ഒരുദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്‍റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ചോദ്യം ചെയ്യപ്പെടും
ഏകാന്തവും ചെറുതുമായ ഒരു ജ്വാലപോലെ
രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്‍
എന്തുചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും
അവരുടെ വസ്ത്രങ്ങളെപ്പറ്റി
ഉച്ചയൂണിനുശേഷമുള്ള നീണ്ട പകലുറക്കത്തെപ്പറ്റി
അവരോടാരും ചോദിക്കില്ല
ശൂന്യതയെച്ചൊല്ലിയുള്ള അവരുടെ പൊള്ളത്തര്‍ക്കങ്ങളെപ്പറ്റി
ഒരാളും നാളെ അന്വേഷിക്കില്ല
അവരുടെ സാമ്പത്തികപദവിയെ
ആരും കൂട്ടാക്കില്ല
ഗ്രീക്കു പുരാണങ്ങളെപ്പറ്റി അവര്‍ ചോദ്യം ചെയ്യപ്പെടില്ല
ഭീരുവെപ്പോലെ അവരിലൊരുത്തന്‍ തൂങ്ങിച്ചാകുമ്പോള്‍
അവരനുഭവിക്കുന്ന ആത്മവിദ്വേഷത്തെപ്പറ്റി
അവര്‍ ചോദ്യം ചെയ്യപ്പെടില്ല
ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്‍റെ രാജ്യത്തിലെ അരാഷ്ട്രീയബുദ്ധിജീവികള്‍
ചോദ്യം ചെയ്യപ്പെടും.
അന്ന് ദരിദ്രരായ മനുഷ്യര്‍ വരും
ഈ അരാഷ്ട്രീയബുദ്ധിജീവികളുടെ
കവിതകളിലും കഥകളിലും
ഒരിക്കലും ഇടം കിട്ടിയിട്ടില്ലാത്തവര്‍
എന്നാല്‍, ദിവസവും അവര്‍ക്ക്
അപ്പവും പാലും കൊടുത്തവര്‍
ഇറച്ചിയും മുട്ടയും കൊടുത്തവര്‍
അവരുടെ വസ്ത്രങ്ങളലക്കിക്കൊടുത്തവര്‍
അവരുടെ കാറോടിച്ചവര്‍
അവരുടെ പട്ടികളെ വളര്‍ത്തിയവര്‍
അവരുടെ ഉദ്യാനങ്ങള്‍ കാത്തുസൂക്ഷിച്ചവര്‍
അവര്‍ വരും
വന്നു ചോദിക്കും
യാതനകളില്‍ ദരിദ്രന്‍റെ ജീവിതവും സ്വപ്നവും
കത്തിയെരിയുകയായിരുന്നപ്പോള്‍
എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍?