news-details
മറ്റുലേഖനങ്ങൾ

ശാരീരികാരോഗ്യം മാനസികാരോഗ്യത്തിന്

വിഷാദരോഗ(depression)-ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)-ത്തിനും മരുന്നില്ലാ ചികിത്സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് രൂപപ്പെടുത്തിയ പതിനാലുദിവസം നീണ്ടുനില്‍ക്കുന്ന മനോനിലചിത്രണം(Mood Mapping) ഏഴാം ദിവസത്തിലേയ്ക്ക് കടക്കുന്നു. ശാരീരികാരോഗ്യം മാനസികാരോഗ്യത്തിന് എത്രമാത്രം അവശ്യം ആവശ്യമാണെന്ന് പരിശോധിച്ചശേഷം മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിന് ശാരീരികാരോഗ്യം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ആരായുന്നു ഈ അധ്യായത്തില്‍.

ടോം മാത്യു


"ജീവിതത്തിലെ മികവില്‍ മികച്ച സമയം ഇപ്പോഴാണെന്ന അനുഭവം നിങ്ങള്‍ക്കു പകര്‍ന്നു തരുന്ന കാര്യമെന്തോ അതാണ് ആരോഗ്യം."

ഫ്രാങ്ക്ളിന്‍ ആഡംസ്

ഏതു കാലത്തും നിങ്ങളുടെ മനോനിലയുടെ താക്കോല്‍ നിങ്ങളുടെ ആരോഗ്യം തന്നെയാണ്. നല്ല ആരോഗ്യം നല്കുന്ന ഏറ്റവും നല്ല കാര്യം നല്ല മനോനില(Mood തന്നെ. നല്ല ആരോഗ്യം നല്ല പ്രതിരോധശേഷി തരുന്നു. ജീവിതത്തില്‍ എന്ത് സംഭവിച്ചാലും ചങ്കൂറ്റത്തോടെ നേരിടാനും തിരിച്ചുവരാനും അതു നിങ്ങള്‍ക്കു കരുത്തു നല്കുന്നു.

ആരോഗ്യവും ഊര്‍ജ്ജസ്വലതയും ആവശ്യത്തിലേറെയുള്ളപ്പോള്‍ നാം അതിന്‍റെ വില അറിയുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രായമായ മാതാപിതാക്കള്‍ക്കൊപ്പം ഒരു മ്യൂസിയത്തില്‍ ചുറ്റിക്കറങ്ങവേ, "ഒന്നുകില്‍ സ്ഥലങ്ങള്‍ കാണാന്‍ നമുക്കു സമയമുണ്ടാകും, അല്ലെങ്കില്‍ പണമുണ്ടാകും. രണ്ടും കൂടി പക്ഷേ ഒരുമിച്ച് ഉണ്ടാകുകയില്ല" എന്നു ഞാന്‍ അല്പം ഉറക്കെ ആത്മഗതം ചെയ്തു. അതുകേട്ട അടുത്തുണ്ടായിരുന്ന, ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച വൃദ്ധദമ്പതികള്‍, "ആഗ്രഹിക്കുന്നിടത്ത് പോകാന്‍ നിങ്ങള്‍ക്കു പണവും സാഹചര്യവും ഒത്തുവരുമ്പോള്‍ അതിന് നിങ്ങള്‍ക്ക് ആരോഗ്യവും ശേഷിയും ഉണ്ടാവില്ല" എന്ന് കൂട്ടിച്ചേര്‍ത്തു. മുപ്പതുകളിലായിരുന്ന എനിക്ക് എന്താണ് അവര്‍ അതുകൊണ്ട് ഉദ്ദേശിച്ചതെന്ന് അന്നു മനസ്സിലായില്ല. എന്നാല്‍ ഇന്ന് അവരുടെ പ്രായത്തോട് അടുത്തുകൊണ്ടിരിക്കെ എനിക്കതിപ്പോള്‍ നന്നായി മനസ്സിലാകുന്നു. ഇപ്പോള്‍ പണവും സമയവും ഉണ്ടായിട്ടും എനിക്ക് ആഗ്രഹിക്കുന്ന പലതും ക്ഷീണം  മൂലം ചെയ്യാന്‍ കഴിയുന്നില്ല. കര്‍മ്മശേഷി, ഊര്‍ജ്ജസ്വലത അതാണ് ജീവിതത്തിലെ എല്ലാം എന്ന് ഇപ്പോള്‍ അടിവരയിട്ടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഇതിന് മനോനില (Mood) യുമായി എന്താണ് ബന്ധം? മനസ്സ് തളര്‍ന്നിരിക്കുമ്പോള്‍, തകര്‍ന്നിരിക്കുമ്പോള്‍, നിരാശാഭരിതരായിരിക്കുമ്പോള്‍ ജീവിതത്തെ അതിന്‍റെ തികവില്‍ നാം അറിയുന്നില്ല. ഊര്‍ജ്ജസ്വലതയാണ് ശരിക്കുപറഞ്ഞാല്‍ ജീവിതം. സമൃദ്ധമായി ജീവിക്കാന്‍ ഏറ്റവും ആവശ്യവും ആ ഊര്‍ജ്ജസ്വലത തന്നെ. ശരീരത്തിന് ആവശ്യമായ  ഇന്ധനം നാം നല്‍കാത്തതാണ് മിക്കപ്പോഴും നമുക്ക് ആവശ്യമായ ഊര്‍ജ്ജം ലഭ്യമാകാത്തതിനു കാരണം. ശരീരം അര്‍ഹിക്കുന്ന ആദരവ് നാം അതിന് നല്കുന്നില്ല. മോശം ആരോഗ്യം ക്ഷീണത്തിന്, ഊര്‍ജ്ജസ്വലതയുടെ അഭാവത്തിനു കാരണമാകുന്നു. അതു മനോനിലയെ തളര്‍ത്തുന്നു. അതേസയമം തളര്‍ന്ന മനസ്സ് ശരീരത്തെയും തളര്‍ത്തുന്നു. അപ്പോ, അതൊരു ഇരുതലവാളാണ്.

എന്നിരുന്നാലും ഇതിനൊക്കെ പ്രതിവിധി തീര്‍ച്ചയായും ഉണ്ട്. മാനസികാരോഗ്യം ശാരീരികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശാരീരികാരോഗ്യം മെച്ചപ്പെടുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലത കൈവരിക്കുന്നു. നിങ്ങള്‍ക്കു കര്‍മ്മശേഷി കൈവരുന്നു. നിങ്ങള്‍ ഉത്തേജിതനാകുന്നു. നിങ്ങളുടെ ജീവിതം സമ്പന്നമാകുന്നു. അതിനൊക്കെയൊപ്പം നിങ്ങളുടെ വൈകാരികജീവിതം മെച്ചപ്പെടുന്നു.  അതിനര്‍ത്ഥം നിങ്ങളുടെ മനോനിലയും മെച്ചപ്പെടുന്നു എന്നുതന്നെ.

നമ്മില്‍ പലരും പലപ്പോഴും ആരോഗ്യപരമായി മോശം അവസ്ഥയിലാണ്. ക്ഷീണിതരാണ്. നാം പക്ഷേ ആ അവസ്ഥയുമായി പൊരുത്തപ്പെട്ടിരിക്കുന്നു എന്നതാണ് പ്രശ്നം. അത് നമ്മുടെ പതിവായിരിക്കുന്നു. നാം ക്ഷീണിതരാണ്. നമുക്ക് ഉറക്കമില്ല. അസുഖങ്ങള്‍ ഉണ്ട്. അതു നമ്മെ താഴേക്കു താഴേക്കു വലിച്ചുകൊണ്ടുപോകുന്നു. നല്ല ആരോഗ്യം എന്നത് അസുഖമില്ലാത്ത അവസ്ഥ മാത്രമല്ല. ജീവിതത്തോടുള്ള ആഭിമുഖ്യമാണത്. തകര്‍ച്ചകളില്‍ നിന്നുള്ള തിരിച്ചുവരവാണത്. കര്‍മ്മനിരതരായി ഊര്‍ജ്ജസ്വലരായി വെല്ലുവിളികളെ നേരിടലാണത്. കാരണം അതിനുള്ള ശേഷി, കരുത്ത് നമുക്കുണ്ട് എന്നതുതന്നെ.

ആരോഗ്യമുള്ള മനുഷ്യര്‍ തിളങ്ങും. സായംകാലത്തെ ശുദ്ധവായുവില്‍ കളിക്കുന്ന റോസാപ്പൂ കവിളുകളുള്ള കുട്ടികളെപ്പോലെ. ആരോഗ്യമില്ലാത്ത മനുഷ്യര്‍ അങ്ങനെതന്നെ കാണപ്പെടും.  സദാ തളര്‍ന്നവരായി. അവരുടെ കവിളുകള്‍ കരുവാളിച്ചിരിക്കും.   അവരുടെ ചുവടുകള്‍ ഇടറിയിരിക്കും. ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ പോലും അവര്‍ ഏറെ സമയം എടുക്കും. അതവര്‍ക്ക് സദാ വിഷാദഭാവം സമ്മാനിക്കും.

മോശം ശാരീരികാരോഗ്യം മോശം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. തിരിച്ചും. സംശയം വേണ്ട. ഉദാഹരണത്തിനു പുകവലി കഴിഞ്ഞാല്‍ ഹൃദ്രോഗത്തിന് പ്രധാന കാരണമാകുന്നത് വിഷാദമത്രേ. പേശീസംബന്ധവും തലച്ചോര്‍ സംബന്ധവുമായ അസുഖങ്ങള്‍ ഒഴികെ മനുഷ്യര്‍ക്ക് ജോലി ചെയ്യാന്‍ തടസ്സമാകുന്നത് മാനസികാരോഗ്യപ്രശ്നങ്ങളാണെന്നറിയുക. വിഷാദവും ഉത്കണ്ഠയുമായി ബന്ധപ്പെട്ടതാണ് മിക്ക അസുഖങ്ങളും എന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. നിരാശ രോഗങ്ങളെ മൂര്‍ച്ഛിപ്പിക്കുകയും ചെയ്യുന്നു. അതേസമയം അസുഖങ്ങള്‍ പ്രസാദാത്മകതയ്ക്ക് വിഘാതമാകുകയും ചെയ്യുന്നു.

(തുടരും) 

You can share this post!

പരീക്ഷണം

ഫാ. വര്‍ഗീസ് സാമുവല്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts