അബ്ദുള്‍ ഗാഫര്‍ ഗിലാനിയെക്കുറിച്ച് ഒരു കഥയുണ്ട്. ബാഗ്ദാദിലെ ഒരു ലേഡി ഡോക്ടര്‍ അനുസരണയില്ലാത്ത തന്‍റെ മകനെ ഗിലാനിയുടെ അടുക്കല്‍ കൊണ്ടുചെന്ന് അവിടെ കുറെക്കാലം നിര്‍ത്തണമെന്നപേക്ഷിച്ചു. മകന്‍ നന്നായി അച്ചടക്കം പാലിച്ച് ഉത്തമ സ്വഭാവം നേടണമെന്നാണ് അമ്മയുടെ ആഗ്രഹം. ഗുരു ആദ്യം തന്നെ ചില ബുദ്ധിമുട്ടുകള്‍ പറയുന്നുണ്ട്. ഇവന് വീട്ടില്‍ കിട്ടുന്ന പരിചരണവും ശ്രദ്ധയും ആഹാരങ്ങളും ഇവിടെ കിട്ടില്ല. പരിമിത സാഹചര്യങ്ങളില്‍ കഴിയേണ്ടി വരും എന്നെല്ലാം ഗുരു പറഞ്ഞു. പക്ഷെ അതൊന്നും സാരമില്ല എന്നു പറഞ്ഞ് അമ്മ അവനെ അവിടെയാക്കി മടങ്ങി. കുറേ ദിവസം കഴിഞ്ഞ് മകനെ കാണാന്‍ അവര്‍ ആശ്രമത്തിലെത്തി. ഹൃദയഭേദകമായ കാഴ്ചയാണവിടെ കണ്ടത്. പൊന്നുമകന്‍ പൊതുമൂത്രപ്പുര വൃത്തിയാക്കുന്നു. വലിയ മനോഭാരത്തോടെ അമ്മ ഗുരുവിനോട് പറഞ്ഞു. "അങ്ങ് ഒരുപകാരം ചെയ്യാമോ? ഈ മൂത്രപ്പുര വൃത്തിയാക്കാന്‍ ഞാന്‍ ഒരാളെ ഏര്‍പ്പാടാക്കാം. ശമ്പളവും കൊടുത്തോളാം. ദയവായി എന്‍റെ മകനെ ഈ ജോലിയില്‍ നിന്ന് ഒഴിവാക്കണം." ഗിലാനി ഒരു ചോദ്യം ചോദിച്ചു: "അമ്മേ, നിങ്ങളൊരു ഡോക്ടര്‍ കൂടിയാണല്ലോ. നിങ്ങളുടെ സമീപത്തൊരു രോഗിവന്നാല്‍ രോഗിക്കാണോ അതോ അവിടെ കൊണ്ടുവന്ന ആള്‍ക്കോ നിങ്ങള്‍ മരുന്ന് കൊടുക്കുക. ആര്‍ക്കാണ് മരുന്ന് വേണ്ടതെന്നും അതിനുള്ള മരുന്ന് എന്തെന്നും നിശ്ചയിക്കുന്നത് നിങ്ങളല്ലേ?"
അങ്ങനെയല്ലേ ഇവിടെയും വേണ്ടത്! ശരിക്കും ഇത്തരമൊരു കടച്ചില്‍ നമുക്കെല്ലാം കിട്ടാറുണ്ട്. പലരും ഒഴിഞ്ഞുമാറുകയാണ് പതിവ്. ആശ്രമങ്ങളൊക്കെ എത്ര നല്ല അച്ചാണ്. പക്ഷെ, ഇപ്പോഴും എന്നില്‍ അഹന്തയുടെ വര്‍ത്തമാനങ്ങളൊക്കെ വരാറുണ്ടെന്നാണ് ഏറെ അടുപ്പമുള്ളവരൊക്കെ പറയാറ്. സത്യത്തില്‍ അടുപ്പമുള്ളവര്‍ക്ക് സ്വീകാര്യനാവുന്നതല്ലേ പ്രധാനം. അച്ചിന്‍റെ കുഴപ്പം കൊണ്ടല്ല അതിലേക്ക് തന്നത്താന്‍ വിട്ടുകൊടുക്കുന്നതില്‍ ഞാന്‍ കാട്ടിയ ഉദാസീനതയുടെ ഫലം മാത്രമാണത്. സത്യമായും ഒരു പാകതയിലേക്കെത്താന്‍ എന്തുള്ളുരുക്കം വേണം. സ്വയം വിട്ടു നില്‍ക്കുന്ന കാലം വേണം. ദൈവശാസ്ത്രങ്ങളൊക്കെ മാറ്റിവച്ചാല്‍, ദൈവം പോലും തന്‍റെ മകനെ ഭൂമിയിലേക്ക് അയച്ച് വളര്‍ത്തിയത് എത്ര പരിമിത സാഹചര്യങ്ങളിലൂടെയാണ്. അവസാനത്തോളമുള്ള പരീക്ഷകളെ അതിജീവിക്കുന്ന ആത്മബലത്തിന് അതനിവാര്യമാണെന്ന് എല്ലാ മനുഷ്യപുത്രന്മാരെയും പഠിപ്പിക്കാനാണെങ്കില്‍ തന്നെ!