ഫ്രാന്‍സിസ് സമകാലിക മതാന്തരസംവാദത്തിന്‍റെ പ്രഥമവും ഉത്തമവുമായ മാതൃകയായി ഇന്നും നിലകൊള്ളുന്നത് ഡാമിയേറ്റയില്‍ വച്ചുള്ള സുല്‍ത്താനുമായുള്ള സന്ദര്‍ശനംകൊണ്ട് മാത്രമല്ല, Regula Non Bullata എന്ന 1221-ലെ നിയമാവലിയിലെ പതിനാറാം അധ്യായമെന്ന (മിഷനറി അധ്യായം) കൃതിയിലൂടെയുമാണ്. റെഗുല നോണ്‍ ബുള്ളാത്ത എന്ന ഫ്രാന്‍സിസിന്‍റെ ഈ നിയമാവലി ദൈവവചനാധിഷ്ഠിതമായിരുന്നു എന്നുമാത്രമല്ല, ദൈവവചനത്തിന്‍റെ ഉദ്ധരണികള്‍ കൊണ്ട് അതു തീര്‍ത്തും സമ്പ ന്നവുമായിരുന്നു. ത്രിത്വൈക (Holy Trinity) ദൈവത്തിന്‍റെ നാമത്തില്‍ ആരംഭിക്കുന്ന ഈ നിയമാവലിയുടെ ഉദ്ദേശ്യവും ഉള്ളടക്കവും തികച്ചും ലളിതമാണ്. യേശു ക്രിസ്തുവിന്‍റെ സുവിശേഷം ജീവിക്കാന്‍ അനു വദിക്കണമെന്ന് മാത്രമാണ് പാപ്പയോടുള്ള (പോപ്പ് ) അഭ്യര്‍ ത്ഥന. അതിനുള്ള ഫ്രാന്‍സിസ്കന്‍ മാര്‍ഗങ്ങളാണ് നിയമാവലിയുടെ ഉള്ളടക്കം. ഫ്രാന്‍സി സ്കന്‍ നിയമാവലിയുടെ അന്തസ്സത്ത സുവിശേഷാധിഷ്ഠിതമായ ഒരു ജീവിതക്രമമാണ്. ഫ്രാന്‍സിസ്കന്‍ ആധ്യാത്മികതയ്ക്ക് യേശു ക്രിസ്തുവിന്‍റെ സുവിശേഷത്തെ മാംസം ധരിക്കുക എന്നതല്ലാതെ മറ്റൊരു സവിശേഷതയുമില്ല.
ഫ്രാന്‍സിസ് ആദ്യ നിയമാവലി രചിക്കുമ്പോള്‍ തന്‍റെ മുന്നേറ്റം (Movement) കാനോനികമായ (Canon Law) ഒരു സന്യാസ സഭയുടെ (Order) പദവിയിലേക്ക് എത്തിയിരുന്നില്ല. അതുകൊണ്ടാണ് പിന്നീട് (മാറ്റി) രചിക്കപ്പെട്ട 1223-ലെ അംഗീകരിക്കപ്പെട്ട നിയമാവലിയില്‍ (Regula Bullata), ദൈവ വചനത്തിന്‍റെ ഉദ്ധരണികളേക്കാള്‍ കൂടുതലായി കാനോനികമായ (Juridical) ഭാഷയും പ്രയോഗങ്ങളും കടന്നുവരുന്നതും. ഇത് ആദ്യ നിയമാവലിയുടെ 'ആത്മാവിനെ' പൂര്‍ണമായും പ്രകാശിപ്പിച്ചില്ല എന്നു മാത്രമല്ല, ചുരു ക്കത്തില്‍, വചനാധിഷ്ഠിതമായ ഒരു ജീവിതസരണി നൈയാമികതയുടെ വിരസതയിലേക്കു മാറ്റിയെഴുതപ്പെടുകയും ചെയ്തു. ഈ 'മാറ്റം' ഫ്രാന്‍സിസിനെ വേദനിപ്പി ച്ചിരുന്നതായി പല ചരിത്രകാരന്മാരും നിരീക്ഷിക്കുന്നുണ്ട്.
"Propositum Vitae' അഥവാ 'എളിയ ജീവിതക്രമം' (1209 /1210) എന്ന ആദ്യകാല നിയമാവ ലിയുടെയും അന്തസ്സത്ത സുവിശേഷാനുസൃത ജീവിതത്തിനുള്ള അനുവാദം മാത്രമായിരുന്നു. ഫ്രാന്‍സിസും തന്‍റെ ആദ്യകാല സഹോദരന്മാരും കൂടെ ഈ പുതിയ ജീവിതക്രമത്തിനായുള്ള അനുവാദത്തിനായി പാപ്പയെ (Pope) കണ്ട കഥ സുപരിചിതമാണല്ലോ. അന്നും ഫ്രാന്‍സിസിന്‍റെ അപേക്ഷ ഒന്നു മാത്രമായിരുന്നു, സുവിശേഷം അക്ഷരംപ്രതി ജീവിക്കാന്‍ അംഗീകാരം വേണം, പ്രത്യേകിച്ചും തന്‍റെ 'മണവാട്ടിയായ' ദാരിദ്ര്യത്തെ ക്രിസ്തുവിനെ പോലെ പുല്‍കാന്‍. അതെങ്ങനെ പ്രായോഗികമായി സാധ്യമാണെന്ന ഒരു തര്‍ക്കം പേപ്പല്‍ കൂരിയയില്‍ നടന്നു. 'ക്രിസ്തു സുവിശേഷത്തില്‍ സ്ഥാപിച്ച ഈ ജീവിതക്രമത്തെ നിരോധിക്കാന്‍ നമുക്കാവില്ല' എന്നു വാദിച്ചത് ജോണ്‍ കോളോന്ന (John Colonna) എന്ന കര്‍ദിനാള്‍ ആണ്. 'സുവിശേഷാനുസൃത ജീവിതം പ്രായോഗികമല്ല എന്നു വാദിച്ചാല്‍ നാം കര്‍ത്താവിന്‍റെ സുവിശേഷത്തിനെതിരായി പാപം ചെയ്യുന്നു' എന്നും ഈ കര്‍ദ്ദിനാള്‍ വാദിച്ചു എന്നു പറയപ്പെടുന്നു.
ഇതേ സുവിശേഷാനുസൃത ചൈതന്യമാണ് മുസ്ലിംകളുടെ ഇടയിലേക്കും കടന്നുചെല്ലാന്‍ ഫ്രാന്‍സിസിനെ പ്രേരിപ്പിച്ചതും. ഫ്രാന്‍സിസ് എവിടെയും എല്ലായ്പോഴും സുവിശേഷം ജീവിച്ചു. ഈ ഒരു പശ്ചാത്തലത്തില്‍ വേണം നാം 'റെഗുല നോണ്‍ ബുള്ളാത്തയിലെ' പതിനാറാം അധ്യായത്തെ വായിക്കാനും വ്യാഖ്യാനിക്കാനും. ഈ അധ്യായത്തിന്‍റെ ശീര്‍ഷകം തന്നെ "Those who go among the Saracens and other unbelievers' എന്നാണ്. "Saracens' എന്ന വാക്കിന്‍റെ പദോല്‍പ്പത്തിയെക്കുറിച്ചു (etymology) വലിയ നിശ്ചയമില്ല. എന്നാല്‍, ആറാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ തന്നെ ഗ്രീക്ക് എഴുത്തുകാര്‍, നരവംശമോ, ഗോത്രപരമോ (ethnic) ആയ വര്‍ഗ്ഗീകരണത്തില്‍ (classificataion) ഉള്‍പ്പെടുത്തി അറേബ്യന്‍ പെനിന്‍സുലയില്‍ ഉള്ള ക്രിസ്ത്യാനികളെയും ഇതരമതസ്ഥരെയും (Pagans പൊതുവായി വിളിച്ചിരുന്ന ഒരു പേരായിരുന്നു ഇത്. (പ്രാചീന അറബ് വംശജര്‍ എന്ന് ഇതിനു ഭാഷാന്തരം നല്‍കാം.) തുടര്‍ന്നും, യാതൊരു മുന്‍വിധിയും കൂടാതെ തന്നെ, മുസ്ലിംകളായി മാറിയ അറബികളെ saracens എന്നു വിളിച്ചുപോന്നു. പിന്നീടാണ് ഈ വാക്കിന് തികച്ചും ആക്ഷേപകരമായ, ഒരു മതപരമായ വ്യംഗ്യാര്‍ത്ഥം (negative religious connotations) വന്നു ചേര്‍ന്നത്. സമാനമായൊരു ആവിര്‍ഭാവം ഈ വാക്കിന് ലാറ്റിന്‍ (റോമന്‍ അധിനിവേശ പ്രദേശങ്ങള്‍/പിന്നീട് Christendom-ക്രൈസ്തവലോകം) ലോകത്തിലും സംഭവിച്ചു. എട്ടാം നൂറ്റാണ്ടിന്‍റെ അവസാനംവരേയും ഈ വാക്കിന് മതപരമായയാതൊരു (വ്യംഗ്യ) അര്‍ത്ഥങ്ങളും ഇല്ലായിരുന്നു. ഒന്‍പതാം നൂറ്റാണ്ടോടെ ഇറ്റലി സാരസന്‍സിനാല്‍ തുടര്‍ച്ച യായ ആക്രമണം നേരിട്ടതോടു കൂടി, ഈ വാക്കിന് മതപരമായ ഒരു വ്യംഗ്യാര്‍ത്ഥം വന്നു ചേര്‍ന്നു. ക്രിസ്ത്യന്‍ ലോകത്തിനു സംഭവിച്ച ഈ തുടര്‍ ഭീഷണി ഒടുവില്‍ വലിയ ശത്രുതയിലാണ് അവസാനിച്ചത്. അങ്ങനെ "saracens' എന്നത്, ക്രിസ്ത്യാനിക്കെതിരായ ശത്രുവായ - മുസ്ലിമിന്‍റെ - പൊതു സംജ്ഞയെക്കുറിക്കുന്ന സാധാരണ വാക്കായി മാറി. (കളിക്കളങ്ങളില്‍ പോലും ഇത് 'കാര്യമായി' മാറി; 1876 - ല്‍ നോര്‍ത്ത് ലണ്ടനില്‍ സ്ഥാപിതമായ ഒരു പ്രൊഫഷണല്‍ റഗ്ബി ക്ലബ്ബിന്‍റെ പേര് വരെ Saracens F. C. എന്നാണ്. ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ കൊടിയുടെ അടയാളങ്ങളായ ചന്ദ്രക്കലയും നക്ഷത്രവുമാണ് ക്ലബ്ബിന്‍റെയും പതാക. പിന്നീട് ഇവരുടെ 'ശത്രു' ക്ലബ്ബായിരുന്ന Crusaders, ഈ ക്ലബ്ബില്‍ ലയിക്കുകയുണ്ടായി).
ശത്രു എന്ന അര്‍ത്ഥത്തിലോ, ആക്ഷേപകരമായോ അല്ല, മറിച്ചു 'ലഭ്യമായതും' അക്കാലത്തെ സര്‍വസാധാരണവുമായ പ്രയോഗം എന്ന നിലയ്ക്കാണ് ഫ്രാന്‍സിസ് ഈ വാക്കിനെ ഉപയോഗിക്കുന്നത്. കൂടാതെ, ഫ്രാന്‍സിസും സഹോദരന്മാരും പോയതും സാരസന്മാരുള്ള മദ്ധ്യ പൂര്‍വേഷ്യയിലേക്കായിരുന്നല്ലോ. വളരെ അടുത്തകാലം വരെ 'ഇസ്ലാം' എന്നതിനേക്കാള്‍ 'മുഹമ്മദീയ മതം' എന്നായിരുന്നു ലാറ്റിന്‍ ലോകത്തില്‍ ഇസ്ലാമിനെ വിളിച്ചിരുന്നത്. ഇസ്ലാമിന്‍റെ ആവിര്‍ഭാവ കാലഘട്ടത്തില്‍ ഇതിനെ ഒരു പുതിയ മതം എന്നതിനേക്കാള്‍, ഒരു ക്രൈസ്തവ പാഷണ്ഡതയായാണ് (Heresy) ചില ക്രൈസ്തവ ദൈവശാസ്ത്ര ജ്ഞന്മാര്‍(theologians) വീക്ഷിച്ചിരുന്നത്. പൂര്‍വ ഇന്ത്യയിലെ സ്ഥിതിയും മെച്ചമായിരുന്നില്ല. അറിവില്ലായ്മയില്‍ നിന്നും അബദ്ധധാരണകളില്‍ നിന്നും ഉരുത്തിരിഞ്ഞ ചില തെറ്റിദ്ധാരണകള്‍ സംസ്കൃതലോകവും വച്ച് പുലര്‍ത്തിയിരുന്നു. പതി നാറാം നൂറ്റാണ്ടിലെ ഒരു സംസ്കൃത പാഠം, Shramanas എന്നും Turushkas (മുസ്ലിംകളെ വിളി ച്ചിരുന്നത്) എന്നും തരം തിരിച്ചു ഒരു ഏകീകൃത നാസ്തിക (nastika) സമാനവര്‍ഗ്ഗത്തില്‍പ്പെടുത്തി, മ്ലേച്ഛ (mleccha) എന്ന് ഇവരെ മുദ്രകുത്തുന്നുണ്ട്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനോടു കൂടി (Second Vatican Council) സഭ 'നവീനമായി' ലോകത്തെയും ഇതര മതങ്ങളെയും നോക്കിക്കാണുന്നതെങ്ങനെയെന്നു നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടതാണ്. അതിനോട് കൂടെ ചേര്‍ത്ത് വായിക്കേണ്ടതാണ്, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം ഇതര മതങ്ങളോടുള്ള ബന്ധത്തിനും സംവാദത്തിനും വേണ്ടി ഒരു സെക്രട്ടേറിയറ്റ് തന്നെ കത്തോലിക്കാ സഭയില്‍ സ്ഥാപിതമായി എന്നുള്ളത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു നെടുനായകത്വം വഹിച്ച വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയാണ് 1964 മെയ് 19 നു "Secretariat for Non-Christians' സ്ഥാപിച്ചത്. പിന്നീട് ഈ നൂറ്റാണ്ടിന്‍റെ ധാര്‍മിക സ്വരമായിരുന്ന, എല്ലാ മനുഷ്യരിലും മതങ്ങളിലും ക്രിസ്തുചൈതന്യം ദര്‍ശിച്ച ദാര്‍ശ നികനും വിശുദ്ധനുമായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് 1988 ജൂണ്‍ 28 നു റോമന്‍ കൂരിയയുടെ കീഴിലുള്ള ഒരു Dicastery ആയി ഇതിനെ പുനര്‍ നിര്‍ണയിക്കുകയും, Pontifical Council for Interreligious Dialogue' (PCID) എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തത്. തുടര്‍ച്ചയായുള്ള സംവാദങ്ങളും ഊഷ്മളമായ ബന്ധങ്ങളും എല്ലാ മതങ്ങളുമായും ഈ കൗണ്‍സില്‍ നടത്തി വരുന്നു. എല്ലാ മതങ്ങളുടെയും വിശേഷ-വിശുദ്ധ ദിനങ്ങളില്‍ ആശംസ അറിയിക്കുന്നതും ഇതിന്‍റെ ഒരു പതിവാണ്.