news-details
കവിത

എഴുത്തോല ശൂന്യം

എന്നെയൊന്നു കോറിയിടാന്‍
അക്ഷരങ്ങളോര്‍മ്മിച്ചെടുത്തു
എഴുത്താണിത്തുമ്പു കലഹിച്ചു
അക്ഷരങ്ങളിടറി, പദങ്ങള്‍ പതറി.
എഴുത്തോലയ്ക്കും എഴുത്താണിക്കുമിടയില്‍
നീറ്റുന്ന നിന്ദനമായ്
തളര്‍ത്തുന്ന പരിഹാസമായ്
മരവിപ്പിക്കുന്ന ഒറ്റപ്പെടുത്തലായ്
നോവിക്കുന്ന ഒഴിവാക്കലായ്
അറപ്പിക്കുന്ന സ്പര്‍ശനമായ്
വേവുന്ന ഓര്‍മ്മകളലോസരമായ്
അക്ഷരക്കൂട്ടില്‍ ഈറന്‍ പടര്‍ന്നു.
സിരകളില്‍ നിറഞ്ഞതൊന്നുമാത്രം
വികാരമില്ലായെന്ന വികാരം മാത്രം.
സ്വരമില്ലാത്തൊരു നെടുനിശ്വാസമായ്
തേങ്ങലുകളുള്ളില്‍ വിങ്ങുമ്പോള്‍
എന്‍റെ ഭാവങ്ങള്‍ക്ക്, മൗനത്തിന്
ഞാനറിയാത്തൊരു ചുവ നല്കാന്‍
ധൃതിപ്പെടുന്നവരുടെ ഗന്ധമടുത്തെത്തുന്നു.
സെല്ലൊരുക്കി താഴുതീര്‍ത്ത്
കാല്‍ത്താളങ്ങളില്‍ കാരിരുമ്പിന്‍റെ
കിലുക്കമേകാന്‍ വെമ്പുന്നവര്‍.
എന്‍ നാവു നനവു തേടുന്നു.
ഒരു മാത്രയെങ്കില്‍ ഒരു മാത്ര
അക്ഷരചെപ്പിലെനിക്കായ്
ഒരു പദം ശബ്ദമെടുക്കുമോ?

You can share this post!

ഊന്നല്‍

റോണി കപ്പൂച്ചിന്‍
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts