news-details
കവിത

പുരുഷോല്പത്തി ഒരാഴ്ചക്കുറിപ്പ്

അവന്‍ കല്പിച്ചു:
'പാലും വെള്ളവും പഞ്ചസാരയും തിളച്ച്
ചായയുണ്ടാകട്ടെ'
ആവിപറക്കുന്ന നല്ലചായ
മേശപ്പുറത്ത് വന്നിരുന്നു
അവനത് മൊത്തിക്കുടിച്ചു.
നല്ലതെന്ന് കണ്ട് അവനതിനെ
മോണിങ്ങ് ടീ എന്ന് പേരുവിളിച്ചു
സന്ധ്യയായി ഉഷസായി;
ഒന്നാംദിവസം
അവന്‍ അരുള്‍ ചെയ്തു:
'ദോശയുണ്ടാകട്ടെ'
ദോശയുണ്ടായി
ദോശ നല്ലത് എന്നവന്‍ കണ്ടു.
വട്ടവും വടിവുമൊത്ത ദോശ
ചട്ണിയില്‍ മുക്കി സാമ്പാറില്‍ കുഴച്ച്
പാത്രം വടിച്ച് വച്ച്
ഏമ്പക്കം വിട്ടെഴുന്നേറ്റു.
അങ്ങനെ സന്ധ്യയായി, ഉഷസായി;
രണ്ടാം ദിവസം
അവന്‍ ഉത്തരവിട്ടു:
'ജനല്‍ തുറന്ന് വെളിച്ചമുണ്ടാകട്ടെ,
പങ്ക കറങ്ങി കാറ്റു വീശട്ടെ,
ഋതുക്കള്‍, കാറ്റുകള്‍, കടലുകള്‍ ഉണ്ടാകട്ടെ,
ലോകം മുഴുവന്‍ നല്ല വൃത്തിയായിരിക്കട്ടെ'
ഉണ്ടായവയെ നോക്കി
നല്ലതെന്നും വൃത്തിയുള്ളവയെന്നും
കരുതി അവന്‍ സന്തോഷിച്ചു.
അനന്തരം
സന്ധ്യയായി, ഉഷസായി;
മൂന്നാം ദിവസം
അവന്‍ വിധിച്ചു:
'കാടും മരങ്ങളും മലകളും പുഴകളും
എന്നെ നമിക്കട്ടെ'
സമസ്ത ജീവജാലങ്ങളും അവനെ നമിച്ചു.
അവന് അഹന്തയായി
ശേഷം സന്ധ്യയായി, ഉഷസായി;
നാലാം ദിവസം
അവന്‍ ഭരണഘടനയിലെഴുതി:
'സിംഹാസനമുണ്ടാകട്ടെ'
സിംഹാസനമുണ്ടായി
സിംഹാസനം
സ്വര്‍ണ്ണമയവും മനോഹരവും
കാന്തികവുമായതില്‍
അവനാനന്ദിച്ചു
പിന്നെ സന്ധ്യയായി, ഉഷസ്സായി;
അഞ്ചാം ദിവസം
അവന്‍ ആജ്ഞാപിച്ചു:
'കിടപ്പറയില്‍ സുഗന്ധവും ലഹരിയും
മക്കളുമുണ്ടാകട്ടെ'
കിടപ്പറയില്‍ സുഗന്ധവും ലഹരിയും
അനേകം മക്കളുമുണ്ടായി
തന്‍റെ ഛായയിലും പ്രതിരൂപത്തിലും
അവരെ കാണുകയാല്‍
അവന്‍ എത്രയും സന്തുഷ്ടനായി
അങ്ങനെ സന്ധ്യയായി, ഉഷസായി;
ആറാം ദിവസം
തന്‍റെ ഭവനം
പൂര്‍ത്തിയായതില്‍
അവന്‍ ആഹ്ളാദഭരിതനായി
തന്നെപ്പറ്റി അവനുതന്നെ
മതിപ്പുതോന്നി
ഏഴാമത്തെ ദിവസം
എന്തുകൊണ്ടും നല്ലതെന്നു കരുതി
അവനതിനെ വാഴ്ത്തി.
അതിനാല്‍ ആ ദിവസം
വിശ്രമിക്കാമെന്നു കരുതി
അതിന്മേല്‍
ശയിക്കുവാനൊരുങ്ങി
വിയര്‍പ്പില്‍ കുളിച്ച്,
ആറ് ദിവസത്തെ വിഴുപ്പുകള്‍ മുഴുവന്‍
അലക്കി വെളുപ്പിക്കുകയായിരുന്നു
അപ്പോഴുമവള്‍
അനന്തരം
സന്ധ്യയായി...

You can share this post!

ഫ്രാന്‍സിസ് അസ്സീസിയുടെ കവിത

അന്‍റ്റോണിന്‍ അര്‍റ്റോഡ് (മൊഴിമാറ്റം: ജോസ് സുരേഷ്)
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts