news-details
മറ്റുലേഖനങ്ങൾ

താവളമില്ലാത്തവര്‍ എന്നൊരു ശീര്‍ഷകം ആരുടെ ആത്മകഥയ്ക്കാണ് ഉതകാത്തത്? അകത്താണോ പുറത്താണോ അഭയമില്ലായ്മ എന്നു ചെറിയൊരു സന്ദേഹം മാത്രം! ആ ശിരോലിഖിതത്തിലേയ്ക്കു നസ്രത്തിലെ യേശു അറിഞ്ഞോ അറിയാതെയോ പ്രവേശിച്ചത്, അവര്‍ക്ക് സത്രത്തിലിടം കിട്ടിയില്ല എന്ന അപകടകരമായ സൂചനയോടുകൂടിയാണ്.  ക്രിസ്തുമസ്സിന്‍റെ പകിട്ടുകള്‍ക്കിടയില്‍ ആ വരിയത്ര ഗുരുത്വത്തോടെയല്ല നമ്മള്‍ വായിക്കുന്നതെന്നു തോന്നുന്നു.

കൊട്ടിയടച്ച സത്രങ്ങള്‍ക്കുപുറത്ത് ഒരു തച്ചനെയും അയാളുടെ നിറവയറുള്ള ഭാര്യയെയും ആലംബമില്ലാതെ നിര്‍ത്തിയതു വിധിയായിരിക്കാം. എന്നാല്‍ അവരുടെ മകന്‍ പെരുവഴി തെരഞ്ഞെടുത്തത് ബോധപൂര്‍വ്വമായിരുന്നു. ഏതൊരു ജീവിതക്രമത്തിലേക്കും പൊതുവെ മൂന്നുതരം വഴികളുണ്ടെന്ന് ക്രിസ്തു പഠിപ്പിച്ചത് ബ്രഹ്മചര്യ വിചാരങ്ങളുടെയിടയിലായിരുന്നു - അപ്രകാരം പൊടിച്ചവര്‍, അവിടേക്ക് സമൂഹം തള്ളിയവര്‍, അങ്ങനെയായിരിക്കാന്‍ നിശ്ചയിച്ചവര്‍. എന്തിലും ഏതിലും മൂന്നാമത്തെതായിരുന്നു അയാളുടെ വഴി. സ്വന്തമായി ഒരു കൂരയുണ്ടായിരുന്നിട്ടും തലയ്ക്കുമീതെ ഒരു കാക്കക്കാലിന്‍റെ തണല്‍പോലും വേണ്ടെന്നു പിന്നീടെപ്പോഴോ ക്രിസ്തു തീരുമാനിച്ചതായിരുന്നു.

കുറുനരികള്‍ക്കു മാളവും പക്ഷികള്‍ക്കു ചില്ലകളുമുള്ള ഭൂമിയില്‍ തനിക്ക് തലചായ്ക്കാന്‍ ഇടമില്ലെന്നു പറയുകവഴി അവനെ തേടിയെത്തിയവരോട് അയാളെന്താണ് പറയാന്‍ ശ്രമിച്ചിട്ടുള്ളത്? വീട് എന്നെങ്കിലുമൊക്കെ മനസ്സുകൊണ്ടെങ്കിലും പുറത്തുകടക്കേണ്ട ഒരു കെണിയാണെന്ന സൂചന അതിലുണ്ടോ? അടൂരിന്‍റെ എലിപ്പത്തായത്തിലെന്നപോലെ രമിച്ചും കലഹിച്ചും ഒടുങ്ങുന്ന ചില ജീവിതങ്ങള്‍. വീടിനുപുറത്ത് ഒരു ജീവിതമേയില്ല എന്നു വിശ്വസിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. അങ്ങനെ അഭിരമിക്കുമ്പോള്‍ വീടൊരു ശവക്കല്ലറയാവുകയും അതില്‍ വസിക്കുന്നവരെ നോക്കി മരിച്ചവര്‍ മരിച്ചവരെ അടക്കട്ടെ എന്ന് ക്രിസ്തു സങ്കടപ്പെടുകയും ചെയ്യുന്നു. വാതില്‍പ്പാളിയില്‍ സുഷിരമിട്ടു പുറത്തുനില്ക്കുന്നവരെയെല്ലാം ശത്രുവായി കാണുക എന്നതാണ് പുതിയ കാലത്തിന്‍റെ നടപ്പുരീതി. അവരൊക്കെ വലിയ ഭക്തരാണെന്നുള്ളത് ഇത്തിരിവെട്ടം കിട്ടിയവരെ നടുക്കുന്നുണ്ട്.

ആത്മകഥാപരമായ കുറിപ്പില്‍ ജിബ്രാന്‍ എഴുതിയതുപോലെ വലിയൊരു ആശ്രമത്തിന്‍റെ സുരക്ഷിതത്വത്തില്‍നിന്ന് സഭാവസ്ത്രം ഉരിഞ്ഞുമാറ്റി പുറത്തേക്കു തള്ളപ്പെടുന്ന ചെറുപ്പക്കാരന്‍. പലവീടുകളിലും അയാള്‍ കൊട്ടുന്നുണ്ട്. ഒടുവില്‍ ശീതക്കാറ്റേറ്റ് തണുത്തു കുഴഞ്ഞുവീഴുമ്പോള്‍ ഉറക്കെ നിലവിളിച്ചു. അയാളുടെ നിലവിളികേട്ട് ഒരു ചെറിയ കുടിലില്‍നിന്ന് വിധവയായ സ്ത്രീയും അവരുടെ മകളും ഓടിയെത്തി. അകത്തേക്ക് എടുത്തുകൊണ്ടുപോയി. മഞ്ഞുപാളികള്‍ അടര്‍ത്തിക്കളഞ്ഞു. ചൂടുസൂപ്പ് നീലിച്ച ചുണ്ടുകളിലേക്ക് ഇറ്റിച്ചു. അയാള്‍ ചോദിച്ചു "ഞാനെവിടെയാണ്." "ദരിദ്രരായ ഒരമ്മയുടെയും മകളുടെയും വീട്ടിലാണ് - തുന്നല്‍പ്പണിക്കാരാണ് ഞങ്ങള്‍." അയാള്‍ അമ്മയുടെ കരങ്ങള്‍ തടവി: "അങ്ങനെ പറയരുതമ്മാ, ഇത് വീടല്ല ദേവാലയമാണ്." അടച്ചിട്ട വീടുകളില്‍ ദൈവം വസിക്കുന്നില്ല. തുറന്നിട്ട ഭവനങ്ങള്‍ ദേവാലയങ്ങളാണ്!

ആ അര്‍ത്ഥത്തില്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ പല വീടുകളില്‍നിന്നും ദൈവം ഇറങ്ങിപ്പോയി. നിങ്ങള്‍ മനസ്സുകൊണ്ടെങ്കിലും പുറത്തേക്കിറങ്ങാത്തതുകൊണ്ടാണ് ദൈവത്തിന് അതു ചെയ്യേണ്ടിവന്നത്. വീട് അതിന്‍റെ ചുവരുകളെ കുറേക്കൂടി വിശാലമാക്കേണ്ടതുണ്ട്. മേല്‍ക്കൂര ഇനിയും കൂറേക്കൂടി ഉയരേണ്ടതുണ്ട്. അങ്ങനെ ആകാശവും ഭൂമിയും അതിലേക്കു പ്രവേശിക്കട്ടെ. ഓര്‍ക്കുന്നു ഒരു വീടു പണിയുമ്പോള്‍ വാതില്‍പ്പാളികളില്ലാത്ത,  കടലിനഭിമുഖമായി നില്ക്കുന്ന ഒരു ചെറിയ വീടുമതി നമുക്കെന്നു രണ്ടുപേര്‍ പറഞ്ഞ കാലം. ഇല്ല ആ വീട് ഒരിക്കലും അവര്‍ പണിയില്ല. കവി അയ്യപ്പന്‍ സൗമ്യമായി പാടുന്നുണ്ട് വീട് വെക്കാത്തവനോട് വീടിന്‍റെ പേരു ചോദിക്കുകയും കുഞ്ഞില്ലാത്തവനോട് തങ്ങളുടെ കുഞ്ഞിന് ഒരു പേരിടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ചങ്ങാതിമാരോട് പെയ്തുപെറുക്കി.

വീടില്ല എന്ന ബൈബിള്‍ സൂചനയുടെ പ്രധാനപ്പെട്ട അര്‍ത്ഥം, സ്വസ്ഥതയില്ലാതിരിക്കും എന്നതുതന്നെയാണ്. ക്രിസ്തുവിലേക്ക് എത്തിയ ഒരാള്‍ക്ക് സ്വസ്ഥമായിരിക്കാന്‍ എന്താണവകാശം. എന്തെങ്കിലുമൊരു കാരണം? ഇല്ല, ഒന്നുമില്ല. ഈ കണ്ണടയുവോളം വാള്‍മുനയില്‍വച്ച മനസ്സുമായി അയാള്‍ ജീവിക്കുന്നു. ജീവിച്ച ജീവിതത്തിനും ജീവിക്കേണ്ട ജീവിതത്തിനുമിടയില്‍ വിഭജിക്കപ്പെട്ട ഒരാളെപ്പോലെ ചോരവാര്‍ന്നു ജീവിക്കുന്നു. ഞാന്‍ കൊണ്ടുവന്നതു വാളാണെന്ന് എന്തിനാണയാള്‍ ഇങ്ങനെ ഉറക്കെ വിളിച്ചുപറയുന്നത്. സന്ധ്യയില്‍ ട്യൂഷന്‍ കഴിഞ്ഞുപോകുന്ന ചെറിയ പെണ്‍കുട്ടികളെ പിന്‍തുടര്‍ന്ന ഒരാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. അയാള്‍ പറഞ്ഞു: "നിങ്ങളാരും പത്രം വായിക്കുന്നില്ലേ, എന്തൊക്കെയാണ് സന്ധ്യമയങ്ങുമ്പോള്‍ ഈ ചെറിയ മക്കളെ പിന്‍തുടരുന്നത്. സ്വസ്ഥതയില്ലാത്തതുകൊണ്ട് വീടെത്തുവോളം കൂടെ നടക്കുന്നതാണ്." അവര്‍ പറഞ്ഞു: "നിന്‍റെ മക്കളൊന്നുമല്ലല്ലോ?" അയാളുടെ കണ്ണു നിറഞ്ഞു: "നിങ്ങള്‍ക്ക് ഇത്ര ബുദ്ധിയേയുള്ളൂ?" വെറുതെയല്ല പൗലോസ് പറയുന്നത് ശരീരത്തിലല്ല ആത്മാവിലാണ് പരിഛേദനം വേണ്ടതെന്ന്. ഏറ്റവും ഗൂഢവും സൃഷ്ടിപരവുമായ ഇടങ്ങളില്‍ ഒരു കത്തി പാളുന്നുണ്ട്.

നിരന്തരം വഴിയിലായിരിക്കാനുള്ള ക്ഷണം കൂടിയുണ്ടാകും അതില്‍. ഇത് സത്യാന്വേഷികളുടെ തലവരയാണ്. മരിക്കുവോളം മനസ്സുകൊണ്ടു യാത്രയിലായിരിക്കുക. കൂടാരത്തിന്‍റെ തീര്‍പ്പുകളിലെത്തുമ്പോള്‍ തങ്ങള്‍ വെറും മതവിശ്വാസികളായി മാത്രം ചുരുങ്ങുമെന്ന് അവര്‍ക്ക് ഭയമുണ്ട്. അത് അപകടകരമാണ് - നാസ്തികതയേക്കാള്‍ വലിയ അപകടം. കാരണം അവര്‍ ദൈവത്തിനുവേണ്ടിയെങ്കിലും ആരെയും ഹിംസിക്കുകയോ അപഹസിക്കുകയോ ചെയ്യുന്നില്ലല്ലോ. ക്രിസ്തുവിനെക്കുറിച്ച് ഒരു ചെറുപ്പക്കാരന്‍ വൈദികനെഴുതിയ പുസ്തകത്തിന്‍റെ തലക്കെട്ട് എന്നെ വശീകരിച്ചു - പെരുവഴിയന്‍റെ പിന്നാലെ. മാര്‍ഗ്ഗവാസി - ദുഷ്ടനച്ചായന്മാര്‍ ചിലരെ അപഹസിക്കാനായി കണ്ടെത്തിയ പദമാണ്. ഒരു ഗുരുവിലെത്തിയ എല്ലാവരും സ്വീകരിക്കേണ്ട പദമാണതെന്ന് കാണാനുള്ള പ്രകാശമൊന്നും അവരുടെ തിമിരനേത്രങ്ങള്‍ക്കില്ല. നിരന്തരം വഴിയില്‍ വസിക്കുന്നവര്‍ എത്ര ധ്യാനമുള്ള സങ്കല്പമാണ്. വെറുതെയല്ല തോമസ്സിനെഴുതിയ സുവിശേഷത്തില്‍ ക്രിസ്തു അയാളോടു പറയുന്നത്: "വഴിപോക്കനാവുക."  കാട്ടിലേക്കു നീളുന്ന വഴിയെങ്ങോട്ടാണെന്നു ചോദിച്ച രാജകുമാരനോട്, "എനിക്കുമറിയില്ല, വേണമെങ്കില്‍ നമുക്കൊരുമിച്ച് നടക്കാം" എന്നു പറഞ്ഞ ചിത്രകാരനെ ഓര്‍ക്കുന്നു. പിന്നീട് രണ്ടുപേരേയും ദേശം കണ്ടിട്ടില്ല.

പാര്‍പ്പിടമില്ല എന്ന കഠിനമായ ഭൗതിക യാഥാര്‍ത്ഥ്യത്തെ വെള്ളപൂശാനുള്ളതല്ല ഇത്തരം ചില ദാര്‍ശനിക വിചാരങ്ങള്‍. പ്രവാചകസരണിയോട് ചേര്‍ന്നു നില്ക്കുന്നവരുടെ ഉള്ളടരുകളെ പ്രകാശിപ്പിക്കുന്ന ചില വിചാരങ്ങളോടുള്ള കൗതുകം കൊണ്ടങ്ങു പറഞ്ഞുപോയതു മാത്രമാണത്. നഗരങ്ങളില്‍ മഞ്ഞും മഴയും ഏറ്റ് ചുരുണ്ടുകൂടി കിടക്കുന്നവരില്‍ നല്ലൊരു പങ്ക് കെട്ടിടനിര്‍മ്മാണ തൊഴിലാളികളാണെന്നുള്ളത് എന്തൊരു വിചിത്രമായ സംഗതിയാണ്. ശരീരം മാത്രമാണ് അവരുടെ മൂലധനം. അതാണ് പഴുത്തിലപോലെ പൊടിഞ്ഞു പൊടിഞ്ഞു തീരുന്നത്. അവര്‍ പണിത കടത്തിണ്ണകളില്‍പ്പോലും അവര്‍ക്കു കിടക്കാന്‍ അവകാശമില്ല. ഒരു രാത്രി എവിടെങ്കിലുമിരുന്ന് രാവെളുപ്പിക്കേണ്ട കാര്യമുണ്ടായപ്പോള്‍ ഒരു ജ്വല്ലറിയുടെ തിണ്ണയില്‍ ഇരുന്നപ്പോള്‍ "ടൈല്‍സില്‍ കിടന്നില്ലെങ്കില്‍ നിനക്ക് ഉറക്കം വരില്ലെ?" എന്ന് സെക്യൂരിറ്റിക്കാരന്‍ പരിഹസിച്ച് ഇറക്കിവിട്ടത് ഓര്‍ക്കുന്നുണ്ട്. നമുക്കിത് വല്ലപ്പോഴുമുള്ള ഒരു കുസൃതിയോ കൗതുകമോ മാത്രമാണ്. കാരണം നമുക്ക് മടങ്ങിപ്പോകാന്‍ വീടുണ്ട്. ജീവിതത്തിലൊരിക്കലും ഒരോലക്കീറിന്‍റെ തണലില്‍ വസിക്കാന്‍ ഭാഗ്യമില്ലാത്തവരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അതിനിടയില്‍ ഇത്തരം ഉറുമ്പുവിഷമങ്ങള്‍ പറയാനേ പാടില്ലാത്തതാണ്. "ഞാനപരിചിതനായിരുന്നു, നിങ്ങള്‍ എന്നെ സ്വാഗതം ചെയ്തു" എന്ന് ക്രിസ്തുവിന് ഇനി ആരുടെയും അന്ത്യവിധിയില്‍ പറയേണ്ട കാര്യം വരുന്നില്ല. പരിചിതരോട് ഇവിടില്ലെന്ന് നുണ പറയുകയും ബന്ധുക്കള്‍ക്കുവേണ്ടി പഞ്ചനക്ഷത്ര അഗതിമന്ദിരങ്ങളിലേക്കു നേരത്തെ ഡിപ്പോസിറ്റ് എടുക്കുകയും ചെയ്യുന്നവര്‍ക്ക് എന്ത് പരദേശികള്‍?

വികസനമെന്ന ചെല്ലപ്പേരില്‍ കുടിയിറക്കപ്പെടുന്നവരുടെ കാര്യമോ? അതില്‍ ഒരധര്‍മ്മവുമില്ല എന്ന മട്ടിലായിരിക്കുന്നു കാര്യങ്ങള്‍. എറണാകുളത്തോട് ചേര്‍ന്നുകിടക്കുന്ന മൂലമ്പള്ളിയില്‍ ഒരു സന്ധ്യയ്ക്കു വന്നിട്ട് ഈ സിനിമയിലൊക്കെ കാണുന്നതുപോലെ കഞ്ഞിക്കലങ്ങളും പുസ്തക സഞ്ചികളുമൊക്കെ പുറത്തേക്ക് വലിച്ചെറിഞ്ഞ്... നോക്കി നില്ക്കുമ്പോള്‍ ഒരു കുടിയിറക്ക്. മാസങ്ങളോളം അവര്‍ നഗരത്തില്‍ കുത്തിയിരിപ്പുണ്ടായിരുന്നു. അവരുടെ പ്ലക്കാര്‍ഡുകളില്‍ എന്താണ് എഴുതി വച്ചിരിക്കുന്നതെന്നുപോലും വായിക്കാന്‍ തയ്യാറാവാത്ത, ഇന്‍സുലേറ്റഡ് ആയ നഗരവാസികള്‍. ആവശ്യമുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് ഭൂമിയാണ് വികസനത്തിന്‍റെ പേരില്‍ അക്വയര്‍ ചെയ്യപ്പെടുന്നത്. യന്ത്രക്കൈകള്‍ തുടച്ചെടുത്ത കുടിലിന്‍റെ സ്ഥാനത്ത് പുതിയ വാണിജ്യ സമുച്ചയങ്ങള്‍ വരും. കണ്ടില്ലേ, വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത സ്ഥലത്ത് ആഘോഷമായി ഗോള്‍ഫുകളി ആരംഭിച്ചത്?

ഓരോ പതിനൊന്നാം മാസവും വാടകചീട്ട് പുതുക്കേണ്ട ബാധ്യതയുള്ള ചങ്ങാതിമാരാണ് എനിക്കു കൂടുതലും. അവരോട് എന്നെങ്കിലുമൊരു വീട് ഉണ്ടാകുമെന്നു പറയാനുള്ള ധൈര്യമെനിക്കില്ല. അയല്‍ക്കാരനെ അസൂയപ്പെടുത്താനുള്ള അടയാളമായി വീടുമാറിയപ്പോള്‍ ഒരു വീട് ഇനി അവരുടെ പുലരിക്കിനാക്കളില്‍പ്പോലും പ്രത്യക്ഷപ്പെടില്ല. കുമ്പളം കായലില്‍ വലയിട്ട ഒരാള്‍ക്ക് ഒരു കുടം കിട്ടി. കുടം തുറന്നപ്പോള്‍ പഴങ്കഥയിലെ ഭൂതം പുറത്തുവന്നു. എന്തു വരവും തരാമെന്ന് ഭൂതം മുക്കുവനോട്. "വൈറ്റിലയില്‍ മൂന്ന് സെന്‍റ് സ്ഥലവും ഒരു വീടും," മുക്കുവന്‍ ആവശ്യപ്പെട്ടു. ഭൂതം പറഞ്ഞു: "ഞാന്‍ കുടത്തിലേക്ക് കയറുകയാണ.് നല്ലതുപോലെ അടച്ച് ദൂരേയ്ക്കെറിഞ്ഞുകൊള്ളുക." ഗാന്ധി പറഞ്ഞിട്ടുണ്ട്, ഒരു വീടു പണിയുമ്പോള്‍ ഒരു ചെറിയ ചുറ്റളവില്‍ ലഭ്യമായ വിഭവങ്ങള്‍കൊണ്ടു വേണം അതു ചെയ്യാനെന്ന്. അങ്ങനെയാണ് സേവാശ്രമം പണിതത്. താജ്മഹലല്ല സേവാശ്രമമാണ് ഇന്ത്യയുടെ മഹാത്ഭുതം.

അല്ലെങ്കില്‍ തന്നെ നീലംമാങ്ങ കണക്ക് ചില വീടുകള്‍ കാണുമ്പോള്‍ ഈ വീടിലൊക്കെ എന്ത് എന്നൊരു വിവേകംകൂടി ഈ പ്രായത്തില്‍ കിട്ടുന്നുണ്ട്. പുറത്തു കാണുന്ന പകിട്ടേയുള്ളൂ - അകത്ത് മിക്കവാറും ഒരു പുഴുവുണ്ട്.. വീട് ഒരു ആത്മീയ പരിസരമാണെന്നു തോന്നുന്നു. ഒരു പ്രണയഗീതം അവസാനിക്കുന്നതിങ്ങനെയാണ് - നീയാണെന്‍റെ വീട്. അഭയവും ആശ്വാസവും നല്കുന്ന മനുഷ്യരാണ് ശരിക്കുമുള്ള വീടുകള്‍. അടുത്തയിടെ വായിച്ച ഒരു പുസ്തകത്തിന്‍റെ സമര്‍പ്പണമിങ്ങനെയായിരുന്നു- സൂസന്, പന്തീരായിരം മൈലുകള്‍ക്കപ്പുറത്തുനിന്ന് എനിക്ക് അഭയമാകുന്നതിന്. അപ്പോളതാണ് കാര്യം - അതുമാത്രം.

ക്രിസ്തുമസ് മംഗളങ്ങള്‍ - ഭൂമിയിലെ നല്ല മനുഷ്യരെ നിങ്ങള്‍ക്ക് സമാധാനം. 

You can share this post!

പരീക്ഷണം

ഫാ. വര്‍ഗീസ് സാമുവല്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts