വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ലോകമെങ്ങും ആഘോഷിക്കുന്ന മാസമാണല്ലോ ഒക്ടോബര്‍. സമാധാനത്തിന്‍റെ അപ്പസ്തോലനായി അറിയപ്പെടുന്ന ഫ്രാന്‍സിസിനെക്കുറിച്ച് നമുക്കും ധ്യാനിക്കാം. അസ്സീസി നഗരത്തിലെ സാന്‍ദാമിയാനോ ദേവാലയത്തിലെ ക്രൂശിതരൂപത്തില്‍ ഫ്രാന്‍സിസ് ഉറ്റുനോക്കി. ക്രൂശിതന്‍റെ കണ്ണുകളില്‍ ഉറ്റുനോക്കിയ ഫ്രാന്‍സിസിനെ ക്രൂശിതനും നോക്കി. ആ രണ്ടു നോട്ടങ്ങള്‍ ചരിത്രത്തെ മാറ്റിമറിച്ചു. ക്രൂശിതന്‍റെ കണ്ണുകളില്‍ കരുണയുടെ തിളക്കം ഫ്രാന്‍സിസ് കണ്ടു. ആ കാഴ്ചയില്‍ ലയിച്ചിരുന്ന ഫ്രാന്‍സിസിലേക്ക് കരുണയൊഴുകിയിറങ്ങി. ലോകത്തോടുമുഴുവന്‍ ദൈവകരുണയുടെ സന്ദേശം പ്രഘോഷിക്കുവാന്‍ ഫ്രാന്‍സിസ് ശക്തി സംഭരിച്ചു. ഫ്രാന്‍സിസിന്‍റെ നോട്ടത്തില്‍ അന്നുമുതല്‍ കാര്യമായ വ്യതിയാനം വന്നുതുടങ്ങി. സുവിശേഷത്തെ മുത്തുന്നതും കുഷ്ഠരോഗിയുടെ മുറിവില്‍ ചുംബിക്കുന്നതും ഒന്നുപോലെയാണെന്ന് ഫ്രാന്‍സിസ് മനസ്സിലാക്കി. ക്രിസ്തുവിന്‍റെ മധുരസ്വരം ബൈബിളില്‍നിന്നും ഫ്രാന്‍സിസ് ശ്രവിച്ചു. മുറിവേറ്റ കര്‍ത്താവിന്‍റെ നിലവിളിയുടെ ശബ്ദം കുഷ്ഠരോഗിയുടെ രോദനത്തില്‍നിന്നും ഫ്രാന്‍സിസ് ശ്രവിച്ചു. കാണുവാനും കേള്‍ക്കുവാനും ഫ്രാന്‍സിസ് ഇഷ്ടപ്പെടാതിരുന്ന കുഷ്ഠരോഗികളെ ഒരു പുതിയ  കണ്ണോടെ അദ്ദേഹം കണ്ടുതുടങ്ങി. ഒരു പുതിയ തിരിച്ചറിവാണ് ഫ്രാന്‍സിസിന് ലഭിച്ചത്. നമ്മള്‍ കാണുവാനും കേള്‍ക്കുവാനും ഇഷ്ടപ്പെടാത്തവരിലൂടെയാണ് ദൈവം സംസാരിക്കുന്നത് എന്ന തിരിച്ചറിവാണ് ലഭിച്ചത്. 

പഴയനിയമത്തിലും പുതിയനിയമത്തിലുമെല്ലാം ദൈവത്തിന്‍റെ നോട്ടം പതിച്ചവരെയും ദൈവത്തില്‍ നോട്ടം പതിച്ചവരെയും കാണാം. പറുദീസായില്‍ ആദിമാതാപിതാക്കളെ ദൈവം നോക്കിയപ്പോള്‍ തങ്ങള്‍ നഗ്നരാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. സ്വന്തം കുറവുകളെ തിരിച്ചറിയാന്‍ ദൈവത്തിന്‍റെ നോട്ടവും ദൈവത്തിലേക്കുള്ള നോട്ടവും അത്യാവശ്യമാണ്. അബ്രാഹത്തെയും ഇസഹാക്കിനെയും യാക്കോബിനെയുമൊക്കെ സന്ദര്‍ശിച്ചു നോക്കുന്ന യഹോവയായ ദൈവത്തെ നാം കാണുന്നുണ്ട്. സീനായ് മലയുടെ മുകളില്‍ ദൈവമുഖത്തുനോക്കിയിരുന്ന മോശയുടെ മുഖം ജ്വലിച്ചിരുന്നതായി ബൈബിള്‍ രേഖപ്പെടുത്തുന്നു. ദൈവത്തെ നോക്കിയിരുന്ന മോശ പരിപൂര്‍ണമായി രൂപാന്തരപ്പെട്ടവനായി ഇറങ്ങിവന്നു. 

ക്രിസ്തു ഒരു യുവാവിനെ നോക്കിയതായി ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്നു. അവന് ഒരു കുറവുണ്ടെന്ന് മനസ്സിലായത് കര്‍ത്താവിന്‍റെ മുമ്പില്‍ നിന്നപ്പോഴാണ്. ലൂക്കാ 19ല്‍ സക്കേവൂസിനെ നാം കാണുന്നു. പരിഹാരജീവിതത്തിലേക്കും മാനസാന്തരത്തിലേക്കും ആ നോട്ടം സക്കേവൂസിനെ നയിച്ചു. സമറിയാക്കാരി സ്ത്രീയെ പ്രേഷിതയാക്കി മാറ്റിയ നോട്ടം നമുക്ക് അറിയാം. പാപിനിയായ സ്ത്രീയെ മാനസാന്തരത്തിലേക്ക് നയിച്ച നോട്ടം മനോഹരമായി യോഹന്നാന്‍ എട്ടാം അധ്യായത്തില്‍ വിവരിച്ചിരിക്കുന്നു. ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ പത്രോസിനെ യേശു നോക്കുന്നതായി നാം കാണുന്നു. ആ നോട്ടത്തില്‍ പത്രോസ് ഹൃദയംപൊട്ടി കരഞ്ഞു. താന്‍ ആയിരിക്കുന്ന അവസ്ഥയില്‍ നിന്നും ആയിരിക്കേണ്ട അവസ്ഥയിലേക്ക് പത്രോസ് രൂപാന്തരപ്പെട്ടു.

അസ്സീസിയിലെ വിശുദ്ധ ക്ലാര ദിവ്യകാരുണ്യനാഥനെയും ക്രൂശിതരൂപത്തെയും നോക്കി ധ്യാനിച്ചവളാണ്. ക്രൂശിതനിലേക്കുള്ള ഫ്രാന്‍സിസിന്‍റെ നോട്ടം അദ്ദേഹത്തെ 'മറ്റൊരു ക്രിസ്തു'വെന്നു വിളിക്കപ്പെടാന്‍ തക്കവിധം യോഗ്യനാക്കി മാറ്റി. കര്‍ത്താവിലേക്കുള്ള ക്ലാരയുടെ നോട്ടം അവളെ ജീവിക്കുന്ന പ്രാര്‍ത്ഥനയാക്കി മാറ്റി. കര്‍ത്താവിന്‍റെ മുമ്പിലിരുന്ന് അവനെ നോക്കിയ മദര്‍ തെരേസാ ലോകത്തിന്‍റെ മുമ്പില്‍ കരുണയുടെ ജീവിക്കുന്ന മുഖമായി മാറി. ഇന്നു കര്‍ത്താവിനെ നോക്കാതെ സ്വന്തം സാമര്‍ത്ഥ്യത്തിലേക്കുമാത്രം നോക്കുന്ന വെറും സാമൂഹ്യപ്രവര്‍ത്തകരായി മനുഷ്യരിലേക്കുമാത്രം നോക്കി നടക്കുന്നവരുണ്ട്. അങ്ങനെ മറ്റുള്ളവര്‍ ഇടയ്ക്കിടെ പാളിപ്പോകാറുണ്ട്. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മാത്രം മുഴുകുകയും പ്രാര്‍ത്ഥനാജീവിതത്തിനും സഭാത്മകജീവിതത്തിനും പ്രാധാന്യം കൊടുക്കാതിരിക്കുകയും ചെയ്യുന്ന സന്യാസസമൂഹങ്ങള്‍ കാലഹരണപ്പെട്ടു പോകുന്നതിന്‍റെ ഒരു പ്രധാനകാരണം ഇതുതന്നെയാണ്. 


ലോകം ഇന്നു തിരക്കിലാണ്. നാമെല്ലാവരും തിരക്കില്‍തന്നെയാണ്. ദൈവത്തെക്കൂടാതെ ദൈവം സൃഷ്ടിച്ച ലോകത്തെ നവീകരിക്കുവാനുള്ള ശ്രമമാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത്. അതെങ്ങനെ ശരിയാകും? സ്രഷ്ടാവിനെ മാറ്റിനിര്‍ത്തി സൃഷ്ടികള്‍ക്ക് എന്തുചെയ്യുവാന്‍ കഴിയും? സൃഷ്ടികര്‍ത്താവിനെ അനുഭവിച്ചറിഞ്ഞ ഫ്രാന്‍സിസ് സൂര്യകീര്‍ത്തനം പാടി. എല്ലാറ്റിനെയും ഒന്നാക്കി നവീകരിക്കുന്ന ദൈവത്തെ കൂടെനിര്‍ത്താതെ മനുഷ്യന്‍ നടത്തുന്ന യത്നങ്ങളെല്ലാം നിരര്‍ത്ഥകമാകും. 

ക്രൂശിതനെ നോക്കി ധ്യാനിച്ച ഫ്രാന്‍സിസിനെ അനുസ്മരിക്കുന്ന ഈ അവസരത്തില്‍ നമ്മുടെയൊക്കെ നോട്ടങ്ങളെക്കുറിച്ച് ഒന്നു ചിന്തിക്കാം. കുടുംബജീവിതത്തില്‍ പരുഷമായ നോട്ടം പരസ്പരം നടത്തുന്ന ദമ്പതികള്‍ കരുണയുടെ നോട്ടത്തിലേക്ക് തിരിയണം. സമര്‍പ്പിതജീവിതത്തില്‍ കരുണയുടെ നോട്ടം പരസ്പരം നടത്തുവാനും ദരിദ്രരെ കരുണയോടെ നോക്കുവാനും ഫ്രാന്‍സിസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആരെയും മുറിപ്പെടുത്താതെ നോക്കാന്‍ നമുക്ക് പഠിക്കാം. മുറിവേല്പിക്കുന്ന വാക്കുകളും നോട്ടങ്ങളും മാറ്റി ക്രിസ്തുവിന്‍റെ കണ്ണുകളോടെ ലോകത്തെ നോക്കിതുടങ്ങാം. സകല ജീവജാലങ്ങളെയും സഹോദരീസഹോദരങ്ങളായി കാണുന്ന ഫ്രാന്‍സിസ് അസ്സീസിയുടെ വിശ്വദര്‍ശനത്തിലേക്കു നമുക്കും വളരാം. കൃപ നിറഞ്ഞ കണ്ണുകളോടെ ലോകത്തെ നോക്കുന്ന ഹൃദയനൈര്‍മ്മല്യം നമുക്കും കൈവരിക്കാം.

You can share this post!

ബേത്ലെഹെമില്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts