'ആരും ശ്രദ്ധിക്കാത്തവരെ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുമ്പോള്‍ അവരുടെ മുഖം നമുക്ക് മറക്കാന്‍ പറ്റുമോ?'
ഈ അടുത്ത കാലത്ത് ഇറങ്ങിയ 'ഹെലന്‍' എന്ന മലയാള സിനിമയിലെ ക്ളൈമാക്സ് ഡയലോഗ് ആയിരുന്നു ഇത്. പേരറിയാത്ത സെക്യൂരിറ്റി ചേട്ടന്‍റെ വാക്കുകള്‍ ആണിത്. ഒത്തിരി ചിന്തക്കു ഇത് വക നല്‍കുന്നുണ്ട്. നമ്മുടെ സമൂഹത്തില്‍ ഇതുപോലെ നമ്മള്‍ സാധാരണ ശ്രദ്ധിക്കാന്‍ ഇടയില്ലാത്ത പേര് പോലും അറിയാത്ത എത്രയോ ജീവിതങ്ങള്‍ ഉണ്ടല്ലേ.
നമ്മുടെ ജീവിതം ഗ്രാമങ്ങളില്‍ നിന്നു നഗരത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ നമുക്കു നഷ്ടമാകുന്ന ചില യാഥാര്‍ഥ്യങ്ങള്‍ ആണിത്. നാട്ടില്‍ പാല് കൊണ്ടുവരുന്ന, ശാന്തമ്മ ചേച്ചിയെയും, പത്രക്കാരന്‍ ജോസഫ്ചേട്ടനെയും മീന്‍കാരി ലീലാമ്മച്ചിയെയും സ്കൂളിലെ സെക്യൂരിറ്റി ജോസഫ് ചേട്ടനെയും പ്യൂണ്‍ കുട്ടപ്പന്‍ ചേട്ടനെയും പച്ചക്കറി വില്‍ക്കുന്ന ശരവണനെയും എല്ലാം നമുക്കു പരിചയമായിരുന്നു.
ഇന്ന് അവര്‍ നമ്മളില്‍ പലര്‍ക്കും പാല്‍ക്കാരനും മീന്‍കാരിയും സെക്യൂരിറ്റിയും പ്യൂണും ഒക്കെയായി മാറിയിട്ടുണ്ട്. അവരുടെ കുറ്റങ്ങള്‍ പറയാനും അവരെ വഴക്കു പറയാനുമല്ലാതെ, അവരെ നോക്കി ഒന്നു ചിരിക്കാനോ അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ പറഞ്ഞു ഒന്ന് അഭിനന്ദിക്കാനോ നമ്മള്‍ മുതിരാറില്ല. ഉണ്ടോ?
അവരും പേരുള്ള, വ്യക്തിത്വം ഉള്ള മനുഷ്യര്‍ തന്നെ അല്ലേ? നമ്മുടെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നവരെ മാത്രം ശ്രദ്ധിക്കാനും ബഹുമാനിക്കാനും മാത്രമേ നമ്മള്‍ താല്‍പ്പര്യം കാണിക്കുന്നുള്ളൂ. നമ്മളെക്കാള്‍ താഴെ എന്നു നമ്മള്‍ ചിന്തിക്കുന്നവരെ ഒന്നു ബഹുമാനിക്കാനും പരിഗണിക്കാനും എന്തിനു അവരുടെ മുഖത്തു നോക്കി ഒന്നു ചിരിക്കാനും കൂടെ നമ്മള്‍ മറന്നു പോകുന്നുണ്ട്. ഈ ഭൂമിയില്‍ ആരാണ് വലുത് ആരാണ് ചെറുത് എന്നു നിശ്ചയിക്കുന്നത് ജനിച്ച ജാതിയോ, മതമോ, ജോലിയോ, നിറമോ ഒന്നുമല്ല. മറിച്ചു അത് ഹൃദയത്തിന്‍റെ വലുപ്പമാണ്. നമ്മുടെ ഹൃദയം നിറഞ്ഞ കര്‍മ്മമാണ്.
ഇന്നത്തെ കാലത്തെ തലമുറ പഠിക്കേണ്ടതും ഇത് തന്നെയാണ്.
'ഇന്നത്തെ കാലത്ത് നിലത്തു നോക്കി നടക്കാന്‍ അല്ല; മുഖത്തുനോക്കി നടക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്'.
വീഴാതെ നടക്കാന്‍ അല്ല വീണാല്‍ താങ്ങാനായി ഓടിവരുന്ന മുഖങ്ങളെ നോക്കി ഒന്നു പുഞ്ചിരിക്കാ നാണ്. പണ്ട് കേട്ടിട്ടുള്ള നുറുങ്ങുകഥയുണ്ട്.
വേടന്‍റെ കെണിയില്‍ പെട്ട എലി വലിയവായില്‍ നിലവിളിക്കുകയാണ്. അത് കണ്ട് മനസ്സലിവ് തോന്നി ഒരു സിംഹം അതിനെ രക്ഷിച്ചു. നന്ദിയോടെ എലി പറഞ്ഞു. 'ഈ ഉപകാരം ഞാന്‍ മറക്കില്ല. ആവശ്യ നേരത്ത് ഞാനും സഹായിക്കും.'
തന്നെ ഒരു എലി സഹായിക്കുകയോ സിംഹം അതിനെ പുച്ഛിച്ചു തള്ളി.
നാളുകള്‍ കടന്നുപോയി. ഇത്തവണ വേടന്‍റെ കെണിയില്‍ സിംഹം പെട്ടു.
ഇത് കണ്ടു എലി, വല കടിച്ചു മുറിച്ചു സിംഹത്തെ രക്ഷിച്ചു.
ആരാണ് നമുക്കു അവശ്യഘട്ടങ്ങളില്‍ ഉപകരിക്കുന്നതെന്നു അറിയില്ല. അതുകൊണ്ട് നമുക്കും സ്നേഹം നിറഞ്ഞ ഹൃദയത്തോടെ, ആരും ശ്രദ്ധിക്കാത്തവരുടെ മുഖത്തു നോക്കി ചിരിക്കാം. ഉറപ്പാണ് അവര്‍ നമ്മുടെ ചിരിക്കുന്ന മുഖം മറക്കില്ല ഒരിക്കലും.