വി. ലൂക്കായുടെ സുവിശേഷം 1-ാം അദ്ധ്യായത്തില്‍ 39 മുതല്‍ 45 വരെയുള്ള വചനങ്ങളില്‍ മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്ന രംഗമാണ് വിവരിച്ചിരിക്കുന്നത്. രക്ഷകന്‍റെ അമ്മയോട് പ്രവാചകന്‍റെ അമ്മ നടത്തുന്ന സംസാരവും മനോഹരമായി വിവരിച്ചിട്ടുണ്ട്. ന്യായാധിപന്മാരുടെ പുസ്തകത്തില്‍ 2-ാം അദ്ധ്യായം 24-ാം തിരുവചനത്തില്‍ പറയുന്ന 'അനുഗൃഹീത' എന്ന പദം മറിയത്തെ നോക്കി മാലാഖ ഉരുവിട്ടു. ലൂക്കാ 11/27 ല്‍ ഒരു സ്ത്രീയും ഇതേ വാക്ക് ഉപയോഗിക്കുന്നു. ദൈവതിരുമുമ്പില്‍ മറിയം സ്ഥാപിച്ചെടുത്ത ഒരവസ്ഥയായിരുന്നു ഇത്. പാപംചെയ്യുവാന്‍ സാദ്ധ്യതയുള്ള മനുഷ്യസ്വഭാവത്തെ പരിശുദ്ധിയിലേക്ക് അകറ്റിമാറ്റിയ മറിയത്തെ നാം ഇവിടെ കാണുന്നു. മനുഷ്യവംശത്തിന്‍റെ ആദ്യപ്രതീകമായ ഹവ്വാ സാത്താന്‍റെ സ്വരത്തിനെ കാതിലൂടെ സ്വീകരിച്ച് പാപത്തെ പ്രസവിച്ചപ്പോള്‍ പരിശുദ്ധ അമ്മ ദൈവത്തില്‍നിന്നുയര്‍ന്ന മംഗളവാര്‍ത്ത കാതിലൂടെ സ്വീകരിച്ച് പരിശുദ്ധനായ ദൈവപുത്രനു ജന്മംകൊടുക്കുന്നു. ദൈവമാതാവിന്‍റെ ജന്മത്തിരുനാളാഘോഷിക്കുന്ന ഈ എട്ടുനോമ്പില്‍ അമ്മയിലുണ്ടായിരുന്ന കൃപയുടെ അവസ്ഥ നാമും ആഗ്രഹിക്കണം. വിശ്വസ്തതയോടെ അനുസരിക്കുന്നവരെ വിശുദ്ധിയുടെ അനുഗൃഹീതാവസ്ഥയിലേക്കുയര്‍ത്തുമെന്ന് മാതാവിലൂടെ ദൈവം നമ്മെ പഠിപ്പിക്കുന്നു.
"എന്‍റെ കര്‍ത്താവിന്‍റെ അമ്മ" എന്നു മറിയത്തെ വിളിക്കുന്ന എലിസബത്ത് പരിശുദ്ധ അമ്മയുടെ വലിയ വിലയെ തിരിച്ചറിയുന്നു. 2 സാമുവേല്‍ 24/21 ല്‍ ഇതേ അഭിവാദന രീതി നാം കാണുന്നുണ്ട്. എലിസബത്തും മറിയവും അടുത്തനാളുകളില്‍ അമ്മയാകുവാന്‍ പോകുന്നവരാണ്. മറിയത്തിലുള്ള പ്രത്യേക ദൈവസാന്നിധ്യം എലിസബത്ത് തിരിച്ചറിഞ്ഞു. അപരനിലുള്ള ദൈവത്തിന്‍റെ തുടിപ്പു തിരിച്ചറിയുവാന്‍ കഴിയാത്ത ആദ്ധ്യാത്മിക അഭ്യാസങ്ങളൊന്നും ശരിക്കും ആത്മീയതയല്ല. മറ്റുള്ളവരിലെല്ലാം ദൈവത്തിന്‍റെ സജീവസന്നിധ്യമുണ്ടെന്നു തിരിച്ചറിയുകയും എളിമയോടെ അതേറ്റുപറയുകയും ചെയ്യുന്നവരെ എലിസബത്തിനെയെന്നതുപോലെ ദൈവം അനുഗ്രഹിക്കും.
ഉല്‍പത്തി 25-ല്‍ 22-23 വാക്യങ്ങളില്‍ റബേക്കായുടെ ഉദരത്തില്‍ ഇരട്ടശിശുക്കള്‍ തുള്ളിച്ചാടുന്നതായി കാണാം. ഇവിടെ എലിസബത്തിന്‍റെ ഉദരത്തില്‍ സ്നാപകയോഹന്നാന്‍ തുള്ളിച്ചാടുന്നു. ക്രിസ്തുസാന്നിധ്യം തിരിച്ചറിഞ്ഞ സ്നാപകന്‍ ആനന്ദത്താല്‍ കുതിച്ചുചാടി. ദൈവാനുഭവത്തിന്‍റെ തലങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കു ലഭിക്കുന്ന ഒരു ദിവ്യാനുഭൂതി ഇവിടെ നാം കാണുന്നു. നിരാശപ്പെട്ടവരും തളര്‍ന്നവരുമായി നാം ഇരിക്കുമ്പോള്‍ ദൈവാനുഭവത്തിന്‍റെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവത്തെകണ്ടവര്‍ക്കെല്ലാം ഒരു കുതിപ്പും തുള്ളിച്ചാടലും സംഭവിക്കാറുണ്ട്. പന്തക്കുസ്താദിവസം പുതുവീഞ്ഞുകൂടിച്ചവരെപ്പോലെ തുള്ളിച്ചാടിയ ശിഷ്യസമൂഹത്തെ നാം കാണുന്നുണ്ട്. ദൈവാനുഭവം ലഭിച്ചവര്‍ അതേറ്റു പറയുന്ന സാക്ഷികളാവണം. സംസാരം കൊണ്ടും പ്രവൃത്തികൊണ്ടുമെല്ലാം ഇപ്രകാരമുള്ള സാക്ഷികളായി നമുക്കു മാറുവാന്‍ കഴിയും.
കര്‍ത്താവിന്‍റെ വാഗ്ദാനങ്ങള്‍ അനുസരിക്കുന്നവരെയും വിശ്വസിക്കുന്നവരെയും അവിടുന്ന് വെറും കയ്യോടെ വിടുകയില്ല. അത്ഭുതകരമായി ഗര്‍ഭംധരിച്ച മറിയവും എലിസബത്തും ഈ സത്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പഴയനിയമത്തിലും പുതിയനിയമത്തിലുമെല്ലാം അനേകവ്യക്തികള്‍ ദൈവത്തിന്‍റെ വാഗ്ദാനത്തില്‍ കണ്ണടച്ചു വിശ്വസിക്കുന്നതായി കാണാം. അബ്രാഹം മുതല്‍ മറിയംവരെ ഈ നിര നീളുന്നു. ശിഷ്യന്മാരും ആദിമസഭയും സഭയിലെ പില്‍ക്കാല വിശുദ്ധരുമെല്ലാം ഈ ഗണത്തില്‍ പെടുന്നവരാണ്. നമ്മുടെയെല്ലാം ജീവിതത്തില്‍ ദൈവാനുഭവത്തിന്‍റെ നിരവധി അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നു. ദൈവത്തിന്‍റെ മര്‍മ്മരങ്ങള്‍ തിരിച്ചറിയുവാനും ദൈവോന്മുഖരായി ജീവിച്ചുകൊണ്ടു യാത്ര ചെയ്യുവാനും നമുക്കു കഴിയട്ടെ. അപരനിലെ ക്രിസ്തുസാന്നിധ്യം നമ്മെ ആനന്ദിപ്പിക്കുകയും, ആ ആനന്ദം സന്തോഷത്തോടെ വിളിച്ചുപറയുവാനും സാധിക്കട്ടെ. പരിശുദ്ധ അമ്മയെപ്പോലെ ക്രിസ്തുവിനെ വഹിക്കുന്ന സക്രാരികളായി നമുക്കു ജീവിക്കാം.