"സര്‍വ്വം ജാനാതി, സര്‍വ്വം വര്‍ണ്ണയതി, സര്‍വ്വതഃ സര്‍വ്വം ഗച്ഛതി" പൗരസ്ത്യ കാവ്യദര്‍ശനത്തില്‍ കവി ശബ്ദത്തിന്‍റെ അര്‍ത്ഥനിഷ്പത്തി ഇങ്ങനെയാണ്. സര്‍വ്വവും അറിയുന്നവനും സര്‍വ്വവും വര്‍ണ്ണിക്കുന്നവനും സകല ഇടങ്ങളിലും വ്യാപരിക്കുന്ന ഭാവനയാല്‍ സമ്പുഷ്ടമായ മനസ്സോടു കൂടിയവനും ആണു കവി. പാശ്ചാത്യ കാവ്യശാസ്ത്രത്തിലും പ്രവചന വരമുള്ളവനായാണ് കവിയെ കല്പിച്ചിരിക്കുന്നത്. കവി എന്ന വാക്ക് ഇവിടെ പ്രയോഗിച്ചിരിക്കുന്നത് കവിത രചിക്കുന്നയാള്‍ എന്ന നിഷ്കൃഷ്ട അര്‍ത്ഥത്തിലല്ല, എഴുത്തുകാരന്‍ എന്ന സാമാന്യ അര്‍ത്ഥത്തിലാണ്. തന്‍റെ കണ്‍മുന്നിലുള്ള യാഥാര്‍ത്ഥ്യങ്ങളെ യഥാതഥമായി അവതരിപ്പിക്കുവാന്‍ ശരാശരി പ്രതിഭയുള്ള രചയിതാവിനു സാധിക്കും. എന്നാല്‍ ത്രൈലോക്യ ജ്ഞാനിയും നിര്‍മ്മാണ കുശലനുമായ ക്രാന്തദര്‍ശിക്കു മാത്രമേ വരാനിരിക്കുന്ന തമോമയമായൊരു കാലം കണ്ടറിഞ്ഞ് ചരിത്രത്തിന്‍റെ ഭീഷണമായ പരിണതികള്‍ വാക്കുകളില്‍ ആവാഹിച്ചെടുക്കുവാന്‍ സാധിക്കുകയുള്ളൂ. അത്തരത്തിലുള്ള കവിമനീഷിക്കുടമയായിരുന്നു ഫ്രാന്‍സ് കഫ്ക. നാസി ഭീകരതയുടെ, വംശഹത്യയുടെ ചോരക്കറകള്‍ കാലേക്കൂട്ടി വായിച്ചെടുത്തു കഫ്ക. യഹൂദവിരോധം എന്ന യൂറോപ്യന്‍ പ്രതിഭാസത്തിന് പ്രതീകാത്മകവും വിഭ്രമജനകവുമായ ഭാഷ്യം ചമച്ചു അദ്ദേഹം. ക്രിസ്തു ഒരു യഹൂദനായിരുന്നു എന്നതും, രക്ഷ ചിലര്‍ക്കു മാത്രമായി സംവരണം ചെയ്യുകയല്ല, യഹൂദരും വിജാതീയരുമായ എല്ലാവര്‍ക്കുമായി വാഗ്ദാനം ചെയ്യുകയാണ് യേശു ചെയ്തതെന്നും, പാശ്ചാത്യ ക്രിസ്ത്യാനി മറന്നുപോയിരുന്നു. "നന്മ പ്രവര്‍ത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, മഹത്വവും ബഹുമാനവും സമാധാനവും ഉണ്ടാകും. എന്തെന്നാല്‍ ദൈവസന്നിധിയില്‍ മുഖം നോട്ടമില്ല" (റോമ 2: 11-12) എന്ന സാര്‍വ്വത്രിക സമത്വത്തിന്‍റെ രക്ഷാകരപാഠമാണല്ലോ വേദപുസ്തകം നല്‍കുന്നത്. പ്രവൃത്തി ഇതിനു നേര്‍വിപരീതമാകുമ്പോഴാണ് ലോകം ശവപ്പറമ്പായി മാറുന്നത്. അസ്തിത്വവാദവും അസംബന്ധ സാഹിത്യവും പഠിപ്പിച്ചു തന്ന ഗുരുശ്രേഷ്ഠന്‍ അവയെ വ്യാഖ്യാനിച്ചു തന്നതിങ്ങനെയാണ്: "സ്നേഹത്തിന്‍റെ ഗാഥ രചിച്ച ക്രിസ്തുമതം പടര്‍ന്നു പന്തലിച്ച യൂറോപ്യന്‍ മണ്ണില്‍ നിന്നാണ് രണ്ടു ലോകമഹായുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതെന്നും ഹിറ്റ്ലറെ അപലപിക്കാനുള്ള ആര്‍ജ്ജവം ക്രിസ്തുമതത്തിനുണ്ടായില്ലെന്നും ഓര്‍ത്താല്‍ ഇരുപതാം നൂറ്റാണ്ടിലെ ചോരപ്പാടു വീണ, വ്യര്‍ത്ഥതാബോധം നിഴല്‍ പരത്തിയ, സാഹിത്യം എന്തുകൊണ്ടു ജനിച്ചു എന്ന് എളുപ്പത്തില്‍ മനസ്സിലാകും."
ഈയൊരു സാഹചര്യം പശ്ചാത്തലമാക്കിയാണ് 1924-ല്‍ തന്‍റെ 41-ാം വയസ്സില്‍ ക്ഷയരോഗത്തിനടിപ്പെട്ട് മൃത്യുവിന്‍റെ ലോകത്തേയ്ക്കു കടന്നുപോയ ഫ്രാന്‍സ് കഫ്കയുടെ രചനകളെ നാമിവിടെ പരിചയപ്പെടുന്നത്. കഫ്കയുടെ കഥകളെ വെറും കഥകളായി മുഖവിലയ്ക്കെടുക്കാന്‍ കഴിയാത്തതാണ് അവയുടെ വായന ഒരു വേദനയും പീഡാനുഭവവും ഒക്കെയായി മാറാന്‍ കാരണം. എല്ലാ ആഖ്യാനങ്ങള്‍ക്കും അനിവാര്യമായ അന്ത്യം-മൃത്യു- കഫ്കയുടെയും കഫ്ക ദീര്‍ഘദര്‍ശനം ചെയ്ത യഹൂദജനതയുടെയും മോചനത്തിനുള്ള ഏക ഉപാധിയായി മാറുന്നതു നാം കാണുന്നു. ദൗരന്തിക ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കുള്ള ഏകഭേഷജം മരണം തന്നെയെന്നു നമുക്കു ബോധ്യമാകുന്നു. മതം, രാഷ്ട്രം, സമൂഹം, അധികാരം തുടങ്ങിയവയെല്ലാം വിശ്വസിക്കാന്‍ കൊള്ളാത്തവയായി, മിക്കപ്പോഴും പീഡനയന്ത്രങ്ങളായിത്തന്നെ പരിണമിക്കുന്നു. ഇതെല്ലാം ഇതേപടി വിട്ടുംവച്ച് എവിടെയോ പതിയിരിക്കുന്ന ദൈവത്തെ സര്‍ഗ്ഗപ്രതിഭ സംശയിച്ചു തുടങ്ങുന്നു. ഇനി അങ്ങനെ പതിയിരിക്കാനായെങ്കിലും ആരെങ്കിലും ഉണ്ടോ എന്ന് ആശങ്കപ്പെട്ടു പോകുക കൂടി ചെയ്യുന്നു. അസ്തിത്വവാദത്തില്‍ മുഴങ്ങിക്കേട്ട കറുത്ത ഹാസ്യം കഫ്കയുടെ രചനകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്: ദൈവം ഉണ്ടോ ഇല്ലയോ എന്നതു പ്രസക്തമല്ല. ഉണ്ടെങ്കില്‍ നല്ലത്. ഇല്ലെങ്കില്‍ താന്‍ ഇല്ല എന്നത് ദൈവത്തിന് അറിയമോ ആവോ!
കഥകള്‍ എന്ന നിലയില്‍ സുഗ്രാഹ്യമാണ് കഫ്കയുടെ രചനകള്‍. പ്രമേയത്തിലും രൂപഘടനയിലും തികച്ചും ലളിതം. ഒരു കൊച്ചുകുട്ടിക്കുപോലും അവ മനസ്സിലാകും. പക്ഷേ പ്രത്യക്ഷത്തില്‍ സുതാര്യമായ ആ ഭാഷാ കവചത്തിനുള്ളില്‍ കവി തന്‍റെ ദര്‍ശനം അനാവരണം ചെയ്തിട്ടുണ്ട്, അഥവാ നിഗൂഹനം ചെയ്തിട്ടുണ്ട്. "വിധിന്യായം" എന്ന കഥയില്‍, തന്‍റെ അച്ഛന്‍റെ സ്ഥാനം കൈയടക്കി കുടുംബസ്വത്തുക്കളുടെ നാഥനാകാന്‍ ശ്രമിച്ച് അവസാനം അച്ഛനാല്‍ ശപിക്കപ്പെട്ട് സ്വയം മുങ്ങിമരിക്കുന്ന ജോര്‍ജിനെ നാം കാണുന്നു. മരിക്കുന്നതിനുമുമ്പ് അയാള്‍ നിലവിളിക്കുന്നതിങ്ങനെയാണ്: "പ്രിയ മാതാപിതാക്കളെ, ഞാനെപ്പോഴും നിങ്ങളെ സ്നേഹിച്ചിരുന്നു!" എഡ്ഗര്‍ അലന്‍ പോയുടെ കഥകളെ അനുസ്മരിപ്പിക്കുംവിധം ഭീതിയുടെ ഒരന്തരീക്ഷമാണ് "ശിക്ഷാസംഘാതം" എന്ന കഥയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അഹങ്കാരിയും ഉന്മാദിയുമായ ഒരു സൈനിക ഉദ്യോഗസ്ഥന്‍ അതീവ സൂക്ഷ്മതയോടും കുശലതയോടും കൂടെ തികച്ചും സങ്കീര്‍ണ്ണമായ ഒരു യന്ത്രം സൃഷ്ടിച്ചെടുക്കുന്നു. ബന്ധിതനായ കുറ്റവാളിയുടെ തെറ്റിന്‍റെ ഗൗരവത്തിനാനുപാതികമായി ഈ യന്ത്രം അയാളുടെ ശരീരത്തില്‍ നിന്നും കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ മാംസം തുരന്നെടുക്കുന്നു. ദുഷിച്ച ഒരു ആകര്‍ഷണം പേറുന്ന ഈ യന്ത്രം കാണുവാന്‍, അതിന്‍റെ പ്രവര്‍ത്തനം കണ്ടാസ്വദിക്കുവാന്‍, എല്ലാവര്‍ക്കും അവസരം കിട്ടാനാകാത്തവിധം ദൃഷ്ടാക്കളുടെ തിരക്കേറുന്നു. വിജ്ഞാനിയായ ആ മേലുദ്യോഗസ്ഥന്‍ അവസാനം കല്പന പുറപ്പെടുവിക്കുന്നു: "കുട്ടികള്‍ക്കു മുന്‍ഗണന!" രോഗഗ്രസ്തമായ യൂറോപ്യന്‍ സമൂഹത്തിന്‍റെ നേര്‍പരിച്ഛേദനങ്ങളാണീ കഥകള്‍. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ എഴുതപ്പെട്ടവയെങ്കിലും വരാനിരിക്കുന്ന കൊടും ഭീകരതകളും പാതകങ്ങളും ദീര്‍ഘദര്‍ശനം ചെയ്യുന്നുണ്ടിവ. ഫ്രഞ്ചു വിപ്ലവകാലത്തെ 'വിനോദോപാധി' യായിരുന്ന ഗില്ലറ്റിന്‍ എന്ന ഘാതകയന്ത്രം ഹിറ്റ്ലറുടെ നാസി ശാസ്ത്രജ്ഞരുടെ കൈയില്‍ കൂടുതല്‍ 'രസകരമായ യന്ത്ര'മായി മാറിയത് ചരിത്രം. ക്ലോക്കിന്‍റെ ചെറിയസൂചിയുടെ ഒരുവശം ബ്ലെയ്ഡാക്കി വധിക്കപ്പെടുന്നയാളുടെ തല ക്ലോക്കിന്‍റെ ഡയലിന്‍റെ മുന്‍വശത്തും ഉടല്‍ പിന്‍വശത്തുമായി ഉറപ്പിച്ച് മണിക്കൂറുകള്‍കൊണ്ട് തലയറ്റു നിലത്തു വീഴുന്നത് പരശതം ജര്‍മ്മന്‍കാര്‍ കണ്ടാസ്വദിച്ചു! അധീശത്വവും വിധേയത്വവും തമ്മിലുള്ള നിതാന്ത സംഘര്‍ഷത്തിന്‍റെ അടയാളപ്പെടുത്തലുകളായി കഫ്കയുടെ ആഖ്യാനങ്ങള്‍ മാറുന്നത് കാലത്തിനപ്പുറത്തേയ്ക്കുള്ള ഇത്തരം സഞ്ചാരങ്ങളിലൂടെയാണ്.
1915-ലാണ് "രൂപാന്തരം" രചിക്കപ്പെടുന്നത്. അപ്പോഴേക്കും ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടു കഴിഞ്ഞിരുന്നു. ഗ്രിഗര്‍ സാംസ എന്ന വര്‍ത്തക സഞ്ചാരിയുടെ കഥയാണിത്. ഒരു രാത്രി പൊടുന്നനെ അയാളൊരു വമ്പന്‍ കീടമായി രൂപാന്തരപ്പെടുന്നു. ഗ്രിഗര്‍ ഒരു കഠിനാദ്ധ്വാനിയായിരുന്നു. മാതാപിതാക്കളുടെയും സഹോദരിയുടെയും മുഖ്യസംരക്ഷകന്‍ അയാളായിരുന്നു. പക്ഷേ കുടുംബത്തിന്‍റെ തലവനും അധികാരിയുമാകാന്‍ അയാള്‍ ഗൂഢമായി അഭിലഷിച്ചിരുന്നു. രൂപമാറ്റത്തിനുശേഷം അയാളുടെ വേദനയ്ക്കു മൂര്‍ച്ചയേറ്റുന്നത് വിടാതെ അവശേഷിച്ച മനുഷ്യമനസ്സും വികാരങ്ങളും സ്മൃതികളുമാണ്. കടുത്ത പുറന്തോടിനുള്ളില്‍ കിടന്ന് കൈകാലുകള്‍ ജ്വരബാധിതനെപ്പോലെ ഇളക്കിക്കൊണ്ട് തന്‍റെ പൂര്‍വ്വജീവിതത്തിന്‍റെ വൈരസ്യവും വര്‍ത്തമാനകാലാവസ്ഥയുടെ അവമതിയും അയാള്‍ അയവിറക്കുന്നു. ഈ വൃത്തികെട്ട കീടം തങ്ങളുടെ മകന്‍റെ സ്വരത്തില്‍ സംസാരിക്കുന്നത് അയാളുടെ മാതാപിതാക്കള്‍ക്ക് മനംപിരട്ടലുണ്ടാകുന്നു. അവരവനെ ഒരു മുറിയിലടച്ചു പൂട്ടുന്നു; പിന്നീടൊരിക്കലും തിരിഞ്ഞുനോക്കുന്നു കൂടിയില്ല. അയാളുടെ സഹോദരി ഗ്രീത്തയ്ക്കു മാത്രം അയാളോടല്പം അലിവുണ്ട്. അവള്‍ നിത്യവും അയാള്‍ക്കു ഭക്ഷണം കൊണ്ടുകൊടുക്കുന്നു, മുറി വൃത്തിയാക്കുന്നു, കസേര ജനാലയ്ക്കരികിലേക്കു നീക്കിയിട്ടു കൊടുക്കുന്നു. അങ്ങനെ പണ്ടു ചെയ്തിരുന്നതുപോലെ വെളിയിലൂടെ കടന്നുപോകുന്നവരെ നോക്കിയിരിക്കാന്‍ അയാള്‍ക്ക് അവസരം ലഭിക്കുന്നു. പക്ഷേ അയാളെ കാണുന്നത് അവള്‍ക്ക് അസഹീനമായിരുന്നു. അയാളുടെ ഗന്ധം അതിലേറെ അരോചകവും. ഇതു മനസ്സിലാക്കിയ ഗ്രിഗര്‍ അവള്‍ വരുമ്പോള്‍ സോഫയ്ക്കിടയിലേക്ക് ഇഴഞ്ഞു കയറി ഇരിക്കുന്നു. കുടുംബം പോറ്റാന്‍ അമ്മ വീട്ടില്‍ അതിഥികളെ പാര്‍പ്പിക്കുന്നു. ജോലിയില്‍ നിന്നും പിരിഞ്ഞ് വിശ്രമിച്ചിരുന്ന അച്ഛന്‍ മനസ്സില്ലാമനസ്സോടെ ജോലിക്കു പോയിത്തുടങ്ങുന്നു. ഗ്രീത്തയും ഒരു ജോലി സ്വീകരിക്കാന്‍ നിര്‍ബന്ധിതയാവുന്നു. ജോലി കഴിഞ്ഞ് വൈകി തളര്‍ന്നെത്തുന്ന അവള്‍ സഹോദരനു ഭക്ഷണം നല്‍കുന്നതും അയാളുടെ മുറി വൃത്തിയാക്കുന്നതുമൊക്കെ മെല്ലെ അവഗണിക്കുന്നു. ഗ്രിഗര്‍ ക്ഷീണിച്ച് അവശനായിത്തീരുന്നു. ഒരിക്കല്‍ അശ്രദ്ധമായി തുറന്നുകിടന്ന വാതിലിലൂടെ അയാള്‍ പുറത്തിറങ്ങുന്നു. പേടിച്ചരണ്ട അതിഥികള്‍ സ്ഥലംവിടുന്നു. അച്ഛന്‍ അയാള്‍ക്കു നേരെ കുറെ ആപ്പിളുകള്‍ വലിച്ചെറിയുന്നു. അതിലൊന്ന് അയാളെ മുടന്തനാക്കുന്നു. ആ വേദനയെക്കാള്‍ പതിന്മടങ്ങ് വേദന അയാള്‍ അനുഭവിക്കുന്നത്, "നമുക്കിവനെ ഒഴിവാക്കിയേ പറ്റൂ" എന്ന് തന്‍റെ സഹോദരി പറയുന്നതു കേള്‍ക്കുമ്പോഴാണ്. ജീവിക്കാനുള്ള ഇച്ഛയെല്ലാം പൊയ്പ്പോയ അയാള്‍ ഭക്ഷണം ഉപേക്ഷിക്കുന്നു. തനിക്ക് ഒരു കാല്‍ ചലിപ്പിക്കാനേ സാധിക്കുന്നില്ലെന്ന് അയാള്‍ ഞെട്ടലോടെ മനസ്സിലാക്കുന്നു. മരണത്തിന്‍റെ തണുപ്പ് ശരീരത്തിലൂടെ അരിച്ചരിച്ചു കയറുന്നത് അയാള്‍ അറിയുന്നു. തല തറയിലമരുന്നു. നാസാരന്ധ്രങ്ങളിലൂടെ പ്രാണന്‍റെ അവസാന ഉച്ഛ്വാസം പുറത്തുപോകുന്നു. ഒരു തൂപ്പുകാരി അയാളുടെ ജഡം ചവറ്റുകൂനയിലേക്കു വലിച്ചെറിയുന്നു. "ദൈവത്തിനു നന്ദി," അയാളുടെ അച്ഛന്‍ പറയുന്നു. സമൂഹമെന്ന പ്രസ്ഥാനത്തിനു മുന്നില്‍ നിരാലംബനും നിസ്സഹായനുമായി തകര്‍ന്നടിയുന്ന വ്യക്തിയുടെ ദൈന്യമാണ് ഇവിടെ ഇതിവൃത്തം. മതമോ രാഷ്ട്രമോ ഒന്നും ഇവിടെ തുണയ്ക്കെത്തുന്നില്ല. രൂപം കൊണ്ടോ സ്വഭാവം കൊണ്ടോ ആശയഗതികൊണ്ടോ പ്രവര്‍ത്തനരീതികൊണ്ടോ പൊതുധാരയില്‍ നിന്നും വ്യതിരിക്തരാകുന്നവര്‍ക്ക് സമൂഹം കല്പ്പിക്കുന്ന ഭ്രഷ്ടും ശിക്ഷയും ചരിത്രത്തിന്‍റെ ഏടുകളിലെമ്പാടും ആലേഖനം ചെയ്യപ്പെട്ടു കിടക്കുന്നുണ്ട്.
"കുറ്റവിചാരണ" പറയുന്നത് ഒരു ബാങ്കുദ്യോഗസ്ഥന്‍റെ കഥയാണ്. ജോസഫ് കെ. ഒരുനാള്‍ ഒരു വിചാരണക്കോടതിക്കു മുന്നിലേക്കു വിളിക്കപ്പെടുകയാണ്. എന്താണയാള്‍ ചെയ്ത കുറ്റം? അത് വെളിപ്പെടുത്തപ്പെടുന്നില്ല. തന്‍റെ തെറ്റെന്തെന്ന ചോദ്യത്തിനുള്ള മറുപടി, ശിക്ഷ ഒഴിവാകാനുള്ള ഉത്തമമാര്‍ഗ്ഗം കുറ്റം ഏറ്റുപറയുകയാണ് എന്നാണ.് തിരികെ തന്‍റെ വാസസ്ഥലത്തേക്കു പോകാന്‍ അയാള്‍ അനുവദിക്കപ്പെടുന്നു. വൈകാതെ അയാള്‍ വീണ്ടും വിളിക്കപ്പെടുന്നു. പഴയ ചോദ്യവും ഉത്തരവും ആവര്‍ത്തിക്കുന്നു. കുറ്റം ഏറ്റു പറയാനുള്ള ഉപദേശവും ലഭിക്കുന്നു. അയാളുടെ പരിചയക്കാരും സുഹൃത്തുക്കളുമെല്ലാം അയാളെ സംശയദൃഷ്ടിയോടെ നോക്കിത്തുടങ്ങുന്നു. അയാള്‍ കുറ്റക്കാരന്‍ തന്നെയെന്ന് എല്ലാവരും ഉള്ളില്‍ വിധിയെഴുതുന്നു. താന്‍ ചെയ്ത പാതകമെന്തെന്നറിയില്ലെങ്കിലും എന്തോ ഒരു വല്ലാത്ത കുറ്റബോധം അയാളും അനുഭവിച്ചുതുടങ്ങുന്നു. ഒരിക്കല്‍കൂടി വിചാരണയ്ക്കു വിളിക്കപ്പെടുന്ന അയാള്‍ കുറ്റവാളിയാണെന്ന് വിധി പ്രസ്താവിക്കപ്പെടുന്നു. അധികാരികള്‍ അയാളെ കുത്തി കൊലചെയ്യുന്നു. സ്റ്റാലിന്‍റെ ഭരണകാലത്ത് റഷ്യയില്‍ നടന്ന "ശുദ്ധീകരണ വിചാരണകളുടെ ഒരു റിപ്പോര്‍ട്ടുപോലെ ഇതു തോന്നിക്കുന്നു. പക്ഷേ ഇത് എഴുതപ്പെട്ടത് റഷ്യന്‍ വിപ്ലവത്തിനും മൂന്നു വര്‍ഷം മുമ്പാണ്; പ്രസിദ്ധീകരിച്ചതാകട്ടെ, സ്റ്റാലിന്‍ ഭരണമേറ്റ് ഒരു വര്‍ഷം മാത്രം കഴിയുന്ന കാലത്ത്, 1925 ലും.
"ദുര്‍ഗ്ഗം" കെ. എന്ന വ്യക്തിയുടെ കഥയാണ്. കാഴ്ചയുടെ പ്രൗഢി കൊണ്ടും അധികാരശക്തികൊണ്ടും ഒരു ഗ്രാമത്തിനുമേല്‍ ഉയര്‍ന്നു നില്ക്കുന്ന കുന്നിന്‍ചരിവിലെ കൊട്ടാരത്തില്‍ വസിക്കുന്ന ഒരു പ്രഭുവിന്‍റെ സ്വത്തുവിവരം ശേഖരിക്കാന്‍ നിയോഗിക്കപ്പെടുന്ന ആളാണ് കെ. പ്രഭുവിന്‍റെ പേര് പരാമര്‍ശിക്കപ്പെടുന്നില്ല. തന്‍റെ യോഗ്യതാപത്രങ്ങളെല്ലാം അവതരിപ്പിച്ച് പ്രഭുവിനെ കാണാന്‍ അനുമതി തേടുകയാണയാള്‍. പക്ഷേ വ്യക്തമായി പറയാത്ത കാരണങ്ങളാല്‍ അയാള്‍ക്ക് അനുമതി നിഷേധിക്കപ്പെടുന്നു. ഗ്രാമീണരുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ അയാളെ അകറ്റി നിര്‍ത്തി അയാള്‍ക്ക് ജീവിതം ദുസ്സഹമാക്കുന്നു. കഥാന്ത്യം വരെ അയാളിങ്ങനെ പ്രഭുവിനെ കാണാനുള്ള അനുമതിയ്ക്കായി യത്നിക്കുന്നു; നിരന്തരം പരാജയം ഏറ്റുവാങ്ങുകയും ചെയ്യുന്നു.
വിഭ്രമാത്മക ഭാവനയ്ക്ക് വാസ്തവികതയുടെ പ്രത്യക്ഷം നല്‍കുന്ന സുസൂക്ഷ്മ നിരീക്ഷണമാണീ കഥകളുടെ കാതല്‍. ഏറ്റവും അസംഭവ്യമായ സംഗതികള്‍ക്കുപോലും യാഥാര്‍ത്ഥ്യത്തിന്‍റെ നിറം കലര്‍ത്തുന്ന സുവ്യക്തവും കൃത്യതയാര്‍ന്നതും കാര്യമാത്ര പ്രസക്തവുമായ ആഖ്യാനശൈലിയാണിവയെ അനന്യമാക്കുന്നത്. കൂട്ടുകാരി മിലേന സെങ്കയോട് കഫ്ക പറഞ്ഞു: "കിടക്കയില്‍ നിദ്രയ്ക്കു പകരം എനിക്കു കിട്ടുന്നത് കിടിലന്‍ ആശയങ്ങളാണ്." കഫ്കയുടെ പല ദര്‍ശനങ്ങളും കണ്ണു തുറന്നു കാണുന്ന പേടിസ്വപ്നങ്ങള്‍ക്കു സമമാണ്. തന്‍റെ ഡയറിയില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു: " സ്വപ്നസമാനമായ ആന്തരിക ജീവിതം പകര്‍ത്താനുള്ള എന്‍റെ കഴിവ് ബാക്കി സകലതിനെയും പിന്തള്ളിക്കളഞ്ഞിരിക്കുന്നു." അവാസ്തവികതയ്ക്ക് യാഥാര്‍ത്ഥ്യത്തിന്‍റെ നേര്‍ഭാഷ്യം ചമയ്ക്കുവാന്‍ ഒരുപക്ഷേ ജോനാഥന്‍ സ്പിഫ്റ്റിനുശേഷം കഫ്കയോളം വിജയിച്ച മറ്റൊരു യൂറോപ്യന്‍ എഴുത്തുകാരന്‍ ഉണ്ടാവില്ല. ആത്മനിഷ്ഠസത്യങ്ങളെ ഇത്രയ്ക്കും മായികമായി വസ്തുനിഷ്ഠസത്യങ്ങളുടെ അവതാരങ്ങളാക്കിയ മറ്റൊരാളില്ല. വായനയുടെ ഏതോ ഘട്ടങ്ങളില്‍ എഴുത്തുകാരന്‍ ഭ്രാന്തിലേക്കു വഴുതിവീഴുകയല്ലേ എന്നു നാം സന്ദേഹിക്കും. എന്നാല്‍ ഒരു ഉന്മാദിക്ക് തികച്ചും അസാദ്ധ്യമായ സമചിത്തതയോടും പ്രശാന്തമായ ആത്മനിയന്ത്രണത്തോടും കൂടിയാണ് കഫ്ക പറഞ്ഞുപോകുന്നത്. മാര്‍സല്‍ പ്രൂസ്തിന്‍റെ നേര്‍വിപരീതമാണ് കഫ്ക. ഇവിടെ വികാരപ്രകടനം ലവലേശമില്ല. തന്‍റേതായ വ്യാഖ്യാനങ്ങളില്ലാതെയാണ് സ്വന്തം സ്വപ്നകല്പനകളെ കഫ്ക അവതരിപ്പിക്കുന്നത്. കുടിലതിന്മകള്‍ മര്‍ത്യജീവിതത്തിന്‍റെ അതിസാധാരണഘടകമാണെന്ന ഈ അവതരണത്തില്‍, ഈ അവതരണത്തിന്‍റെ ഉപരിതല പ്രശാന്തിയില്‍, അഹിതേച്ഛാപരമായ ഒരു വിരോധാഭാസമില്ലേ എന്നു നാം സംശയിച്ചുപോകുന്നു. ഒരുപക്ഷേ ഈ കഥകള്‍ ഒരു തരം ആത്മചിത്രവധമാകാം, അഥവാ ഒരു ആത്മ പവിത്രീകരണവുമാകാം. ആവിഷ്കാരത്തിലൂടെയുള്ള വികാര വിരേചനമാകാം കഫ്കക്ക് സാഹിത്യം. അതാവാം ഈ കഥകളുടെ കൊതിപ്പിക്കുന്ന അനിര്‍ണ്ണയനീയതയ്ക്കു നിദാനം. പ്രസാധകര്‍ നിരന്തരം നിര്‍ബ്ബന്ധിച്ചുകൊണ്ടിരുന്നിട്ടും കഫ്ക ഒരിക്കലും തന്‍റെ മൂന്നു നോവലുകളില്‍ ഒന്നുപോലും പൂര്‍ത്തീകരിച്ചില്ല. ഒരിക്കല്‍ സ്വയം വാക്കുകള്‍കൊണ്ടു പ്രക്ഷാളനം ചെയ്തു കഴിഞ്ഞാല്‍ പിന്നെ കഥകള്‍ കൊണ്ട് കഫ്കയ്ക്ക് ഉപയോഗമുണ്ടായിരുന്നില്ല. തന്നെയുമല്ല. ജീവിതം തന്നെ അങ്ങനെയാണല്ലോ, ജീവിതമൊഴികെ സകലതും പൂര്‍ത്തീകരിക്കാതെ വിട്ടുകൊണ്ട് കടന്നുപോവുകയല്ലേ അത്?
(തുടരും)