news-details
ധ്യാനം

ശിശുക്കളെപ്പോലെയാകുവിന്‍

ശിശുക്കളെപ്പോലെയാകുന്നവര്‍ക്കേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയൂവെന്ന് യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ശിശുസഹജമായ ഹൃദയം സൂക്ഷിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗപ്രാപ്തി എളുപ്പമായിരിക്കും. ശിശുക്കളെ സസൂക്ഷ്മം വീക്ഷിക്കുമ്പോള്‍ ചില പ്രത്യേകതകള്‍ നാം കണ്ടെത്തും. ശിശുസഹജമായ ആ പ്രത്യേകതകള്‍ സൂക്ഷിക്കുന്നവര്‍ക്ക് ദൈവരാജ്യം അകലെയല്ല. ശിശുക്കളെ കരങ്ങളിലെടുത്ത് ആശീര്‍വ്വദിച്ചവന്‍ ഇപ്രകാരമുള്ള ആഹ്വാനം നല്‍കുന്നത് നാം ശ്രദ്ധയോടെ സ്വീകരിക്കണം. ശിശുക്കളുടെ പ്രത്യേകതകളെ ഒന്നു ശ്രദ്ധിക്കാം.

നിഷ്കളങ്കതയാണ് ഒന്നാമത്തെ പ്രത്യേകത. ഒളിക്കുവാനും മറയ്ക്കുവാനും മറ്റ് ഒന്നുമില്ല. ശരീരമാണെങ്കിലും മനസ്സാണെങ്കിലും തുറന്നിരിക്കും. ശിശുസഹജമായ നിഷ്കളങ്കതയുടെ പ്രതീകമാണ് നഗ്നത. ഉല്‍പത്തി 2/25ല്‍ പറയുന്നു: "പുരുഷനും സ്ത്രീയും നഗ്നരായിരുന്നു. അവര്‍ക്കു ലജ്ജ തോന്നിയില്ല. ഒളിക്കാനില്ലാത്ത അവസ്ഥയാണ് നഗ്നത. പ്രായമാകുമ്പോള്‍ ഉള്ളില്‍ ഉയര്‍ന്നുവരുന്ന കാപട്യങ്ങളില്ല. കണക്കുകൂട്ടിയുള്ള സംസാരമില്ല. മലിനമായ ചിന്തകളില്ല. ആ നിഷ്കളങ്കത കുഞ്ഞുങ്ങളുടെ കണ്ണുകളില്‍ കാണാം. കാപട്യമില്ലാത്ത ജീവിതം നയിക്കുന്നവര്‍ക്കേ കര്‍ത്താവിലെത്താന്‍ കഴിയൂ. ഉള്ളില്‍ കത്തിയും പുറത്തു പത്തിയും കാണിക്കുന്നവര്‍ ദൈവരാജ്യത്തില്‍നിന്ന് അകലെയാണ്.

ചെറുതും വലുതുമായ ഏതു കാര്യം കേട്ടാലും ശിശുക്കള്‍ക്ക് എല്ലാം ഒന്നുപോലെയാണ്. ഓണം ബംബര്‍ അടിച്ചെന്നറിഞ്ഞാലും ക്യാന്‍സര്‍ ആണെന്നു പറഞ്ഞാലും ഒരേ ഭാവത്തില്‍ കേട്ടുകൊണ്ടിരിക്കും. നമ്മള്‍ വലുതെന്നു കാണുന്ന പലതിനെയും ശിശുക്കള്‍ നിസ്സാരമായി കാണും. കറങ്ങുന്ന കസേരകള്‍ അധികാരത്തിന്‍റെ പ്രതീകമായി നമ്മള്‍ കാണുമ്പോള്‍ കുഞ്ഞുങ്ങള്‍ അതിന് ബാര്‍ബര്‍ ഷോപ്പിലെ കസേരയുടെ വിലയേ നല്കൂ. വലിയവര്‍ നല്‍കുന്ന വലിപ്പത്തിനൊന്നും കുഞ്ഞുങ്ങള്‍ കാതുകൊടുക്കാറില്ല. ജയ് വിളികളും കൊലവിളികളുമെല്ലാം ഒരേ ഭാവത്തോടെ കാണുന്ന മനസ്സ് നമുക്കു വേണം. ആവശ്യമില്ലാത്ത അസ്വസ്ഥതകളും പിരിമുറുക്കങ്ങളും നമ്മെ വേട്ടയാടുന്നതിന്‍റെ കാരണം അനാവശ്യമായി നാം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ആഗ്രഹങ്ങളാണ്. ഹൃദയനൈര്‍മ്മല്യത്തോടെ ജീവിച്ച് അഹബോധത്തെ നിഗ്രഹിച്ചു മുന്നേറുമ്പോള്‍ നമ്മളും ശിശുക്കളെപ്പോലെ ആയിത്തീരും.

അത്ഭുതം നിറഞ്ഞ ഒരു കണ്ണും കാഴ്ചപ്പാടും ശിശുക്കളുടെ പ്രത്യേകതയാണ്. ആനയെ കണ്ടാലും പശുവിനെ കണ്ടാലും പുച്ചയെയും പട്ടിയെയും കണ്ടാലും അത്ഭുതത്തോടെ കുഞ്ഞുങ്ങള്‍ നോക്കും. അത്ഭുതത്തോടും ആദരവോടും കൂടി പ്രപഞ്ചത്തെ നോക്കി കാണണം. പ്രപഞ്ചം ദൈവത്തിന്‍റെ അത്ഭുതമാണ്. ഒന്നിനെയും നിസ്സാരമായി തള്ളിക്കളയരുത്. ആകാശത്തിലെ പറവയും വയലിലെ പൂക്കളുമെല്ലാം നമ്മെ വിസ്മയിപ്പിക്കണം. എല്ലാറ്റിലും ദൈവത്തിന്‍റെ കൈയൊപ്പു കാണണം. പ്രപഞ്ചം ദൈവത്തിന്‍റെ വെളിപാടു പുസ്തകമായി വായിക്കണം. നിസ്സാരമെന്നു നാം വിധിക്കുന്നതൊന്നും നിസ്സാരമായവയല്ല. ദൈവത്തിന്‍റെ പദ്ധതിയില്‍ വിലപ്പെട്ടവയാണ്. ഓരോ ജീവജാലത്തെയും അത്ഭുതത്തോടെ കാണുക. ഓരോ മനുഷ്യരെയും ആദരവോടെ സ്വീകരിക്കുക.

ശിശുക്കളുടെ മറ്റൊരു പ്രത്യേകത പരിപൂര്‍ണ്ണമായ വിശ്വാസമാണ്. അമ്മ എന്തു പറഞ്ഞാലും കുഞ്ഞുങ്ങള്‍  വിശ്വസിക്കും. ആകാശത്തിലേക്കു വിരല്‍ ചൂണ്ടി 'കപ്പല്‍' എന്നു അമ്മ പറഞ്ഞാല്‍ കുഞ്ഞ് അതു വിശ്വസിച്ചു മുകളിലേക്കു നോക്കും. അമ്മയിലുള്ള കുഞ്ഞിന്‍റെ വിശ്വാസംപോലെ നാം ദൈവത്തില്‍ വിശ്വസിക്കണം. ഭൂതകാലത്തെക്കുറിച്ചു നൊമ്പരമില്ല. ഭാവിയെക്കുറിച്ച് ആകുലതകളില്ല. വര്‍ത്തമാനകാലത്തില്‍ സ്വസ്ഥമായി ജീവിക്കുവാന്‍ കഴിയുക. ഇതാണ് പരിപൂര്‍ണ ദൈവാശ്രയമുള്ളവരുടെ പ്രത്യേകത. ഞാന്‍ ചലിക്കുന്നതും ചരിക്കുന്നതും ദൈവത്തിന്‍റെ കരങ്ങളിലാണ്. ഈ ഉറപ്പ് ശിശുക്കള്‍ക്കുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയും കൊച്ചു ത്രേസ്യായുമെല്ലാം ഇപ്രകാരം ജീവിച്ചവരാണ്.

ആരോടും അധികസമയം പിണങ്ങിയിരിക്കാന്‍ കുഞ്ഞുങ്ങള്‍ക്കാവില്ല. വഴക്കടിച്ചാലും ഏതാനും സമയം കഴിയുമ്പോള്‍ എല്ലാം മറക്കും. "സൂര്യന്‍ അസ്തമിക്കുന്നതിനുമുമ്പ് കോപം അസ്തമിക്കണം" എന്ന് പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. വാശിയോ വൈരാഗ്യമോ കുഞ്ഞുങ്ങള്‍ക്കില്ല. നിസ്സാരപ്പെട്ട കാര്യത്തില്‍ മരണംവരെ പിണങ്ങിയിരിക്കുന്നവരില്ലേ? അയവും വിട്ടുവീഴ്ചയുമില്ലാതെ  ക്രൂരതയോടെ പെരുമാറുന്നവരില്ലേ? അവരെയൊക്കെ ലജ്ജിപ്പിച്ചുകൊണ്ട് ശിശുക്കള്‍ നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. ആരോടും പിണക്കം വച്ചുകൊണ്ട് ഒരു രാത്രിപോലും ഉറങ്ങരുതെന്ന് തിരുവചനം പഠിപ്പിക്കുന്നു.

അമ്മയോട് എന്തു ചോദിച്ചാലും അതു ലഭിക്കുമെന്ന് കുഞ്ഞിന് ഉറപ്പുണ്ട്, അതുകൊണ്ട് മടികൂടാതെ അമ്മയോടു ചോദിച്ചുകൊണ്ടിരിക്കും. ദൈവതിരുമുമ്പില്‍ ഈ മനോഭാവം നമുക്കും വേണം. "ചേദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും" എന്ന് യേശു പഠിപ്പിച്ചു. ആവശ്യങ്ങളും ആഗ്രഹങ്ങളും മടികൂടാതെ കര്‍ത്താവിന്‍റെ മുമ്പില്‍ സമര്‍പ്പിക്കാം. അമ്മയുടെ കൈയില്‍ കുഞ്ഞ് തൂങ്ങിക്കിടക്കുന്നതുപോലെ കര്‍ത്താവിന്‍റെ കൈയില്‍ നമുക്കും മുറുകെ പിടിക്കാം. ശിശുക്കളെ അനുഗ്രഹിച്ച കര്‍ത്താവ് നമ്മെയും അനുഗ്രഹിക്കട്ടെ.

You can share this post!

നാലു ചോദ്യങ്ങള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

ആരാണ് മനുഷ്യന്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ കപ്പൂച്ചിന്‍
Related Posts