിന്മയാണെന്നും മാംസത്തിന്‍റെ പ്രലോഭനമാണ് ചെകുത്താന്‍റെ ഏറ്റവും വലിയ കെണിയെന്നു സന്ന്യാസിമാര്‍ വിശ്വസിച്ചിരുന്ന ഒരു കാലത്താണ് ഫ്രാന്‍സീസും തന്‍റെ സന്ന്യാസ ജീവിതമാരംഭിക്കുന്നത്. ലൗകിക ജീവിതത്തിന്‍റെ വശ്യതയ്ക്കുള്ളില്‍ ഏറെക്കാലം ജീവിച്ച ഈ മനുഷ്യന്‍റെ മനസ്സും സന്ന്യാസത്തിന്‍റെ തുടക്കനാളുകളില്‍ ലൈംഗികഭാവനകളാല്‍ വേട്ടയാടപ്പെട്ടിരുന്നു. ഇത്തരം ചിന്തകള്‍ മനസ്സില്‍ വരുമ്പോള്‍ ഇതിനെ മറികടക്കാന്‍ മറ്റൊരു വഴിയും കാണാഞ്ഞ് വസ്ത്രമുരിഞ്ഞ് മാറ്റി റോസമുള്ളില്‍ കിടന്നുരുണ്ട കഥവരെയുണ്ട്. പിന്നീടെപ്പോഴോ ലൈംഗിഭാവനയോടുള്ള ഫ്രാന്‍സിസിന്‍റെ സമീപനത്തില്‍ ചില ആഴമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഒരു സ്ത്രീയെ ജീവിതസഖിയായി കിട്ടാനുള്ള ആഗ്രഹം മനസ്സില്‍ കട്ടപിടിച്ചു നിന്നിരുന്ന ഒരു ദിവസം ഈ മനുഷ്യന്‍ ചെയ്തതെന്തെന്നോ- പുറത്ത് പെയ്തു കിടക്കുന്ന മഞ്ഞിലേയ്ക്ക് പോയി മഞ്ഞ് കൈയില്‍ വാരിയെടുത്ത് ഒരു സ്ത്രീയുടെയും കുറെ കുഞ്ഞുങ്ങളുടെയും പ്രതിമകള്‍ ഉണ്ടാക്കി. എന്നിട്ട് ഇങ്ങനെ പറഞ്ഞ് പൊട്ടിച്ചിരിച്ചു: "ഫ്രാന്‍സിസ്, ഇതാ നില്‍ക്കുന്നു, നിന്‍റെ ഭാര്യയും മക്കളും. നീ ഇവര്‍ക്ക് ചെലവിന് കൊടുക്കുക....നാലുപേര്‍ക്ക് ചെലവിന് കൊടുക്കാന്‍ പറ്റാത്ത ദരിദ്രനായ നീ എന്തിനാണ് ഇങ്ങനെ അസാധ്യകാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് പുണ്ണാക്കുന്നത്?"

 

ഒരു നാള്‍ ലൈംഗികതയ്ക്ക് നേരെ മനസ്സ് കൊട്ടിയടച്ചയാള്‍ ഇന്ന് ഒരു തമാശക്കാരന്‍റെ മനസ്സോടെ ലൈംഗികഭാവനകളെ അഭിമുഖീകരിക്കാന്‍ പഠിക്കുന്നു. പിന്നീട് അത് സ്ത്രീകളെ നല്ല സുഹൃത്തുക്കളായി കാണുന്ന തലത്തിലേയ്ക്ക് സാവകാശം വളരാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ മരണക്കിടക്കയിലാണ് ഇത് സംഭവിച്ചത്. പ്രിയപ്പെട്ടവരെയൊക്കെ ഒന്നുകൂടി കാണാനുള്ള ആഗ്രഹവുമായി മരണത്തെ കണ്‍മുന്നില്‍കണ്ട് കിടക്കുമ്പോള്‍ ഒരു സഹോദരന്‍ ഈ വാര്‍ത്തയുമായി വന്നു. "അങ്ങയെ കാണാന്‍ ദൂരെ നിന്ന് 'ജാക്കോബ' എന്നൊരു സ്ത്രീ വന്നിട്ടുണ്ട്" ഫ്രാന്‍സിസ് പറഞ്ഞു: "അവരോട് അകത്ത് വരാന്‍ പറയൂ." അപ്പോള്‍ ആ സഹോദരന്‍ പറഞ്ഞു: "സ്ത്രീകളെ സന്ന്യാസമഠത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ നമ്മുടെ സന്ന്യാസനിയമം അനുവദിക്കുന്നില്ലല്ലോ ഫ്രാന്‍സിസ്". ഫ്രാന്‍സിസിന്‍റെ മറുപടിയിങ്ങനെ: "എന്നാല്‍ സഹോദരന്‍ 'ജാക്കോബ'യോട് അകത്ത് വരാന്‍ പറയൂ." ഇതാണ് സ്വന്തം ലൈംഗികതയെ തുറന്നമനസ്സോടെ സ്വീകരിക്കാന്‍ കഴിയുന്നവരില്‍ സംഭവിക്കുന്നത്. ലൈംഗികത സാവകാശം സ്ത്രീപുരുഷ വ്യത്യാസത്തിന്‍റെ ചുരുങ്ങിയ ഭാവനാതലങ്ങളെ പിന്നിട്ട് വ്യക്തികള്‍ തമ്മിലുള്ള ആഴപ്പെട്ട ബന്ധത്തിലേക്ക് പ്രവേശിക്കാനാരംഭിക്കും.

You can share this post!

പാരിജാതം പോലൊരു പെണ്‍കുട്ടി

ആന്‍റണി അല്‍ഫോന്‍സ് കപ്പൂച്ചിന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts