നിങ്ങളുടെ ചുറ്റുപാടുകള്‍ മെച്ചപ്പെടുത്തുക
വിഷാദരോഗ-(depression)ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന(bipolar disorder)ത്തിനും മരുന്നില്ലാ മറുമരുന്നായി, ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് രൂപപ്പെടുത്തിയ പതിനാലുദിന ചികിത്സാപദ്ധതിയുടെ ആറാം ദിവസം നാം ചുറ്റുപാടുകളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു. ചുറ്റുപാടുകള്‍ക്ക് നമ്മുടെ മനോനിലയിലുള്ള സ്വാധീനം വിവരിച്ചശേഷം ചുറ്റുപാടുകളെ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്നു. നമ്മുടെ മനോനിലയെ (Mood) സ്വാധീനിക്കുന്ന ചുറ്റുപാടുകളും മെച്ചപ്പെടുത്തുന്നതിനുള്ള പ്രായോഗികമാര്‍ഗ്ഗങ്ങളും അവയുടെ പരിശീലനവുമാണ് മനോനിലചിത്രണ (Mood Mapping) ത്തിന്‍റെ ആറാം ദിവസത്തിന്‍റെ ഉപസംഹാരം.
ചുറ്റുപാടുകള്‍ നിങ്ങളുടെ മനോനിലയിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ ഇതോടകം അബോധാത്മകമായി അറിഞ്ഞിട്ടുണ്ടാകും. മനോനില മെച്ചപ്പെടുത്താനുതകും വിധം ചുറ്റുപാടുകള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ ഇതോടകം തന്നെ ശ്രമിച്ചിട്ടുണ്ടാകും -അബോധാത്മകമായെങ്കിലും. മാനസികമായി തളര്‍ന്നിരിക്കുന്ന ഒരു ഉച്ചഭക്ഷണ ഇടവേളയില്‍ നിങ്ങള്‍ ഉച്ചവെയില്‍ നെറുകയില്‍ അടിക്കുംവിധം പാര്‍ക്കില്‍ പോയിരിക്കുമോ അതോ തണുപ്പും സൗമ്യതയും മുറ്റിനില്‍ക്കുന്ന മരത്തണലിലൂടെ അല്പം ഉലാത്തുമോ? സമ്മര്‍ദ്ദവും സംഘര്‍ഷവും താങ്ങാനാവാതെ ഉഴലുമ്പോള്‍ ടാങ്കിലടച്ച മീനുകളെ നോക്കിനില്‍ക്കുമോ, കടല്‍ക്കരയില്‍ കുളിര്‍ക്കാറ്റും തിരകളുടെ ലാളനവുമേറ്റ് മണല്‍പരപ്പില്‍ വിശ്രമിക്കുമോ? ഇവയൊക്കെയും നിങ്ങളുടെ മനോനില മെച്ചപ്പെടുത്താന്‍ ബോധപൂര്‍വ്വകമല്ലാതെ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗങ്ങളാണ്. ഈ മാര്‍ഗ്ഗങ്ങളെ ശ്രദ്ധിക്കുക. എന്നിട്ട് നിങ്ങളുടെ മനോനിലയെ സ്വാധീനിക്കുന്ന ചുറ്റുപാടുകള്‍ ഏതൊക്കെയെന്ന് നിങ്ങളുടെ നോട്ടുപുസ്തകത്തില്‍ കുറിക്കുക.
അടുത്തതായി നിങ്ങളുടെ ചുറ്റുപാടുകളെയും അതുവഴി നിങ്ങളുടെ മനോനിലയെയും മെച്ചപ്പെടുത്തുന്നതിനുള്ള ചില ഹ്രസ്വകാല പദ്ധതികളും ചില ദീര്‍ഘകാല പദ്ധതികളും നമുക്കു രൂപപ്പെടുത്താം. വിഷാദരോഗികള്‍ക്കു മാത്രമല്ല ആര്‍ക്കും മെച്ചപ്പെട്ട ചുറ്റുപാടുകള്‍ ഗുണകരമാവും എന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകാനിടയില്ലല്ലോ?
ഹ്രസ്വകാല പദ്ധതികള്‍ക്കു ദീര്‍ഘകാല ഗുണഫലമുണ്ടായെന്നു വരില്ല. പക്ഷേ അവ പെട്ടെന്നൊരു ഉണര്‍വ് നല്കും. മുന്നോട്ടു നീങ്ങാന്‍ നിങ്ങള്‍ക്കു പ്രചോദനം നല്കും. നിങ്ങളുടെ മനോനിലയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തുന്നതിനുള്ള സാഹചര്യങ്ങളിലേക്ക് അതു നയിക്കും. ഒന്നുമില്ലെങ്കിലും നിങ്ങള്‍ക്കു കുറെക്കൂടി ഏകാഗ്രത പകരും. നിങ്ങളുടെ മനോനില കുറച്ചുകാലത്തേക്കാണെങ്കില്‍പോലും മെച്ചപ്പെടുമ്പോള്‍ ഒരു കാര്യം നിങ്ങള്‍ക്കു മനസിലാകും - മനോനിലയല്ല 'ഞാന്‍.' മനോനില ചുറ്റുപാടുകളാല്‍ രൂപപ്പെടുന്നതാണ്.
ആരോഗ്യവാനായ നിങ്ങളെ രൂപപ്പെടുത്താനുള്ളതാണ് ദീര്‍ഘകാലപദ്ധതികള്‍. അത് ഉടനടി എന്തെങ്കിലും ഫലം ചെയ്തുവെന്നു വരില്ല. മാത്രമല്ല കൂടുതല്‍ പരിശ്രമം വേണ്ടിവരുകയും ചെയ്തേക്കാം. കാലം മുന്നോട്ടു പോകവേ അതു നിങ്ങളുടെ മനോനില പൂര്‍ണമായി മികവിലെത്താന്‍ സഹായിക്കും. നിങ്ങളുടെ മനോനില സന്തുലിതമാക്കും.
ചുറ്റുപാടുകള്‍ മെച്ചപ്പെടുത്താനുള്ള ഹ്രസ്വകാലപദ്ധതികള്‍
ചുറ്റുപാടുകള്‍ മെച്ചപ്പെടുത്തി മികച്ച മനോനില കൈവരിക്കുന്നതിനുള്ള ചില ഹ്രസ്വകാല പദ്ധതികള്‍ ഇതാ -
1. ശ്രദ്ധ - നിങ്ങളുടെ ചുറ്റിലുമുള്ള ഏതെങ്കിലും ഒരു വസ്തുവില്‍ അല്ലെങ്കില്‍ ചിത്രത്തില്‍ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. കുറച്ചു മിനിട്ടു നേരത്തേക്ക് അതിലേക്കുതന്നെ നോക്കുക. അത് ആരെങ്കിലും തന്ന സമ്മാനമെങ്കില്‍ തന്നയാള്‍ക്കൊപ്പം ചെലവഴിച്ച നല്ല നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുക. മനോഹരമായ ഒരു വസ്തുവെങ്കില്‍ ആ സൗന്ദര്യം ആസ്വദിക്കുക. ഇപ്പോഴത്തെ മനോനിലയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അതു നിങ്ങളെ സഹായിക്കും. ഏതു മനോനിലയാണ് നിങ്ങള്‍ക്ക് അഭികാമ്യമെന്നു തീരുമാനിക്കാന്‍ അതു നിങ്ങള്‍ക്ക് ഒരു ഇടം നല്കും. മികച്ച, സൃഷ്ടിപരമായ ഒരു മനോനിലയിലേക്ക്. നിങ്ങളുടെ ചുവടുമാറ്റം അവിടെ തുടങ്ങിയെന്നു പോലും വരാം.
2. വൃത്തി - വേഗത്തിലും എളുപ്പത്തിലും നിങ്ങളുടെ ചുറ്റുപാട് മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗമാണു വൃത്തിയാക്കല്‍. ചപ്പുചവറുകള്‍ക്കിടയിലെ ജീവിതവും അലങ്കോലമായിരിക്കും. വൃത്തിയാക്കല്‍ മനസ്സിനൊരു ഊര്‍ജ്ജം പകരും. വൃത്തിയുള്ള വീടും പരിസരവും നിങ്ങളുടെ കാര്യശേഷി കൂട്ടും. നിങ്ങളിലെ സര്‍ഗാത്മകതയെ ഉണര്‍ത്തും. ഫെംഗ് ഷൂയി വിദഗ്ദ്ധര്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ വൃത്തിയുള്ള പരിസരം നിങ്ങളില്‍ നിലയ്ക്കാത്ത ഊര്‍ജ്ജപ്രവാഹം നിലനിര്‍ത്തും.
3. വെടിപ്പ് - കുറച്ചധികം വൃത്തി എന്നാണിതിന് അര്‍ത്ഥം. എല്ലാവരും കുറെയധികം സാധനം കുന്നുകൂട്ടും. കുന്നുകൂടി കിടക്കുന്ന അനാവശ്യസാധനങ്ങള്‍ നമ്മെ തളര്‍ത്തും. എന്തുകൊണ്ട്? അതു ശ്രദ്ധ ആവശ്യപ്പെടുന്നു. ഇവയൊക്കെ അടുക്കിപ്പെറുക്കിവയ്ക്കണമല്ലോ എന്നതാവും എപ്പോഴും നമ്മുടെ വിചാരം. ലോകത്തിനു മുന്നില്‍ നമ്മുടെ പ്രതാപത്തിന്‍റെ ചിഹ്നം (സ്റ്റാറ്റസ് സിംബല്‍) എന്നതിനപ്പുറം പല സാധനങ്ങള്‍ക്കും ഒരു വിലയുമില്ല. പലതിലെയും പൊടി തട്ടിക്കളയാന്‍ തന്നെ വേണം സമയം ഏറെ. ഒഴിവാക്കുക കഴിയുന്നതും. ഇത്തിരി മനപ്രയാസമുണ്ടാക്കിയേക്കാം എങ്കിലും അതൊരു നല്ല ചികിത്സയാണ്.
4. അലങ്കാരം - അലങ്കരിക്കല്‍ മനോനിലയ്ക്ക് നല്ലൊരു മരുന്നാണ്. വീടിന്‍റെ ഓരോ ഭാഗവും നിങ്ങള്‍ക്ക് ആവശ്യമായ മനോനിലയ്ക്ക് അനുസരിച്ച് അലങ്കരിക്കുക. പഠനമുറിയില്‍ ശാന്തത. സ്വീകരണമുറിയില്‍ ഊഷ്മളത. കിടപ്പുമുറിയില്‍ അല്പം ആകര്‍ഷകത്വം. അടുക്കളയില്‍ പ്രസാദാത്മകത, ഊര്‍ജ്ജസ്വലത. കുറച്ച് പെയിന്‍റുണ്ടെങ്കില്‍ ഒരു ദിവസംകൊണ്ട് നിങ്ങളുടെ ചുവരുകളെ നിങ്ങളുടെ മനോനിലയ്ക്ക് ചേരുംവിധം വര്‍ണാഭമാക്കാം. പിന്നെ വീട്ടുപകരണങ്ങളും തറയും വിരിപ്പുകള്‍ കൊണ്ട് അലങ്കരിക്കുക. ചെയ്തത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വീണ്ടും ചെയ്യുക.
5. വ്യത്യസ്തത - മുന്‍കൂട്ടി തീരുമാനിക്കാതെ ഒരു ദിവസം അവധി എടുക്കുക. എവിടേക്കെങ്കിലും പോവുക - കഴിയുന്നതും അധികം പോകാത്ത എവിടേക്കെങ്കിലും. അവധികള്‍ വളരെ സഹായകമാണ്. അധികം ചെലവൊന്നുമാകുകയുമില്ല. 'വിശ്രമം പോലെതന്നെ ഗുണകരമാണ് വ്യത്യസ്തത' യെന്ന് പറയാറുണ്ടല്ലോ. ദൈനംദിന ജീവിതത്തിന്‍റെ വിരസതയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതുതന്നെ വലിയൊരു ആശ്വാസമാകുമെന്നതില്‍ സംശയമില്ലല്ലോ.
6. സംഗീതം - നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതാനും പാട്ടുകളെങ്കിലും എപ്പോഴും അടുത്തുണ്ടെന്ന് ഉറപ്പിക്കുക. കാറില്‍ സി ഡി കരുതുക. ഐപാഡില്‍ പ്ലേ ലിസ്റ്റ് സൂക്ഷിക്കുക. നിങ്ങളില്‍ ഉന്മേഷവും ഊര്‍ജ്ജവും സന്തോഷവും നിറയ്ക്കുന്ന സംഗീതത്തിന്‍റെ ഒരു പട്ടികയും ശാന്തതയും ഏകാഗ്രതയും ഉണര്‍ത്തുന്ന വേറൊരു പട്ടികയും തന്നെ സൂക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്. സംഗീതത്തിന്‍റെ ശക്തി അപരിമേയമാണ്.
7. പ്രകാശം - നിങ്ങളുടെ ചുറ്റുപാടുമുള്ള പ്രകാശം സജ്ജീകരിക്കുക. ഉന്മേഷമുണര്‍ത്തുന്നതിന് ചില വിളക്കുകള്‍. ശാന്തതയ്ക്ക് ഉപകരിക്കുന്ന മറ്റ് ചിലത്. സ്വാഭാവികതയ്ക്കു സൂര്യപ്രകാശവും.
8. പൂക്കള്‍ - ചുറ്റും കുറച്ച് പൂക്കളുണ്ടായിരിക്കുക. പൂക്കളെപ്പോലെ പെട്ടെന്ന് ഉന്മേഷം പകരാന്‍ കഴിയുന്ന മറ്റൊരു ഉപാധിയുമില്ല. അവയിലേക്ക് ഉറ്റുനോക്കി അല്പനേരം നില്‍ക്കുക. നിങ്ങളുടെ മനോനില താനേ മാറിവരുന്നത് നിങ്ങള്‍ അറിയും.
9. കാഴ്ച - ജനാലയിലൂടെ പുറത്തേക്കു നോക്കുക. ഒരു മരം, അല്ലെങ്കില്‍ പാര്‍ക്ക്. ആ ഒരൊറ്റ കാഴ്ച നിങ്ങളുടെ മനോനില മാറ്റും.
10. നടത്തം - നാട്ടിന്‍പുറത്തേക്കു ചെല്ലുക. അതു പറ്റില്ലെങ്കില്‍ അടുത്തുള്ള പാര്‍ക്കിലോ പൂന്തോട്ടത്തിലോ പോവുക. അല്പനേരം ഉലാത്തുക. തലച്ചോറിന് ആശ്വാസം നല്കുന്നതിന് ഇതിലും പറ്റിയ മാര്‍ഗ്ഗമില്ലെന്നു പഠനങ്ങള്‍ പറയുന്നു.
( ഇനി ദീര്‍ഘകാലപദ്ധതികള്‍ - അടുത്ത ലക്കത്തില്‍ തുടരും).