news-details
ധ്യാനം

ക്രിസ്തുവില്‍ എല്ലാം നവീകരിക്കുക

ലോകത്തെ നവീകരിക്കുവാനായി ക്രിസ്തു കടന്നുവന്നു. എല്ലാം അവനിലൂടെ നവീകരിക്കപ്പെടുമെന്ന് റോമാ ലേഖനം 12-ാമദ്ധ്യായത്തില്‍ വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നു. ക്രിസ്തുവിലൂടെയുള്ള നവീകരണത്തെപ്പറ്റി ആഴമായി പഠിപ്പിക്കുന്നതു സുവിശേഷകനായ യോഹന്നാനാണ്. ഈ നവീകരണം സംഭവിക്കുന്നതു പടിപടിയായിട്ടാണ്. യോഹന്നാന്‍ 1 'വന്നു കാണുക' എന്നാണ് പറയുന്നത്. യേശുവിന്‍റെ വന്നു കാണുവാനുള്ള ക്ഷണമാണിത്. അവന്‍റെ ജീവിതത്തെ വന്നു കാണണം. അവന്‍റെ പ്രവൃത്തികളെ വന്നു കാണണം. വന്നു കണ്ടാല്‍ മാത്രമെ അവരെ അനുഭവിക്കുവാന്‍ കഴിയൂ. അവന്‍റെ വാസസ്ഥലമന്വേഷിച്ചവരോട് അവന്‍ പറഞ്ഞതു വന്നു കാണുക എന്നാണ്. അവന്‍റെയടുക്കല്‍ വന്നവര്‍ കണ്ട ഒരു കാഴ്ചയുണ്ട്. 2-ാമദ്ധ്യായത്തില്‍ പുതുജീവന്‍റെ തുടിപ്പ് കാനായിലെ കല്യാണ സദ്യയില്‍ അവര്‍ കണ്ടു. പുതുചൈതന്യത്തിന്‍റെ മുളച്ചുപൊട്ടല്‍ പച്ചവെള്ളത്തെ വീഞ്ഞാക്കിക്കൊണ്ടു അവന്‍ കാണിച്ചു കൊടുത്തു.
 
വന്നിട്ട് പുതുജന്മം പ്രാപിക്കുകയെന്നതാണ് അടുത്ത പടി. യോഹന്നാന്‍ 3-ല്‍ നിക്കദേമൂസിനോടു പറയുന്നതാണ്, നീ വീണ്ടും ജനിക്കണം എന്ന ആഹ്വാനത്തിലൂടെ ഈ സൂചനയാണു നല്‍കുന്നത്. കര്‍ത്താവിന്‍റെ നാമം പരസ്യമായ ഏറ്റുപറയുവാന്‍ ധൈര്യമില്ലാതെ രാത്രിയില്‍ കടന്നുവന്ന നിക്കദേമൂസിനോടാണ് ഇങ്ങനെ പറയുന്നത്. ധൈര്യത്തോടെ അവന്‍റെ നാമം ഏറ്റുപറയുവാന്‍ ഒരുവനു കഴിയണം. നട്ടെല്ലില്ലാതെ ഭയത്തോടെ കഴിയുന്നവന്‍ ധൈര്യത്തോടെ വീണ്ടും ജനിക്കണം. യേശുവിന്‍റെയടുക്കല്‍ വന്നവരെല്ലാം പുതുജീവന്‍ പ്രാപിച്ച് വഴിമാറി നടന്നു. പൗരസ്ത്യദേശത്തെ ജ്ഞാനികളും, സക്കേവൂസും, ചുങ്കക്കാരും, മഗ്ദലന മറിയവുമെല്ലാം അവന്‍റെയടുക്കല്‍ വന്നിട്ട് പുതുവഴിയെ നടന്നവരാണ്. വന്നു കാണുക, വന്ന് പുതിയ വഴിയെ മടങ്ങുക എന്ന സന്ദേശങ്ങള്‍ യോഹന്നാന്‍ നമുക്കു നല്‍കുന്നു.
 
മൂന്നാമതായി നാം കാണുന്നതു വന്നിട്ടു കൊടുക്കുക എന്നതാണ്. 6-ാമദ്ധ്യായത്തില്‍ അഞ്ചപ്പവും രണ്ടുമീനും വര്‍ദ്ധിപ്പിച്ചുകൊണ്ട് ഈ സന്ദേശം നമുക്കു കാണിച്ചു തരുന്നു. നമ്മുടെ കയ്യിലുള്ളതൊക്കെ കൊടുക്കുവാന്‍ നാം തയ്യാറാകണം. കര്‍ത്താവിനെ കണ്ടവരെല്ലാം അവര്‍ക്കുള്ളതു അവന് കൊടുത്തു. അവന്‍റെ കയ്യില്‍ കൊടുത്തതെല്ലാം അവന്‍ ആശീര്‍വ്വദിച്ചു തിരിച്ചു നല്‍കി. പണവും പണപ്പെട്ടിയും ചുങ്കക്കാരന്‍ മത്തായിക്കു കൊടുത്തു. വലയും വഞ്ചിയും സെബദീ പുത്രന്മാര്‍ക്കു കൊടുത്തു. അഞ്ചപ്പവും രണ്ടുമീനും ബാലന്‍ കൊടുത്തു. നമുക്കുള്ളതെന്താണോ അതു കര്‍ത്താവിന് കൊടുക്കുക. അവന്‍റെയടുക്കല്‍ വരുന്നവര്‍ക്ക് സ്വാര്‍ത്ഥതയോടെ നില്‍ക്കാനാവില്ല. അവരെല്ലാം ഔദാര്യത്തോടെ കൊടുത്തവരാണ്. ഇനിയും പങ്കുവെയ്ക്കുവാന്‍ മനസ്സിലാതെ നില്‍ക്കുന്നവരെല്ലാം എന്‍റെയടുക്കല്‍ വരാത്തവരാണ്.
 
നാലാമതായി നാം കാണുന്നത് വന്നു വസിക്കുകയെന്നതാണ്. യോഹന്നാന്‍ 14 അധ്യായത്തില്‍ 1 മുതല്‍ 10 വരെയയുള്ള വാക്യങ്ങളില്‍ വന്നു വസിക്കുക എന്ന ആഹ്വാനം നാം ശ്രദ്ധിക്കുക. പിതാവിന്‍റെ ഹൃദയത്തില്‍ വന്നു വസിക്കുന്ന പുത്രനെ അവര്‍ കണ്ടു. അവനില്‍ വസിക്കുകയെന്നു പറഞ്ഞാല്‍ അവന്‍റെ വചനത്തില്‍ നിലനില്‍ക്കുക എന്നാണ് അര്‍ത്ഥം. യേശുവിന്‍റെ ജീവിതമാതൃകകളെ പിന്തുടരുക. അവന്‍റെ സന്ദേശങ്ങളെ ജീവിച്ച് കാണിക്കുക. വചനധ്യാനവും കൂദാശകളുടെ സ്വീകരണവും ദാനധര്‍മ്മങ്ങളും വഴി നാം അവനില്‍ വസിക്കണം. വിട്ടുപിരിയാതെ അവന്‍റെ വഴികളില്‍ നടക്കണം. സംസാരത്തിലും ചിന്തയിലും ബന്ധങ്ങളിലും കര്‍ത്താവിന്‍റെ സന്ദേശവഹാകരായി അനുനിമിഷം മാറണം. 
 
അഞ്ചാമതായി പഠിപ്പിക്കുന്നത് 'വന്ന് ആഘോഷിക്കുക' എന്നതാണ്. 21-ാമദ്ധ്യായത്തില്‍ തിബേരിയൂസിന്‍റെ തീരത്തു നടക്കുന്ന ആഘോഷത്തെയാണ് നാം കാണുന്നത്. 153 മത്സ്യങ്ങളുമായി ആഘോഷമാക്കുന്ന പത്രോസും കൂട്ടരും. അവര്‍ ആഘോഷമാക്കുവാന്‍ ഒരുങ്ങിവരുമ്പോള്‍ അപ്പവും മീനും ഒരുക്കി ആഘോഷത്തിന് വേദിയൊരുക്കുന്ന യേശുവിനെ നാം കാണുന്നു. ക്രിസ്തുവില്‍ ജീവിക്കുന്നവരെയെല്ലാം അവന്‍റെ നാമത്തെ പ്രതി ജീവിതത്തെ ആഘോഷമാക്കണം. മൂകത മൂടിയ മുഖവുമായി നടക്കുന്നവര്‍ കര്‍ത്താവിനെ അറിയാത്തവരും അനുഭവിക്കാത്തവരുമാണ്. എവിടെ നിന്നോ ലഭിച്ച വികലമായ പ്രബോധനത്തിന്‍റെ പേരില്‍ ഇന്നും ജീവിതത്തെ ഉത്ഥാനത്തിന്‍റെ ഉത്സവമാക്കാതെ ദുഃഖ വെള്ളിയുടെ വിലാപവുമായി നടക്കുന്നവരാണ്. അവര്‍ ഉയിര്‍പ്പിനെയും ഉത്ഥിതനെയും മറന്നവരാണ്. ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതമാണ്. നോമ്പുകാലത്തിന്‍റെ തപശ്ചര്യകളെല്ലാം ഉയിര്‍പ്പിന്‍റെ ആഘോഷത്തിനുള്ള ചവിട്ടുപടികളാണ്. ആത്മാവില്‍ നിറഞ്ഞ് ചുറ്റുപാടുകളില്‍ ആനന്ദം പകര്‍ന്ന് നമുക്കു സഞ്ചരിക്കാം. ക്രിസ്തുവില്‍ പുതുക്കി പണിത ദേവാലയങ്ങളായി നമ്മുടെ ജീവിതം മാറട്ടെ.

You can share this post!

നോട്ടം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts