news-details
മറ്റുലേഖനങ്ങൾ

ധാരണകളും ഭ്രമങ്ങളും

"യേശു പറഞ്ഞു: കലപ്പയില്‍ കൈവച്ചിട്ടു പിന്തിരിഞ്ഞുനോക്കുന്ന ഒരുവനും സ്വര്‍ഗ്ഗരാജ്യത്തിനു യോഗ്യനല്ല." ലൂക്കാ. 9:62

ദൈവത്തിന്‍റെ രാജ്യമെന്നു പറയുന്നതു സ്നേഹത്തെയാണ്. സ്നേഹിക്കുക എന്നാല്‍ എന്താണ്? ഒന്നിനെയും മാറ്റിനിര്‍ത്താതെ വ്യക്തികളോടും വസ്തുക്കളോടും ജീവിതത്തോടു മൊത്തമായും സഹാനുഭൂതിയോടെ പ്രതികരിക്കാനാവുന്നതിനെയാണു (being sensitive) സ്നേഹമെന്നു വിളിക്കുക. നിങ്ങള്‍ക്ക് ഒരു  വസ്തുവിനെപ്പോലും ഒഴിവാക്കണമെങ്കില്‍, മനസ്സു കഠിനമാക്കിക്കൊണ്ടേ അതു സാധിക്കൂ. മനസ്സിനു കാഠിന്യമേറിയാല്‍ അതിനര്‍ത്ഥം സെന്‍സിറ്റിവിറ്റി നഷ്ടപ്പെട്ടുവെന്നാണ്. സത്യത്തില്‍ സെന്‍സിറ്റിവിറ്റി നമ്മിലൊക്കെയുമുണ്ട്; അതു തെളിയിക്കാന്‍ എത്രയോ ഉദാഹരണങ്ങളും.  റോഡില്‍ കിടക്കുന്ന കല്ലോ, ആണിയോ ആരെയും വേദനിപ്പിക്കരുതെന്നു കരുതി നിങ്ങള്‍ എന്നെങ്കിലും എടുത്തുമാറ്റിയിട്ടുണ്ടാകില്ലേ? ആര്‍ക്കാണു നിങ്ങളുടെ ആ പ്രവൃത്തികൊണ്ടു പ്രയോജനമുണ്ടാകുന്നതെന്നോ, ആരെങ്കിലും നിങ്ങളുടെ ആ പ്രവൃത്തിയെ പുകഴ്ത്തിപറയുമെന്നോ ഉള്ള ഒരു വിചാരവും കൂടാതെയാണ് നിങ്ങളതു ചെയ്തത്. ഉള്ളില്‍ തോന്നിയ ആര്‍ദ്രതയും അലിവുംകൊണ്ട് നിങ്ങള്‍ അങ്ങനെ ചെയ്തെന്നുമാത്രം. ലോകത്തില്‍ എവിടെയെങ്കിലും അനുഭവപ്പെട്ട ക്ഷാമം നിങ്ങളെ വേദനിപ്പിച്ചിട്ടില്ലേ? നിങ്ങളൊരിക്കലും കാണാനിടയില്ലാത്ത ഒരു വനം നശിക്കപ്പെട്ടപ്പോള്‍ വല്ലാതെ അസ്വസ്ഥയായിട്ടില്ലേ? പിന്നീടൊരിക്കലും കാണാനിടയില്ലാത്ത ഒരപരിചിതനെ ഉള്ളില്‍ തോന്നിയ ഏതോ നന്മകൊണ്ട് വഴികാണിച്ചു സഹായിക്കാന്‍ നിങ്ങള്‍ തുനിഞ്ഞിട്ടില്ലേ? നിങ്ങളുടെ ഉള്ളില്‍ സ്നേഹമുണ്ടെന്നതിന് ഇത്തരത്തിലുള്ള എത്ര തെളിവുകള്‍ വേണമെങ്കിലും നിരത്താനാകും.

ഈ സ്നേഹം സ്വന്തമാക്കാന്‍ നിങ്ങള്‍ എന്താണു ചെയ്യേണ്ടത്? നിങ്ങള്‍ക്കൊന്നും ചെയ്യാനാകില്ല; കാരണം അതു നിങ്ങളുടെയുള്ളില്‍ ഇപ്പോള്‍ത്തന്നെ കുടികൊള്ളുന്നുണ്ട്. നിങ്ങള്‍ ആകെ ചെയ്യേണ്ടത് ഈ സ്നേഹം സ്വയം പ്രകാശിതമാകുന്നതിനുള്ള തടസ്സങ്ങളെ നീക്കംചെയ്യുക എന്നതാണ്. അപ്പോള്‍ നിങ്ങളുടെയുള്ളില്‍ മുങ്ങിക്കിടന്നിരുന്ന സ്നേഹം നിങ്ങളറിയാതെ ഉപരിതലത്തിലേക്ക് ഉയര്‍ന്നുവരും.

നിങ്ങളിലെ സ്നേഹം പ്രകാശിതമാകുന്നതിനു രണ്ടുപ്രതിബന്ധങ്ങളുണ്ട്. അവയാണ് നിങ്ങളിലെ ധാരണകളും ഭ്രമങ്ങളും.

1. ധാരണകള്‍: നിങ്ങള്‍ക്കു വ്യക്തമായ ഒരു ധാരണയുണ്ടാവുക എന്നതിനര്‍ത്ഥം, ഒരു വ്യക്തിയെക്കുറിച്ചോ വസ്തുവിനെക്കുറിച്ചോ വിധിതീര്‍പ്പു നടത്തിക്കഴിഞ്ഞു എന്നാണ്. അതോടെ, നിങ്ങള്‍ ആ നിഗമനത്തില്‍ ഉറച്ചുനില്ക്കുന്നു. സകല തുറവിയും നഷ്ടപ്പെട്ട് നിങ്ങളില്‍ മുന്‍വിധി രൂപപ്പെടുന്നു. ഇനി അതുപയോഗിച്ചേ നിങ്ങള്‍ക്കു നോക്കാനാകൂ. വേറൊരുവാക്കില്‍ പറഞ്ഞാല്‍, നിങ്ങള്‍ക്ക് ആ വ്യക്തിയെ ഇനിമേല്‍ അയാളായിരിക്കുന്ന വിധത്തില്‍ കാണാനാകുകയേയില്ല. കാണാത്ത ഒന്നിനോടു നിങ്ങള്‍ക്കെങ്ങനെ തുറവിയോടെ പ്രതികരിക്കാനാകും?

നിങ്ങളുടെ പരിചയത്തിലുള്ള ഒന്നുരണ്ടു വ്യക്തികളെക്കുറിച്ചുള്ള പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. ഇയാള്‍ ബുദ്ധിമാനാണ്, മറ്റേയാള്‍ ക്രൂരനാണ്, ആ വ്യക്തി  സ്നേഹമുള്ളവളാണ്, നാലാമത്തെയാള്‍ സ്വാര്‍ത്ഥനാണ് ഇത്യാദി സകല മുന്‍വിധികളും നിങ്ങളുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്നവയാണ്. ഓരോ നിമിഷത്തിലും മാറിക്കൊണ്ടിരിക്കുന്ന അവനെ/അവളെ നിങ്ങള്‍ക്കു കാണാനാകുന്നില്ല. കഴിഞ്ഞയാഴ്ചത്തെ കാലാവസ്ഥാ റിപ്പോര്‍ട്ടുപയോഗിച്ച് ഇന്നത്തെ വിമാനം പറപ്പിക്കുന്ന പൈലറ്റിനെപ്പോലെയാണു നിങ്ങള്‍.

നിങ്ങള്‍ കൊണ്ടുനടക്കുന്ന ധാരണകളുടെ നേര്‍ക്ക് കുറെയേറെനേരം ഒന്നു നോക്കിയിരിക്കുക. അവ വെറും മുന്‍വിധികളും വിശ്വാസങ്ങളുമാണെന്നും യാഥാര്‍ത്ഥ്യത്തെ ഒട്ടുമേ പ്രതിഫലിപ്പിക്കുന്നില്ലെന്നും അപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും. അതോടെ അവ കൊഴിഞ്ഞുപൊയ്ക്കൊള്ളും.

2. ഭ്രമങ്ങള്‍

എങ്ങനെയാണ് ഭ്രമം രൂപപ്പെടുക?

ക. നിങ്ങള്‍ക്കു വലിയ സുഖം നല്കുന്ന എന്തെങ്കിലുമായി -ഒരു കാര്‍, ഒരു അത്യാധുനിക വീട്ടുപകരണം, ഒരു പ്രശംസ, ഒരു വ്യക്തിയുടെ സൗഹൃദം- നിങ്ങള്‍ പരിചയപ്പെടുന്നു.

ഖ.  ഒരിക്കല്‍ കിട്ടിയ ആ സുഖം വീണ്ടുംവീണ്ടും ഉണ്ടാകാന്‍വേണ്ടി, അതെക്കാലവും കൈയടക്കി വയ്ക്കാനാഗ്രഹമുണ്ടാകുന്നു.

ഗ. അതുകൂടാതെ നിങ്ങള്‍ക്കൊരിക്കലും സന്തോഷവതിയായിരിക്കാന്‍ ആവില്ലെന്നുള്ള ബോദ്ധ്യം സാവധാനം നിങ്ങളില്‍ രൂഢമൂലമാവുന്നു. ആ പ്രത്യേക വ്യക്തിയോ വസ്തുവോ നല്കുന്ന സുഖമാണ് യഥാര്‍ത്ഥ സന്തോഷമെന്നു നിങ്ങള്‍ നിങ്ങള്‍  വ്യാഖ്യാനിച്ചെടുത്തതു കൊണ്ടാണ് ഇങ്ങനെ സംഭവി ക്കുന്നത്.

നിങ്ങള്‍ക്കു ഭ്രമം തോന്നാത്ത തൊന്നും ഇനിമേല്‍ നിങ്ങളുടെ കാഴ്ചയില്‍പ്പെടുകയില്ല. നിങ്ങളെ ഭ്രമിപ്പിക്കുന്നതിന്‍റെയടുത്തുനിന്നു  പോകേണ്ടിവരുമ്പോള്‍, നിങ്ങളുടെ ഹൃദയം അവിടെയുപേക്ഷിച്ചിട്ടു പോകുന്നു. മറ്റൊരിടത്ത് എത്തുമ്പോള്‍, അവിടെ നിങ്ങള്‍ക്കു ഹൃദയം നല്കാനാകാതെ വരുന്നു.

ജീവിതമെന്ന സംഗീതം മുമ്പോട്ടൊഴുകുമ്പോഴും നിങ്ങളുടെ നോട്ടം പിറകോട്ടുതന്നെയാണ്. സംഗീതത്തിന്‍റെ ഏതാനും ചില ഈണങ്ങളില്‍ നിങ്ങള്‍ പറ്റിപ്പിടിച്ചു കിടക്കുകയാണ്. മറ്റനേകം ഈണങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നുപോലുമില്ല. ഫലമോ? അപശ്രുതിയും താളഭംഗവും. ചില കാര്യങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുമ്പോള്‍ ജീവിതം വച്ചുനീട്ടുന്ന അനേകം കാര്യങ്ങള്‍ നഷ്ടപ്പെടുന്നു. ജീവിതത്തിന്‍റെ ഓരോ ശ്രുതിയും ഉയരുമ്പോള്‍ അതു ശ്രവിക്കാനും പിന്നീട് അതിനെ അതിന്‍റെ വഴിക്കുവിടാനും തുടര്‍ന്നു വരുന്ന ശ്രുതികളെ തുറവിയോടെ സ്വീകരിക്കാനുമാകുമ്പോഴാണ് നമ്മില്‍ സ്നേഹവും സ്വാതന്ത്ര്യവും നിറയുക. അതിനാകാതെ വരുന്നതോടെ പിരിമുറുക്കവും ആകുലതയും നിങ്ങളെ അലട്ടിത്തുടങ്ങും. അതു നിങ്ങളിലെ  സ്നേഹത്തെ കൊല്ലുന്നു.

നിങ്ങളിലെ ഭ്രമങ്ങളെ, പറ്റിപ്പിടിച്ചിരിക്കാനുള്ള ശ്രമങ്ങളെ എങ്ങനെയാണു കളയാനാകുക? അതിനു മിക്കവരും കണ്ടെത്തിയിരിക്കുന്ന മാര്‍ഗ്ഗം പരിത്യാഗമെന്ന പുണ്യമാണ്. സംഗീതത്തിലെ ചില ശ്രുതികള്‍ മനഃപൂര്‍വ്വം കേള്‍ക്കില്ലെന്നുവയ്ക്കുന്നത് പക്ഷേ, ചില ശ്രുതികള്‍ മാത്രമേ കേള്‍ക്കൂ എന്നു പറയുന്നതിനോടു സമാനമാണ്.  ഈ രണ്ടു പ്രതികരണങ്ങളും നിങ്ങളുടെ മനസ്സിനെ കടുപ്പമേറിയതാക്കുന്നു. കാരണം ജീവിതമെന്ന സിംഫണിയിലെ എല്ലാ ശ്രുതികളെയും നിങ്ങള്‍ക്കു തുറവിയോടെ സമീപിക്കാനാകാതെ വരുന്നു. പരിത്യാഗവും പറ്റിപ്പിടിച്ചിരിക്കലും ഫലത്തില്‍ ഒരേ കാര്യമാണ് നിങ്ങളില്‍ ചെയ്യുന്നത്.

യഥാര്‍ത്ഥത്തില്‍ വേണ്ടത്, പരിത്യാഗമോ പറ്റിപ്പിടിച്ചിരിക്കലോ അല്ല. എല്ലാറ്റിനേയും ആസ്വദിക്കാനും കടന്നുപോകാന്‍ അനുവദിക്കാനുമുള്ള കഴിവാണ്. അതിനു സാധിക്കണമെങ്കില്‍, ഒന്നിനോടു പറ്റിപ്പിടിച്ചിരിക്കുന്നതിലെ 'ത്രില്ലി'ല്‍ മാത്രം ശ്രദ്ധിക്കാതെ, കുറച്ചുനേരം നിങ്ങളെത്തന്നെ ഒന്നു നിരീക്ഷിക്കണം. ഒരു ഭ്രമം നിങ്ങളെ എങ്ങനെയാണ് അടിമയാക്കിത്തീര്‍ക്കുന്നതെന്ന് അപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും.

ഒന്നിനോടു നിങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുമ്പോള്‍ അതു കൊണ്ടുവരുന്ന ടെന്‍ഷനും ആകാംക്ഷയും സ്വാതന്ത്ര്യമില്ലായ്മയും ഒന്നു ധ്യാനിക്കുക. അതു കൊഴിഞ്ഞുപോകുമ്പോള്‍ നിങ്ങളില്‍ അനുഭവപ്പെടുന്ന സ്വാതന്ത്ര്യവും ആശ്വാസവും ആനന്ദവും ഒന്നോര്‍മ്മിച്ചെടുക്കുക. അതു പിറകോട്ട് തിരിഞ്ഞു നോക്കുന്നതില്‍നിന്നു നിങ്ങളെ തടയും. ഇപ്പോള്‍ കാതിലെത്തുന്ന ശ്രുതികളെ ശ്രവിക്കാന്‍ പ്രാപ്തയാക്കും.

ഒരുകാര്യം കൂടി പറയാനുണ്ട്: നിങ്ങള്‍ ഭ്രമങ്ങളില്‍ മുഴുകിക്കിടക്കുന്ന ചുറ്റുപാടുമുള്ള സമൂഹത്തെ ഒന്നു കാണുക. അടിമുടി അതഴുകിയിരിക്കുന്നത് ശ്രദ്ധിക്കുക.

അധികാരത്തോടും പണത്തോടും മണ്ണിനോടും പ്രശസ്തിയോടും വിജയത്തോടും പറ്റിപ്പിടിച്ചിരിക്കുകയാണ് മിക്കവരുംതന്നെ. അവര്‍ വിചാരിക്കുന്നത് ഇവയൊക്കെ കിട്ടിയാലേ അവര്‍ക്കു സന്തോഷിക്കാനാകൂ എന്നാണ്. അങ്ങനെയുള്ളവരെ, കാര്യക്ഷമതയും ഉത്പാദനക്ഷമതയും ഊര്‍ജ്ജസ്വലതയും ഉള്ളവരായി ഏവരും കണക്കാക്കുന്നു. ജീവിതമെന്ന സിംഫണിയോടും മറ്റുള്ളവരോടും തന്നോടുതന്നെയും മനസ്സു കടുപ്പിച്ച്, വിജയമെന്ന ഒറ്റലക്ഷ്യത്തിനുവേണ്ടി പണിയെടുക്കുന്ന മനുഷ്യരെ സമൂഹം ആദരവോടെയാണു കാണുന്നത്. അവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അവരെക്കുറിച്ച് എന്തഭിമാനമാണ്!

പക്ഷേ, നിര്‍മ്മമതയിലൂടെ മാത്രം ഉണ്ടാകുന്ന ഹൃദയത്തിന്‍റെ തുറവി, സകലരോടും സകലതിനോടും ആര്‍ദ്രതയോടെ പ്രതികരിക്കാനുള്ള ശേഷി തുടങ്ങിയവയൊക്കെ ഇത്തരം 'വിജയികള്‍ക്ക്' ഉള്ളതായി കണ്ടിട്ടുണ്ടോ? വേണ്ടത്ര സമയമെടുത്ത് ഇതൊന്നു ധ്യാനിച്ചാല്‍, ഒരു സര്‍പ്പത്തെ ദൂരെയെറിയുന്നതുപോലെ, നിങ്ങള്‍ ഏതു ഭ്രമത്തെയും ദൂരെയെറിയും. കൂടുതല്‍ കൂടുതല്‍ ശേഖരിക്കാനും കൂടുതല്‍ കൂടുതല്‍ പറ്റിപ്പിടിച്ചിരിക്കാനുമുള്ള ഇന്നത്തെ സംസ്കാരത്തില്‍നിന്നു നിങ്ങള്‍ എങ്ങനെയും രക്ഷപെടാന്‍ ശ്രമിക്കും.

You can share this post!

പരീക്ഷണം

ഫാ. വര്‍ഗീസ് സാമുവല്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts