news-details
കവിത

മഴ ജലസ്പര്‍ശം

മഴ

 

മഴപെയ്തിറങ്ങിയപ്പോള്‍
ദൈവം ചോദിച്ചു
നീയെന്തെടുക്കുകയാണ്-
ഞാന്‍ മഴ കാണുകയാണ്.
ചോദ്യം ആവര്‍ത്തിക്കപ്പെട്ടു
നീയെന്തെടുക്കുകയാണ്
ഞാന്‍ മഴ നനയുകയാണ്.
ചോദ്യം വീണ്ടുമുണ്ടായി
നീയെന്തെടുക്കുകയാണ്
ഞാന്‍ മഴ അനുഭവിക്കുകയാണ്.
ചോദ്യം മാറിയില്ല
നീയെന്തെടുക്കുകയാണ്
ഞാന്‍ മഴയാവുകയാണ്.
നീ ഗുരുവായിരിക്കുന്നു.
ദൈവം അപ്രത്യക്ഷനായി
 
 
 
 ജലസ്പര്‍ശം
 
കുളിവെള്ളം
ശിരസ്സിലൂടൂര്‍ന്നിറങ്ങി
പെരുവിരല്‍ത്തുമ്പിലൂടെ
ഭൂമിയെ സ്പര്‍ശിക്കുമ്പോള്‍
ഉടലിനൊരു കുളിര്‍മ്മ തോന്നുന്നുണ്ട്
ഒരു മഴ നനഞ്ഞ വൃക്ഷം പോലെ
ശരീരം തളിര്‍ക്കുന്നുണ്ട്.
ഉടലിനുള്ളില്‍ മുളയെടുക്കുന്നുണ്ട്
പുതിയ നാമ്പുകള്‍
മരണത്തിന്‍റെ തണുപ്പുപോലെ
ജീവന്‍റെ തണുപ്പ്
ഉടലിനെ പുണരുമ്പോള്‍
ദൈവത്തിന്‍റെ കരം തഴുകുന്ന പോലെ
തോന്നലാവാം അറിയില്ല
ദൈവം തലോടുന്നതാവാം
സ്വന്തം കൈയാല്‍
കുളി ജലത്തിലൂടെ പുതുജീവനേകാന്‍
എന്തൊക്കെയോ നാമ്പിടാന്‍
എന്തൊക്കെയോ നിനച്ചുകൊണ്ട്... 

You can share this post!

ഊന്നല്‍

റോണി കപ്പൂച്ചിന്‍
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts