news-details
കടുകു മണിയും പുളിമാവും

ആമി എന്‍റെ കൂട്ടുകാരി

ഒരു കഥ പറയാം. പറവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി ഉണ്ടായിരുന്നു. അവളെ നമുക്ക് കല്യാണി എന്നു വിളിക്കാം. അച്ഛന്‍റെയും അമ്മയുടെയും പൊന്നോമനയായ, കുറുമ്പത്തിയായ ഒരു ചട്ടമ്പിക്കല്യാണി.
 
ആളു മിടുക്കി ഒക്കെ ആണെങ്കിലും ഒരു ചെറിയ ദുഃസ്വഭാവം ഉണ്ട് കക്ഷിക്ക്. സംഭവിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചതുപോലെ കൂട്ടുകാരുടെ മുമ്പില്‍ അവതരിപ്പിക്കും. കല്യാണിക്കുട്ടിയുടെ വിസ്തരിച്ചുള്ള കഥ പറച്ചിലില്‍ എല്ലാവരും വാ പൊളിച്ചിരുന്നു പോകും. കാരണം അവളുടെ ഭാവനയില്‍ വിരിഞ്ഞ ആ സംഭവങ്ങള്‍ക്ക് ശരിക്കും നടന്ന സംഭവങ്ങളേക്കാള്‍ മിഴിവും വിശ്വാസ്യതയും ഉണ്ടായിരുന്നു. കൊച്ചുകല്യാണിയുടെ നുണക്കഥകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വന്നുകൊണ്ടേയിരുന്നു. അധ്യാപകരുടെ വഴക്കിനോ, മാതാപിതാക്കളുടെ ഉപദേശത്തിനോ, നുണക്കഥകളുടെ ഒഴുക്കിനെ തടയാന്‍ സാധിച്ചില്ല. 
 
ഇങ്ങനെ കാര്യങ്ങള്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കേയാണ് ചട്ടമ്പിക്കല്യാണിയുടെ ജീവിതത്തിലേക്ക് ആമി (ആമി എന്നാല്‍ ഫ്രഞ്ച് ഭാഷയില്‍ Close to heart / friend  എന്നാണ് അര്‍ത്ഥം)യുടെ എന്‍ട്രി. മുഖം നിറയെ തെളിഞ്ഞുനില്‍ക്കുന്ന പുഞ്ചിരിയുമായി വന്ന ആമിയെ കല്യാണിക്കുട്ടിക്കു പെരുത്തിഷ്ടമായി. ഒറ്റ ദിവസം കൊണ്ട് രണ്ടു പേരും ചങ്കും കരളുമായി മാറി. എല്ലാ ദിവസവും ആമി കല്യാണിക്കുട്ടിക്ക് കുറെ വാക്കുകള്‍ കൊടുക്കും. എന്നിട്ട് അവയെല്ലാം ചേര്‍ത്ത് കഥയും കവിതയുമൊക്കെ എഴുതാന്‍ പറയും. എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന ചോദ്യത്തിന് ആമിയുടെ മറുപടി ഇതായിരുന്നു. കഥകളും കവിതകളും എല്ലാം നുണകളാണ്. എഴുത്തുകാരന്‍റെ ഭാവനയില്‍ വിരിയുന്ന നുണകള്‍. "അതുകൊണ്ട് ഈ വാക്കുകള്‍ ചേര്‍ത്ത് ഒരു കഥ നീയും എഴുതി നോക്കുക." ആമിയുടെ ഈ ഉത്തരം കല്യാണിക്കുട്ടിക്ക് നന്നേ ബോധിച്ചു. 
 
അങ്ങനെ ആമി കൊടുത്ത കുറച്ചു വാക്കുകള്‍  ചേര്‍ത്തുവച്ച് കല്യാണിക്കുട്ടി കഥകളുടെയും കവിതകളുടെയും ലോകത്തേക്ക് പതുക്കെ പതുക്കെ നടന്നു നീങ്ങി. തന്‍റെ ഭാവനകള്‍ക്കും സ്വപ്നങ്ങള്‍ക്കും വാക്കുകളിലൂടെ ജീവന്‍ പകര്‍ന്നപ്പോള്‍ കൂട്ടുകാരോട് പങ്കുവയ്ക്കാന്‍ നുണക്കഥകള്‍ ഇല്ലാതായി. പകരം ആരെയും പിടിച്ചിരുത്തുന്ന  പുതുപുത്തന്‍ കഥകള്‍ പിറന്നു. അങ്ങനെ അടിയുടെ, ഇടിയുടെ, വെടിയുടെ ഒച്ച ഒന്നും തന്നെ ഇല്ലാതെ നുണ പറയുന്ന കല്യാണിക്കുട്ടി കഥകളും കവിതകളും എഴുതുന്ന കല്യാണിക്കുട്ടിയായി മാറി. കഥ ഇവിടെ അവസാനിക്കുകയാണ്.
 
ഇനി അല്പം കാര്യത്തിലേക്ക് കടക്കാം. പറവൂര്‍ എന്ന കൊച്ചു ഗ്രാമത്തിലെ മീന മേനോന്‍ എന്ന എഴുത്തുകാരി/ പത്രപ്രവര്‍ത്തക എങ്ങനെയാണ് ആമിയായി മാറിയത്...? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കുട്ടികളുടെ കൂട്ടായ്മയായ Crows/കാക്കകൂട്ടം. 
 
Crows Interactive Education Club പിറവി
 
ആമി അധ്യാപനത്തെ ഏറെയിഷ്ടപ്പെട്ടിരുന്നു. കുട്ടികളോടൊപ്പം ആയിരിക്കുക, അവരോടൊപ്പം ഭാവനകളുടെയും സ്വപ്നങ്ങളുടെയും ലോകത്തേക്ക് ഒരുമിച്ച് യാത്രപോകുക, അവരുടെ ഇണക്കങ്ങളിലും പിണക്കങ്ങളിലും കളികളിലും പങ്കുചേരുക. ഇവയെല്ലാം ആമിക്ക് ഒരുപാടിഷ്ടമാണ്. എത്ര കടുകടുത്ത വിഷയമാണെങ്കിലും അതിനൊരു 'ആമി ഇഫക്ട്' കൊടുക്കുമ്പോള്‍ കുട്ടികള്‍ക്ക് അത് ഏറെ പ്രിയപ്പെട്ടതായി മാറുന്നു. അങ്ങനെയാണ് Crows Interactive Education Club രൂപപ്പെടുന്നത്. ഒരുദാഹരണം പറഞ്ഞാല്‍ പുസ്തകത്താളില്‍ കണ്ടുമാത്രം പരിചയമുള്ള താജ്മഹലിനെക്കുറിച്ച് എന്തുകാര്യം ചോദിച്ചാലും തത്തമ്മേ പൂച്ച പൂച്ച എന്ന രീതിയില്‍ മനപ്പാഠം പഠിച്ച് പറയാനേ നിവര്‍ത്തിയുള്ളൂ. അതേ സമയം കണ്‍മുന്നില്‍ തെളിഞ്ഞു കണ്ട അനുഭവിച്ചറിഞ്ഞ താജ്മഹലിനെക്കുറിച്ച് എത്ര കഠിനമായ ചോദ്യങ്ങള്‍ ചോദിച്ചാലും നമുക്ക് ഉത്തരം പറയാന്‍ സാധിക്കും.  ആമിയും  കുട്ടികളും Google Map ന്‍റെ സഹായത്തോടെ താജ്മഹലിലൂടെ സഞ്ചരിക്കും, ഗംഗതീരത്ത് ഓടിക്കളിക്കും. ഇന്ത്യാ ഭൂപടവും ലോകഭൂപടവുമെല്ലാം ഇത്തരത്തില്‍ സഞ്ചരിച്ച് കണ്ടും അറിഞ്ഞും മനസ്സിലാക്കും. ഇത്തരത്തിലുള്ള നുറുങ്ങുവിദ്യകളിലൂടെ ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കഠിനമായ പാഠങ്ങള്‍ വളരെ എളുപ്പമുള്ളതാക്കാന്‍ കുട്ടികളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ ആമി വീണ്ടും ഒരു കുട്ടിയായി മാറുന്നു.
 
പഠനപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല Crows  ചെയ്യുന്നത് പാഠ്യേതരപ്രവര്‍ത്തനങ്ങളുമുണ്ട്. ആമിയുടെ രണ്ടരയേക്കര്‍ വരുന്ന പുരയിടം ഇന്ന് ഒരു കൊച്ചു കാടാണ്. അവര്‍ തന്‍റെ ജീവനും ജീവിതവും നല്കി വളര്‍ത്തുന്ന 'ശാന്തിവനം' മണ്ണിനോടും മരങ്ങളോടും പുഴകളോടും എല്ലാം ചേര്‍ന്നുനിന്നുള്ളൊരീ ജീവിതം കുട്ടികള്‍ക്കു കാണിച്ചു കൊടുക്കുകയാണ് ആമി. മൂന്നു കുളവും നാലു കാവുമെല്ലാം ആമിയുടെ ശാന്തിവനത്തില്‍ ഉണ്ട്. വ്യത്യസ്തതരം ചെടികളും വൃക്ഷങ്ങളും പക്ഷികളും മൃഗങ്ങളുമെല്ലാം ശാന്തിവനത്തിലെ അന്തേവാസികളാണ്. ഇവയുടെയെല്ലാം ഒപ്പം ഓടിയും ചാടിയും  കളിച്ചും ചിരിച്ചും വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ക്ക് പുഴ സംരക്ഷിക്കേണ്ടതിന്‍റെയോ കാട് സംരക്ഷിക്കേണ്ടതിന്‍റെയോ ആവശ്യകത പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല.
 
ആമി എന്‍റെ കൂട്ടുകാരി
 
'ഞാന്‍ നിന്നേക്കാളും വലുതാണ്' എന്ന ചിന്തയില്‍ നിന്നാണ് ഞാനും നീയും തമ്മിലുള്ള 'അകല്‍ച്ച' ആരംഭിക്കുന്നത്. ‘Crows/കാക്കകൂട്ട'ത്തിന്‍റെ യുടെ രൂപീകരണത്തിനുശേഷം ആമി ചെയ്ത് കുട്ടികളും താനുമായുള്ള ഈ 'അകല്‍ച്ച' മാറ്റുകയാണ്. ആമി കുട്ടികളോടൊപ്പം ഒരു കുട്ടിയായി മാറി. ടീച്ചര്‍, ആന്‍റി, ചേച്ചി വിളികളൊക്കെ ഒഴിവാക്കി 'ആമി' ആയി. കുട്ടികളുടെ സ്വന്തം ആമി... മീന മേനോനില്‍ നിന്ന് ആമിയിലേക്ക് എത്തിയപ്പോള്‍ കുട്ടികളില്‍ ഒരുപാടു മാറ്റം വരുത്താനും അവര്‍ക്കു സാധിച്ചു. 
 
തന്‍റെ കൂട്ടുകാരിയുടെ അടുത്ത് കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ കുട്ടികള്‍ക്ക് ഒരു മടിയും തോന്നിയില്ല. സ്കൂളിലെയും വീട്ടിലെയും ഓരോ വിശേഷങ്ങള്‍ ശാന്തിവനത്തിലെ കളികള്‍ക്കും ചിരികള്‍ക്കും ഇടയില്‍ കുട്ടികള്‍ ആമിയുമായി പങ്കുവയ്ക്കും. ഉപദേശത്തിന്‍റെയോ ശാസനയുടെയോ വഴി ഒരിക്കലും ആമി ഉപയോഗിക്കാറില്ല. നീ ചെയ്യുന്നതെല്ലാം തെറ്റാണ്, ഞാന്‍ പറയുന്നതാണ് ശരി എന്ന രീതിയും ഇല്ല. അതുകൊണ്ട് ആമിയോട് തുറന്നു സംസാരിക്കാന്‍ കുട്ടികള്‍ തയ്യാറാകുന്നു. അവരുടെ പ്രശ്നങ്ങള്‍ എന്താണെന്ന് തിരിച്ചറിഞ്ഞ്, ഏതു മേഖലയിലാണ് അവര്‍ക്ക് സഹായവും കരുതലും വേണ്ടതെന്ന് കണ്ടെത്തി അതിനു ചേര്‍ന്ന കളികളിലൂടെയോ, സിനിമകളിലൂടെയോ, കഥകളിലൂടെയോ ഒക്കെയാണ് ആമി അവര്‍ക്ക് ഉത്തരം നല്കുന്നത്. അതുകൊണ്ടുതന്നെ ആമി പറയാതെ പറയുന്ന ഉത്തരങ്ങള്‍ കുട്ടികളില്‍ മാറ്റം വരുത്തുന്നു. ഇങ്ങനെ സ്വയം കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്യുന്നതിനാല്‍ സാഹചര്യങ്ങളെ മനസ്സിലാക്കി ശരിയായ തീരുമാനമെടുക്കാന്‍ കുട്ടികളെ അത് പ്രാപ്തരാക്കുന്നു. ഇപ്പോള്‍ കുട്ടികള്‍ മാത്രമല്ല ആമിയുടെ കൂടെ. അവരുടെ അമ്മമാര്‍ കൂടി കാക്കകൂട്ടത്തിന്‍റെ ഭാഗമാണ്. വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ കുട്ടികളോടൊപ്പം അവരും എത്താറുണ്ട്. ആമിയുടെ തന്നെ  വാക്കുകളില്‍ പറഞ്ഞാല്‍ "അവരുടെ ചോദ്യത്തിനുള്ള ഉത്തരം അല്ലെങ്കില്‍ പ്രശ്നത്തിനുള്ള പരിഹാരം അവര്‍ തന്നെ കണ്ടെത്തുന്നു."
 
ഒരു സൈക്കിള്‍ സവാരി
 
Crows ലെ അംഗമായിരുന്നു സഞ്ജു. ദൂരക്കൂടുതല്‍ കാരണം പലപ്പോഴും കുട്ടികളുടെ ഒത്തുചേരലില്‍ എത്താന്‍ അവനു സാധിച്ചിരുന്നില്ല. ഇതിനു പരിഹാരം കണ്ടെത്താന്‍ കുട്ടികള്‍ തീരുമാനിച്ചു. സഞ്ജുവിന് ഒരു സൈക്കിള്‍ വാങ്ങിക്കൊടുക്കാം. പണം എങ്ങനെ കണ്ടെത്തുമെന്ന ചോദ്യത്തിന് കുഞ്ഞുതലയില്‍ ഉദിച്ച വലിയ ആശയമാണ് വിളക്കുതിരി നിര്‍മ്മാണം. വീടുകളില്‍ നിന്നെല്ലാം പഴയ മുണ്ടുകള്‍ ശേഖരിച്ച് അവയില്‍ നിന്നും തിരികള്‍ നിര്‍മ്മിച്ച് വീടുവീടാന്തരം കയറി ഇറങ്ങി അവര്‍ വിളക്കു തിരികള്‍ വിറ്റു. പക്ഷേ ഒരു സൈക്കിള്‍ വാങ്ങാന്‍ ആവശ്യമായ തുക കണ്ടെത്താന്‍ അവര്‍ക്കായില്ല. അപ്പോഴാണ് കൂട്ടത്തില്‍ രണ്ടു സൈക്കിളുള്ള ആകാശ് തന്‍റെ ഒരു സൈക്കിള്‍ സഞ്ജുവിന് നല്കാം എന്നു പറഞ്ഞത്. surprise ആയിട്ട് സഞ്ജുവിന് സൈക്കിള്‍ സമ്മാനിക്കാം എന്ന് കുട്ടികള്‍ തീരുമാനിച്ചു. അതിനിപ്പോള്‍ എന്താണ് വഴിയെന്ന് കുട്ടികള്‍ തലപുകഞ്ഞാലോചിക്കുമ്പോഴാണ് ആമിയുടെ സുഹൃത്തും നാടകരചയിതാവുമായ എ. പി. അനില്‍കുമാര്‍ സൈക്കിള്‍ തേടിയുള്ള ഈ യാത്ര ഒരു നാടകമായി അവതരിപ്പിക്കാമെന്ന് അഭിപ്രായപ്പെട്ടത്. പിന്നീടങ്ങോട്ട് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഉത്സാഹത്തോടെ കുട്ടികള്‍ നാടകക്കളരിയില്‍ പാഠങ്ങള്‍ അഭ്യസിച്ചു. അനില്‍കുമാര്‍ തന്നെ രചിച്ച നാടകത്തിലെ ഓരോ ദൃശ്യങ്ങള്‍ക്കും കുട്ടികള്‍ ഉയിരേകി. സ്വന്തം ജീവിതത്തിലെ തന്നെ ഒരേട് അരങ്ങത്ത് എത്തിച്ചപ്പോള്‍ കുട്ടികള്‍ക്ക് അത് വളരെ മനോഹരമായി അവതരിപ്പിക്കാന്‍ സാധിച്ചു. 
 
നാടകം കാണാന്‍ അമ്മയ്ക്കും ചേച്ചിയ്ക്കും ഒപ്പം എത്തുമ്പോഴും സഞ്ജുവിനിതൊന്നും അറിയില്ലായിരുന്നു. ഈയിടെയായി ക്ലബ്ബില്‍ വരാന്‍ പറ്റാത്തതുകൊണ്ട് നാടകത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമമായിരുന്നു അവന്.
 
വെള്ളമുണ്ടുകള്‍ സംഘടിപ്പിക്കലും തെറുക്കലും വില്‍ക്കലും ഒക്കെയായി നാടകം പുരോഗമിക്കുമ്പോഴും അവന്‍ കാഴ്ചക്കാരന്‍ മാത്രമായിരുന്നു. ഒടുവില്‍ സഞ്ജുവിന് സര്‍പ്രൈസ് ആയി സൈക്കിള്‍ നല്‍കാന്‍ തീരുമാനിക്കുന്ന രംഗത്തില്‍ കൂട്ടുകാര്‍ വന്ന് അവന്‍റെ കയ്യില്‍ പിടിച്ച്  വലിച്ചപ്പോള്‍ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് അവനെക്കൂടി നാടകത്തിന്‍റെ ഭാഗമാക്കാനാവും ഉദ്ദേശ്യം എന്നായിരിക്കണം സഞ്ജു കരുതിയത്.
നാടകത്തെപ്പറ്റി ആമി പറഞ്ഞത് ഇങ്ങനെ:
 
"എന്നാല്‍  നാടകത്തിലെ സഞ്ജു അവന്‍ തന്നെയാണെന്നും സൈക്കിള്‍ അവനുള്ളതാ ണെന്നും തിരിച്ചറിഞ്ഞതോടെ അവന്‍റെ കണ്ണുകള്‍ വിടരുന്നതും ഒപ്പം നിറയുന്നതും ഞാന്‍ കണ്ടു. ആ നിമിഷം അവനെ കെട്ടിപ്പിടിച്ച് കവിളോട് ചേര്‍ത്തില്ലായിരുന്നുവെങ്കില്‍ ഞാന്‍ അവിടെനിന്ന് വിങ്ങിക്കരഞ്ഞു പോയേനെ. സഞ്ജുവിന്‍റെ സന്തോഷ കണ്ണീരിനൊപ്പം അവന്‍റെ കൂട്ടുകാരെല്ലാം നനഞ്ഞ കണ്ണുകളുമായി അവനു ചുറ്റും കൂടി.
 
അതെ... അതാണെന്‍റെ കാക്കക്കുഞ്ഞുങ്ങള്‍.
 
നാടകത്തിന്‍റെ തുടക്കത്തില്‍ പറഞ്ഞതുപോലെ പോലെ 'ഞങ്ങള്‍ കാക്കകള്‍.... നിങ്ങള്‍ക്കുചുറ്റും എപ്പോഴും ഉണ്ടായിരുന്നിട്ടും നിങ്ങള്‍ കാണാതെ പോയവര്‍... കൂട്ടത്തിലൊരാള്‍ക്ക് മുറിവേറ്റാല്‍ ഒന്നായി കൂട്ടം കൂടുന്നവര്‍....അന്നം പങ്കു വയ്ക്കാന്‍ കൂട്ടരെയെല്ലാം വിളിച്ചു കൂട്ടുന്നവര്‍....
അഴുക്കുകള്‍ കൊത്തി മാറ്റി വൃത്തിയുടെ വെളിച്ചം കാട്ടുന്നവര്‍...ഞങ്ങള്‍ കാക്കകള്‍.'
 
അവരുടെ സ്നേഹവും കൂട്ടായ്മയുടെ നന്മയും അവിടെയിരുന്ന ഓരോ മനസ്സിനെയും ചെന്ന് തൊട്ടു. റിമ ഉള്‍പ്പെടെ എല്ലാവരും കണ്ണുതുടച്ചുകൊണ്ടാണ് ആ രംഗം കണ്ടത്. അതുതന്നെയാണ് ഈ ഉദ്യമത്തിന്‍റെ വിജയവും.
 
ഞങ്ങള്‍ ചെയ്തത് ചെറിയ, തീരെ ചെറിയ ഒരു കാര്യമാണ്. എന്നാല്‍ അതിലൂടെ ചുറ്റുമുള്ള മനസ്സുകളില്‍ നന്മയുടെ  ഒരല്‍പ്പം വെളിച്ചം തെളിയിക്കാനും, കണ്ണുകളില്‍ സ്നേഹത്തിന്‍റെ ഒരിറ്റു നനവ് പടര്‍ത്താനും കഴിഞ്ഞെങ്കില്‍ ഞങ്ങള്‍ തൃപ്തരാണ്"
 
വിളിക്കപ്പെട്ട അതിഥിയായി എത്തിയ അഭിനേത്രി റീമ കല്ലിങ്കല്‍ നിറഞ്ഞ കണ്ണുകളോടെ കുട്ടികളുടെ നാടകത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്. "പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഉന്നതരോടൊപ്പം വേദിയില്‍ ഉപവിഷ്ടയാകാന്‍ ലഭിക്കുന്ന അവസരത്തേക്കാള്‍ ഞാന്‍ ഏറെ വിലമതിക്കുന്നത് ഈ നാടകത്തില്‍ നിങ്ങളോടൊപ്പമായിരിക്കാന്‍ കഴിഞ്ഞ ഈ നിമിഷങ്ങളേയാണ്." 
 
"സ്വന്തമായി തീരുമാനങ്ങളെടുക്കുവാനും കാര്യങ്ങളെ സൂക്ഷ്മതയോടെ വീക്ഷിക്കാനും വിലയിരുത്താനും കഴിവുള്ളവര്‍. ഒരുപാട് നന്മ നിറഞ്ഞവരാണ് കുട്ടികള്‍. പക്ഷേ നമ്മുടെ 'അരുതു'കളും 'ചൂണ്ടുപലക'കളും ഉപദേശങ്ങളുമെല്ലാം അവരുടെ ഈ കഴിവിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അനാവശ്യമായ 'സ്പൂണ്‍ ഫീഡിംഗ്' അവരുടെ ചിന്താശേഷിയെയാണ് മുരടിപ്പിച്ചുകളയുന്നത്. 'അരുത്' കളുടെ ലോകത്ത് അവര്‍ ഏറെ ഇഷ്ടപ്പെടുന്നവയെല്ലാം അവര്‍ക്ക് നഷ്ടപ്പെടുന്നു. രാജ്യം നഷ്ടപ്പെട്ട രാജാവും കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുമെല്ലാം അനുഭവിക്കുന്നത് ഒരേ വേദനയാണ്. ഉപദേശത്തിന്‍റെയോ ശാസനയുടെയോ വാള്‍ എടുക്കാതെ അവരുടെ വീഴ്ചകളിലും കുസൃതികളിലും കളികളിലും പഠനത്തിലുമെല്ലാം അവരോടൊപ്പം നില്‍ക്കാന്‍ സാധിക്കണം. 'നിനക്കൊന്നും അറിയില്ല, കാരണം നീ കുട്ടിയാണ്,' എന്നു പറയാതെ 'നിനക്കെല്ലാം സാധിക്കും, ഞാന്‍ നിന്നോടൊപ്പം ഉണ്ടാകും' എന്ന ധൈര്യം കൊടുക്കാന്‍ സാധിക്കണം. എത്ര ചെറിയ തെറ്റാണെങ്കിലും വലിയ മണ്ടത്തരമാണെങ്കിലും സങ്കോചം കൂടാതെ, ഭയപ്പെടാതെ അത് നമ്മോടു പങ്കുവയ്ക്കാന്‍ അവര്‍ക്കു സാധിക്കണം. അതിനു ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും സ്വപ്നങ്ങളെയും ഭാവനകളെയും എല്ലാം 'മെച്വൂരിറ്റി' എന്ന വാക്കുകൊണ്ട് അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന 'മുതിര്‍ന്നവര്‍' എന്ന കുപ്പായം ഊരിവച്ച് കുട്ടിത്തത്തിന്‍റെ കുപ്പായമണിയണം. അതിര്‍വരമ്പുകളില്ലാതെ സ്നേഹിക്കാനും സ്വപ്നം കാണാനും ചിന്തിക്കാനുമെല്ലാം നമ്മള്‍ കുട്ടികളാകേണ്ടിയിരിക്കുന്നു." ശാന്തിവനത്തിലെ തന്‍റെ കൊച്ചുവീട്ടിലിരുന്ന് ആമി ഇതു പറയുമ്പോള്‍ വീണ്ടും ബാല്യത്തിലേക്ക് മടങ്ങിപ്പോകാന്‍ മനസ്സു കൊതിക്കുന്നു. (ഈ വര്‍ഷത്തെ Punjab Lovely Professional Universityയുടെ Transforming Educational Award ‘Crows’ ക്ലബിനും ആമിക്കും ലഭിക്കുകയുണ്ടായി.)

You can share this post!

അടുത്ത രചന

ഇലൈജ!

ചിത്തിര കുസുമന്‍
Related Posts