news-details
ധ്യാനം

നിഴലും യാഥാര്‍ത്ഥ്യവും

മനുഷ്യന്‍ ശൂന്യതയുടെ അനുഭവങ്ങളിലൂടെ ഇന്നു കടന്നു പോവുകയാണ്. യഥാര്‍ത്ഥ ദൈവസ്നേഹം കൊണ്ടു നിറയ്ക്കേണ്ട ഹൃദയങ്ങള്‍ പകരക്കാരെ കൊണ്ടു നിറയുകയാണ്. മണ്ണെണ്ണ ഒഴിച്ചു തീ കെടുത്താന്‍ ശ്രമിക്കുന്നതുപോലെയും ഉപ്പുവെള്ളം കുടിച്ച് ദാഹം ശമിപ്പിക്കുവാന്‍ ശ്രമിക്കുന്നവരെയും പോലെയാണ് നമ്മള്‍. ദൈവത്തിനുപകരം എന്തെല്ലാം വച്ചാലും ഒന്നും ശാശ്വതമാകില്ലായെന്ന് ചരിത്രം പഠിപ്പിക്കുന്നു. ഇന്നു മനുഷ്യനെ സ്വാധീനിക്കുന്ന മൂന്നു തത്ത്വസംഹിതകളുണ്ട്. ഒന്നാമത്തെ കാഴ്ചപ്പാടാണ് വ്യക്തിസ്വാതന്ത്ര്യവാദം. ഈ തത്ത്വപ്രകാരം എല്ലാറ്റില്‍നിന്നും എനിക്കെന്തു നേടുവാന്‍ കഴിയും എന്നതാണ് ചിന്ത. ഏതു പ്രവൃത്തിയെടുത്താലും അതില്‍ നിന്നും ഞാനെന്ന വ്യക്തിക്ക് എന്തു നേട്ടമുണ്ടാകുമെന്നതിലാണ് താല്പര്യം. മറ്റുള്ളവരുടെ ലാഭനഷ്ടങ്ങളോ സുഖദുഃഖങ്ങളോ എനിക്കു പ്രശ്നമല്ല. മറ്റുള്ളവര്‍ നശിച്ചാലും എനിക്കു ശോഭിക്കണം എന്ന ചിന്ത ഇവിടെ ഉയര്‍ന്നു നില്‍ക്കുന്നു. രണ്ടാമത്തേത് സുഖവാദമാണ്. ഈ വ്യക്തിയില്‍നിന്നും, ഈ സംരംഭത്തില്‍നിന്നും എനിക്കെന്ത് സുഖം കിട്ടും എന്ന ചിന്തയാണിത്. ഭൗതികസുഖം ആവോളം ആസ്വദിച്ച് ജീവിതത്തെ പാഴാക്കുന്ന അവസ്ഥയാണിത്. ഇന്നത്തെ ലോകം ഈ തത്ത്വത്തിന്‍റെ പിന്നാലെയാണ് പ്രയാണം ചെയ്യുന്നത്. ആഴമില്ലാത്ത ബന്ധങ്ങളും അര്‍ത്ഥമില്ലാത്ത സംസാരവുമെല്ലാം ഇതിന്‍റെ ഭാഗങ്ങളായി കടന്നുവരുന്നു. മൂന്നാമതായി കടന്നുവരുന്നത് മിനിമലിസം എന്ന തത്ത്വമാണ്. ഏറ്റവും കുറച്ചു പ്രവര്‍ത്തിച്ചിട്ട് പരമാവധി ലാഭം കൊയ്യുക എന്നതാണ് ഈ തത്ത്വം. ഒരുകാര്യത്തില്‍ ഏറ്റവും കുറച്ച് തന്നെകൊണ്ടു എന്തു ചെയ്യുവാന്‍ കഴിയും. ഏതു സംരംഭത്തിലും എന്‍റെ സംഭാവന ഏറ്റവും മിനിമം ആയിരിക്കണം. അതില്‍നിന്നുകിട്ടുന്ന നേട്ടം 'മാക്സിമം' ആയിരിക്കുകയും വേണം. സമൂഹത്തിനു വേണ്ടി ജീവിതം അര്‍പ്പിക്കുവാന്‍ ഇക്കൂട്ടര്‍ക്കു കഴിയുകയില്ല. അപരന്‍റെ വിയര്‍പ്പിന്‍റെ വില കൊണ്ടു ജീവിക്കുന്ന പരാന്നഭോജികളായി ഇവര്‍ കഴിയുന്നു.

ഇത്തരം തത്ത്വങ്ങള്‍ മനുഷ്യന്‍റെ മനസ്സിനെ സ്വാധീനിക്കുമ്പോള്‍ ഇതില്‍നിന്നും ഒരു മോചനം ആവശ്യമല്ലേ? മോചനത്തിന്‍റെ വഴികള്‍ യേശു നമ്മെ പഠിപ്പിക്കുന്നു. ആനന്ദത്തിനായി ആഗ്രഹിക്കുന്നവരാണ് മനുഷ്യര്‍. ലോകം തരുന്ന സകലസുഖങ്ങളും നിത്യസൗഭാഗ്യത്തിന്‍റെ നിഴലുകളാണ്. നിഴലുകള്‍ കൊണ്ടു തൃപ്തിപ്പെടാതെ നിത്യസൗഭാഗ്യത്തിന്‍റെ ഉറവിടത്തിലേക്കു നാം തിരിയണം. ദൈവം തരുന്ന നിത്യസൗഭാഗ്യം യേശുവില്‍ നാം കാണുന്നു. എനിക്കെന്തു കിട്ടുമെന്ന് ചിന്തിച്ചു ഞാനലയുമ്പോള്‍ സ്വയം ശൂന്യവല്‍ക്കരിച്ച് തന്‍റെ കുരിശുമെടുത്ത് യേശുവിന്‍റെ പിന്നാലെ ചെല്ലുവാന്‍ അവന്‍ പഠിപ്പിക്കുന്നു. എന്തു ലാഭം എനിക്കു കിട്ടുമെന്നു ചിന്തിക്കാതെ അപരനുവേണ്ടി എന്തു ചെയ്യുവാന്‍ കഴിയുമെന്ന് നല്ല സമരിയാക്കാരനെപ്പോലെ ഞാന്‍ ചിന്തിക്കണം. എന്‍റെ സഭയ്ക്കും സമൂഹത്തിനുമൊക്കെയായി ഞാന്‍ ജീവിക്കണം, സ്വയം നഷ്ടം സഹിക്കുമ്പോഴാണ് നേട്ടങ്ങള്‍ വരുന്നതെന്ന് യേശു പഠിപ്പിക്കുന്നു.

എന്തു സുഖം കിട്ടുമെന്ന് ചിന്തിക്കുന്നവരോട് സര്‍വ്വവും പരിത്യജിക്കുവാന്‍ അവിടുന്ന് ആവശ്യപ്പെടുന്നു. പരിത്യാഗത്തിന്‍റെയും മുള്‍ക്കിരീടങ്ങളുടെയും വഴിയിലൂടെ നടക്കുമ്പോള്‍ ലഭിക്കുന്ന ഒരു ആനന്ദമുണ്ട്. അത് ലോകത്തിന് എടുത്തു മാറ്റാവുന്നതല്ല. ക്രിസ്തുവും അവന്‍റെ വഴികളില്‍ നടന്നവരും കാണിച്ചു തന്ന ആനന്ദമാണത്. മഹാത്മാഗാന്ധി ജീവിച്ചു കാണിച്ച മാതൃകയാണത്. അപരന്‍റെ സുഖത്തിനു വേണ്ടി സ്വന്തം ജീവിതം ബലിയര്‍പ്പിക്കുന്നവരെ ലോകം മറക്കില്ല. സ്വയം സുഖിച്ചു ജീവിച്ചവര്‍ ഒരു കല്ലറയില്‍ ഒതുങ്ങും. അപരന്‍റെ ജീവിതത്തിന് സുഖം സമ്മാനിച്ചവര്‍ കാലങ്ങള്‍ക്കപ്പുറത്തേയ്ക്ക് വളരും.

ഏറ്റവും കുറച്ചു ചെയ്ത് പരമാവധി ലാഭം നേടുവാനാഗ്രഹിക്കുന്നവരുടെ മുമ്പില്‍ യേശു വെല്ലുവിളിയുമായി കടന്നുവരുന്നു. അവസാനതുള്ളി രക്തം ചിന്തി ജീവന്‍ സമര്‍പ്പിച്ചവന്‍ ലോകത്തിനായി പരമാവധി കൊടുത്തുതീര്‍ക്കുവാന്‍ നമ്മെ ക്ഷണിക്കുന്നു. ഒന്നും ബാക്കിവയ്ക്കാനില്ലാതെ വന്ന നിമിഷത്തില്‍ എല്ലാം പൂര്‍ത്തിയായിരിക്കുന്നു എന്നു പറഞ്ഞവനെ മാതൃകയാക്കുക. ഈ മാതൃകയാണ് ഫാദര്‍ ഡാമിയനെയും മദര്‍ തെരേസായെയുമെല്ലാം സ്വാധീനിച്ചത്. ഈ സ്വയസമര്‍പ്പണത്തിലൂടെ ലഭിക്കുന്ന ആനന്ദ നിര്‍വൃതി ജീവിതത്തില്‍ സ്വന്തമാക്കാം. തൃപ്തിതരാത്ത പകരക്കാരെയും പകരങ്ങളെയും മറന്ന് സംതൃപ്തി തരുന്ന കര്‍ത്താവില്‍ അഭയം കണ്ടെത്താം.

You can share this post!

നാലു ചോദ്യങ്ങള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts