ജറമിയാ 17/7-ല്‍ പറയുന്നു: "യഹോവായില്‍ ആശ്രയിക്കുകയും യഹോവ തന്നെ ആശ്രയവുമായ മനുഷ്യന്‍ ഭാഗ്യവാന്‍." ഈ ലോകം ഭാഗ്യമായി കാണുന്നത് വിയര്‍ക്കാതെ കിട്ടുന്ന ലാഭത്തെയാണ്. 10 രൂപ മുടക്കിയിട്ടു 10 ലക്ഷം നേടുന്നവനെ ഭാഗ്യവാനെന്നു ലോകം വിളിക്കുന്നു. എന്നാല്‍ കുരിശിന്‍റെ നിഴലുള്ള ഭാഗ്യത്തെക്കുറിച്ചാണ് ക്രിസ്തു പഠിപ്പിച്ചത്. ദാരിദ്ര്യത്തിന്‍റെ കുരിശുള്ളവര്‍ക്കു ദൈവം ഒരുക്കിയ ഭാഗ്യം, കണ്ണുനീരിന്‍റെ കുരിശുള്ളവര്‍ക്കു ദൈവം ഒരുക്കുന്ന ഭാഗ്യം എന്നിവയെക്കുറിച്ചെല്ലാം സുവിശേഷഭാഗ്യങ്ങളില്‍ നാം വായിക്കുന്നു. കര്‍ത്താവില്‍ പൂര്‍ണ്ണമായി ആശ്രയിക്കുന്നവരെ വിളിക്കുന്ന വാക്ക് ഭാഗ്യവാന്‍ എന്നാണ്. എലിസബത്ത്, മറിയത്തെ വിളിച്ച വാക്ക് 'ഭാഗ്യവതി'യെന്നാണല്ലോ. "കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ച നീ ഭാഗ്യവതി" എന്നു ലൂക്കാ 1/45-ല്‍ നാം ധ്യാനിക്കുന്നു. ഉത്ഥിതനായ യേശു തോമ്മാശ്ലീഹായെ നോക്കി പറഞ്ഞു: "കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍."
ജറമിയാ പ്രവാചകന്‍റെ പുസ്തകം 17-ാമദ്ധ്യായത്തില്‍ ദൈവത്തെ ആശ്രയിക്കുന്നവനെ ഭാഗ്യവാനെന്നും മനുഷ്യനില്‍തന്നെ ആശ്രയിക്കുന്നവനെ ശപിക്കപ്പെട്ടവനുമെന്നാണു വിളിക്കുന്നത്. സങ്കീര്‍ത്തനം 1-ാമദ്ധ്യായത്തില്‍ പറയുന്നത് കര്‍ത്താവിന്‍റെ വചനങ്ങളെ ധ്യാനിക്കുന്നവന്‍ ഭാഗ്യവാനെന്നാണ്. വിശുദ്ധഗ്രന്ഥത്തില്‍ ഭാഗ്യവാനായ മനുഷ്യനെ ആറ്റുതീരത്ത് നട്ടിരിക്കുന്ന വൃക്ഷത്തോടുപമിക്കുന്നു. വരള്‍ച്ചയുള്ളകാലത്തും വാടാതിരിക്കുന്ന പച്ചമരംപോലെയായിരിക്കും ഭാഗ്യവാനായ മനുഷ്യന്‍ (ജറമിയാ 17/8). സഭയില്‍ നട്ടിരിക്കുന്നതും, ദൈവ വിശ്വാസത്തില്‍ വേരൂന്നിയിരിക്കുന്നതും, വിമര്‍ശനങ്ങളില്‍ തളരാതെ, പ്രതികൂലസാഹചര്യങ്ങളില്‍ വാടിപ്പോകാതെ ആത്മീയഫലങ്ങള്‍ ധാരാളമായി പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനെ ഭാഗ്യവാനെന്നു വിളിക്കാം. വിശുദ്ധ മത്തായിയുടെ സുവിശേഷം 5-ാമദ്ധ്യായത്തില്‍ ഭാഗ്യവാന്മാരെക്കുറിച്ചു ദീര്‍ഘമായി പ്രതിപാദിക്കുന്നുണ്ട്. മാനുഷികമായ നേട്ടത്തില്‍ ലൗകിക നേട്ടങ്ങളുള്ളവരെ ഭാഗ്യവാന്മാരെന്നു വിളിക്കും. സാമ്പത്തികമായ ഉയര്‍ന്നനിലയോ, സ്ഥാനമാനങ്ങളോ ജീവിതസൗകര്യങ്ങളോ ഉള്ളവരെ ഭാഗ്യമുള്ളവര്‍ എന്നുവിളിക്കുന്നു. എന്നാല്‍ അവയൊന്നും പ്രധാനമല്ല. സ്നേഹം, സന്തോഷം, കരുണ, സമാധാനം തുടങ്ങിയ ആത്മീയ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരാണ് യഥാര്‍ത്ഥ ഭാഗ്യവാന്മാര്‍.
അതിമനോഹരമായ സംഗീതം വാനമ്പാടി ആലപിക്കുന്നത് ആകാശത്തിന്‍റെ അനന്തതയില്‍ പറക്കുമ്പോഴാണ്. നമുക്കു കാണാന്‍പറ്റാത്ത ഉയരത്തില്‍ പറക്കുമ്പോഴാണ് ഹൃദ്യമായ സംഗീതം വാനമ്പാടിയില്‍ നിന്നുയരുന്നത്. ഉയരത്തിലാകുമ്പോള്‍ ദൈവത്തിലേക്കു അടുത്തു എന്നതു കൊണ്ടായിരിക്കും അതിനിത്ര വലിയ സന്തോഷം അനുഭവപ്പെടുന്നത്. എന്നാല്‍ വാനമ്പാടി താഴേയ്ക്കു വരുമ്പോള്‍ അതിനു സംഗീതമില്ല, സന്തോഷവുമില്ല. ലോകത്തിന്‍റെ ചുഴികളിലകപ്പെടുന്ന മനുഷ്യന്‍ സംഗീതം നഷ്ടപ്പെടുന്ന വാനമ്പാടിയെപ്പോലെയാണ്. ഭാഗ്യവാനായ മനുഷ്യന്‍ ദൈവത്തോടടുക്കുന്ന വാനമ്പാടിയെപ്പോലെ ഹൃദ്യമായ സംഗീതം ഹൃദയത്തില്‍ സൂക്ഷിക്കും. വാക്കിലും പ്രവൃത്തിയിലും ഈ സംഗീതത്തിന്‍റെ സൗന്ദര്യം നിറഞ്ഞു നില്ക്കും. ദൈവത്തോട് അടുത്തു നില്ക്കുന്ന ഈ ഭാഗ്യത്തിലേക്കു നാമും കടന്നുവരണം.
ഫിലിപ്പിയര്‍ 4-ല്‍ പൗലോസ് പറയുന്നു: " ഉള്ള അവസ്ഥയിലും ഒന്നും ഇല്ലാത്ത അവസ്ഥയിലും ഒരേ മനസ്സോടെ ഇരിക്കുവാന്‍ തനിക്കു കഴിയും." ദൈവം നല്കിയിരിക്കുന്ന ദാനങ്ങളെയോര്‍ത്തു ദൈവത്തോടു നന്ദിയുള്ളവരായിരിക്കണം. മറ്റൊരാള്‍ക്കുള്ളത് എനിക്കില്ലല്ലോ എന്നോര്‍ത്തു ഞാന്‍ കരയരുത്. ലഭിച്ചിരിക്കുന്ന അവസ്ഥയില്‍ പൂര്‍ണ്ണതൃപ്തിയോടെ കഴിയുവാന്‍ സാധിക്കുന്നത് ഒരു വലിയ ഭാഗ്യമാണ്.
32-ാം സങ്കീര്‍ത്തനത്തില്‍ പറയുന്നത് ദൈവത്തില്‍നിന്ന് പാപം ക്ഷമിച്ചുകിട്ടിയവന്‍ ഭാഗ്യവാന്‍ എന്നാണ്. കഴിഞ്ഞകാലങ്ങളില്‍ നിരവധിയായ പാപങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിട്ടും കൈവിടാതെ നമ്മെ ദൈവം കാത്തതിനെ ഓര്‍ക്കുമ്പോള്‍ നമ്മളെത്ര ഭാഗ്യവാന്മാരാണെന്നു നാം ചിന്തിക്കണം. ഇന്നത്തെ നമ്മുടെ ജീവിതം തന്നെ ഒരു വലിയ ഭാഗ്യമല്ലേ. നമ്മുടെ ഓരോ പ്രവൃത്തിക്കും തക്കവിധം ദൈവം നമ്മെ ശിക്ഷിച്ചിരുന്നെങ്കില്‍ നാം എത്ര തകര്‍ന്നവരാകുമായിരുന്ന? നമ്മുടെമേല്‍ ദൈവം ചൊരിഞ്ഞ അനന്തമായ കരുണയെ ഓര്‍ത്തു ദൈവത്തിനു നന്ദിപറയാം. ദൈവം നല്‍കിയ വിശ്വാസജീവിതത്തിന്, ഓരോ നിമിഷവും നല്കിക്കൊണ്ടിരിക്കുന്ന ആത്മീയവളര്‍ച്ചയ്ക്ക് നന്ദി പറയാം. ഇന്നലെകളിലെ ദൈവപരിപാലനയെ ഓര്‍ത്തും ഇന്നു നടത്തിക്കൊണ്ടിരിക്കുന്ന വഴികളെയോര്‍ത്തും കൃതജ്ഞതയര്‍പ്പിക്കാം. ഞാനെത്ര ഭാഗ്യവാനെന്നു സ്വയം ഏറ്റുപറഞ്ഞു ദൈവതിരുസന്നിധിയില്‍ സ്തോത്രഗാനം ആലപിക്കാം.