news-details
കടുകു മണിയും പുളിമാവും

വീട്ടച്ചന്‍

അനേകം മഴത്തുള്ളികളാണല്ലോ അരുവികളുടെയും പുഴകളുടെയും ജീവനാഡി. അല്പം പുളിമാവ് മുഴുവന്‍ മാവിനെയും പുളിപ്പിക്കുമെന്നും കടുകുമണിയില്‍ വൃക്ഷം ഉറങ്ങുന്നുവെന്നും ദൈവരാജ്യത്തെക്കുറിച്ച് സ്വപ്നം കണ്ട ക്രിസ്തു പഠിപ്പിച്ചു. "ഒറ്റയ്ക്കു സ്വപ്നം കാണുമ്പോള്‍ സ്വപ്നം സ്വപ്നമായിത്തന്നെ തുടരും, അത് ആരോടെങ്കിലും പങ്കിടുമ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വഴിതുറക്കും"-ബിഷപ്പ് ഹെല്‍ഡര്‍ കാമറ. നല്ലൊരു നാളെയെകുറിച്ച് സ്വപ്നം കാണുമ്പോള്‍ നന്മയുടെ അംശം പേറുന്ന മനുഷ്യര്‍ എവിടെയെങ്കിലുമൊക്കെ ഉണ്ട് എന്ന തിരിച്ചറിവ് നമ്മെ ബന്ധിപ്പിക്കുന്ന ചരടുകളാകുന്നു. നിങ്ങള്‍ക്ക് പരിചയമുള്ള നന്മയുടെ നുറുങ്ങുവെട്ടങ്ങളെ (വ്യക്തികളോ, സംഘങ്ങളോ) അസ്സീസിയിലെ ഈ പംക്തിയിലൂടെ പരിചയപ്പെടുത്താം. 
  Mob: 9495 628422,  e-mail:  assisi.magz@gmail.com - എഡിറ്റര്‍ ഇന്‍ ചീഫ്
 
ഓഫീസില്‍ ആഴ്ച്ചയുടെ അവസാനമായാല്‍ എല്ലാവരുടെയും മുഖത്ത് ഒരു പ്രത്യേക സന്തോഷമാണ്. തിരക്കുപിടിച്ച് ആറു ദിവസങ്ങള്‍ താണ്ടി വിശ്രമത്തിന്‍റെ ഏഴാം നാള്‍ കിട്ടുന്നതിന്‍റെ സന്തോഷം മാത്രമല്ല അത്. ആറു നാളിന്‍റെ അലച്ചിലും സങ്കടവും 
സന്തോഷവും സന്താപവും ഓര്‍മ്മകളുമെല്ലാം നിറഞ്ഞ ഭാണ്ഡം 'വീട്' എന്ന രണ്ടക്ഷരത്തിന്‍റെ സുരക്ഷിതത്വത്തില്‍ ഇറയ്ക്കി വെയ്ക്കാന്‍ പറ്റുന്നതിന്‍റെ സന്തോഷം കൂടിയാണത്. എന്നാല്‍ ഇവിടെ (വീട്) തലയ്ക്കു മീതെ ഒരു കൂരയുടെ കരുതല്‍ ഇല്ലാത്തവന്‍റെ വേദന നമുക്ക് എന്നെങ്കിലും മനസ്സിലാക്കാന്‍ സാധിക്കുമോ?
 
ഇത്തവണ 'കടുകുമണിയും പുളിമാവും' ന്‍റെ യാത്ര ഇത്തരത്തില്‍ ഒരു കൂരയില്ലാത്തവന്‍റെ വേദനയില്‍ പങ്കുചേരുന്ന ഒരു 'വീട്ടച്ചനെ ' തേടിയാണ്. തന്‍റെ പ്രവര്‍ത്തികളെ ഒന്നും തന്നെ 'വൈറലുകള്‍ ആക്കാതെ' കാസര്‍കോട് ജില്ലയിലെ  മാലക്കല്ല് എന്ന കൊച്ചുഗ്രാമത്തില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി ജിവിക്കുന്ന, എന്നാല്‍ തന്‍റെ ചിന്തകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും അസാധാരണക്കാരനായ ഒരു ഇടവക വികാരിയായ ഫാദര്‍ ബൈജു എടാട്ട് ആണ് നമ്മുടെ വീട്ടച്ചന്‍. കോട്ടയം ക്നാനായ അതിരൂപതയിലെ മാലക്കല്ല് ഇടവകവികാരിയാണ് ഇദ്ദേഹം.
 
പണി തീരാത്ത വിട്
 
കാരുണ്യ വര്‍ഷത്തോടനുബന്ധിച്ചു കോട്ടയം അതിരൂപതയുടെ കീഴിലുളള എല്ലാ ഇടവകകളിലും നിര്‍ധനരായ ഒരു കുടുംബത്തിനു വീടു വെച്ചു നല്‍കപ്പെടും എന്ന അരമന അറിയിപ്പിനെ തുടര്‍ന്നാണ് നമ്മുടെ വീട്ടച്ചന്‍റെ കഥ തുടങ്ങുന്നത്. അര്‍ഹരായവരെ തേടിയിറങ്ങിയ അച്ചനും മുമ്പില്‍ എത്തിയത് നാല്പതോളം കുടുംബങ്ങളുടെ അപേക്ഷയാണ്. ഇതില്‍ ആരെ തിരഞ്ഞെടുക്കണമെന്ന ചിന്താകുഴപ്പത്തിനൊടുവില്‍, നാല്പതു കുടുംബങ്ങളും സന്ദര്‍ശിക്കാന്‍ നമ്മുടെ 'വീട്ടച്ചന്‍' തീരു മാനിച്ചു. ആ യാത്രക്കൊടുവില്‍ ഒരാളെ കണ്ടെത്തിയെങ്കിലും ബാക്കിയുളള മുപ്പത്തിഒന്‍പതു വീടുകളുടെയും ചിത്രങ്ങള്‍ അച്ഛന്‍റെ ഉള്ളില്‍ വിങ്ങി നിന്നു. അതില്‍ പലതും പണി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടതാണ്.
 
അങ്ങനെയിരിക്കെയാണ് 'മിഷന്‍ ലീഗിന്‍റെ' ഉത്പന്നപ്പിരിവ് വരുന്നത്. ഈ സമയത്ത് അച്ചന്‍ ഇടവ ജനത്തിന്‍റെ മുമ്പില്‍ ഒരു അപേക്ഷ വെച്ചു "സാധിക്കുന്ന എല്ലാ കുടുംബങ്ങളും ഒരു ചാക്ക് സിമന്‍റിന്‍റെ വില പിരിവായി നല്‍കണം." മിഷ്യന്‍ പിരിവ് പൊടിപൊടിച്ചു. ഇടവക ജനങ്ങള്‍ വീട്ടച്ചന് നല്‍കിയത് ഒന്നരലക്ഷം രൂപയാണ്. വിശ്വാസികളുടെ ഈ പ്രവൃത്തിയറിഞ്ഞ രൂപതാ മെത്രാനും കൊടുത്തു ഒരു ലക്ഷം. അങ്ങനെ രണ്ടരലക്ഷം രൂപകൊണ്ട് മാലക്കല്ല് ഇടവകയിലെ പണിതീരാത്ത കുറച്ചു വീടുകള്‍ക്കു ഒരു ശാപമോക്ഷം ലഭിച്ചു.
 
 
കഥകളിലെല്ലാം ഒരുtwist ഉളളതുപോലെ, വീട്ടച്ചന്‍ ഈ കഥയ്ക്ക് അദ്ദേഹം തന്നെ ഒരു twist കൊടുത്തു. "സിമന്‍റ് വെറുതെ ലഭിക്കില്ല ചുമരു തേയ്ക്കാനുളള മണലും അതിനുളള പണിക്കൂലിയും കുടുംബാഗങ്ങള്‍ തന്നെ കണ്ടെത്തണം. അതിനു ശേഷം മാത്രമേ സിമന്‍റ് ലഭിക്കൂ" എന്തിനാണ് ഇങ്ങനെയൊരു നിബന്ധന അവര്‍ക്കു മുമ്പില്‍ വെച്ചത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന് കൃത്യമായ ഒരു ഉത്തരമുണ്ട് "വലിയവനോ ചെറിയവനോ പണക്കാരനോ പാവപ്പെട്ടവനോ ആരായിരുന്നാലും "ആത്മാഭിമാനം" എല്ലാവര്‍ക്കും ഒരുപോലെയാണ്. അപരനു മുമ്പില്‍ കൈനീട്ടി വാങ്ങുക എന്നത് അവന്‍റെ ആത്മാഭിമാനത്തിനുവിള്ളലേല്‍പിക്കുന്ന ഒന്നാണ്. അതേ സമയം അവന്‍റെ കൂടെ അദ്ധ്വാനത്തിന്‍റെയും വിയര്‍പ്പിന്‍റെയും ഫലം ദാനമായി ലഭിച്ചതിന്‍റെ കുടെ കൂടിച്ചേരുമ്പോള്‍ അത് തന്‍റേതുകൂടിയാണ് എന്ന ചിന്ത ജനിക്കുന്നു" അങ്ങനെ അച്ചനും ഇടവക ജനങ്ങളും ചേര്‍ന്ന് മാലക്കല്ല് ഗ്രാമത്തിലെ വീടുകള്‍ക്ക് ഒരു പുതിയ ജന്മം നല്‍കി, ഒപ്പം വീടുകളില്‍ താമസിക്കുന്നവര്‍ക്കും.
.
പിന്നീടുളള ദിവസങ്ങളില്‍ സിമന്‍റുതേച്ച് മിനുക്കിയെടുത്ത വീടുകള്‍ "വീട്ടച്ചന്" ഓരോരോ പുതിയ കഥകള്‍ സമ്മാനിക്കാന്‍ തുടങ്ങി. ദുഖങ്ങളും പരിവേദനങ്ങളും കഷ്ടപ്പാടുകളും മാത്രം നിറഞ്ഞു നിന്ന ചുമരുകളില്‍ വെള്ളപൂശപ്പെട്ടു. അവയില്‍ അച്ഛനും അമ്മയും മക്കളും പുഞ്ചിരി തൂവി നില്‍ക്കുന്ന ചിത്രങ്ങള്‍ തൂക്കപ്പെട്ടു. വീടിന്‍റെ സുരക്ഷിതത്വം കുഞ്ഞുങ്ങളെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുവാനും അതുവഴി ഉന്നതവിജയം നേടുവാനും സഹായിച്ചു പണിതീരാത്ത വീടിനെ നോക്കി നെടുവീര്‍പ്പെട്ടു ശിരസ്സു കുനിച്ചു നടന്നിരുന്ന ഗൃഹനാഥന്‍ ആത്മാഭിമാനത്തോടെ ശിരസ്സു നിര്‍ത്തി സ്വന്തം വീടിനു മുമ്പില്‍ നിന്നു.
 
ഇങ്ങനെ ഓരോ വീടുകളും കഥ പറയാന്‍ തുടങ്ങിയപ്പോഴാണ് ബൈജു അച്ചന്‍ പോലും 'എന്‍റെ വീട്' എന്ന വൈകാരികത ഒരു വ്യക്തിയുടെ ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് മനസ്സിലാക്കിയത്. പണിതീരാത്ത വീടുകള്‍ ഒരുവനു ഇത്രമാത്രം ദുഃഖം സമ്മാനിക്കുമ്പോള്‍, സ്വന്തമായി വീടിപോലുമില്ലാത്തവരുടെ ദുഃഖം എത്രആഴത്തിലുള്ളതായിരിക്കും! ഈ ചിന്തയാണ് മാലക്കല്ല് ഗ്രാമത്തിലെ വീടില്ലാത്ത കുടുംബങ്ങള്‍ക്കു വീടൊരുക്കണമെന്ന ആശയത്തിലേക്ക് അച്ഛനെ എത്തിച്ചത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ സര്‍ക്കാരിന്‍റെ 'ഗൃഹശ്രീ' പദ്ധതിയിലൂടെ ഇടവക ജനങ്ങള്‍ക്ക് വീടൊരുക്കാമെന്ന് അച്ചന്‍ തീരുമാനിച്ചു. പദ്ധതി പ്രകാരം രണ്ടുലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. രണ്ടു ലക്ഷം രൂപ മറ്റൊരാള്‍ സ്പോണ്‍സര്‍ ചെയ്യണം. ടാക്സ് എല്ലാം കിഴിച്ചിട്ട് 800 ച.അടി വീടു നിര്‍മ്മിക്കുന്നതിനായി നമ്മുടെ കയ്യില്‍ ലഭിക്കുന്നത് 3.85 ലക്ഷം രൂപയാണ്. മുന്നു മുറിയും അടുക്കളയും രണ്ടു ടോയ്ലറ്റുകളുമെല്ലാം അടങ്ങുന്ന ഒരു വീടിനു കുറഞ്ഞത് 8 ലക്ഷം രൂപയെങ്കിലും ചിലവാകും. ആദ്യം 15 വീടുകള്‍ക്കാണ് അപേക്ഷ സമര്‍പ്പിച്ചത്. അതില്‍ പത്ത് വീടുകള്‍ക്കു അനുമതി ലഭിച്ചു. സ്പോണ്‍സര്‍ഷിപ്പ് തുക അച്ചന്‍ തന്നെ പലരില്‍ നിന്നുമായി ശരിപ്പെടുത്തി. പദ്ധതി ഗുണഭോക്താക്കളും താങ്ങള്‍ക്കാവുന്നത്ര തുക വീടു പണിക്കായി മാറ്റിവെച്ചു. എന്നിരുന്നാലും വീടു പണി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ തുക ലഭിച്ചിരുന്നില്ല.
 
 
അവസാനം വീട്ടച്ചന്‍ തന്‍റെ ഇടവക ജനങ്ങള്‍ക്കു വേണ്ടി മറ്റുളളവര്‍ക്കു മുമ്പില്‍ വീണ്ടും കൈനീട്ടി. ധാരാളം പേര്‍ അച്ചന്‍റെ പ്രവര്‍ത്തനത്തിനു സഹായവുമായി എത്തി. അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ " അനേകം പേര്‍ തങ്ങളുടെ അദ്ധ്വാനത്തിന്‍റെ ഫലം മറ്റുളളവരുമായി പങ്കുവെയ്ക്കാന്‍ തയ്യാറാണ്. ഇങ്ങനെയുള്ളവരെയും സഹായം ആവശ്യമുളളവരേയും തമ്മില്‍ ബന്ധിപ്പിക്കുവാന്‍ ഒരാള്‍ വേണം. ആ ഒരു കണ്ണിമാത്രമാണ് ഞാന്‍ . എന്‍റെ മക്കള്‍ക്കുവേണ്ടി ഞാന്‍ അവരുടെ മുമ്പില്‍ കൈനീട്ടി. അവര്‍ എനിക്കു തന്നു അത് ഞന്‍ എന്‍റെ ഇടവക ജനത്തിനു കൊടുത്തു. അത്രയേ ഉള്ളു".
 
ഓരോ വ്യക്തിയും ദേവാലയമാണെന്ന തിരിച്ചറിവ് അച്ചനുണ്ടായിരുന്നു. അതിനാല്‍ത്തന്നെ  ഏറെ പരിമിതികള്‍ ഉണ്ടായിരുന്നെങ്കിലും മാലക്കല്ല് ഇടവകദേവാലയത്തിന്‍റെ പുനരുദ്ധാരണത്തേക്കാള്‍ ബൈജു അച്ചന്‍ പ്രാധാന്യം നല്‍കിയത് ജനങ്ങള്‍ക്കു ഭവനം നല്‍കാനാണ്. ആ ഉത്തരവാദിത്വം അദ്ദേഹം ഭംഗിയായി പൂര്‍ത്തീകരിച്ചു. മാര്‍ച്ച് 15 ന് മാലക്കല്ല് ഇടവക ദേവായത്തിനു തറക്കല്ലിടുകയാണ്. അതേ സുദിനത്തില്‍ തന്നെ 30 കുടുംബങ്ങള്‍ തങ്ങളുടെ പുതിയ വീടുകളില്‍ പുതിയ ജീവിതത്തിനും തറകല്ലിടും. എട്ടുലക്ഷം രൂപ നിര്‍മ്മാണ ചെലവു പ്രതീക്ഷിച്ചിരുന്ന വീടുകള്‍ 6.15 ലക്ഷം രൂപയ്ക്കു മനോഹരമായി പണിതുകൊടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
 
ഞാനൊരു തെണ്ടി
 
വൈദീകപട്ട സ്വീകരണ സമയത്ത് തങ്ങളുടെ ഇന്‍- ചാര്‍ജ്ജ് അച്ചന്‍ പറഞ്ഞ വാക്കുകളാണ്  പ്രവര്‍ത്തനങ്ങളുടെ അടിത്തറ  "നിങ്ങളെല്ലാവരും ഇന്നുമുതല്‍ 'തെണ്ടി'കളാണ്, നിങ്ങളെ ഭാരമേല്‍പ്പിച്ചിരിക്കുന്ന ഇടവക ജനത്തിനു വേണ്ടി പലപ്പോഴും മറ്റുളളവരുടെ മുമ്പില്‍ കൈ നീട്ടേണ്ടി വരും. അതുകൊണ്ട് നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നന്നായി നിറവേറ്റുന്നതിനു വേണ്ടി നിങ്ങള്‍ തെണ്ടികളാകേണ്ടി വരും". ആദ്യ കേള്‍വിയില്‍ ഈ വാക്കുകള്‍ മനസ്സിനെ പിടിച്ചുലച്ചുവെങ്കിലും പിന്നീട് അതിന്‍റെ സത്യാവസ്ഥ എനിക്കു ബോധ്യം വന്നു. മാലക്കല്ല് ഇടവകയുടെ പിതാവാണ് ഞാന്‍; എന്‍റെ മക്കള്‍ക്ക് ആവശ്യമായവ-ഭക്ഷണം, വീട്, വിദ്യാഭ്യാസം, തുടങ്ങിയവ- കൊടുക്കേണ്ടത് എന്‍റെ ഉത്തരവാദിത്വമാണ്. അതിനായി എന്‍റെ കഴിവിന്‍റെ പരാമാവധി ഞാന്‍ ശ്രമിച്ചു. എന്നാല്‍  എന്‍റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും നിറവേറ്റാന്‍ എനിക്ക് ഒറ്റയ്ക്ക് സാധിക്കില്ല. അതിനാല്‍ സാധിക്കാത്തതിനു വേണ്ടി ഞാന്‍ മറ്റുളളവരുടെ മുമ്പില്‍ കൈ നീട്ടി. അങ്ങനെ അന്നു ഇന്‍- ചാര്‍ജ് അച്ചന്‍ പറഞ്ഞപോലെ ഞാന്‍ ഉത്തരവാദിത്വമുളള ഒരു തെണ്ടിയായി മാറി. കാരണം എനിക്ക് എന്‍റെ മക്കളുടെ സന്തോഷമാണ് വലുത്.

You can share this post!

ആമി എന്‍റെ കൂട്ടുകാരി

അങ്കിത ജോഷി
അടുത്ത രചന

ഇലൈജ!

ചിത്തിര കുസുമന്‍
Related Posts