ഞാനാണ് വിശുദ്ധന്‍, ഞാനാണ് ഒരു
മനുഷ്യനായിരുന്നവന്‍, മറ്റു മനുഷ്യരുടെയിടയില്‍ ഏറ്റവും ചെറിയവന്‍;
എന്നെ കിരീടമണിയിക്കുന്ന കുറച്ചു വാക്കുകളെ എനിക്കുള്ളു
അമ്പരപ്പോടെ അവ എന്നില്‍ നിന്നും ഒഴുകുന്നു.
ഞാനാണ് അവനില്‍ തന്നെ ശാശ്വതമായി അഭാവമായവന്‍
അവന്‍റെ വഴിയില്‍ അവനോടൊപ്പം നടക്കുന്നവന്‍.
ഒരുനാള്‍ എന്‍റെ ആത്മാവ് എന്നെ വിട്ടു പോയി, നാളെ
ഒരു പുരാതന പട്ടണത്തില്‍ ഞാന്‍ എഴുന്നേല്‍ക്കും.
ഞാന്‍ നിങ്ങളോട് പറയുന്നു, നാടോടിയായ വന്നിരിക്കുന്നവന്‍ ഞാനാണ്
ഒരു എളിയ മാതൃകയുടെ ചിത്രം നിങ്ങള്‍ക്ക് നല്‍കാനായി.
ഇതിനായി ഒരു പഴയ ഞായറാഴ്ച ഞാന്‍ എന്നെ ഉപേക്ഷിച്ചു
ആഞ്ചലൂസ് മണികളുടെ സുവിശേഷ പറക്കലിനെ പിന്തുടര്‍ന്ന്.
എന്നിട്ട് ഞാന്‍, ആത്മാക്കളുടെ വലയത്തിലെത്തി, അവര്‍
ചെറിയ കുന്നുകളുടെ ഒരു സര്‍ക്കസ് വളയത്തിലേക്ക് കുതിച്ചു;
എന്നെ നോക്കി പുഞ്ചിരിക്കുന്ന ഭാരം വഹിക്കുന്ന കഴുതകളുടെ ചുവട്ടില്‍
പുല്ലുകള്‍ നിശബ്ദ സങ്കീര്‍ത്തനങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു
എന്‍റെ മേലങ്കിയെക്കുറിച്ചോ കൈകളെക്കുറിച്ചോ ഞാന്‍ ഇനി ലജ്ജിക്കുന്നില്ല
എന്‍റെ സഹോദന്മാരെ, ഇവ എനിക്കും നിങ്ങള്‍ക്കും അവകാശപ്പെട്ടതാണ്;
ഞാന്‍ എന്നെത്തന്നെ ഭൂമിയില്‍ നിന്നും അഴിച്ചു മാറ്റുന്ന ആ ദിവസം
എന്‍റെ സുതാര്യമായ ശരീരത്തിലൂടെ ഓളങ്ങള്‍ കടന്നുപോകും.
എനിക്കു ചുറ്റും പായ്മരങ്ങളുടെ ഒരു നഗരം കിടക്കുന്നു
അതിന്‍റെ കൊത്തളങ്ങള്‍ നിറയെ അതിരുകളില്ലാത്ത കടലുകളുടെ ജലം;
ഇതാ, ആരംഭിക്കുന്നതിനെ ഞാന്‍ വീണ്ടെടുത്തു
അവസാനിക്കുന്ന വാക്കിനെയും, അപ്പുറമുള്ളേ ദേശത്തെയും.
എനിക്ക് മെഴുക്കിന്‍റെ ഒരു മുഖമേയുള്ളു, ഞാനൊരു അനാഥനുമാണ്
എന്നിട്ടും ഞാന്‍ എവിടെപ്പോയാലും മാലാഖമാര്‍ വരുന്നു
മനുഷ്യ പിതാവിന്‍റെ ഹൃദയത്തേക്കാള്‍ മൃദുല ഹൃദയമുള്ള
വിചിത്രനായ ആ പിതാവിന്‍റെ പാത എനിക്ക് കാണിച്ചു തരാന്‍.
എന്നെ അന്വഷിക്കുക, ഞാന്‍ വരുന്നത് സമാധാനത്തിന്‍റെ രാജ്യത്തില്‍ നിന്നാണ്,
കല്ലുകളില്‍ പോലും തുളച്ചുകയറുന്ന ആ സമാധാനത്തിന്‍റെ.
നിലത്ത് കത്തിയമരുന്ന മനുഷ്യ അസ്ഥികളുടെ
ശമിക്കാത്ത ചിതാഭസ്മത്തോട് എനിക്ക് സഹതാപമുണ്ട്.
ഒരു മനുഷ്യനായിരിക്കുന്നതിന്‍റെയും മരിച്ചവരുടെ ഇടയില്‍ലേക്ക് പോകുന്നതിന്‍റെയും
ഭീകരതയെ ഇല്ലാതാക്കാന്‍ കഴിയുന്നവനാണ് ഞാന്‍,
കാരണം, സംസാരിക്കുന്ന മരിച്ചവരുടെ ശബ്ദമായ ഭൂമിയുടെ
അത്ഭുതകരമായ ചാരമല്ലേ എന്‍റെ ശരീരം?