സെന്‍റ് ജോണ്‍ എഴുതിയ സുവിശേഷത്തില്‍ (19:5) പ്രാഥമിക ശിക്ഷയ്ക്കു വിധേയനായി, പടയാളികളാല്‍ അധിക്ഷേപിക്കപ്പെട്ട് തലയില്‍ മുള്‍ച്ചെടി കൊണ്ടുണ്ടാക്കിയ കിരീടവും ചുവന്ന ഉടുപ്പുമായി പുറത്തുവന്ന യേശുവിനെ നോക്കി പീലാത്തോസ് വിളിച്ചുപറഞ്ഞു: "ഇതാ ആ മനുഷ്യന്‍". ഈ മനുഷ്യനാണ് മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഏറ്റവും പ്രാകൃതവും പരിമിതവുമായ സാഹചര്യത്തില്‍ ബെത്ലഹേമില്‍ ജനിച്ചത്. ആ മനുഷ്യന്‍റെ ജനനത്തിന്‍റെ സ്മരണയാണ് ക്രിസ്തുമസ് ദിനത്തില്‍ നാം നിര്‍വ്വഹിക്കുന്നത്. സുവിശേഷകരുടെ സാക്ഷ്യമനുസരിച്ച് സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ഏതാനുംപേരും, അതോടൊപ്പം ഉന്നതകുലജാതരും ജ്ഞാനികളും ആയ മറ്റു മൂന്നുപേരും ജനിച്ചവനെ കണ്ട് ആദരവര്‍പ്പിക്കാന്‍ വന്നിരുന്നു. എന്നാല്‍ അതൊന്നും ജനിച്ചവന്‍റെ സാഹചര്യമോ ജീവിതപശ്ചാത്തലമോ മെച്ചപ്പെടുത്താന്‍ ഉതകിയില്ല. അവന്‍റെ ജീവിതം അവന്‍തന്നെ ജീവിച്ചുതീര്‍ക്കേണ്ടിയിരുന്നു. അതിന്‍റെ ശൈലിയും അതിനപ്പുറത്തെ ചരിത്രവും ഇന്നു ലോകമെമ്പാടും അറിയപ്പെടുന്ന ജനനവും ജീവിതവുമായി ഭവിച്ചു എന്നതു ചരിത്രയാഥാര്‍ത്ഥ്യം. ആ ജനനവും അതിന്‍റെ പ്രസക്തിയും നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന ഏറെ ചിന്തകളുണ്ട്. അവയെ അവഗണിച്ചുകൊണ്ടുള്ള ഏതൊരു ആചരണവും ഉപരിപ്ലവവും അര്‍ത്ഥരഹിതവും ആയിരിക്കും.
ജനിച്ച സ്ഥലത്തിന്‍റെ പ്രത്യേകതയല്ല ജീവിച്ച ശൈലിയുടെ അനുപമത്വമാണ് ഈ മനുഷ്യന്‍റെ ജനനം നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറത്തും സ്മരിച്ചാദരിക്കാന്‍ കാരണമായത്. എന്നാല്‍ ജനിച്ച സ്ഥലത്തിന്‍റെ പ്രാധാന്യത്തില്‍ ജനിച്ചവന്‍റെ മഹിമയെ അളക്കുന്ന എന്നത്തേയും ശൈലി അന്നും അവനെ കാണാന്‍ വന്നവരുടെ വഴി തെറ്റിച്ചു. അന്നു വന്നവര്‍ക്കു തിരുത്താന്‍ സൗകര്യമുണ്ടാവുകയും തിരുത്തുകയും ചെയ്യുകയുണ്ടായി. പക്ഷേ ഇന്നതല്ല സ്ഥിതി. ജനിക്കുന്ന സ്ഥലവും സമയവും ജനിക്കുന്നവനെയും ജീവിതത്തിന്‍റെ ശ്രേഷ്ഠതയെയും സ്വാധീനിക്കും എന്നാണ് നമ്മുടെ ധാരണ. സമ്പത്തിന്‍റെ അനിശ്ചിതത്വത്തെ പരിക്കുകളോടെയും വേദനയോടെയും ലോകം തിരിച്ചറിയുന്ന ഇക്കാലത്തും പക്ഷേ ധനവും ധനശേഖരവുമാണ് ജനിക്കാനും ജീവിക്കാനും പറ്റിയ സാഹചര്യം എന്ന ധാരണയിലാണ് മനുഷ്യന്‍. ഈ നിലപാടിനെ പ്രോത്സാഹിപ്പിക്കുന്ന ശൈലിയാണ് മതങ്ങളും മനുഷ്യമദ്ധ്യത്തിലെ മാനവികം എന്നവകാശപ്പെടുന്ന പല സമൂഹങ്ങളും ഇന്നു സ്വീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ ഏതാനും വര്‍ഷങ്ങളായി പ്രത്യക്ഷമായും പരോക്ഷമായും ഉയര്‍ന്നുകേള്‍ക്കുന്ന ശബ്ദം സാമ്പത്തികഭദ്രത ഉള്ളിടത്തു ജനിച്ചവര്‍ക്കു മാത്രമാണ് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം എന്നാണ്. അഭിമാനത്തോടെ ജീവിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള അവകാശം നല്കുന്നത് അടിസ്ഥാന ജീവിതസാഹചര്യങ്ങളുടെ അനുകൂലാവസ്ഥയാണ്. അതാകട്ടെ വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യസംരക്ഷണം എന്നിവയുമാണ്. ഇവയെല്ലാം സാമ്പത്തികഭദ്രതയുള്ള കുടുംബങ്ങളില്‍ ജനിച്ചവര്‍ക്കു മാത്രമാണ് അവകാശപ്പെട്ടതെന്നു ലോകത്തിന്‍റെ മുഴുവന്‍ അഴിക്കലിന്‍റെയും കെട്ടലിന്‍റെയും അവകാശം ദൈവത്തില്‍നിന്നും നേടിയിരിക്കുന്നു എന്നഭിമാനിക്കുന്ന ക്രൈസ്തവ സമൂഹങ്ങള്‍പോലും പറയുന്നു. സര്‍ക്കാരുകള്‍ സാവകാശം ആഗോളവത്കരണത്തിന്‍റെയും സ്വകാര്യവത്കരണത്തിന്‍റെയും ഉത്തരാധുനിക സാമ്പത്തിക ഉദാരവത്കരണത്തിന്‍റെയുമൊക്കെ പേരില്‍ ഈ മേഖലകളില്‍നിന്നു പിന്‍വലിയുമ്പോള്‍ മനുഷ്യവിമോചനത്തിന്‍റെ വക്താക്കളായ മതങ്ങള്‍കൂടെ അക്കൂട്ടത്തില്‍ ചേര്‍ന്നാല്‍ പുല്‍ക്കൂടുകളില്‍ ജനിച്ചുവീഴുന്ന മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക് ഈജിപ്തിലേക്കും പ്രവാസത്തിലേക്കും രക്ഷപെട്ടോടുകയേ മാര്‍ഗ്ഗമുള്ളൂ എന്ന അവസ്ഥ ആവര്‍ത്തിക്കുകയായിരിക്കും ഫലം. 'മാറിവരുന്ന പരിഷ്കാരങ്ങള്‍ ദരിദ്രരുടെ സംഖ്യ കുറയ്ക്കുന്നില്ല' എന്ന് ഭാരതത്തിന്‍റെ ധനകാര്യമന്ത്രി ശ്രീ പ്രണാബ്കുമാര്‍ മുഖര്‍ജിപോലും വിലപിക്കുമ്പോള്‍ പിന്നെ എന്തിനാണീ പൊങ്ങച്ചം എന്നു ചോദിക്കേണ്ടിവരുന്നു. ഒരു കാലത്ത് ഭാരതത്തെ ദരിദ്രരാജ്യമെന്നും അര്‍ദ്ധനഗ്നനായ ഫക്കീറിന്‍റെ നാടെന്നും ആക്ഷേപിച്ചിരുന്ന പാശ്ചാത്യരുടെയും വികസിതരാജ്യങ്ങളുടെയും നേതൃത്വം അവകാശപ്പെട്ടിരുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ രാഷ്ട്രപതി നവംബറില്‍ ഭാരതീയരോട് ആവശ്യപ്പെട്ടത് 'അമേരിക്കയില്‍ മൂലധനം മുടക്കി അവിടെ തൊഴില്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കണം' എന്നാണ്. അത് ഭാരതത്തിലെ തൊഴിലില്ലായ്മ നിശ്ശേഷം തീര്‍ന്നതിനാല്‍ ഇനി എവിടെ മുതലിറക്കും എന്നാശങ്കപ്പെട്ടിരുന്ന വ്യവസായികള്‍ക്കു ദിശാബോധം നല്കിയതല്ല; അവിടത്തെ പരിതാപാവസ്ഥയെ പരിഹരിക്കാന്‍ സഹായിക്കാനുള്ള അഭ്യര്‍ത്ഥന നടത്തിയതാണ്. സാമ്പത്തിക ഭദ്രതയുടെ ജന്മദേശം എന്നവകാശപ്പെടുന്ന അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം ഉണ്ടാക്കാനായില്ല എങ്കില്‍ വളരെ പ്രതീക്ഷയോടെ രണ്ടുവര്‍ഷം മുന്‍പ് തന്നെ അദ്ധ്യക്ഷസ്ഥാനത്തു പ്രതിഷ്ഠിച്ച ജനംതന്നെ രണ്ടാമതൊരവസരംപോലും നല്കാതെ പറഞ്ഞുവിടും എന്നതിന്‍റെ സൂചന നവംബറില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കണ്ടതുകൊണ്ടാണ് ഇങ്ങനെ യാചിക്കേണ്ടിവന്നത്. ഇതു നമുക്കു പാഠമാകേണ്ടതല്ലെ? ധനാഢ്യതയിലല്ല ജീവിതത്തിന്‍റെ ആത്യന്തിക വിജയവും മഹത്ത്വവും ലക്ഷ്യപ്രാപ്തിയും എന്ന് യേശുവിന്‍റെ കാലത്തെ പൗരസ്ത്യ ജ്ഞാനികള്‍ക്ക് അല്പം വൈകിയെങ്കിലും ധാരണയായി. അന്നത്തെ രാജാവിനു പകരം പൗരസ്ത്യരായ ഭാരതീയരെ പഠിപ്പിക്കാന്‍ നമുക്കൊരു രാഷ്ട്രപിതാവുള്ളപ്പോഴും പക്ഷേ നാം പഠിക്കാതെയും തിരുത്തപ്പെടലിനു വഴങ്ങാതെയും പുല്‍ക്കൂടുകള്‍ക്കു മോടി വര്‍ദ്ധിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നു.
ഈ മാര്‍ഗ്ഗഭ്രംശം ധാരാളിത്തത്തിന്‍റെയും ആഡംബരത്തിന്‍റെയും വഴിതെറ്റിയ പുതിയൊരു സംസ്കാരത്തിന് അടിസ്ഥാനമിടുന്നുണ്ട്. യേശുവിന്‍റെ ജനനം, ജനിച്ച സാഹചര്യം, വളര്‍ച്ചയുടെ പടവുകള്‍, പരസ്യ ശുശ്രൂഷയുടെ ശൈലി, നേരിട്ട മരണം ഇവയെല്ലാം നിലനിന്നിരുന്ന സംസ്കാരത്തിന്‍റെ തിരുത്തലായിരുന്നു. ജനമധ്യത്തില്‍, ജനത്തോടൊപ്പം അവരുടെ വിമോചനത്തിന്‍റെ തേരാളിയായി, പ്രതിസന്ധിയിലെ പങ്കാളിയായി, നീതിയുടെ ശബ്ദമായി, തെറ്റുകള്‍ക്കെതിരെ ന്യായാധിപനായി, സ്വപ്നങ്ങള്‍ക്കു സാക്ഷാത്കാരമായി പ്രത്യാശയുടെ പാതയില്‍ ഈജിപ്തില്‍നിന്നുള്ള യാത്രയില്‍ സഞ്ചരിച്ചിരുന്ന ദൈവം, പക്ഷേ രാജകീയഭരണത്തിന്‍റെ നാളുകളൊന്നില്‍ രാജാവിന്‍റെ സംരക്ഷണയില്‍ മലയുടെ മുകളില്‍ അന്ധകാരംനിറഞ്ഞ അതിവിശുദ്ധമെന്നു വിശേഷിപ്പിക്കപ്പെട്ടിടത്തേയ്ക്ക് തള്ളപ്പെട്ടു. ഭൂമിയുടെ മുഴുവന്‍ സ്രഷ്ടാവായിരിക്കുമ്പോഴും മണ്ണും മണ്ണിലെ മരവും അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന ഇരുട്ടറയില്‍ തടവില്‍ കഴിയേണ്ടവനാണ് എന്ന മാര്‍ഗ്ഗഭ്രംശത്തെ ദൈവത്തിനു നേരിടേണ്ടിവന്നു. രാജകീയ ഭരണം അന്യംനിന്നപ്പോള്‍ ദൈവത്തിന്‍റെയും ദൈവജനത്തിന്‍റെയും സംരക്ഷണത്തിന്‍റെ പിന്‍തുടര്‍ച്ച ഏറ്റെടുത്ത പുരോഹിതവൃന്ദം മനുഷ്യരുമായി ഇടപെടാന്‍ ദൈവത്തിനും ദൈവത്തോടിടപെടാന്‍ മനുഷ്യര്‍ക്കും കരം നിശ്ചയിച്ച് ചീട്ടുകുറിക്കാന്‍ തുടങ്ങി.
സമൂഹത്തിന്‍റെ അധികാരിവര്‍ഗ്ഗം അടിച്ചേല്പിച്ച അടിമത്തത്തില്‍നിന്നും ദൈവം സ്വയംവിമോചിതനായി മനുഷ്യനെയും തന്നെത്തന്നെയും അഭേദ്യമായി സംയോജിപ്പിച്ച് നടത്തിയ വിപ്ലവകരമായ തിരുത്തലായിരുന്നു ബെത്ലഹേമില്‍ നടന്നത്. ഇതു തിരിച്ചറിഞ്ഞ ആദിമസഭ, ആടുകള്‍ വിശ്രമിക്കുന്ന ഗുഹയില്‍ ജനിച്ചവനെ ദൈവം നമ്മോടുകൂടെ എന്ന അര്‍ത്ഥത്തില്‍, 'ഇമ്മാനുവേല്‍' എന്നു വിളിച്ചു. ദൈവമോ, തന്നെ ചരിത്രത്തില്‍ ആദ്യമായി അടിമയാക്കിയ ദാവീദിന്‍റെ സ്വന്തം പട്ടണംതന്നെയാണ് ഇതിനായി തെരഞ്ഞെടുത്തത്. പക്ഷേ പലരും പ്രതീക്ഷിച്ചതുപോലെ ദേവാലയത്തിലോ രാജകൊട്ടാരത്തിലോ ആയിരുന്നില്ല അത് എന്നുമാത്രം. അക്കാലത്തെയും, എക്കാലത്തെയും വിമോചിതനാകേണ്ട മനുഷ്യന്‍ ജനിക്കുന്ന പ്രാകൃതവും അധഃകൃതവുമായ സാഹചര്യത്തിലാണ് അവന്‍ ജനിച്ചത്. അവിടെയും ദൈവം തന്‍റെ നിലപാട് വ്യക്തമാക്കി. ജനത്തില്‍ ഒരുവനായി, ജനത്തിന്‍റെ മധ്യത്തില്‍ ജനിക്കാനാണ് തന്‍റെ താത്പര്യം എന്നവന്‍ പ്രഖ്യാപിച്ചു. ഇടയനായിരുന്ന ദാവീദ് രാജാവായപ്പോള്‍ ഇടയത്തം മറന്ന് കയ്യേറ്റക്കാരനായി എങ്കില്‍, യഥാര്‍ത്ഥ രാജാവായ ദൈവം ദാവീദിന്‍റെ കുലത്തില്‍ ആടുകളുടെ മദ്ധ്യത്തിലും അവര്‍ പാര്‍ക്കുന്ന ഗുഹയിലുമാണ് ജനിച്ചത്. അവനെ സന്ദര്‍ശിക്കാന്‍ ആദ്യം വന്നതും ആടുകളുടെ ഇടയന്മാര്‍ തന്നെ ആയിരുന്നു. യേശുവിലൂടെ സംഭവിക്കാനിരിക്കുന്ന സുദീര്‍ഘമായ തിരുത്തലിന്‍റെ ചരിത്രം അവിടെ ആരംഭിക്കുകയായിരുന്നു ദൈവം. തുടര്‍ന്നുള്ള ജീവിതവും ആ പ്രഖ്യാപനത്തിന്‍റെ മാറ്റൊലിതന്നെ ആയിരുന്നു. ഇത് തന്‍റെ ജീവിതാന്ത്യംവരെ നിലനിന്ന ചരിത്രമാക്കാന്‍ യേശുവിനു സാധിച്ചു. അതുകൊണ്ടാണവന്‍ പറഞ്ഞത് "ഞാന്‍ എന്‍റെ പിതാവിന്‍റെ ഇഷ്ടം നിര്‍വ്വഹിക്കാന്‍ വന്നിരിക്കുന്നു" (യോഹന്നാന്‍ 5:30) എന്ന്. കാലഗതിയില്‍ മനുഷ്യമധ്യത്തില്‍ നഷ്ടപ്പെട്ടുപോയ ദൈവത്തിന്‍റെ ഇഷ്ടം ഇന്ന് അവന്‍റെ അപ്പസ്തോലന്മാര്‍, കാര്യവിചാരകന്മാര്‍ എന്നൊക്കെ അവകാശപ്പെടുന്നവരുടെ ജനനങ്ങളിലൂടെ, ജീവിതത്തിലൂടെ, ജീവിതാന്ത്യങ്ങളിലൂടെ തുടരേണ്ട ചരിത്രമാണ്. പക്ഷേ നാമെന്താണിന്ന് കാണുന്നത്? പുല്‍ക്കൂട്ടിലും ആടുകളുടെ വിശ്രമകേന്ദ്രത്തിലും ആരംഭിച്ച ആ ചരിത്രത്തെ എവിടെയൊ ഉപേക്ഷിച്ച് ദാവീദിന്‍റെ കയ്യേറ്റസംസ്കാരത്തെ പുനര്‍ജ്ജീവിപ്പിക്കുന്നു നാം.
ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍ പറഞ്ഞതുപോലെ, "ജനമദ്ധ്യത്തില്‍ ജനത്തിലൊരുവനായി ജനിച്ചവനെ നാം ജനത്തില്‍നിന്നകറ്റി, അള്‍ത്താരയില്‍ പൗരോഹിത്യനേതൃത്വത്തിന്‍റെ കാവലില്‍ കുടിയിരുത്തി, അവനെ അവനല്ലാതാക്കിയിരിക്കുന്നു." എന്നാല്‍ അവന്‍ ദളിതനായി, സ്ത്രീയായി, ശിശുവായി, തൊഴിലാളിയായി, ഋണബാധിതനായി, തെരുവുജീവിയായി ഒക്കെ നമ്മുടെ മുന്‍പില്‍ ഇന്നും ജനിക്കുന്നു, ജീവിക്കുന്നു (മത്തായി 25:31 മതുല്‍ 46 വരെയുള്ള വേദഭാഗം ഒന്നുകൂടെ വായിക്കുന്നത് നല്ലതാണ്). നാമാരും അവിടെ അന്വേഷിച്ചു പോകുന്നില്ല, ആരേയും അവിടേക്കു നയിക്കുന്നുമില്ല. ലാളിത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഊഷ്മളതയില്‍ അല്ല, ധാരാളിത്തത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും മണിമന്ദിരങ്ങളിലാണ് മനുഷ്യപുത്രനുള്ളത് എന്നു നാം ഘോഷിക്കുന്നു. അതുകൊണ്ട് പുല്‍ക്കൂട്ടില്‍ ജനിക്കുന്നവരെ സന്ദര്‍ശിക്കാന്‍ 'ഇടയന്മാര്‍' വരുന്നില്ല, ജ്ഞാനികളും അങ്ങോട്ടെത്തി നോക്കുന്നില്ല. അവര്‍ നക്ഷത്രത്തെയല്ല കാണുന്നത്, നക്ഷത്രങ്ങളുടെ ദിശയെ തെറ്റിദ്ധരിപ്പിക്കുന്നവരുടെ സൂചനകളെയാണ്.
പുല്‍ക്കൂട്ടില്‍ ജനിക്കുന്നവര്‍ അങ്ങനെ അറിയപ്പെടാത്തവരും ആദരിക്കപ്പെടാത്തവരുമായി അവശേഷിക്കുന്നു. അവരെ കൊല്ലാന്‍ കാത്തിരിക്കുന്ന അധികാരികള്‍ക്ക് അവര്‍ ഇരകളായി തീരുന്നു. 2005 ഓഗസ്റ്റ് 28-ാം തീയതി അമേരിക്കയിലെ ലൂസിയാന, മിസിസിപ്പി സംസ്ഥാനങ്ങളുടെ കടലോരത്ത് ആഞ്ഞടിച്ച കത്രീന കൊടുംകാറ്റിലും തല്‍ഫലമായുണ്ടായ വെള്ളപ്പൊക്കത്തിലും ഇത്തരം ആയിരക്കണക്കിന് പുല്‍ക്കൂട് ജാതരാണ് ഒലിച്ചുപോയത,് അധികാരികളുടെ നിഷ്ക്രിയത്വം കൊണ്ട്. അവിടെ പാര്‍ത്തിരുന്നവരില്‍ ഭൂരിപക്ഷവും കറുത്തവര്‍ഗ്ഗക്കാരും പാവപ്പെട്ടവരും ആയിരുന്നു പോലും. ഭോപ്പാലിന്‍റെ തെരുവില്‍ ജീവിച്ചിരുന്നവര്‍ പുഴുക്കളെപ്പോലെ 1984 ഡിസംബറില്‍ മരിച്ചുവീണതിന് കാല്‍നൂറ്റാണ്ടിനുശേഷം പരിഹാരം നിര്‍ദ്ദേശിച്ച ഭാരതത്തിന്‍റെ നീതിന്യായവ്യവസ്ഥയുടെയും അധികാരികളുടെയും കണ്ണില്ലായ്മ കണ്ടുമറന്നിട്ടില്ല നാം ഇനിയും. രണ്ടായിരത്തിനാലിന്‍റെ അവസാനദിനം കേരളത്തിന്‍റെ പടിഞ്ഞാറന്‍ തീരത്ത് ആഞ്ഞടിച്ച തിരമാലഭീമന്മാര്‍ കൊന്നൊടുക്കിയവരുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ടവര്‍ക്കും കിട്ടേണ്ട ധനസഹായം ഇന്നും പൂര്‍ണ്ണമായി ലഭിച്ചിട്ടില്ല എന്നു പറയപ്പെടുന്നു. മനുഷ്യനും മനുഷ്യന്‍റെ സുരക്ഷിതത്വത്തിനും എന്ന പേരിലും, രാജ്യങ്ങള്‍ക്കും രാജ്യങ്ങളുടെ അതിര്‍ത്തി സംരക്ഷണത്തിനും എന്ന ലേബലിലും നടത്തിയതും നടത്തുന്നതുമായ യുദ്ധങ്ങളില്‍ പൊലിയുന്ന മനുഷ്യമക്കളുടെ ജീവന് എന്തു വിലയാണു നാം കല്പിക്കുന്നത്? സമൂഹങ്ങള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള ശത്രുതയില്‍ ജീവിതം നഷ്ടമാകുന്ന മനുഷ്യജന്മങ്ങളുടെ കണക്ക് ആരെടുക്കാറുണ്ട്? എല്ലാം ഏതാനും ദിവസംമാത്രം മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുകയും, പുതിയ കഥകള്‍ വരുമ്പോള്‍ വിസ്മൃതിയിലാവുകയും ചെയ്യുന്ന പുല്‍ക്കൂട്ടില്‍ പിറന്ന മനുഷ്യന്‍റെ കഥകള്‍. പുല്‍ക്കൂട്ടില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പാരംഭിച്ച ദൈന്യാവസ്ഥ ഇന്നും തുടരുന്നു. അതേസമയം സമൂഹത്തിന്‍റെ പുരോഗതിക്കും വികസനത്തിനും അധഃകൃതരുടെ ഉന്നതിക്കുംവേണ്ടി കരുതിവച്ചിരിക്കുന്ന വിഭവവും വിഹിതവും സ്വാധീനമുള്ളവര്‍ കവര്‍ന്നുതിന്നതിനുള്ള കേസുകള്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും എങ്ങുമെത്താതെ നിയമക്കുരുക്കില്‍പ്പെട്ട് നീളുകയും കുറ്റവാളികള്‍ മാന്യന്മാരായി തങ്ങളുടെ ചെയ്തികള്‍ നിര്‍വിഘ്നം തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.
പുല്‍ക്കൂട്ടില്‍ ജനിക്കുന്നവന്‍ ധൈര്യം സംഭരിച്ച് പ്രതിഷേധമുയര്‍ത്തിയാല്‍, പ്രവര്‍ത്തനനിരതനായാല്‍ കല്ലെറിയാനും ക്രൂശിക്കാനും തിരക്കുകൂട്ടുന്നവരുടെ ഇടയില്‍ നഗ്നനും ബലഹീനനുമായി അവനു നില്ക്കേണ്ടിവരുന്നു. അവനെ വെറുതെവിടണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാല്‍പ്പോലും ചാവികൊടുത്ത കളിപ്പാട്ടംപോലുള്ള അനുയായിവൃന്ദം നേതൃത്വത്തിന്‍റെ നിര്‍ദ്ദേശത്തില്‍ "അവനെ ക്രൂശിക്ക" എന്നലറിക്കൊണ്ടിരിക്കും. പക്ഷേ അപ്പോഴും 'ആ മനുഷ്യന്‍' മാനവരാശിയുടെയും അതിന്‍റെ സകല പ്രൗഢിയുടെയും മുന്‍പില്‍ ചോദ്യചിഹ്നമായി നില്ക്കും (ഐശായ 53:7). നഗ്നനായ അവന്‍ പക്ഷേ ശക്തനായിരിക്കും. അവന്‍ ഉയിര്‍ത്തെഴുന്നേല്ക്കും. അവന്‍റെ പ്രഭ കണ്ട് കാവല്ക്കാര്‍ പരിഭ്രമിക്കും. ഇതു നാം നമ്മുടെ തലമുറയില്‍ കണ്ടതാണ്; കേരളത്തിലെ വയലേലകളിലും തൊഴിലിടങ്ങളിലും ഇത് സംഭവിച്ചതാണ് .
ആദിമ സഭാപിതാക്കളുടെ ചിന്തയില്‍ 'ദൈവം മനുഷ്യനായത് മനുഷ്യനെ ദൈവത്തെപ്പോലെ ആക്കുവാന്‍' ആണ്. അതിന് പുല്‍ക്കൂട്ടില്‍ ജനിച്ചവന്‍ ദൈവമാണ് എന്ന് അംഗീകരിക്കുന്നതുപോലെ പൂര്‍ണ്ണമനുഷ്യനാണ് എന്നും അംഗീകരിക്കണം. ഈ മനുഷ്യത്വം സര്‍വ്വലോക മനുഷ്യത്വത്തിന്‍റെ ആകെ തുകയും ശുദ്ധരൂപവുമാണ് എന്നും അംഗീകരിക്കേണ്ടതുണ്ട്. അപ്പോള്‍ ലാളിത്യത്തില്‍ ജനിച്ച്, തിരസ്കരണത്തിലും ഒറ്റപ്പെടലിലും കഷ്ടതയിലും വളര്‍ന്ന്, അനീതിയുടെ പീഡനത്തിനു വിധേയനായി, മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള ജീവിതത്തിലും മരണത്തിലും അവസാനിക്കുന്നതാണ് ഈ മനുഷ്യത്വത്തിന്‍റെ സ്വാഭാവിക ജീവിതചക്രപൂര്‍ണ്ണത എന്നും ഉള്‍ക്കൊള്ളേണ്ടതുണ്ട്. വ്യക്തിപരമായ രക്ഷയും ഭൗതികനേട്ടങ്ങളും അന്വേഷിക്കുന്നവര്‍ക്ക് ഈ മനുഷ്യത്വത്തില്‍ പങ്കുചേരാന്‍ ബുദ്ധിമുട്ടാകും. ഇന്ന് ജീവിതത്തെ ഉന്മാദപരവും ആഘോഷവും ആക്കാനാണു മനുഷ്യന്‍ ശ്രമിക്കുന്നത്. അതിനുള്ള വിഭവം കണ്ടെത്തുന്നതു പുല്‍ക്കൂട്ടില്‍ ജനിക്കുന്നവരുടെ, 'ആ മനുഷ്യരുടെ', ജീവിതസ്വപ്നങ്ങളുടെ ചെലവിലുമാണ്. എങ്കിലും നാം കൊട്ടിഘോഷത്തോടെ, പൂത്തിരികളോടെ 'ആ മനുഷ്യനെ'യും അവന്‍റെ അധഃകൃതാവസ്ഥയെയും മറന്ന് ജനനദിനം ആചരിക്കുന്നു. "ഇതാ ആ മനുഷ്യന്‍": ഒരു നിമി ഷത്തേക്കെങ്കിലും പുല്‍ക്കൂട്ടിലേക്കൊന്നു തിരിഞ്ഞുനോക്കുമോ, അവന്‍റെ ജീവിതത്തിലും നിയോഗത്തിലും പങ്കുചേരുമോ? ക്രൈസ്തവ ലോകം നേരിടുന്ന പ്രസക്തമായ വെല്ലുവിളിയാണിത്.