മതി
നമുക്കു മിഴികളടയ്ക്കാം.
ഇനി
നിശബ്ദമായൊരു പ്രാര്‍ത്ഥനയില്‍
ഉള്‍മിഴികള്‍ തെളിക്കാം.
കാണാം
കനിവു തേടുന്ന രോഗിയെ
കരുണ തേടുന്ന കരങ്ങളെ
ഉടല്‍ച്ചന്തയിലേയ്ക്കുള്ള പെണ്ണിനെ
നെറ്റിലിരതേടും പയ്യനെ
ആത്മഹത്യാ മുനമ്പിന്‍റെ
ആഴമളക്കും കമിതാക്കളെ.
തിമിരം വീണ മിഴികളാണിത്.
സഹോദരന്‍ എവിടെയെന്ന
ആ പഴയ ചോദ്യത്തില്‍
ചെവിക്കല്ലും ഉടഞ്ഞവര്‍.
പാതയോരങ്ങളില്‍
വിങ്ങുന്ന നെഞ്ചിലൊരീണവുമായി
മുറിവേറ്റവരുടെ മഹാനിരകള്‍.
കാലമേ കാലമേ
കനിവറ്റ കണ്ണിന്‍റെ കണ്ണാന്തളികളേ
വിരിയാനും പുഷ്പിക്കാനും
നിന്നിലിനിയൊരു യൗവ്വനമുണ്ടോ?
അണയ്ക്കാം
നിശബ്ദമായൊരു പ്രാര്‍ത്ഥനയില്‍
ഉള്‍മിഴികള്‍ തെളിക്കാം.
കാഴ്ചയില്‍ മനുഷ്യരിപ്പോള്‍
ചലിക്കുന്ന വൃക്ഷങ്ങളല്ല.
മനസ്സും മാംസവുമുള്ള മനുഷ്യര്‍.