news-details
മറ്റുലേഖനങ്ങൾ

നാം എത്ര ദുഷ്ടരാണ്!

"ഇപ്പോള്‍ ചുറ്റുമുള്ള വീട്ടിലെല്ലാം വിചിത്ര ശിശുക്കളാണ്. തല വലുതാകുന്ന കുട്ടികള്‍... നാവ് വലുതാകുന്ന കുട്ടികള്‍... എനിക്കൊന്നും മനസ്സിലാകുന്നില്ല. ജടാധാരിയുടെ കോപമാണെന്ന് എല്ലാവരും സമാധാനിക്കുന്നു.  ഇല്ല, എനിക്കുറപ്പുണ്ട്, ഒരു ദൈവവും കുഞ്ഞുങ്ങളോട് ഇങ്ങനെ കോപിക്കില്ല... ഇങ്ങനെയൊരു സ്ഥലത്താണ്, നമ്മള്‍ കഴിഞ്ഞ അഞ്ചാറുകൊല്ലം ഒന്നുമറിയാതെ മരങ്ങള്‍ മാത്രം കണ്ട് മൃഗങ്ങളെപ്പോലെ ജീവിച്ചത്. ഹോ! നാം എത്ര ക്രൂരന്മാരാണ്" - ഇത് അംബികാസുതന്‍ മാങ്ങാടിന്‍റെ 'എന്‍ മകജെ' എന്ന നോവലിലെ ഒരു ഭാഗമാണ്. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ വിപത്തിനെക്കുറിച്ച് എഴുതിയ ശ്രദ്ധേയ നോവലാണിത്. വികൃതരൂപികളായ മനുഷ്യജീവികളുടെ രൂപങ്ങള്‍ മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് ദശകങ്ങളായി. എങ്കിലും സമാധാനത്തോടെ നാം ജീവിക്കുന്നു. നാം എത്ര ക്രൂരരാണ് എന്നുപോലും തിരിച്ചറിയാന്‍ നമുക്കു കഴിയുന്നില്ല എന്നതാണ് സത്യം.

അടുത്തകാലത്ത് ഒരു കേന്ദ്രമന്ത്രി എന്‍ഡോസള്‍ഫാന് അനുകൂലമായി സംസാരിച്ചതാണ് വീണ്ടും ആ പ്രശ്നം ചര്‍ച്ചചെയ്യാനിടയാക്കിയത്. (ഈ മന്ത്രി പേരുകേട്ട ദൈവവിശ്വാസിയായതുകൊണ്ടാണല്ലോ നാം വിജയിച്ചത്!) അധികാരികള്‍ അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് എത്രമാത്രം അകന്നിരിക്കുന്നു എന്ന വസ്തുത നാം തിരിച്ചറിയണം. അന്ധത ബാധിച്ചവര്‍ക്കു മാത്രമേ മനുഷ്യക്കുഞ്ഞുങ്ങള്‍ക്കു ചേരാത്ത കുട്ടികളുടെ ദൃശ്യങ്ങള്‍ക്കു മുന്‍പില്‍ നിന്നുകൊണ്ട്  ഇപ്രകാരം സംസാരിക്കാന്‍ കഴിയൂ. നമ്മുടെ അജണ്ടകള്‍ നിശ്ചയിക്കുന്നത് ബഹുരാഷ്ട്രകുത്തകകളും വിഷം വില്‍ക്കുന്നവരുമാണല്ലോ. വിഷം നിര്‍മ്മിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം. അതു വാങ്ങിത്തളിക്കുന്നത് കേരളസര്‍ക്കാര്‍ സ്ഥാപനം! ജനങ്ങളുടെ ആരോഗ്യം സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണല്ലോ! പഠനങ്ങളും ഗവേഷണങ്ങളും പുരോഗമിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഔഷധമാണെന്നു വേണമെങ്കിലും പഠനറിപ്പോര്‍ട്ട് ഉണ്ടാക്കാം. അങ്ങനെ സംഭവിച്ചാലും നാം അത്ഭുതപ്പെടേണ്ടതില്ല!

ജീവജാലങ്ങളെയും സസ്യജാലങ്ങളെയും മണ്ണിനെയും മനുഷ്യനെയും നശിപ്പിക്കുന്ന മാരകകീടനാശിനികള്‍ ലോകം മുഴുവന്‍ പ്രശ്നങ്ങള്‍ വാരിവിതറിക്കൊണ്ടിരിക്കുന്നു. രാഷ്ട്രങ്ങളെ വിലയ്ക്കുവാങ്ങാന്‍ ശേഷിയുള്ള ബഹുരാഷ്ട്രക്കുത്തകകളാണ് ഇവയുടെ ഉല്പാദനവും വിതരണവും നടത്തുന്നത്. കൃഷിയും ഭക്ഷണവും എല്ലാം അവരുടെ നിയന്ത്രണത്തിലാണ്. രാസവളങ്ങളും കീടനാശികളും ഉപയോഗിച്ചേ കൃഷി നടത്താനാവൂ എന്ന തരത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്കു കഴിയുന്നു. വിദഗ്ദ്ധസമിതികളും പഠനങ്ങളും സംഘടിപ്പിക്കാന്‍ അവര്‍ക്കറിയാം. നമ്മുടെ ഭരണാധികാരികളില്‍ പലര്‍ക്കും ബാധ്യത ഇത്തരം സ്ഥാപനങ്ങളോടാണല്ലോ. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രശ്നങ്ങള്‍ തമസ്കരിക്കപ്പെടുന്നു. പഠനറിപ്പോര്‍ട്ടുകളും കമ്മീഷന്‍ റിപ്പോര്‍ട്ടുകളും നടപ്പിലാക്കുന്ന പാരമ്പര്യം നമുക്കില്ലല്ലോ. "കമ്മീഷന്‍ 'കമ്മീഷനു' വേണ്ടി" എന്നതാണല്ലോ മുദ്രാവാക്യം! പ്രശ്നപരിഹാരം നീട്ടിവയ്ക്കാനുള്ള, ഒഴിഞ്ഞുമാറാനുള്ള തന്ത്രമാണ് പഠനങ്ങള്‍ എന്നു തോന്നും. മുന്നില്‍ക്കാണുന്ന യാഥാര്‍ത്ഥ്യത്തെ കാണുക എന്നതുമാത്രമാണ് ചെയ്യാനുള്ളത്. കണ്ണടച്ചു പിടിച്ചിട്ട് ഒന്നും കാണുന്നില്ല എന്നു പറയുന്നവരെ എന്തുചെയ്യാനാണ്? ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ലല്ലോ! "അമ്മേ നിന്‍റെ മക്കളിങ്ങനെ നരകിച്ചു കഴിയുമ്പോള്‍ നീയെന്താണിങ്ങനെ കല്ലുപോലെ നിര്‍വികാരയായി നോക്കിനില്‍ക്കുന്നത്!" എന്ന് നോവലില്‍ (എന്‍ മകജെ) ദേവിയോട് ചോദിക്കുന്നത് മാത്രമാണ് നമ്മുടെ ഭരണാധികാരികളോടും ചോദിക്കാനുള്ളത്.

എന്‍ഡോസള്‍ഫാന്‍ മൂലം ക്യാന്‍സര്‍, അപസ്മാരം, ബുദ്ധിമാന്ദ്യം, അംഗവൈകല്യം, ചര്‍മ്മരോഗങ്ങള്‍, മാനസികവിഭ്രാന്തി എന്നിവ വ്യാപകമായി കാണപ്പെടുന്നു. കുട്ടികളില്‍പ്പോലും വാര്‍ധക്യത്തിന്‍റെ ലക്ഷണങ്ങള്‍ കാണുന്നു. സാധാരണക്കാരുടെ കണ്ണീരുവീണ് നാട് നനഞ്ഞുകുതിരുന്നു. മുലപ്പാല്‍ പോലും പരിശുദ്ധമല്ലെന്ന അറിവ് ഞെട്ടിക്കുന്നതാണ്. നിയമങ്ങളെയും നിയന്ത്രണങ്ങളെയും നോക്കുകുത്തിയാക്കികൊണ്ട് വിഷമഴ പൊഴിക്കുകയാണ്. നാം ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് വീണ്ടും വീണ്ടും സംശയം തോന്നിപ്പോകുന്നു. നീണ്ടകാലം ഈ വിഷം മണ്ണില്‍ നശിക്കാതെ കിടക്കും. ജൈവപ്രക്രിയകളുടെ താളംതെറ്റിക്കാനുള്ള ശേഷി ഈ മാരകകീടനാശിനിക്കുണ്ട്. "ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍, ജനങ്ങള്‍ തിരഞ്ഞെടുത്ത, മാറിമാറി വന്ന സര്‍ക്കാരുകള്‍തന്നെ അവരുടെ മുഖത്ത് കാളിയനെപ്പോലെ വിഷം തുപ്പുകയായിരുന്നു. രക്ഷിക്കേണ്ടവരാണ് ആരുടെയോ മുപ്പത് വെള്ളിക്കാശിനുവേണ്ടി പാവങ്ങളുടെ അന്തകരാകുന്നത്" (എന്‍ മകജെ).

"ഒരു സ്ഥലത്ത് ഒരേ കീടനാശിനി മൂന്നുവര്‍ഷത്തിലധികം ആവര്‍ത്തിക്കരുത് എന്നാണ് നിയമം. നാലാം വര്‍ഷമാകുമ്പോള്‍ കീടങ്ങള്‍ അതിനെ അതിജീവിച്ചു തുടങ്ങും. കാസര്‍കോട്ട് ഇരുപത്തിയഞ്ചു കൊല്ലമായി ഒരേവിഷം തന്നെ ഉപയോഗിക്കുന്നു. കമ്മീഷനായും കൈക്കൂലിയായും കോടികള്‍തന്നെ കൈമറിയുന്നുണ്ടാവണം. അതല്ലേ കൃഷിവകുപ്പും കാര്‍ഷിക ശാസ്ത്രജ്ഞരും രാഷ്ട്രീയനേതാക്കളും കമാന്നൊരക്ഷരം എതിര്‍ക്കാത്തത്". എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുന്ന അംബികാസുതന്‍ മാങ്ങാട് നോവലിലൂടെ ചോദിക്കുന്ന ഈ ചോദ്യം അത്യന്തം പ്രസക്തമാണ്. സസ്യവൈവിധ്യങ്ങളെയും ജീവജാലങ്ങളെയുമെല്ലാം നശിപ്പിച്ചുകൊണ്ട് മുന്നേറുന്ന വിഷത്തെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയും എത്രയോ ആളുകളെ ജീവച്ഛവങ്ങളാക്കും. മറ്റു ജില്ലകളിലും ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ നാം കണ്ടുതുടങ്ങിയിരിക്കുന്നു. "എന്‍ മകജെയിലും സംഭവിച്ചത് മറ്റൊന്നല്ല. ഒരു വലിയ ബോംബിടുകയായിരുന്നു. ഒറ്റയടിക്കല്ല. പതുക്കെപ്പതുക്കെ... ശത്രുരാജ്യമല്ല ഇവിടെ ബോംബിട്ടത്. നമ്മള്‍ തിരഞ്ഞെടുക്കുന്ന നമ്മുടെ സര്‍ക്കാരുകളാണ് മാറി മാറി ബോംബിട്ടത്. എത്ര ക്രൂരമായ തമാശ!" അതുകൊണ്ട് "നമ്മുടെ സമരം എന്‍ഡോസള്‍ഫാനെതിരെ മാത്രമുള്ളതല്ല. ഭൂമിയെ മരുഭൂമിയാക്കുന്ന എല്ലാത്തരം രാസകീടനാശിനികള്‍ക്കും എതിരെയുള്ള സമരമാണ്" എന്നു പറയേണ്ടിവരും.

'വിഷമഴയില്‍ പൊള്ളിയ മനസ്സ്' എന്നപേരില്‍ ശ്രീ പഡ്രെയുടെ ജീവിതകഥ നാം വായിക്കുന്നു. അദ്ദേഹം പറയുന്നു: "ഞങ്ങള്‍ മനുഷ്യത്വമില്ലാത്ത, ഇരുമ്പിനെപ്പോലെ മനസ്സുള്ള കുറെ മനുഷ്യരെ കണ്ടു. പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ രൂപത്തില്‍, കീടനാശിനിക്കമ്പിനിയുടെ രൂപത്തില്‍, നമ്മുടെ കൃഷിശാസ്ത്രജ്ഞരുടെ രൂപത്തില്‍..." "നമ്മുടെ നാട്ടിലെ ഇളനീരോ പാലോ തേനോ സംരക്ഷിക്കുന്നതിനെക്കാള്‍ താത്പര്യത്തോടെ എന്‍ഡോസള്‍ഫാന്‍ പോലുള്ള മഹാവിഷങ്ങളെ സംരക്ഷിക്കാന്‍ സമര്‍ത്ഥരായ ശാസ്ത്രജ്ഞര്‍ ഇവിടെയുണ്ട്. ഇതാണ് ഞാന്‍ പഠിച്ച പാഠം" എന്ന് അദ്ദേഹം തുടര്‍ന്നുപറയുന്നു. ഇതു  തെളിയിക്കുന്നതെന്താണ്? സാധാരണക്കാരുടെ ജീവിതം ആര്‍ക്കും പ്രശ്നമല്ല എന്നുതന്നെ. വോട്ടു ചെയ്യാന്‍മാത്രം അവകാശമുള്ള ജനങ്ങളെ നിത്യരോഗികളാക്കുന്നവര്‍ക്കെതിരെ പൊതുസമൂഹത്തിനുപോലും ശബ്ദിക്കാന്‍ കഴിയുന്നില്ല. നമ്മെ അലോസരപ്പെടുത്തുന്ന കാഴ്ചകള്‍ ഒഴിവാക്കുകയാണ് ഭംഗി. സ്വന്തം അവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പൊരുതുന്ന വിശ്വാസികളും അവിശ്വാസികളും  ഈ പ്രശ്നത്തില്‍ എന്തു നിലപാടെടുക്കുന്നു?

ലോകമൊട്ടാകെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ പരിശ്രമം നടക്കുന്നുണ്ട്. ഇന്ത്യ മാത്രമാണ് എന്‍ഡോസള്‍ഫാനെ സഹായിക്കുന്ന നിലപാട് എടുക്കുന്നത്. വിഷോപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നവരും അത് ഉത്പാദിപ്പിക്കുന്നവരും അവര്‍ കൈയിലെടുക്കുന്നവരും നുണകളെ സത്യമാക്കി എത്രകാലം ഇങ്ങനെ കൊണ്ടുപോകും? ഇതിന്‍റെ അനന്തരഫലങ്ങള്‍ എന്തൊക്കെയായിരിക്കും? ചിന്തിച്ചാല്‍ നമുക്കൊരുത്തരമില്ല. ഉത്തരം കണ്ടെത്തേണ്ടവര്‍ ഉറക്കത്തിലാണ്. പഠനങ്ങളും ചര്‍ച്ചകളും കഴിയുമ്പോള്‍... എന്തായിരിക്കും ബാക്കിയുണ്ടാവുക? ശ്രീ പഡ്രെ പറയുന്നു: "ഇവിടെ ഒരു പുതിയ കീടനാശിനി രജിസ്റ്റര്‍ ചെയ്യുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് നിലവിലെ  കീടനാശിനിയുടെ  രജിസ്ട്രേഷന്‍ ഒഴിവാക്കാന്‍. കീടനാശിനി കാരണമുണ്ടാകുന്ന അസുഖങ്ങള്‍ നൂറുശതമാനം ശാസ്ത്രീയമായി തെളിയിക്കാന്‍ അത്ര എളുപ്പമല്ല. ഈ ഒരു പഴുതാണ് നിര്‍മാതാക്കള്‍ ലോകത്തെവിടെയും ഉപയോഗപ്പെടുത്തുന്നത്. ഇതിന്‍റെ കെടുതി അനുഭവിക്കുന്നവരോടു കാരണം തെളിയിക്കാന്‍ പറയുന്നത് വലിയ ക്രൂരതയാണ്. അതാണ് ഇവര്‍ ചെയ്യുന്നത്." "ഇതേവരെ പന്ത്രണ്ടോളം കമ്മിറ്റികള്‍ വന്നു. എത്ര ലക്ഷങ്ങള്‍ ഇതിനുവേണ്ടി ചെലവഴിച്ചു? ഈ പണം സ്വരൂപിച്ചുവച്ചിരുന്നെങ്കില്‍ എത്ര പാവപ്പെട്ട രോഗികള്‍ക്ക് ഉപകാരപ്പെടുമായിരുന്നു?" എന്ന് അദ്ദേഹം ചോദിക്കുമ്പോള്‍ നമുക്കുത്തരമില്ല. ഇഴഞ്ഞുനീങ്ങുന്നവനെ കൂടുതല്‍ ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നവരെ കാലം വെറുതെവിടാതിരിക്കട്ടെ. ഉറങ്ങിക്കിടക്കുന്നവയുടെ മീതേകൂടി കാലം പാഞ്ഞുപോകുന്നു. കല്ലുമഴ പെയ്യുന്നതുവരെ നമുക്കുറങ്ങാം...!

You can share this post!

പരീക്ഷണം

ഫാ. വര്‍ഗീസ് സാമുവല്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts