news-details
മറ്റുലേഖനങ്ങൾ

മനുഷ്യനായി പിറന്നവന്‍റെ ഓര്‍മ്മ

ഒരു പിറവിത്തിരുനാളുകൂടി കടന്നുവരുന്നു. തിരുപ്പിറവിയുടെ അര്‍ഥസാന്ദ്രതകളെക്കുറിച്ചു നാം ഏറെ ആലോചിക്കുകയും അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. ദൈവപുത്രനായ യേശു മനുഷ്യനായി അവതരിച്ചു. മനുഷ്യത്വത്തിനാണ് ഈ ജന്മത്തില്‍ പ്രാധാന്യം. മനുഷ്യത്വത്തില്‍നിന്നു ദൈവികതയിലേക്കുള്ള വളര്‍ച്ചയായിരുന്നു ക്രിസ്തുവിന്‍റേത്. അതൊരു ആയിത്തീരലാണ്. ഓരോ മനുഷ്യജന്മത്തെയും ആകര്‍ഷിക്കുന്ന, പ്രചോദിപ്പിക്കുന്ന ഒരു സാധ്യതയാണ് ക്രിസ്തുവിന്‍റെ ജന്മത്തിലൂടെ, കര്‍മത്തിലൂടെ തെളിഞ്ഞുകിട്ടുന്നത്.

അതിഭൗതിക തലത്തില്‍നിന്ന് ക്രിസ്തുവിന്‍റെ ജനനത്തെ മണ്ണിലേക്കിറക്കി നിറുത്തുമ്പോള്‍ നമുക്കിടയില്‍ ജീവിച്ച, ജീവിച്ചുകൊണ്ടിരിക്കുന്ന ചൈതന്യത്തെ നാം തിരിച്ചറിയും. പുല്‍ക്കൂട്ടില്‍ പിറന്നു എന്ന ലാളിത്യത്തിന്‍റെ സത്യത്തെ നമുക്കിനി എത്രനാള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും? നമ്മുടെ പ്രതാപത്തിന്, സമ്പത്തിന്, സ്ഥാപനങ്ങള്‍ക്ക്, സ്ഥാനമാനങ്ങള്‍ക്കു മുന്നില്‍ ക്രിസ്തുവിന്‍റെ ലാളിത്യത്തിന്‍റെ സന്ദേശത്തിനു നിലനില്ക്കാനാവുമോ? അതുകൊണ്ടുതന്നെ ക്രിസ്തുവിന്‍റെ മാനുഷിക മുഖത്തെക്കാള്‍ ദൈവികതയ്ക്ക് നാം ഊന്നല്‍ നല്കിയേക്കാം. നമുക്കിടയില്‍ ജീവിച്ച, മരിച്ച ഒരു വ്യക്തി എന്ന നിലയില്‍നിന്ന്, ചുറ്റും പരിവേഷത്തിന്‍റെ പ്രഭതൂകുന്ന അത്ഭുതസൃഷ്ടിയായി മാറുമ്പോള്‍ എന്തൊക്കെയാണു നഷ്ടമാകുന്നതെന്നു നാമറിയുന്നില്ല.

പരിവേഷങ്ങളെ ഒഴിവാക്കിയാണ് ക്രിസ്തു മണ്ണില്‍ കാല്‍കുത്തി നടന്നത്. യേശുവിലെ മനുഷ്യനെ കണ്ടെത്തുമ്പോള്‍ നാം അവനോടു കൂടുതല്‍ അടുക്കുമെന്നു തോന്നുന്നു. അവന്‍ നടന്നവഴികളാണ് നമ്മുടേതും എന്ന തിരിച്ചറിവ് എത്ര ചൈതന്യദായകമാണ്!  മൂന്നുവര്‍ഷത്തെ പരസ്യജീവിതകാലത്തെ അവന്‍റെ യാത്രകള്‍ നോക്കൂ! അവന്‍ സഞ്ചരിച്ച വഴികള്‍ വളരെ വ്യത്യസ്തമായിരുന്നു. ഒരു പ്രതിസംസ്കാരത്തിനായുള്ള അന്വേഷണമായിരുന്നു ആ സഞ്ചാരങ്ങള്‍. മണ്ണില്‍ തൊട്ടുനിന്ന അവന്‍ മണ്ണുമായും മനുഷ്യജീവിതവുമായും ബന്ധപ്പെട്ട ഉപമകളിലൂടെയാണ് സംസാരിച്ചത്. പാണ്ഡിത്യത്തിന്‍റെ സ്വരമല്ല അവന്‍റേത്. ഏതു  കുഞ്ഞിനും മനസ്സിലാകുന്ന ഭാഷയും ചിന്തകളുമായിരുന്നു അത്. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ മനസ്സിലേക്ക് അതു നേരിട്ടു കടന്നുചെന്നു. അവയ്ക്കു വ്യാഖ്യാനത്തിന്‍റെ പുകമറകള്‍ സൃഷ്ടിച്ചുകൊണ്ട് നാം സ്വാര്‍ത്ഥതയുടെ ഭാഷ്യങ്ങള്‍ ചമച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാരില്‍നിന്ന് അങ്ങനെ അവനെ മാറ്റിനിര്‍ത്താനും ശ്രമം നടക്കുന്നു. ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ക്രിസ്തുസന്ദേശം എന്നു കരുതുന്നവരുണ്ട്. ആര്‍ക്കും നേരിട്ടു പാനം ചെയ്യാവുന്ന നീരുറവയാണത്. അനേകം നിറത്തിലുള്ള കണ്ണടകള്‍കൊണ്ടു നോക്കുമ്പോള്‍ അതിന്‍റെ നിറവും തെളിമയും നമുക്കു നഷ്ടപ്പെടും. നാം ഒഴിവാക്കി നിര്‍ത്തുന്നവരിലായിരിക്കാം യേശുവിന്‍റെ സാന്നിധ്യം ഉണ്ടാവുക. ആരെയെങ്കിലും അവിശ്വാസിയെന്നും കുറ്റവാളിയെന്നും വിധിച്ച് മാറ്റിനിര്‍ത്താന്‍ നാമാര്? അവന്‍ ചുങ്കക്കാരോടും പാപികളോടുമൊപ്പം കഴിയുന്നു എന്നു നാം പുച്ഛത്തോടെ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. രോഗമുള്ളവരെ, അയോഗ്യതയുള്ളവരെ അന്വേഷിച്ചിറങ്ങിയ അവനെ മറന്നുകൊണ്ട് നാം 'യോഗ്യതയുള്ള'വരുടെകൂടെ കൂടിയിരിക്കുന്നു. തലതിരിഞ്ഞ ഒരു വിശ്വാസദര്‍ശനമാണിതെന്നു തോന്നുന്നു. ക്രിസ്തുവിലേക്കിനി എത്ര ദൂരം? എന്ന ചോദ്യം പ്രസക്തമാകുന്നതും അതുകൊണ്ടുതന്നെയാണ്. നാം ഓരോ ദിവസവും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വസ്തുതകള്‍ വിലയിരുത്തുമ്പോള്‍ മതവും വിശ്വാസവും  സഞ്ചരിക്കുന്ന വഴികളെക്കുറിച്ച് നാം ആഴത്തില്‍ സന്ദേഹമുള്ളവരാകും.

ഇപ്പോഴും ക്രിസ്തു ഈ തെരുവുകളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ അവന്‍ നടക്കുന്നു. നമ്മുടെ ദുഃഖവും സന്തോഷവുമെല്ലാം അവന്‍ പങ്കിടുന്നു. വിശപ്പും ദാഹവും അവനറിയുന്നു. നമ്മുടെ വീഴ്ചകള്‍ അവന്‍ അറിയുന്നു. അവന്‍റെ കര്‍മങ്ങള്‍ ദൈവികമാകുന്നത് അത് കൂടുതല്‍ മാനുഷികമാകുന്നതുകൊണ്ടാണ്. യേശു സൃഷ്ടിച്ചത് ഒരു സാങ്കല്പിക സ്ഥലമല്ല. സ്വന്തം ജീവിതംകൊണ്ട് അദ്ദേഹം തീര്‍ത്തത് തൊട്ടറിയാവുന്ന യാഥാര്‍ത്ഥ്യത്തിന്‍റെ ലോകമാണ്. ഇതു നാം വിസ്മരിച്ചു. വിശ്വാസജീവിതം എന്നതു നമുക്ക് സാങ്കല്പികസ്ഥലമാണ.് അതിനു പ്രായോഗികജീവിതവുമായി വലിയ ബന്ധമൊന്നുമില്ല. പ്രായോഗിക ജീവിതത്തില്‍ എല്ലാ അധികാരത്തെയും സമ്പത്തിനെയും ചേര്‍ത്തുനിര്‍ത്തുന്ന നാം വിശ്വാസജീവിതത്തെ മറ്റൊരു ലോകമായി മാറ്റിനിര്‍ത്തുന്നു. വിശ്വാസ ജീവിതത്തെ അതിഭൗതികതയുടെ തലത്തിലേക്ക്  ഉയര്‍ത്തിനിര്‍ത്തിയാല്‍ നമുക്ക് ഉത്തരവാദിത്വത്തില്‍നിന്നു പിന്മാറാമല്ലോ.

ജറുസെലമില്‍ ജീവിച്ച 'ഫദ്വ തുക്വന്‍' എന്ന കവയിത്രിയുടെ 'ക്രിസ്തുവിന്' എന്ന കവിത ചിന്താര്‍ഹമായ ചില ദര്‍ശനങ്ങള്‍ നമുക്കു മുന്‍പില്‍ അവതരിപ്പിക്കുന്നു.

"പ്രപഞ്ചചൈതന്യമേ ദേവാ
ഈ ക്രിസ്തുമസ് ദിനത്തില്‍
ജറുസലേമിലെ സല്‍ക്കാരങ്ങള്‍
ക്രൂശിക്കപ്പെട്ടിരിക്കുന്നു
ദേവാ നിന്‍റെ സല്‍ക്കാരദിനത്തില്‍
മണികളെല്ലാം നിശ്ശബ്ദം" എന്നാണ് കവിത തുടങ്ങുന്നത്. കുരിശുമായി ബന്ധപ്പെടുത്തി മാത്രമേ ക്രിസ്തുവിന്‍റെ ജനനത്തെ കാണാന്‍ കഴിയൂ. ലോകസാഹചര്യങ്ങള്‍ കുരിശിന്‍റെ അര്‍ഥം പെരുപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ.

"രണ്ടായിരം വത്സരങ്ങളായി
നിന്‍റെ ജനനം മുതല്‍
ഈ മണികള്‍ മുഴങ്ങിക്കൊണ്ടേയിരുന്നു
ഇന്ന് മണികള്‍ മുഴങ്ങുന്നില്ല" എന്നു കവി തുടരുന്നു. "വേദനയുടെ കുരുക്കുകളില്‍ കനത്ത കുരിശുമേന്തി, ഈ പാതയില്‍ ജറുസലേം ചാട്ടയടിയേറ്റു പുളയുന്നു. സൈനികര്‍ രക്തമൂറ്റിയെടുക്കുന്നു. ഈ ദുരന്തത്തിനുനേരെ ലോകത്തിന്‍റെ ഹൃദയം അടഞ്ഞുകിടക്കുന്നു". ദുരന്തങ്ങള്‍ക്കുനേരെ ഹൃദയം അടച്ചുവയ്ക്കുന്നവന് എങ്ങനെ യേശുവിനെ ഉള്‍ക്കൊള്ളാന്‍ കഴിയും? അവന്‍റെ ദര്‍ശനങ്ങള്‍ തിരിച്ചറിയാന്‍ കഴിയും! ലോകത്തിനു നേരെ തുറന്ന ഹൃദയമായിരുന്നു അവന്‍റേത്. രഹസ്യജീവിതകാലത്ത് അവന്‍ ലോകത്തെ, ജീവിതത്തെ മനസ്സിലാക്കിയതിന്‍റെ തെളിവ് പരസ്യജീവിതത്തില്‍നിന്ന് നമുക്കു ലഭിക്കുന്നു. "കല്ലിച്ച ലോകം, അന്ധമായ ലോകം. സൂര്യന്‍റെ കണ്ണുകള്‍ വെറും ചില്ലായിത്തീര്‍ന്നിരിക്കുന്നു." മറ്റുള്ളവരുടെ വേദനകള്‍, തെറ്റുകള്‍ സ്വയം ഏറ്റുവാങ്ങിയ ക്രിസ്തു കല്ലിച്ച, അന്ധമായ നമ്മുടെ മനസ്സിനെ അലിയിക്കാനാണ് ഇന്ന് ജനിക്കുന്നത്. നാമതറിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കവി തുടരുന്നു,
"പ്രഭോ
മുന്തിരിത്തോട്ടത്തിലെ വേലക്കാര്‍
അതിന്‍റെ അവകാശിയെ കൊലചെയ്തു കഴിഞ്ഞു
എല്ലാ മുന്തിരിയും അവര്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു
പാപികളെ മുഴുവന്‍
പാപത്തിന്‍റെ പക്ഷി
തൂവലണിയിച്ചിരിക്കുന്നു
ജറുസലെമിന്‍റെ വിശുദ്ധി
ഇതാ, കൊള്ളയടിക്കപ്പെട്ടിരിക്കുന്നു."

കൊള്ളയടിക്കപ്പെട്ട ആ വിശുദ്ധി തിരിച്ചു പിടിക്കുക എന്നതാണ് ക്രിസ്തുമസ് നല്കുന്ന സന്ദേശം. ഇല്ലെങ്കില്‍ ചൈതന്യരഹിതമായ ആവര്‍ത്തനമായി ഈ ആഘോഷങ്ങള്‍ മാറും.
കര്‍ശനമായ വിലയിരുത്തലുകളും സ്വയം വിമര്‍ശനങ്ങളും നടത്തി യേശുവിന്‍റെ ജനനത്തിനര്‍ഹരാകുവാനാണ് നാം ഒരുങ്ങേണ്ടത്. പുറത്തേയ്ക്കു നോക്കി വിധികല്പിക്കുന്നതിനേക്കാള്‍ അഭികാമ്യം ഉള്ളിലേക്കു നോക്കി വിലയിരുത്തുകയാണ്. അപ്പോള്‍ നാം നടക്കുന്ന വഴികളിലെ ഇടര്‍ച്ചകള്‍ കണ്ടെത്താനാവും. സ്വയം തിരിച്ചറിഞ്ഞവന്‍റെ ഉദ്ബോധനങ്ങളായിരുന്നു യേശുവിന്‍റേത്. ക്രൂശിക്കപ്പെട്ടിരിക്കുന്ന സത്യങ്ങളെ തിരിച്ചെടുത്ത് അധികാരത്തിന്‍റെ, അഹന്തയുടെ പരിവേഷങ്ങളുടെ കോട്ടകൊത്തളങ്ങളില്‍നിന്ന് ഇറങ്ങി, നമുക്കു മണ്ണില്‍ നില്ക്കാം. യേശുവിന്‍റെ ജനനം അങ്ങനെ തിരുത്തലിനുള്ള ഒരു ക്ഷണമാണ്. സജീവമായ ചൈതന്യത്തിലേക്കുള്ള ഹൃദ്യമായ വിളി.

You can share this post!

പരീക്ഷണം

ഫാ. വര്‍ഗീസ് സാമുവല്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts