എനിക്കു വളരെ ഹൃദ്യമായ ഒരു വചനമാണ് "സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപ്പെടുകയും ചെയ്യട്ടെ!" (സങ്കീ. 80:19). കേവലം രണ്ടുതുള്ളി സാനിറ്റൈസര്‍ പുരട്ടിയാല്‍ രണ്ടു നിമിഷത്തിനകം നശിച്ചുപോകുന്നതാണ് കൊറോണാ വൈറസ്. പക്ഷേ, ലോകം മുഴുവന്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഇതുവരെയും പൂര്‍ണമായി കീഴടക്കാന്‍ കഴിയാതെ വരുമ്പോള്‍, സത്യസന്ധമായി പറഞ്ഞാല്‍ ലോകത്തില്‍ പലയിടത്തും അധര്‍മ്മത്തിന്‍റെ ആയിരംമുഖങ്ങള്‍ സംഹാരനൃത്തമാടുമ്പോള്‍, കാലാവസ്ഥയുടെ വ്യതിയാനങ്ങളും രോഗദാരിദ്രങ്ങളും കൊണ്ടു മനുഷ്യജീവിതം ഗതിമുട്ടുമ്പോള്‍, പണത്തിന്‍റെ, അധികാരത്തിന്‍റെ, സ്വാധീനങ്ങളുടെ മറവില്‍ നിസ്സഹായര്‍ കുറെയെങ്കിലും കണ്ണീരും കൈയുമായി നില്ക്കുമ്പോള്‍, ഇത്തരം മനുഷ്യരുടെ ശാന്തിതീരം എവിടെയെന്ന ചോദ്യത്തിന് എനിക്കു കിട്ടിയ ഉത്തരമാണ് (സങ്കീ. 80:19) എന്ന ദൈവവചനം. ഇന്നു സാധാരണ മനുഷ്യനു ജീവിതം വഴിമുട്ടാതെ നില്ക്കുന്നുവെങ്കില്‍ അതിനുള്ള കാരണം ദൈവം ജീവിക്കുന്നു, പരിശുദ്ധത്രിത്വം ജീവിക്കുന്നു എന്ന തിരിച്ചറിവല്ലേ? തിന്മയുടെ തേരോട്ടം കണ്ടു ഭയപ്പെടാതെ നന്മയ്ക്കായി നില്ക്കാന്‍ ഇന്നിന്‍റെ മനുഷ്യനു ശക്തിതരുന്നതു ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും അതില്‍നിന്നുരുത്തിരിയുന്ന ശരണവുമല്ലേ? അതിനാല്‍ നമുക്കും പറയാം ഹൃദയംകൊണ്ട് ഈ ശരണജപം, "സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപ്പെടുകയും ചെയ്യട്ടെ" (സങ്കീ. 80:19).
ഈ വചനം സാധൂകരിക്കാന്‍ ഞാന്‍ ഒരു അനുഭവം കുറിക്കട്ടെ! സത്യസന്ധമായി, നടന്ന ഒരു അനുഭവം ആയതിനാലും, ഇതുമായി ബന്ധപ്പെട്ട വ്യക്തികള്‍ ജീവിച്ചിരിക്കുന്നതിനാലും, ഒരു തരത്തിലും വ്യക്തികള്‍ വെളിപ്പെടാതിരിക്കുവാന്‍, അല്പം മിനുക്കുപണികള്‍ ചെയ്യുക വിവേകമായതിനാല്‍ അപ്രകാരമാണ് ഞാന്‍ ഇതു കുറിക്കുന്നത്. ഉദ്ദേശം ആറുവര്‍ഷം മുമ്പ്, 21 വയസ്സോളം പ്രായമുള്ള ഒരു യുവാവ് തന്‍റെ ജീവിതാനുഭവം എന്നോടു പങ്കുവച്ചതാണ് ഇത്. അവന്‍ പ്ലസ് വണ്‍-ല്‍ പഠിക്കുമ്പോള്‍, അവന്‍റെ അപ്പന്‍ മരിച്ചു. ഒറ്റ മകനാണ്. ഇവനെയും ഇവന്‍റെ അമ്മയെയും സന്ദര്‍ശിക്കുവാന്‍, സഹായിക്കുവാന്‍ ഒരു ബന്ധു മിക്കവാറും ദിവസങ്ങളില്‍ വീട്ടില്‍ വന്നിരുന്നു. ഒരു ദിവസം അവിചാരിതമായി ഇവന്‍റെ അമ്മയും ഈ ബന്ധുവും ഒന്നാകുന്നത് അവന്‍റെ കണ്ണില്‍പ്പെട്ടു. അതിനുശേഷം ഇവന്‍റെ അമ്മ, ഇവനോടു പറഞ്ഞു: മോനെ, ഹോസ്റ്റലില്‍നിന്നു പഠിക്കുന്നതാണ് നിനക്കു നല്ലത് എന്ന്. അമ്മയുടെ രഹസ്യബന്ധം തുടരാനല്ലേ എന്നെ ഹോസ്റ്റലില്‍ നിര്‍ത്തുന്നത് ഞാന്‍ വീട്ടില്‍ നിന്നു പഠിച്ചുകൊള്ളാം എന്ന് ഇവന്‍ മറുപടി പറഞ്ഞു. ഈ സ്ത്രീ കടുത്ത അസ്വസ്ഥതയില്‍ കുറെ സമയം ചെലവഴിച്ചു. ഇവള്‍ കാമുകന് ഫോണ്‍ ചെയ്യുന്നത് ഇവന്‍ കേട്ടു. നമ്മുടെ ബന്ധം ഇവന്‍ അറിഞ്ഞു. ഇവനെ ഞാന്‍ ഒതുക്കും. ഇന്ന് ഇവനോടൊത്തു ഞാന്‍ കിടക്ക പങ്കുവച്ചിരിക്കും, ഇതാണ് ഇവന്‍ ശ്രവിച്ചത്. അമ്മയും മകനും അസ്വസ്ഥതയില്‍ സമയം ചെലവഴിച്ചു. രാത്രിയില്‍ അമ്മ മകനെ കടന്നുപിടിച്ചു. കാര്യം മുന്‍കൂട്ടി അറിഞ്ഞിരുന്നതിനാല്‍ ഇവന്‍ അവളെ തട്ടിമാറ്റി, ടോയ്ലറ്റില്‍ കയറി കതകടച്ചിരുന്നു. രാത്രി മുഴുവന്‍ ഭയംമൂലം ഇവന്‍ അവിടെതന്നെ കഴിച്ചകൂട്ടി. ഈ സ്ത്രീ വീട്ടുകാരെയും കാമുകനെയും എല്ലാം രഹസ്യമായി ഫോണ്‍ വിളിച്ചു വരുത്തി. ഈ യുവാവിന് മാനസികരോഗമാണ് എന്ന് എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചു. ചുരുക്കത്തില്‍ വീട്ടുകാര്‍ അവള്‍ പറഞ്ഞതു വിശ്വസിച്ചു. ഇവനെ പിടിച്ചുകെട്ടി മാനസികരോഗാശുപത്രിയിലാക്കി. നീണ്ട് അഞ്ചുവര്‍ഷം ഇവന് അവിടെ കഴിയേണ്ടി വന്നു. ഇവന്‍ പലപ്പോഴും ഡോക്ടറോട് സത്യം പറഞ്ഞു, പക്ഷേ ഡോക്ടര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. അഞ്ചുവര്‍ഷമായിട്ടും, ഇവന്‍റെ മനസ്സിന്‍റെ സമചിത്തത നഷ്ടപ്പെടാത്തതിനാല്‍ ഡോക്ടര്‍ തന്നെ ഇവനോടു ചോദിച്ച് കാര്യം കൃത്യമായി മനസ്സിലാക്കി. ഇവന്‍റെ അമ്മയെയും വീട്ടുകാരെയും വിളിച്ച് ഇവനു മാനസികരോഗം ഇല്ല എന്ന സാക്ഷ്യപത്രത്തോടെ പറഞ്ഞുവിട്ടു. അവരില്‍ നിന്ന് രക്ഷപ്പെട്ടാണ് ഇവന്‍ ധ്യാനിക്കാന്‍ വന്നത്. ഞാന്‍ ഇത്രയേ പറഞ്ഞുള്ളൂ, "അമ്മയോടും വീട്ടുകാരോടും പൂര്‍ണമായി ക്ഷമിക്കുക. ഈശോയുടെ നാമത്തില്‍ അവരെ പറ്റുംവിധം അനുഗ്രഹിച്ചു പ്രാര്‍ത്ഥിക്കുക. നീ ഈശോയിലാശ്രയിച്ച് സ്വന്തനിലയില്‍ അദ്ധ്വാനിച്ച് ജീവിക്കുക." ഏതായാലും ഇവന്‍ പരിശുദ്ധ ത്രിത്വത്തിന്‍റെ കരുണയാല്‍ അത് ഉള്‍ക്കൊണ്ട് മനസ്സമാധാനത്തോടെ പോയി.
എന്നെ ഇപ്പോഴും ചിന്തിപ്പിക്കുന്നത് ജീവിതത്തിന്‍റെ ആരംഭസമയങ്ങളില്‍ ഇതുപോലെ സഹനങ്ങളും തിരസ്കരണങ്ങളും എല്ലാം തഴുകിയിട്ടും പൂര്‍വ്വയൗസേപ്പിനെപ്പോലെ, സൂസന്നയെപ്പോലെ, ജോബിനെപ്പോലെ, എല്ലാം സഹിച്ച്, ക്ഷമിച്ച്, നഷ്ടസ്വര്‍ഗ്ഗങ്ങള്‍ നോക്കി നിരാശനാകാതെ, ദൈവത്തിലാശ്രയിച്ച്. ശാന്തതയോടെ നടന്നകലുന്ന, ആ ചെറുപ്പക്കാരന്‍റെ സമാധാനം, ധൈര്യം എവിടെനിന്നാണ്? എനിക്കുള്ള ഒരേ ഉത്തരം "സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപ്പെടുകയും ചെയ്യട്ടെ"(സങ്കീ. 80:19) മാത്രമാണ്. ചുരുക്കത്തില്‍ സഹിക്കുന്ന മനുഷ്യന്‍റെ ശാന്തിതീരം ത്രിത്വൈക ദൈവത്തിലുള്ള ശരണം മാത്രമല്ലേ? ഈ യുവാവിന്‍റെ ജീവിതം അതല്ലേ വിളിച്ചുപറയുന്നത്?