കേരളത്തിന്‍റെ സമകാലീന സാമൂഹ്യ രാഷ്ട്രീയാവസ്ഥ 'പൊതു ഇട'ത്തെക്കുറിച്ചുള്ള സംവാദങ്ങളും വിവാദങ്ങളും നിറഞ്ഞതാണ്. പ്രത്യേകിച്ച് കത്തോലിക്കാസഭയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സംവാദങ്ങളിലേര്‍പ്പെടുമ്പോള്‍ 'പൊതു ഇട'ത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നു. ഈ പശ്ചാത്തലത്തില്‍ 'പൊതു ഇട'ത്തെക്കുറിച്ചുള്ള താത്ത്വികമായ വിചിന്തനമാണ് ഈ ലേഖനത്തിന്‍റെ ആദ്യ താത്പര്യം. ഒപ്പം രാഷ്ട്രീയം, മതം, വര്‍ഗ്ഗീയത തുടങ്ങിയവയെക്കുറിച്ചുള്ള ചെറിയ ആലോചനയും ഇതിലുണ്ട്.
എന്താണ് 'പൊതു ഇടം'? ഈ ചോദ്യം പ്രസക്തമാണ്. കാരണം 'പൊതു ഇടം' എന്ന് ഇന്നു പറഞ്ഞു പോരുന്ന വാക്ക് ഏതര്‍ത്ഥത്തിലാണ് സമകാലീന സാമൂഹ്യ-രാഷ്ട്രീയ വ്യവഹാരത്തില്‍ പ്രയോഗിക്കുന്നതെന്നു നമ്മള്‍ അറിയണം. ഈ വാക്കിന്‍റെ ഇന്നത്തെ അര്‍ത്ഥം നിര്‍മ്മിച്ചെടുത്ത താത്ത്വികമായ ചേരുവകളെക്കുറിച്ചും നമ്മള്‍ അറിയണം.
തത്ത്വചിന്തകനായ യൂര്‍ഗന്‍ ഹബര്‍മാസ് ‘The Structural Transformation of the Public Sphere’ (പൊതു ഇടത്തിന്‍റെ ഘടനാപരമായ രൂപാന്തരീകരണങ്ങള്‍) എന്ന തന്‍റെ വിഖ്യാത ഗ്രന്ഥത്തിന്‍റെ ആദ്യ അദ്ധ്യായത്തില്‍ ‘Public Sphere’ എന്ന വാക്ക് ചരിത്രത്തിന്‍റെ വിവിധഘട്ടങ്ങള്‍ ഏതെല്ലാം അര്‍ത്ഥധ്വനികളോടെയാണ് പ്രയോഗിച്ചതെന്നു വിശദമായി പരിശോധിക്കുന്നുണ്ട്. അതിന്‍റെ രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലവും അദ്ദേഹം വിവരിക്കുന്നു. ഗ്രീക്കു സംസ്കാരത്തിന്‍റെ രാഷ്ട്രീയമണ്ഡലത്തില്‍ 'പൊതു ഇടം' എന്നു പ്രയോഗിച്ച അര്‍ത്ഥത്തിലല്ല മധ്യകാലഘട്ടത്തില്‍ അതു പ്രയോഗിക്കപ്പെട്ടത്. തികച്ചും വ്യത്യസ്തമായ അര്‍ത്ഥമാണ് ആധുനിക കാലം ഈ വാക്കിനു നല്‍കുന്നത്. 'പൊതു ഇട'ത്തെക്കുറിച്ചുള്ള ഹബര്‍മാസിന്‍റെ അന്വേഷണത്തില്‍ അദ്ദേഹം പറയുന്ന ഒരു കാര്യംകൂടി നമ്മള്‍ ശ്രദ്ധിക്കണം. 'പൊതു ഇട'ത്തില്‍ ഇടപെടുന്ന 'വ്യക്തി' എന്ന വാക്കിന്‍റെ അര്‍ത്ഥത്തിനും ഓരോ ചരിത്രഘട്ടത്തിലും വ്യത്യസ്ത ധ്വനിയാണുള്ളത്. 'പൊതു ഇട'ത്തില്‍ ഇടപെടാന്‍ അര്‍ഹതയുള്ള 'വ്യക്തി'യെ ഓരോ കാലഘട്ടവും മുന്‍കൂട്ടി നിര്‍മ്മിച്ചെടുക്കുന്നുവെന്നാണ് ഹബര്‍മാസ് സൂചിപ്പിക്കുന്നത്.
നമ്മുടെ ഈ കാലത്ത് നിലവിലുള്ള വ്യവഹാര പ്രയോഗങ്ങളില്‍ 'പൊതു ഇടം' എന്ന വാക്കിന്‍റെ അടിത്തറ ശാസ്ത്രയുക്തിയാണ്. (ശാസ്ത്രയുക്തി എന്നു കേള്‍ക്കുമ്പോഴെ Science എന്ന് തെറ്റിദ്ധരിക്കരുത്. മനുഷ്യനെക്കുറിച്ചുള്ള ഒരു വിശദീകരണമാണ് 'ശാസ്ത്രയുക്തി.') ശാസ്ത്രയുക്തി' യില്‍ പങ്കുചേരുന്ന ആളുകള്‍ക്കേ 'പൊതു ഇട'ത്തില്‍ ഇടപെടാനൊക്കൂ. എന്താണ് ശാസ്ത്രയുക്തി എന്നു വിശദമാക്കാം. ഈ വാക്കിന്‍റെ ചരിത്രം 16, 17, 18 നൂറ്റാണ്ടുകളിലെ തത്ത്വചിന്തയുടെയും ശാസ്ത്രത്തിന്‍റെയും വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ചരിത്രമാണ്. ഈ ചരിത്രത്തിന്‍റെ എല്ലാ വിശദാംശങ്ങളും പരിശോധിക്കാന്‍ നമുക്കു സ്ഥലം ലഭ്യമല്ല. അവശ്യം അറിഞ്ഞിരിക്കേണ്ട പൊതുവായ ചില കാര്യങ്ങള്‍ ചുരുക്കമായിപ്പറയാം.
റെനെദെക്കാര്‍ത്ത്, സ്പിനോസ, ലെയ്ബ്നിസ്, ജോണ്‍ ലോക്ക്, ബെര്‍ക്കിലി, ഡേവിഡ് ഹ്യൂം, അഗസ്റ്റ് കോം, ഫ്രാന്‍സിസ് ബേക്കണ്‍, ഇമ്മാനുവല്‍ കാന്‍റ്, കോപ്പര്‍നിക്കസ് കെല്ലര്‍, ഗലീലിയോ, ഐസക് ന്യൂട്ടണ്‍ (പട്ടിക പൂര്‍ണ്ണമല്ല; കാലഘട്ടവും വ്യത്യസ്തം) തുടങ്ങിയ തത്ത്വചിന്തകരുടെയും ശാസ്ത്ര പ്രതിഭകളുടെയും അന്വേഷണരീതിയാണ് ശാസ്ത്രയുക്തിയെ നിര്‍മ്മിച്ചത്. (ഈ അന്വേഷണരീതി ഇവര്‍ പൊടുന്നനെ തുടങ്ങിയതല്ല. അതിനെ രൂപപ്പെടുത്തിയ നിരവധി ചരിത്രകാരണങ്ങളുണ്ട്). എന്തിനെക്കുറിച്ചാണ് ഇവര്‍ അന്വേഷിച്ചത്? എന്തായിരുന്നു ഇവരുടെ അന്വേഷണരീതി? ഈ ലോകം, ഇതിലെ വസ്തുക്കള്‍, സംഭവങ്ങള്‍, ഇവയെ അനുഭവിക്കുന്ന, അറിയുന്ന മനുഷ്യര്‍ ഇതെല്ലാമാണ് ഇവര്‍ അന്വേഷിച്ചത്. അന്വേഷണരീതിയോ? കണ്ടും കേട്ടും മണത്തും രുചിച്ചും സ്പര്‍ശിച്ചും അറിയുക; അങ്ങനെ അറിയുന്നതിനെ മനസ്സിലാക്കുക എന്ന രീതി. ഇതിന്‍പ്രകാരം ഇന്ദ്രിയലബ്ധമായ അനുഭവവും അതിനെ അറിവാക്കി മാറ്റുന്ന മനസ്സിന്‍റെ ഘടനയുമാണ് 'അറിവ്' നിര്‍മ്മിക്കുന്നത്. ശ്രദ്ധിക്കുക: 'അറിവ്' (knowledge) എന്ന വാക്ക് ഇവിടെ നിര്‍വ്വചിക്കപ്പെടുകയാണ്. ഇന്ദ്രിയങ്ങളിലൂടെ എല്ലാവര്‍ക്കും ലഭ്യമാകുന്നതും മനസ്സുകൊണ്ട് മനസ്സിലാക്കുന്നതുമാണ് 'അറിവ്.' ഇതാണ് ശാസ്ത്രയുക്തി. 'ശാസ്ത്ര യുക്തി'യിലൂടെ ലഭിക്കുന്നതാണ്, അതുമാത്രമാണ് അറിവ്.
മേല്‍പ്പറഞ്ഞ അന്വേഷണരീതിക്കും അന്വേഷണവിഷയങ്ങള്‍ക്കും പുറത്ത് അനുഭവങ്ങള്‍ സാധ്യമല്ലേ? അവ അറിവല്ലേ? അവയെ അറിയുന്നതെങ്ങനെ? ഇന്ദ്രിയങ്ങള്‍ക്കും മനസ്സിന്‍റെ ഘടനയ്ക്കും പുറത്തുള്ള അനുഭവങ്ങളെ അന്വേഷിക്കേണ്ടതില്ലേ? ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുതെന്നോ, അവയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിക്കരുതെന്നോ മുകളില്‍ സൂചിപ്പിച്ച ചിന്തകരും ശാസ്ത്രജ്ഞരും പറയുന്നില്ല. നിങ്ങള്‍ അന്വേഷിച്ചോളൂ. നിങ്ങളുടെ ഉത്തരങ്ങള്‍ കണ്ടെത്തിക്കോളൂ. അതു നിങ്ങളുടെ താത്പര്യം. ഞങ്ങളുടെ താത്പര്യം ഇന്ദ്രിയാനുഭവങ്ങളിലൂടെയും മാനസികഘടനയിലൂടെയും ലഭിക്കുന്ന അറിവിലാണ്. ഇനി മുതല്‍ ഞങ്ങള്‍ 'അറിവെ'ന്നു വിളിക്കുന്നത് ('ശാസ്ത്രയുക്തി'യെന്നു വിളിക്കുന്നത്) മേല്‍പ്പറഞ്ഞവിധം ലഭ്യമാകുന്ന അനുഭവത്തെ മാത്രമാണ്. ഇതിന്‍ പ്രകാരം ധാര്‍മ്മികത, മതം, ദൈവം തുടങ്ങിയവ ഇവര്‍ പറയുന്ന രീതിയില്‍ ലഭ്യമാകുന്ന 'അറിവി'ന്‍റെ 'ശാസ്ത്രയുക്തി'യുടെ പരിധിക്കു പുറത്താകുന്നു. അവ സ്വകാര്യമായ അനുഭവമണ്ഡലമായി മാറുന്നു. 'പൊതു ഇടം' എന്നാല്‍ 'ശാസ്ത്രയുക്തി' യിലൂടെ ലഭ്യമായ അറിവ് പങ്കുവയ്ക്കുന്ന മനുഷ്യരുടെ വ്യവഹാര മണ്ഡലമാകുന്ന പ്രക്രിയ ഇങ്ങനെയാണ് രൂപപ്പെടുന്നത്.
മേല്‍പ്പറഞ്ഞ വിധത്തില്‍ രൂപപ്പെടുന്ന 'പൊതു ഇട'ത്തില്‍ ഇടപെടാന്‍ 'അര്‍ഹത'യുള്ള വ്യക്തികള്‍ (ശാസ്ത്രയുക്തിയുള്ളവര്‍) രാഷ്ട്രീയത്തെ സമീപിക്കുന്നത് എങ്ങനെയാണെന്ന് ഇനി പരിശോധിക്കാം. അതിനുമുന്‍പ് എന്താണ് രാഷ്ട്രീയം, എന്താണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നറിയണം. 'ദേശീയത' 'ജനാധിപത്യം' എന്നീ സങ്കല്പങ്ങളനുസരിച്ച് രാഷ്ട്രീയം എന്നാല്‍ ഒരു രാജ്യത്തെ ജനങ്ങള്‍ അവരുടെ ക്ഷേമത്തിനുവേണ്ടി പൊതുവായെടുക്കുന്ന നയങ്ങളും തീരുമാനങ്ങളുമാണ്. പൊതുസമ്പത്തിന്‍റെ വിനിയോഗമാണ് ഇതിന്‍റെ കാതല്‍. പൊതുസമ്പത്തിനെക്കുറിച്ചും അതിന്‍റെ വിനിയോഗത്തെക്കുറിച്ചുമുള്ള വ്യത്യസ്ത സമീപനങ്ങളാണ് വിവിധരാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു രൂപംനല്‍കുന്നത്.
ഇനി, മുന്‍ ഖണ്ഡികയില്‍ പറഞ്ഞ 'ശാസ്ത്രയുക്തി'യുള്ള, 'പൊതു ഇട' ത്തില്‍ പങ്കുചേരുന്ന ആളുകള്‍ പൊതുസമ്പത്തിനെക്കുറിച്ച് തീരുമാനമെടുക്കുന്നത് എങ്ങനെയെന്നു നോക്കാം. പൊതുസമ്പത്തെന്നാല്‍ മണ്ണ്, ജലം, വായു, ധാതുസമ്പത്ത് ഇവയൊക്കെയാണല്ലോ. പൊതുസമ്പത്ത് പ്രകൃതിതന്നെ. 'ശാസ്ത്രയുക്തി' പ്രകൃതിയെ എങ്ങനെയാണ് നോക്കുന്നത്? ഇത് പരിശോധിക്കുമ്പോള്‍ രാഷ്ട്രീയത്തിന്‍റെ 'പൊതു ഇട' ത്തെക്കുറിച്ചുള്ള പൊള്ളവാദങ്ങള്‍ അറിയാം. രാഷ്ട്രീയത്തിലുള്ള മതത്തിന്‍റെ അര്‍ത്ഥപൂര്‍ണ്ണമായ ഇടപെടലുകളുടെ സാംഗത്യം അങ്ങനെ വ്യക്തമാകും. ഇതിന്‍റെ വിശദാംശങ്ങള്‍ പിന്നാലെ പറയാം.
'ശാസ്ത്രയുക്തി'ക്ക് പ്രകൃതി എന്താണ്? ഒറ്റ ഉത്തരം ലഭ്യമല്ല. 'ശാസ്ത്രയുക്തി'യുടെ പ്രോക്താക്കളായ ഓരോരോ ചിന്തകരും വ്യത്യസ്ത വീക്ഷണങ്ങളാണ് തരുന്നത്. തത്ത്വചിന്തകനായ വെര്‍ണന്‍ പ്രാറ്റ് എഡിറ്റ് ചെയ്ത Environment and Philosophy എന്ന പുസ്തകത്തില്‍ വ്യത്യസ്ത കാലഘട്ടങ്ങളിലെ തത്ത്വചിന്തകര്‍ പ്രകൃതിയെ മനസ്സിലാക്കിയതെങ്ങനെയെന്ന് പറയുന്നു. പൊതുവെപറഞ്ഞാല്‍ 'ശാസ്ത്രയുക്തിയുടെ തത്ത്വചിന്ത, മനുഷ്യപുരോഗതിയുടെ പേരില്‍ ചൂഷണം ചെയ്യേണ്ട മുതലായിട്ടാണ് പ്രകൃതിയെ കാണുന്നത്. ഇന്ദ്രിയങ്ങളിലൂടെയും മാനസിക ഘടനയിലൂടെയും അറിയുന്ന പ്രകൃതിയെ എല്ലാവരും ചേര്‍ന്ന് കീറിമുറിച്ച് ശാപ്പിടുന്നു. എന്തൊരു അസംബന്ധ കാഴ്ചപ്പാട്! കാലം ഈ അസംബന്ധത്തിന് തിരിച്ചടി നല്‍കിത്തുടങ്ങിയിരിക്കുന്നു. ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനുമപ്പുറമുള്ള അനുഭവങ്ങള്‍ അറിയുന്ന മനുഷ്യ സങ്കല്പത്തെ തിരിച്ചുപിടിക്കാന്‍ കാലം ആവശ്യപ്പെടുന്നു. ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനുമതീതമായ എന്തിനെയോ തിരയുന്ന ഉള്‍ക്കാഴ്ചയാണ് മതമെങ്കില്‍ പ്രകൃതികൂടി അത്തരം ഉള്‍ക്കാഴ്ചയുടെ അതിര്‍ത്തിയില്‍ വരേണ്ടതല്ലേ? പ്രകൃതിസമ്പത്തിനെ സംബന്ധിച്ച തീരുമാനങ്ങളില്‍ ചെറുതായിപ്പോകുന്ന 'ശാസ്ത്രയുക്തി' യെ തിരുത്താന്‍ മതമൂല്യങ്ങള്‍ വരുന്നത് ഇങ്ങനെയാണ്. രാഷ്ട്രീയത്തിന്‍റെ മണ്ഡലത്തില്‍ മതത്തിന്‍റെ തള്ളിക്കയറ്റമെന്നു വേവലാതിപ്പെടുന്നവര്‍ അവധാനതയോടെ ചിന്തിക്കേണ്ട സമയമായില്ലേ?
രാഷ്ട്രീയത്തെ പരിശോധിച്ചതുപോലെ മതത്തെയും പരിശോധിക്കണം. ശാസ്ത്രയുക്തിക്ക് പുറത്തുനില്‍ക്കുന്ന ഒന്നായി മതത്തെ മനസ്സിലാക്കിയവര്‍ മനുഷ്യന്‍റെ അനുഭവങ്ങളെ ചുരുക്കിക്കണ്ടവരാണ്. 'പൊതു ഇട'ത്തെ രൂപപ്പെടുത്തുന്ന അറിവിന്‍റെ അതിര്‍ത്തിയെ ഇന്ദ്രിയാനുഭവത്തിലേയ്ക്കും മാനസിക ഘടനയിലേയ്ക്കും ചുരുക്കി നിര്‍ത്തുന്നതിന്‍റെ സാംഗത്യമെന്താണ്? സമകാലീന തത്ത്വചിന്ത ഇതിനെ ചോദ്യം ചെയ്യുന്നുണ്ട്. ഹെന്‍റ് ഡി വ്രീസ് എന്ന തത്ത്വചിന്തകന്‍ ‘Philosophy and the Turn to Religion’ എന്ന തന്‍റെ പുസത്കത്തില്‍ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന സമകാലീന തത്ത്വചിന്തകളെ പരിചയപ്പെടുത്തുന്നുണ്ട്.
'ശാസ്ത്രയുക്തി' 'പൊതു ഇട'ത്തെ നിര്‍മ്മിച്ചതുപോലെ മതം 'പൊതു ഇട'ത്തെ നിര്‍മ്മിക്കുന്നുണ്ടോ? മതം സ്വകാര്യമായ അനുഭവമല്ലേ? ശാസ്ത്രയുക്തിയുടെ നോട്ടപ്പാടിലാണ് മതം സ്വകാര്യ അനുഭവമായി മാറിയത്. മതം രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നു പറയുന്നവര്‍ ഈ നോട്ടപ്പാടില്‍ പങ്കുചേരുന്നവരാണ്. വേണ്ടത്ര അവധാനതയോടെ ചിന്തിക്കാതെ, മതം സ്വകാര്യ അനുഭവം മാത്രമാണെന്നു പറയുന്ന മതാനുഭാവികളുമുണ്ട് എന്നതു ഖേദകരമാണ്. ഉദാത്തമായ മൂല്യബോധത്തോടെ മനുഷ്യന്‍ തന്നെത്തന്നെ നിരന്തരം കണ്ടെത്താന്‍ നടത്തുന്ന അന്വേഷണമല്ലേ മതം? സ്നേഹവും നീതിയും സമാധാനവും കരുണയും സ്വകാര്യ അനുഭവം മാത്രമാകുന്നതെങ്ങിനെ? മതത്തെ ആചാരങ്ങളുടെ കൂമ്പാരം മാത്രമായിച്ചുരുക്കാന്‍ ആര്‍ക്കാണിത്ര ധൃതി? മഹാത്മാഗാന്ധിയെപ്പോലൊരാള്‍ രാഷ്ട്രീയത്തില്‍ മതബോധത്തിന്‍റെ അനിവാര്യതയെ കണ്ടെത്തിയത് നമുക്കുള്ള വലിയ പാഠമാണ്.
മതത്തിന്‍റെ ഉല്പന്നമാണോ വര്‍ഗ്ഗീയത? എന്താണ് വര്‍ഗ്ഗീയത? മതത്തിന്‍റെ നേരവകാശിയാണ് വര്‍ഗ്ഗീയത എന്ന തരത്തിലാണല്ലോ നമ്മുടെ നാട്ടിലെ പ്രചാരണം. വിസമ്മതിക്കുവാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നിടത്താണ് വര്‍ഗ്ഗീയത ഉണ്ടാകുന്നത്. നിങ്ങളുടെ വിശ്വാസപ്രമാണങ്ങളോട്, നിലപാടുകളോട്, കാഴ്ചപ്പാടുകളോട്, തീരുമാനങ്ങളോട് ഒക്കെ വേറൊരാള്‍ക്കു വിസമ്മതിക്കാം. വിസമ്മതിക്കാനുള്ള ഈ സ്വാതന്ത്ര്യം നിങ്ങള്‍ വേറൊരാള്‍ക്കു വകവച്ചു കൊടുക്കുന്നില്ലെങ്കില്‍ വര്‍ഗ്ഗീയമായ ചുവടാണ് നിങ്ങളുടേത്. വര്‍ഗ്ഗീയത ധാര്‍മ്മിക മൂല്യങ്ങളുടെ നിരാസമാണ്. നിങ്ങള്‍ പ്രത്യേകമായ കാഴ്ചപ്പാട് പുലര്‍ത്തുന്നുവെന്നതിന്‍റെ അര്‍ത്ഥം വേറൊരാള്‍ക്ക് അയാളുടേതായ കാഴ്ചപ്പാട് പാടില്ല എന്നല്ലല്ലോ. ഉന്നതമായ ധാര്‍മ്മിക മൂല്യങ്ങള്‍ മനുഷ്യര്‍ക്കു നല്കിയ മതങ്ങള്‍ വര്‍ഗ്ഗീയതയുടെ പെറ്റമ്മയാണെന്ന പ്രചരണം മതനിരാസ വാദികളുടേതാണ്. അവരുടെ അജന്‍ഡയ്ക്കു പാകമായ വിധത്തില്‍ ഒരു മതവ്യാഖ്യാനം. അത്രമാത്രം.
ഇടുങ്ങിയ കാഴ്ചപ്പാട് വര്‍ഗ്ഗീയതയുടെ ലക്ഷണമെങ്കില്‍ അതിന്‍റെ ഉറവിടം അധികാരപ്രമത്തതയും തനതു നോട്ടപ്പിശകുകളുമാണ്. ഏതു മനുഷ്യക്കൂട്ടത്തിനും വര്‍ഗ്ഗീയതയുടെ ദുഷ്ച്ചായ്വുണ്ടാകാം. ആകാശത്തോളവും അതിനപ്പുറത്തേയ്ക്കും വളരുന്ന മതമൂല്യങ്ങളിലാണ് വര്‍ഗ്ഗീയതയുടെ വേരുകള്‍ കിളിര്‍ക്കുന്നത് എന്ന പ്രചാരണത്തിന് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കോസിന്‍റെ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എന്ന നോവലിലെ കുട്ടിക്കഥാപാത്രം പറയുന്നതുപോലുള്ള ഹാസ്യത്തിന്‍റെ കോടിയ മുഖം മാത്രമാണുള്ളത്. ആദ്യമായി മഞ്ഞുകട്ട കണ്ട കുട്ടി അത് തൊട്ടിട്ടു പറയുന്നത്, ഹൗ! എന്തൊരു ചൂട് എന്നാണ്. അതിരുകള്‍ മാഞ്ഞുപോകുന്ന ഉന്നതമൂല്യങ്ങള്‍ പുലര്‍ത്തുന്ന മതം അതിരുകള്‍ തീര്‍ക്കുന്ന വര്‍ഗ്ഗീയതയുടെ ഉറവിടമാണത്രെ! ഒരേ ഉറവയില്‍നിന്ന് കയ്പും മധുരവും പുറപ്പെടുന്നില്ലായെന്നോര്‍ക്കണം.
'ശാസ്ത്രയുക്തി' പറഞ്ഞുറപ്പിച്ച 'പൊതു ഇട'ത്തിന്‍റെ പോരായ്മകള്‍ നമ്മള്‍ കണ്ടു. മതത്തിന്‍റെ 'പൊതു ഇടം' എന്താണ്? ഉന്നതമായ മൂല്യങ്ങള്‍കൊണ്ട് ഹൃദയവികാസം പ്രാപിച്ച വ്യക്തികളുടെ കൂടിച്ചേരലാണത്. ഒരു മതത്തില്‍പ്പെട്ടയാള്‍ക്ക് അതേ മതത്തോട് മാത്രം കൂറ് എന്ന രീതിയിലുള്ള പ്രചാരണം കാലാകാലങ്ങളായി നിലനില്‍ക്കുന്ന മനുഷ്യന്‍റെ സ്വാര്‍ത്ഥതാത്പര്യങ്ങളുടെ പുനരവതരണം മാത്രമാണ്. സ്വാര്‍ത്ഥതയുള്ള ഇടുങ്ങിയ ഹൃദയങ്ങളെ വികസിപ്പിക്കാന്‍ പ്രേരണ നല്‍കുന്ന ഉന്നത കാഴ്ചപ്പാടുകളാണ് മതങ്ങള്‍ നല്‍കിയത് എന്നു മറക്കരുത്. അതുമാത്രമാണ് മതം. സ്വാര്‍ത്ഥതയ്ക്കും താന്‍ പോരിമയ്ക്കുമെതിരായ കലഹമായിരുന്നല്ലോ മതമൂല്യങ്ങള്‍. രോഗത്തിനെതിരായ പ്രതിരോധവിധിയെത്തന്നെ രോഗമായി ചിത്രീകരിക്കുന്നത് ആടിനെ നായയാക്കുന്ന പഴയതന്ത്രമാണ്. ജലദോഷത്തിനു പ്രതിവിധി മൂക്ക് ഛേദിക്കലാണെന്ന വിഡ്ഢിത്തമാണത്. 'പൊതു ഇട'ത്തെക്കുറിച്ച് നമ്മള്‍ വീണ്ടും വീണ്ടും ബോധമുള്ളവരാകണം. അതില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷേ ആരാണ് നമുക്കായി ഈ 'പൊതു ഇട'ത്തെ നിര്‍മ്മിച്ചു തന്നതെന്ന് മറക്കാതിരിക്കണം. ഏത് 'പൊതു ഇട'ത്തെക്കുറിച്ചാണ് നമ്മള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്? 'പൊതു ഇട'ത്തെക്കുറിച്ചുള്ള തത്ത്വവിചാരം വെളിച്ചത്തിന്‍റെ ചില രശ്മികളെങ്കിലും നമുക്കു തരുന്നുണ്ടോ?