news-details
മറ്റുലേഖനങ്ങൾ

കടുകുമണിയും പുളിമാവും

അനേകം മഴത്തുള്ളികളാണല്ലോ അരുവികളുടെയും പുഴകളുടെയും ജീവനാഡി. അല്പം പുളിമാവ് മുഴുവന്‍ മാവിനെയും പുളിപ്പിക്കുമെന്നും കടുകുമണിയില്‍ വൃക്ഷം ഉറങ്ങുന്നുവെന്നും ദൈവരാജ്യത്തെക്കുറിച്ച് സ്വപ്നം കണ്ട ക്രിസ്തു പഠിപ്പിച്ചു. "ഒറ്റയ്ക്കു സ്വപ്നം കാണുമ്പോള്‍ സ്വപ്നം സ്വപ്നമായിത്തന്നെ തുടരും, അത് ആരോടെങ്കിലും പങ്കിടുമ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വഴിതുറക്കും"-ബിഷപ്പ് ഹെല്‍ഡര്‍ കാമറ. നല്ലൊരു നാളെയെകുറിച്ച് സ്വപ്നം കാണുമ്പോള്‍ നന്മയുടെ അംശം പേറുന്ന മനുഷ്യര്‍ എവിടെയെങ്കിലുമൊക്കെ ഉണ്ട് എന്ന തിരിച്ചറിവ് നമ്മെ ബന്ധിപ്പിക്കുന്ന ചരടുകളാകുന്നു. നിങ്ങള്‍ക്ക് പരിചയമുള്ള നന്മയുടെ നുറുങ്ങുവെട്ടങ്ങളെ (വ്യക്തികളോ, സംഘങ്ങളോ) അസ്സീസിയിലെ ഈ പംക്തിയിലൂടെ പരിചയപ്പെടുത്താം. 
  Mob: 9495 628422,  e-mail:  assisi.magz@gmail.com - എഡിറ്റര്‍ ഇന്‍ ചീഫ്
 
 
കാന്താരി
 
ഒരിക്കല്‍ ചാര്‍ലി ചാപ്ലിന്‍ ഒരു കൂട്ടുകാരനെ കാണാനെത്തി. അപ്പോള്‍ കൂട്ടുകാരന്‍ വീട്ടുമുറ്റത്തെ മരം ജോലിക്കാരെക്കൊണ്ട് മുറിപ്പിക്കുകയാണ്. 
"എന്തിനാണ് ഈ മരം മുറിക്കുന്നത്?" ചാപ്ലിന്‍ ചോദിച്ചു. "ഒരു പ്രയോജനവുമില്ലാത്ത മരമാണ്" കൂട്ടുകാരന്‍ പറഞ്ഞു. "പ്രയോജനമില്ലാത്തതായി ലോകത്ത് ഒന്നുമില്ല. നാളെ അത് നല്ലൊരു തണല്‍മരമാകുമായിരുന്നു" ചാപ്ലിന്‍ പറഞ്ഞു.
 
ജോലിക്കാരുടെ മുന്നിന്‍ വച്ച് ചാപ്ലിന്‍ തന്നെ ചോദ്യം ചെയ്തത് സുഹൃത്തിന് സഹിച്ചില്ല. അയാള്‍ പറഞ്ഞു: "മിസ്റ്റര്‍ ചാപ്ലിന്‍, എങ്കില്‍ ദാ, ആ മൂലയില്‍ പ്രയോജനമില്ലാതെ കിടക്കുന്ന പഴയ ഷൂവില്‍ നിന്ന് വിലപിടിച്ച എന്തെങ്കിലും ഒന്നുണ്ടാക്കൂ. കാണട്ടെ...!"
 
"ശരി, അല്പം ക്ഷമിക്കൂ. രണ്ടു മാസം കഴിയട്ടെ." ആ പഴഞ്ചന്‍ ഷൂ ബാഗില്‍ എടുത്തു വച്ചുകൊണ്ട് ചാപ്ലിന്‍ പറഞ്ഞു.
 
രണ്ടുമാസം കഴിഞ്ഞു. ചാപ്ലിന്‍റെ പുതിയ സിനിമ പുറത്തിറങ്ങി. "The Gold Rush'എന്നായിരുന്നു സിനിമയുടെ പേര്. സിനിമയുടെ ആദ്യപ്രദര്‍ശനത്തിന് ചാപ്ലിന്‍റെ കൂട്ടുകാരനും എത്തി. 
 
ആ സിനിമയില്‍ കാണികളെ മുഴുവന്‍ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു രംഗമുണ്ടായിരുന്നു - പട്ടിണി കാരണം ചാപ്ലിന്‍റെ കഥാപാത്രം ഒരു ഷൂ പുഴുങ്ങിത്തിന്നുന്ന രംഗം! അതു കണ്ട് പൊട്ടിച്ചിരിച്ച കൂട്ടുകാരനോട് ചാപ്ലിന്‍ പറഞ്ഞു:
 
"സുഹൃത്തേ, നിങ്ങള്‍ വലിച്ചെറിഞ്ഞ ഷൂവില്‍ നിന്നാണ് ഞാന്‍ ഈ ചിരി ഉണ്ടാക്കിയത്!" ചാപ്ലിന്‍ തുടര്‍ന്നു, "ഇതു മാത്രമല്ല, എന്‍റെ സിനിമയിലെ എല്ലാ ചിരിയും ഞാന്‍ സൃഷ്ടിച്ചത്, കണ്ണീരും വിശപ്പും കാരണം 'പ്രയോജനമില്ലാതായ' എന്‍റെ കുട്ടിക്കാലത്തില്‍ നിന്നാണ്!"
തീര്‍ച്ചയായും പ്രയോജനമില്ലാത്തതായി ഈ ലോകത്തില്‍ ഒന്നുമില്ല. പഴകിയ വസ്തുക്കള്‍ പോലും നാം പുനരുത്പാദനം നടത്തുന്നു. പക്ഷേ മനുഷ്യജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ പുനരുത്പാദന പ്രക്രിയ എത്രമാത്രം നടക്കുന്നുണ്ട് എന്ന് നാം വിചിന്തനം ചെയ്തിട്ടുണ്ടോ? 
'യാതൊരു പ്രയോജനവുമില്ലാത്തവന്‍' ' നീ എന്തിനാ ഇങ്ങനെ ജീവിക്കുന്നത്? - ഇത്തരത്തിലുള്ള സംഭാഷണങ്ങള്‍ പലരുടെയും ജീവിതത്തില്‍ സ്ഥിരം പല്ലവിയാണ്. പലപ്പോഴും ഇതു വെറും സംഭാഷണങ്ങളില്‍ ഒതുങ്ങുമ്പോള്‍, ശാരീരികവും മാനസികവുമായ വൈകല്യം മൂലം സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും, മറ്റൊരു വിഭാഗമായി മാറ്റി നിര്‍ത്തുകയും ചെയ്യുന്ന ധാരാളം മനുഷ്യര്‍ ഈ ലോകമെമ്പാടും ഉണ്ട്. ഇവരില്‍ ചിലര്‍ നല്ലൊരു ലോകം കെട്ടിപ്പടുക്കാനായി മുന്‍പോട്ടു തങ്ങളുടെ ആദ്യചുവടു വച്ചിരിക്കുകയാണ്. മറ്റുള്ളവരുടെ ഇകഴ്ത്തലുകള്‍ക്ക് ചെവി കൊടുക്കാതെ, കരഞ്ഞുകൊണ്ട് വിധിയെ പഴിച്ചിരുന്ന കാലം മറന്നുകൊണ്ട്, പിറകിലേക്ക് തിരിഞ്ഞ് നോക്കാതെ സ്വപ്നം ലക്ഷ്യമാക്കി കുതിച്ചു കൊണ്ട്, നഷ്ടബോധങ്ങളെ ഓര്‍ത്ത് നീറി ഇല്ലാതെയാകാതിരിക്കാനായി, സ്വന്തം പ്രവൃത്തികളാല്‍ ചരിത്രം രൂപപ്പെടുത്തുന്നവര്‍ - 'കാന്താരികള്‍'-
 
ബദല്‍ ജീവിത പരീക്ഷണങ്ങളുടെ വേരുകള്‍ തേടിപ്പോയ ഞങ്ങള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് 'കാന്താരി ടോക്സില്‍' ആണ്. കാന്താരിയെപ്പറ്റി മുന്‍പുള്ള അസ്സീസിയുടെ ലക്കങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതു മാത്രം പോരാ എന്നു തോന്നി. കാന്താരിയുടെ കത്തലുള്ള ആസ്വാദ്യത എപ്പോഴെങ്കിലും അനുഭവിച്ചറിഞ്ഞിട്ടുണ്ടോ? തീരെ നിലവാരമില്ലാത്ത ചോദ്യമാണെന്നറിയാം. ചെറുപ്പത്തില്‍ കുസൃതി കാണിക്കുമ്പോള്‍ അമ്മ പറയും: 'ഇനി ഇങ്ങനെ ചെയ്താല്‍ കാന്താരി അരച്ച് നിന്‍റെ നാവില്‍ തേക്കും', 'ഇവള്‍/ഇവന്‍ ഒരു കാന്താരിയാ...' അതെ ഇതു തന്നെയാണ് കാന്താരിയുടെ സ്ഥാപകയായ സബ്രിയെ ടെന്‍മ്പെര്‍ക്കന്‍ ഉദ്ദേശിച്ചത് - "To spread the spices'  മറ്റുള്ളവരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തര്‍, ഉള്ളിലുള്ള എരിവ് മറ്റുള്ളവരിലേക്ക് പടര്‍ത്താന്‍ കഴിയുന്നവര്‍.
 
സത്യമാണ്, ആ എരിവ് അവര്‍ക്ക് പടര്‍ത്താന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ ഇന്ന് അവരെപ്പറ്റി എനിക്ക് എഴുതുവാന്‍ സാധിക്കില്ലായിരുന്നു. ഈശ്വരന്‍റെ വിരല്‍ത്തുമ്പിലെ ചലനത്തിനൊത്ത് നാം എല്ലാവരും സ്വന്തം കര്‍മ്മ നിയോഗം ആടിതീര്‍ക്കുന്നു. മുന്‍പോട്ട് പോകുന്ന ഇടങ്ങളില്‍ നെഞ്ചിലേറ്റി താലോലിച്ചു നടന്ന ചില സ്വപ്നങ്ങളൊക്കെ വിവിധ കാരണങ്ങളാല്‍ എന്നേ പിഴുതെറിഞ്ഞ നിസ്സംഗത ഒരുപാട് മുഖങ്ങളില്‍ നാം ദര്‍ശിക്കും.
 
 
മുഖംമൂടികളാല്‍ നിറഞ്ഞ കുറേയേറെ വദനങ്ങള്‍ കൃത്രിമവസ്തു നിര്‍മ്മിക്കുന്നതുപോലെ ചുണ്ടിലൊരു കപടമായ പാല്‍പുഞ്ചിരി നിറയ്ക്കാന്‍ നന്നേ പ്രയാസമില്ല മനുഷ്യജന്മങ്ങള്‍ക്ക്. ഇപ്രകാരം മിഥ്യാരൂപങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനിടയില്‍ ആരും തന്നെ ക്ഷണിക്കാതെ ഓടിക്കിതച്ചെത്തുന്ന വിരുന്നുകാരന്‍. ഏറ്റവും അര്‍ഹമായത് ഈ വിരുന്നുകാരനെ അതിജീവിക്കുമെന്ന് ഡാര്‍വിന്‍റെ സിദ്ധാന്തത്തില്‍ പറയുന്നു. ശക്തിയുള്ളവയും അല്ലെങ്കില്‍ സാമര്‍ത്ഥ്യമുള്ളവയും അല്ല അതിജീവിക്കുക; എന്നാല്‍ മാറ്റങ്ങള്‍ക്ക് പ്രത്യുത്തരം നല്‍കുന്നവയാണ്. ബ്രൂസ്ലി ഒരിക്കല്‍ പറയുകയുണ്ടായി, ഏറ്റവും കട്ടിയുള്ള വൃക്ഷങ്ങള്‍ വളരെ എളുപ്പത്തില്‍ പിളരുന്നു. എന്നാല്‍ മുളകളും അരളിവൃക്ഷങ്ങളും കാറ്റിനോടൊപ്പം വളഞ്ഞ് ഇത്തരം പ്രതിസന്ധികളെ അതിജീവിക്കുന്നു. 
 
ദേഹമെന്ന വസ്ത്രം ഊരിമാറ്റുന്നതിനു മുന്‍പേ ജീവിതത്തിലെ പൊന്തപ്പടര്‍പ്പുകളെ വെട്ടിമാറ്റി നിലനില്‍പ്പിന്‍റെ രഹസ്യം നിര്‍ഭയത്വമാണ് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ 24 വ്യക്തികളുടെ പൊള്ളുന്ന ജീവിതകഥ കാന്താരി ടോക്സിലൂടെ കേള്‍ക്കുവാന്‍ ഇടയായി. ഒരുപാട് ചോദ്യങ്ങള്‍ ഹൃദയത്തിലൂടെ ഒരു വാള്‍ പോലെ കടന്നുപോയി. ഇത്രയും നാള്‍ അതായത് ഓര്‍മ്മവച്ച കാലം മുതല്‍ ഇന്നുവരെ നിനക്ക് എന്തെല്ലാം ചെയ്യാന്‍ കഴിഞ്ഞു? എത്ര സുന്ദരമായാണ് ദൈവം നിന്നെ ഇത്രയുംനാള്‍ പരിപാലിച്ചത്; ഇവരൊക്കെ അനുഭവിച്ചതിന്‍റെ ഒരംശമെങ്കിലും നീ അനുഭവിച്ചിട്ടുണ്ടോ? ഉള്ളതിന്‍റെ അഹങ്കാരമായിരുന്നോ ഇത്രയുംനാള്‍? അങ്ങനെ പല ചോദ്യങ്ങള്‍.. ഇനിയും നിലച്ചിട്ടില്ലാത്ത നന്മയുടെ നീരൊഴുക്കിനെ ഒരു മഹാപ്രവാഹമാക്കി മാറ്റാനുള്ള ഈ 24 വ്യക്തികളുടെയും തീക്ഷ്ണമായ തൃഷ്ണ ഒരു കത്തുന്ന ഗോളമായി വന്ന് നമ്മെ അടിച്ചുതാഴെയിടുന്ന അവസ്ഥ!! ഓരോരുത്തരുടെയും ജീവിതാനുഭവം വ്യത്യസ്തമായിരുന്നു.
 
"Pannavat Veeraburinon'' തായ്ലാണ്ടില്‍ നിന്നു വന്ന ഊര്‍ജ്ജസ്വലനായ ഒരു യുവാവ് അദ്ദേഹത്തെ പരിചയപ്പെടുത്തിയതു തന്നെ - 'അടുത്തതായി നിങ്ങളുടെ മുന്നിലേക്കു വരുന്ന വ്യക്തി.... വളരെയധികം ഹൈപ്പര്‍ ആക്ടീവ് ആണ്.'
 
ADHD - Attention deficit hyperactive disorder. ഹൈപ്പര്‍ ആക്ടീവ് ആകുന്നത്, ഒരു തരത്തിലുള്ള അസുഖമാണെന്ന് അന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പ്രായത്തിനൊത്തവണ്ണം പെരുമാറാതിരിക്കുക. ശ്രദ്ധാവൈകല്യം, എടുത്തുചാട്ടം, തീരെ അടങ്ങിയിരിക്കുവാന്‍ സാധിക്കാത്ത അവസ്ഥ, ചിന്തിക്കാതെ പ്രവര്‍ത്തിക്കുക, അനുസരിക്കാതിരിക്കുക എന്നിവ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണിത്. Pannavat- ന്‍റെ പെരുമാറ്റത്തില്‍ തുടര്‍ച്ചയായി ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ഒടുവില്‍ അദ്ദേഹവും തിരിച്ചറിഞ്ഞു, താന്‍ ADHD രോഗബാധിതനാണ് എന്ന്. ഈ അസുഖത്തെ പ്രതി അദ്ദേഹം നേരിടേണ്ടിവന്ന അവഗണന ഒരുപാടായിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപിക മറ്റു കുട്ടികളില്‍ നിന്നും തന്നെ മാറ്റി ഇരുത്തുന്നു. അദ്ദേഹത്തെ എപ്രകാരം നിയന്ത്രിക്കണമെന്ന് അറിയാതെ വിധിയെ പഴിച്ചുകൊണ്ട്  സ്വന്തം മാതാപിതാക്കള്‍, തന്നെ ഭ്രാന്തന്‍ എന്നു കരുതി തിരസ്കരിക്കുന്ന സമൂഹം. ഒരു തമാശ പോലെ  അദ്ദേഹം പറയുകയുണ്ടായി താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിക്ക് തന്നെ സ്വയം പരിചയപ്പെടുത്തുമ്പോള്‍ ആദ്യം പറയുക... Hi, I am affected by ADHD, are you willing to marry me?  തീര്‍ച്ചയായും അതിന്‍റെ മറുപടി എന്തായിരിക്കും എന്ന് നമുക്ക് ഊഹിക്കാം എന്നേ ഉള്ളൂ. 
 
തന്‍റെ പ്രഭാഷണം അദ്ദേഹം അവസാനിപ്പിച്ചത് ഒരു കഥ പറഞ്ഞിട്ടാണ്. എന്നെ വളരെയധികം സ്പര്‍ശിച്ച ഒരു കഥ. 
 
വളരെയധികം ഉത്സാഹത്തോടും സന്തോഷത്തോടും പാട്ടുപാടി സ്വാതന്ത്ര്യത്തോടെ പാറിപ്പറന്നു നടക്കുന്ന ഒരു പക്ഷി. ഈ പക്ഷിയെ ഒരു സ്ത്രീ കാണുവാന്‍ ഇടയായി. അവളുടെ വീടിനടുത്ത് എന്നും ഈ പക്ഷി പാടി രസിച്ചു പറക്കുമായിരുന്നു. എന്നും അതിനെ കാണാനായി അവള്‍ കൃത്യസമയം ജനാലയുടെ അരികത്തു കാത്തു നില്ക്കും. പെട്ടെന്ന് ഒരു ഭയം അവളുടെ ഉള്ളില്‍ പൊട്ടി മുളച്ചു. എല്ലാ ദിവസവും ഇനിയും ഈ പക്ഷി വന്നില്ലെങ്കിലോ? അതിനായി ആ പക്ഷിക്കുവേണ്ടി അവള്‍ കെണിയൊരുക്കി. അടുത്ത ദിവസം തന്നെ കെണിയില്‍ ആ പക്ഷി വീണു. അവള്‍ അതിനെ ഒരു കൂട്ടില്‍ അടച്ചു. വളരെ സ്നേഹത്തോടെ അതിനെ പരിപാലിച്ചു. ഭക്ഷണം നല്‍കി. എന്നാല്‍ കൂട്ടില്‍ അടച്ചതിനു ശേഷം ആ പക്ഷി പാടിയിട്ടില്ല, ഉത്സാഹത്തോടെ തിന്നിട്ടില്ല. പതുക്കെ പതുക്കെ ആ സ്ത്രീ അതിനെ ശ്രദ്ധിക്കാതെയായി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവള്‍ കണ്ടത് ചേതനയറ്റ ആ പക്ഷിയുടെ ശരീരമാണ്. അവള്‍ക്ക് ഒരുപാട് സങ്കടമായി. എത്ര ഊര്‍ജ്ജത്തോടെ പാറിപ്പറന്ന പക്ഷിയായിരുന്നു. താന്‍ അതിനെ കൂട്ടില്‍ അടച്ചതിനു ശേഷമാണ് അതിന്‍റെ സന്തോഷം പോയത്. അവള്‍ ആലോചിച്ചു -  ഞാന്‍ അതിനെ കൂട്ടില്‍ അടച്ചില്ലായിരുന്നെങ്കില്‍ വല്ലപ്പോഴെങ്കിലും സ്വാതന്ത്ര്യത്തോടെ പാടി പറക്കുന്ന  ആ പക്ഷിയെ എനിക്ക് കാണുവാന്‍ സാധിക്കുമായിരുന്നു. 
 
ADHD ബാധിച്ച കുട്ടികളില്‍ പലരും ഇന്ന് കൂട്ടിലടച്ച സ്ഥിതിയിലാണ്. അവരുടേതായ ലോകത്ത് അവരെ പാറിപറക്കാന്‍ അനുവദിക്കാതെ അടിച്ചമര്‍ത്തുന്ന ഒരു സ്ഥിതിയില്‍ എത്തിചേര്‍ന്നിരിക്കുന്നു. മുന്‍പ് പറഞ്ഞതുപോലെ ഇത്തരം അസുഖത്തെപ്പറ്റി ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് അദ്ദേഹം പറഞ്ഞപ്പോഴാണ്. നമ്മുടെ സമൂഹത്തില്‍ പലര്‍ക്കും ഈ അസുഖത്തെപ്പറ്റി അവബോധമുണ്ടായിരിക്കുകയില്ല. 
 
ഈ രോഗാവസ്ഥയിലായിരിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി Pannavat തുടങ്ങാനിരിക്കുന്ന സംരംഭം ആണ് ‘HYPPER’  അതില്‍ കുട്ടികള്‍ക്കായും കൗമാരക്കാര്‍ക്കായും സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക, മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ രോഗലക്ഷണങ്ങളുള്ള കുട്ടികളോട് എപ്രകാരം സമീപിക്കണം എന്ന ബോധ്യം നല്‍കുക, ADHD ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക എന്നതാണ് ‘HYPPER’  ഉന്നം വയ്ക്കുന്നത്.
 
താന്‍ നേരിട്ട ദുരനുഭവങ്ങള്‍ ഒരിക്കലും വരാനിരിക്കുന്ന തലമുറ അനുഭവിക്കരുത് എന്ന നിശ്ചയ ദാര്‍ഢ്യത്തോടെയാണ് തന്‍റെ ഈ ചെറിയ സ്വപ്നവുമായി Pannavat Thailand - ല്‍ നിന്ന് കാന്താരിയില്‍ എത്തിച്ചേര്‍ന്നത്. ആ ചെറിയ സ്വപ്നം ഊതിക്കാച്ചി വലിയൊരു സ്വപ്നമാക്കി മാറ്റിയതിന്‍റെ പിന്നില്‍ കാന്താരി തന്നെയാണ്. എനിക്കെന്തു കിട്ടുമെന്നുള്ളതിനു പകരം എനിക്കെന്തു കൊടുക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നു. ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്ന ഒരു കനല്‍ തന്നെയാണ് കാന്താരി. 
മേല്‍ പറഞ്ഞവ ഒരു ജീവിതാനുഭവം മാത്രം. ജീവിതത്തില്‍ എന്തു പ്രതിസന്ധി നാം നേരിടേണ്ടി വന്നാലും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാനുള്ള ത്വര മനസ്സിന്‍റെ ഉള്‍ക്കോണില്‍ ഉണ്ടെങ്കില്‍ ഒന്നും നമുക്ക് പ്രതിസന്ധികളല്ല, ഉയരങ്ങളിലേക്കുള്ള വഴികളാണ്.
 
സ്റ്റേജില്‍ നിന്ന് കത്തുന്ന ഒരു കൂട്ടം വ്യക്തികളെയാണ് ഞാന്‍ കണ്ടത് എന്ന യുവാവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ നമ്മെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിന്‍റെ വാക്കുകള്‍ എനിക്ക് ഓര്‍മ്മ വന്നു. യുവാക്കളുടെ തിളക്കമുള്ള ഹൃദയങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും ശക്തിയുള്ള സ്രോതസ്സ്. ജീവിതം വച്ചു നീട്ടുന്ന ചോദ്യങ്ങളുടെ മുന്നില്‍ പകച്ചു നില്‍ക്കുന്നു 'നമ്മള്‍'  - എല്ലാ അവയവങ്ങളും സംസാരശേഷിയും. പണവും, പ്രശസ്തിയും ഉണ്ടായിട്ടും - ഇനിയെന്തെങ്കിലും കിട്ടുമോ എനിക്കിത്രയും ഉള്ളൂ' എന്ന് പറഞ്ഞു നടക്കുന്നു. 
 
സബ്രിയെ  കാന്താരികള്‍ക്ക് എപ്പോഴും പറഞ്ഞു കൊടുക്കുന്നത് Michaelangelo  - യുടെ വാക്കുകളാണ് - ഏറ്റവും വലിയ അപകടം എന്നു പറയുന്നത് വലിയ സ്വപ്നങ്ങള്‍ കണ്ട് തോല്ക്കുന്നതല്ല, ചെറിയ സ്വപ്നം കണ്ട് അതില്‍ വിജയിക്കുന്നതാണ്.' 
 
പ്രതിസന്ധികളും സഹനങ്ങളും ഇല്ലാത്ത ജീവിതങ്ങളില്ല. അതിനെ അതിജീവിക്കുക എന്നതാണ് ബദല്‍ ജീവിതം. സ്വയം കത്തിക്കൊണ്ട് പ്രകാശം പരത്തുന്നവര്‍. മുന്‍പിലുള്ള എല്ലാ വാതിലുകളും അടഞ്ഞുപോയതായി തോന്നിയേക്കാം. മുട്ടി നോക്കുക. ഏതെങ്കിലും വാതിലുകള്‍ നാം മുട്ടാത്തതുകൊണ്ട് മാത്രമാകും തുറക്കാതിരിക്കുന്നത്. 
""I Survived because the fire inside me burned brighter than the fire around me''

You can share this post!

കാഴ്ചയ്ക്കുമപ്പുറം

ലിസ ഫെലിക്സ്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts