news-details
ധ്യാനം

രോഗശയ്യയില്‍ കിടന്ന് ഒരു തുള്ളി വെള്ളത്തിനു വേണ്ടി കരയുന്നതുപോലെ മനുഷ്യനിന്ന് ദൈവാനുഭവത്തിനായി കേഴുന്നു. ലോകത്തിലിന്നുള്ള സകല പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം  ദൈവാനുഭവത്തിന്‍റെ കുറവാണ്. ലോകത്തിലുള്ള സകല വസ്തുക്കളുടെയും പിന്നാലെ മനുഷ്യന്‍ ഓടുന്നത് ദൈവത്തെ ലഭിക്കാത്തതുകൊണ്ടാണ്. സങ്കീര്‍ത്തനം: 63/1-3വരെ പറയുന്നു: "എന്‍റെ ആത്മാവ് നിനക്കായി ദാഹിക്കുന്നു." വിശുദ്ധ അഗസ്തീനോസ് പറഞ്ഞു: "ദൈവമേ നീ എന്നെ നിനക്കായി സൃഷ്ടിച്ചു നിന്നില്‍ മാത്രം ഞാന്‍ സംതൃപ്തി കണ്ടെത്തും." പിതാവിന്‍റെ സന്നിധിയില്‍ നിന്നും അകന്നു പോയ ധൂര്‍ത്ത പുത്രന്‍ അസ്വസ്ഥനായിരുന്നു. ലോകത്തിലെ ധനമോ, സുഹൃത്തുക്കളോ അവന് സ്വസ്ഥത കൊടുത്തില്ല. പന്നിക്കുഴിയിലെ തവിടില്‍നിന്നും പിതാവിന്‍റെ ഊട്ടുമേശയിലേക്കു തിരിച്ചു പോയപ്പോഴാണ് അവന് സമാധാനം ലഭിച്ചത്. ദൈവവുമായി ആഴമേറിയ ഒരു ബന്ധം സ്ഥാപിക്കുവാന്‍ എനിക്കു കഴിയുമ്പോള്‍ ജീവിതത്തില്‍ തൃപ്തി ലഭിക്കും. തമ്പുരാന്‍റെ കാല്പാദത്തില്‍ സകലതും സമര്‍പ്പിച്ചപ്പോഴാണ് പാപിനിയായ സ്ത്രീക്ക് തൃപ്തി ലഭിച്ചത്. ജീവിതത്തിന്‍റെ മരുഭൂമിയിലുയര്‍ന്നു നില്‍ക്കുന്ന യേശുവാകുന്ന പാറയില്‍നിന്ന് ജീവജലത്തിന്‍റെ അരുവികളൊഴുകുമ്പോള്‍ (യോഹന്നാന്‍ 7) ആവോളം കുടിക്കുവാന്‍ നമുക്കു കഴിയുന്നുണ്ടോ? ദൈവത്തിന്‍റെ സാന്നിധ്യവും അസാന്നിധ്യവും നമുക്കനുഭവപ്പെടാന്‍ ദൈവം മറഞ്ഞിരിക്കുന്നതുപോലെ നമുക്കു തോന്നാം. ഈ അനുഭവങ്ങള്‍ക്കിടയില്‍ ദൈവാനുഭവത്തിനുവേണ്ടി നാം ദാഹിക്കണം.

ദൈവസാന്നിദ്ധ്യമാകുന്ന ആദിശബ്ദത്തെ ശ്രവിക്കുവാന്‍ ലോകത്തിലെ ശബ്ദങ്ങളെ നാം ഉപേക്ഷിക്കുക. മനസ്സിനെ അസ്വസ്ഥമാക്കുന്ന നിരവധി ശബ്ദങ്ങളാല്‍ ലോകം നിറഞ്ഞു നില്‍ക്കുമ്പോള്‍ ശാന്തതയിലേക്കു കടന്നുവന്ന് ദൈവത്തെ നാം ശ്രവിച്ചു തുടങ്ങണം (സങ്കീര്‍ത്തനം 46/10). ചിത്രശലഭം നിശബ്ദതയില്‍ പറക്കുന്നു. വന്‍ പര്‍വ്വതങ്ങള്‍ നിശബ്ദതയില്‍ സ്വര്‍ഗ്ഗോന്മുഖമായി വിരിഞ്ഞു കിടക്കുന്നു. അവയോടു ചേര്‍ന്ന് നിശബ്ദമായി ഞാന്‍ നില്‍ക്കുമ്പോള്‍ നിത്യതയുടെ സ്പര്‍ശനം ഞാനേറ്റുമേടിക്കും. വിഭജനത്തിന്‍റെയും അര്‍ത്ഥശൂന്യതയുടേതുമായ ലോകത്തിന് എന്നെത്തന്നെ സമര്‍പ്പിച്ചാല്‍ ഞാന്‍ മുറിവേറ്റവനായിത്തീരും. ശരീരത്തിനും ആത്മാവിനും പൂര്‍ണ്ണസൗഖ്യം ലഭിക്കണമെങ്കില്‍ ഞാന്‍ എന്നെത്തന്നെ മുറിവേറ്റ സൗഖ്യദായകന് വിട്ടുകൊടുക്കണം. 1 രാജാക്കന്മാര്‍ 19/9 -13 ല്‍ ദൈവം ഏലിയായോട് നിശബ്ദതയില്‍ സംസാരിച്ചു. ശരീരത്തെയും മനസ്സിനയും, ഭാവനകളെയും നിശ്ചലമാക്കിക്കൊണ്ടു ദൈവാനുഭവത്തിലേയ്ക്കു നാം കടന്നു വരണം.

ദൈവസാന്നിദ്ധ്യാവബോധത്തിലേയ്ക്ക് ഞാന്‍ കടന്നു വരുമ്പോള്‍ എന്നെക്കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതികള്‍ സാവധാനം വെളിവാക്കപ്പെടും. എന്‍റെ മുഖം അവന്‍റെ കൈകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും (ഏശയ്യാ 49/16), പ്രത്യേകം പേരുചൊല്ലി വിളിച്ചതാണെന്നും (ഏശയ്യാ 43/1-5) അവിടുന്ന് എന്നോടു മന്ത്രിക്കുന്നു. മേഘത്തില്‍നിന്ന് സീനായ് മലയില്‍ മോശയോടു സംസാരിച്ച ദൈവം (പുറപ്പാട് 24) എന്നോടും സംസാരിക്കും.

ദൈവത്തെ അനുഭവിച്ച്, ദൈവത്തിന്‍റെ സാന്ത്വനം ലഭിച്ച്, ജീവിതത്തില്‍ മുന്നേറുന്നവര്‍ അവന്‍റെ സാക്ഷികളായി പ്രവൃത്തിക്കും. സമറിയാക്കാരിയും സക്കേവൂസുമെല്ലാം അങ്ങനെ കടന്നുപോയവരാണ്. കണ്ടറിഞ്ഞതും അനുഭവിച്ചതുമായ കര്‍ത്താവിന് സാക്ഷ്യം വഹിച്ചുകൊണ്ടുള്ള ജീവിതത്തില്‍നിന്ന് പിന്നീടു ഒരു തിരിച്ചോട്ടമില്ല. ആരെല്ലാം ദാഹത്തോടെ ദൈവത്തെ അന്വേഷിച്ചോ അവരെയാരെയും അവന്‍ നിരാശപ്പെടുത്തിയതായി കാണുന്നില്ല. യാക്കോബ്ബിനെ അനുഗ്രഹിച്ചും, ജോബിനെ ആശ്വസിപ്പിച്ചും അവിടുന്ന് കടന്നുവന്നു. അന്ധന് കാഴ്ച നല്‍കിയും, മറ്റു ചിലര്‍ക്ക് ഉള്‍ക്കാഴ്ച നല്‍കിയും അവിടുന്നു കടന്നുവന്നു.

ജീവിതയാത്രയില്‍ നിരാശകൂടാതെ കര്‍ത്താവിനെ അന്വേഷിക്കുക. എന്നെ അനുഗ്രഹിക്കാതെ നിന്നെ ഞാന്‍ വിടില്ലെന്ന് യാക്കോബിനെപ്പോലെ പറയുക. അവനെയെവിടെ വച്ചാലും ഞാനെടുത്തുകൊണ്ടു പൊയ്ക്കൊള്ളാമെന്ന് മഗ്ദലനമറിയത്തെപ്പോലെ വാശിപിടിക്കുക. "നീ ഒരുവാക്കു പറഞ്ഞാല്‍ എന്‍റെ പുത്രന്‍ സുഖം പ്രാപിക്കു"മെന്നു പറഞ്ഞ ശതാധിപന്‍റെ വിശ്വാസദാര്‍ഢ്യം സ്വന്തമാക്കുക. ദൈവഹിതം തേടുന്നവരെയും അനുസരിക്കുന്നവരെയും അനുഗ്രഹിക്കുമെന്ന് അബ്രാഹത്തിനു കൊടുത്ത വാഗ്ദാനം അനുസ്മരിച്ചുകൊണ്ടു നമുക്കു ജീവിക്കാം. ലോകത്തില്‍ മറ്റെന്തിനെങ്കിലും വേണ്ടി അന്വേഷിക്കുന്നതിലുപരിയായി അത്യുന്നതന്‍റെ ഹിതം അന്വേഷിക്കുക. പലതില്‍ ഒന്നാകാതെ 'യഥാര്‍ത്ഥ ഒന്നു' മാത്രമായി ദൈവത്തെ അന്വേഷിക്കാം. തീര്‍ച്ചയായും നമ്മള്‍ അവനെ കണ്ടെത്തും, അവന്‍റെ സ്വരം കേള്‍ക്കും, അവന്‍റെ സാക്ഷികളാകും.

You can share this post!

മരുഭൂമിയിലെ ദൈവം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

ദൈവരാജ്യം ബലപ്രയോഗത്തിലൂടെ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts