news-details
മറ്റുലേഖനങ്ങൾ

വിഭജനമാവാം വിഭാഗീയതയരുത്

പ്രകൃതിയിലെ ആശ്ലേഷത്തിന്‍റെയും പാരസ്പര്യത്തിന്‍റെയും ദൃശ്യങ്ങളിലേയ്ക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ട് വില്യം വേഡ്സ്വര്‍ത്ത് വിലപിച്ചത് ഇങ്ങനെ: ".... have I not reason to lament what man has made of man"(മനുഷ്യന്‍ അവനെത്തന്നെ എന്താക്കിത്തീര്‍ത്തിരിക്കുന്നുവെന്ന് വിലപിക്കാന്‍ എനിക്ക് കാരണമില്ലേ). പ്രകൃതിയില്‍ ഐക്യം പുലരുന്നതിന്‍റെ ഏറെ ഉദാഹരണങ്ങളുള്ളപ്പോള്‍ മനുഷ്യര്‍ക്കിടയില്‍ തുടരുന്ന അനൈക്യവും സ്പര്‍ദ്ധയും സുമനസ്സുകളിലുളവാക്കുന്ന അസ്വാസ്ഥ്യത്തിലേയ്ക്കാണ് ഈ ചോദ്യത്തിലൂടെ കവി വിരല്‍ചൂണ്ടിയിട്ടുള്ളത്. അംഗസംഖ്യ കൂടുമ്പോള്‍ വിഭജനം അനിവാര്യമാവും. ഒരു ക്ലാസ്സില്‍ ചേര്‍ന്നിട്ടുള്ളവരുടെ എണ്ണം 120 ആണെന്നു കരുതുക. അവരെ സൗകര്യാര്‍ത്ഥം 40 വീതം വിദ്യാര്‍ത്ഥികളുള്ള 3 ഡിവിഷനുകളിലായി ഇരുത്തുന്നുവെന്നും വിചാരിക്കുക. ഏതെങ്കിലും ഡിവിഷനിലെ വിദ്യാര്‍ത്ഥികള്‍ ഇതര ഡിവിഷനുകളില്‍ പഠിക്കുന്നവരെ അപേക്ഷിച്ച് യോഗ്യരോ അയോഗ്യരോ ആയതു കൊണ്ടല്ല ഈ വിഭജനം നടത്തിയതെന്ന് വ്യക്തം. ഇപ്രകാരം മനുഷ്യരാശി, വിശുദ്ധ ഖുര്‍ആനില്‍ പറയപ്പെട്ടത് പോലെ പല ഗോത്രങ്ങളായും ഉപഗോത്രങ്ങളായും വിഭജിക്കപ്പെട്ടിരിക്കുന്നു. ഏതെങ്കിലും വിഭാഗം മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് ശ്രേഷ്ഠമായതുകൊണ്ടല്ല, പ്രത്യുത, പരസ്പരം തിരിച്ചറിയാനുള്ള സൗകര്യത്തിനുവേണ്ടിയാണ് ഈ വിഭജനമുണ്ടായിട്ടുള്ളതെന്നു ഖുര്‍ആന്‍ തുടര്‍ന്ന് ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ സംസാരിക്കുന്ന ഭാഷ, തങ്ങള്‍ ആശ്ലേഷിച്ച മതം, തങ്ങള്‍ ചെയ്തു വരുന്ന തൊഴില്‍ - ഇങ്ങനെ പലതിന്‍റെയും പേരില്‍ മനുഷ്യസമൂഹത്തില്‍ പല വിഭാഗങ്ങള്‍ ഉണ്ടായിരിക്കുന്നു. സ്വാഭാവികമായി സംഭവിച്ച ഈ വിഭജനത്തിന്‍റെ പേരില്‍ വിഭാഗീയതയും വിരോധവും വളര്‍ന്നു വരുന്നത് അതീവ നിര്‍ഭാഗ്യകരമാണ്.

അനിവാര്യമായ വേര്‍തിരിവുകളുള്ളപ്പോള്‍ തന്നെ അവയ്ക്കതീതമായ ഐക്യത്തിന്‍റെയും പരസ്പരധാരണയുടെയും ഇടങ്ങള്‍ ഉറപ്പുവരുത്താന്‍ വിവേകികള്‍ ബാധ്യസ്ഥരാവുന്നു. അവരെ തുണയ്ക്കാന്‍ ഉദ്ഗ്രഥനത്തിന്‍റെ ഉദ്ബോധകര്‍ കാലാകാലങ്ങളില്‍ എല്ലാ വിഭാഗങ്ങളിലും പ്രത്യക്ഷപ്പെടാറുമുണ്ട്. എന്നാല്‍ പൊതു ഇടങ്ങള്‍ കുറഞ്ഞുവരികയും, സമുദായങ്ങള്‍ തമ്മില്‍ അകലം കൂടിവരികയും ചെയ്യുന്ന അനുഭവങ്ങള്‍ മാനവ സാഹോദര്യത്തിന് ഭീഷണിയുയര്‍ത്തുകയാണെന്ന വസ്തുത അവഗണിക്കാവതല്ല. മനുഷ്യന്‍റെ അജ്ഞതയും, അജ്ഞതയെ ചൂഷണം ചെയ്യുന്ന സ്വാര്‍ത്ഥതയുമാണ് ഈ അവസ്ഥാവിശേഷത്തിന്‍റെ ഹേതുവെന്ന് വ്യക്തം. Ah, how cruel is man’s ignorance! അതെ, മനുഷ്യന്‍റെ അജ്ഞത എത്രക്രൂരം! എന്ന് ഖലീല്‍ ജിബ്രാന്‍ വിലപിച്ചത് എത്ര പ്രസക്തം.

അധിക്ഷേപാര്‍ഹമായ വിരോധാഭാസമെന്നും, നിര്‍ഭാഗ്യകരമായ വിധി വൈപരീത്യമെന്നും വിളിക്കേണ്ട വിഭാഗീയത മതവ്യത്യാസത്തെ മുന്‍നിര്‍ത്തിയുള്ളതാണെന്ന് ഈ ലേഖകന്‍ കരുതുന്നു. കാരണം ഏതു മതവും ആത്മൈക്യത്തെ ആധാരമാക്കിയുള്ള മനുഷ്യത്വത്തിന്‍റെ ആദര്‍ശ സംഹിതയാണെന്നതു തന്നെ. ബുദ്ധനും ക്രിസ്തുവും മുഹമ്മദുമുള്‍പ്പെടെ പല ജഗദ്ഗുരുക്കന്മാരും മതസ്ഥാപകരായി അറിയപ്പെടുന്നു. എന്നാല്‍ മതസ്ഥാപകര്‍ എന്നതിലേറെ അവര്‍ എക്കാലത്തെയും മനുഷ്യര്‍ക്ക് സ്വീകാര്യമായ, ഒപ്പം അനിവാര്യമായ അടിസ്ഥാന ജ്ഞാനത്തിന്‍റെ പ്രകാശം പരത്തിയ മഹിതാക്കളല്ലേ? എല്ലാ മത സമൂഹങ്ങളിലും അതിരുകളെ ഉല്ലംഘിക്കുന്ന ദിവ്യസ്നേഹത്തിന്‍റെ സന്ദേശം കേള്‍പ്പിച്ച ജ്ഞാനികള്‍ ഉണ്ടായിട്ടില്ലേ? ആ പുണ്യാത്മാക്കള്‍ അവര്‍ ജീവിച്ചിരുന്നപ്പോഴും പില്ക്കാലത്തും എല്ലാവരാലും ആദരിക്കപ്പെട്ടിട്ടില്ലേ? 'മതം ഭിന്നിപ്പിക്കുന്നു, ആത്മീയത ഒന്നിപ്പിക്കുന്നു'വെന്ന പ്രസ്താവമോര്‍ക്കുന്നു. 'മതം ഭിന്നിപ്പിക്കുന്നു' വെന്ന നിരീക്ഷണത്തെ 'മതത്തിന്‍റെ പേരില്‍ വിവരദോഷികള്‍ വെറുതെ ഭിന്നിക്കുന്നു'വെന്ന അര്‍ത്ഥത്തില്‍  മനസ്സിലാക്കണം. മഹാത്മജി ചൂണ്ടിക്കാട്ടിയത് പോലെ സകല മതങ്ങളും ഉദ്ബോധിപ്പിക്കുന്ന മനുഷ്യത്വത്തിന്‍റെ അടിസ്ഥാനാദര്‍ശങ്ങള്‍ അഭിന്നമാണ്. വിശുദ്ധന്മാര്‍ സ്വജീവിതംകൊണ്ട് സ്ഥാപിച്ചിട്ടുള്ള ഈ യാഥാര്‍ത്ഥ്യത്തിന്‍റെ വെളിച്ചത്തില്‍ എല്ലാവര്‍ക്കും ഒന്നിക്കാന്‍ ഇടങ്ങളും അവസരങ്ങളും സൃഷ്ടിക്കുന്നതിന് മതനേതൃത്വങ്ങള്‍ ശ്രമിക്കണം. മതങ്ങള്‍ സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇത്തരം കൂട്ടായ്മകള്‍ക്ക് മുന്‍കയ്യെടുക്കണം. അത്തരം സംഗമസന്ദര്‍ഭങ്ങളില്‍ തര്‍ക്കവിഷയങ്ങള്‍ കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. മതത്തിന്‍റെ പേരിലുള്ള കുടുസ്സായ ധാരണകളും, മതങ്ങള്‍ തമ്മിലുള്ള അയിത്തവും നീങ്ങുംവിധം ആത്മജ്ഞാനാഭിമുഖ്യം പ്രോത്സാഹിപ്പിക്കാനുള്ള പ്രയത്നങ്ങള്‍ ഉണ്ടാവണം. ഇന്ന് മനുഷ്യസഹസ്രങ്ങള്‍ -അവര്‍ ഏത് മതസമൂഹത്തില്‍ പെട്ടവരായാലും- അധര്‍മ്മത്തിലേയ്ക്ക് അനിയന്ത്രിതമാം വിധം അധഃപതിക്കുകയല്ലേ? അവരെ ധര്‍മ്മത്തിലേയ്ക്ക് തിരിച്ചുവിളിക്കാനുള്ള മതനേതൃത്വങ്ങളുടെ സംയുക്ത ഉദ്യമങ്ങള്‍ ഉണ്ടാവേണ്ടതില്ലേ? ഇത്തരം നീക്കങ്ങള്‍ ഒരുമയുടെ ഇടങ്ങളും അവസരങ്ങളും ഉറപ്പുവരുത്താനും ഉതകുമെന്ന് നാം തിരിച്ചറിയണം.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജവഹര്‍ലാല്‍ നെഹ്റു നിരീക്ഷിച്ചത് പോലെ ജനാധിപത്യം സഹകരണമാണ്. അത് ഒരു മാനസികവിനോദം പോലുമാണ്. അത് (സദുദ്ദേശ്യങ്ങളെ മുന്‍നിര്‍ത്തി) തര്‍ക്കങ്ങള്‍ ഒഴിവാക്കലാണ്. വ്യത്യസ്ത വീക്ഷണങ്ങള്‍ തമ്മിലുള്ള (സോപാധികമായ) ഒത്തുതീര്‍പ്പുമാണത്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അന്ധമായ എതിര്‍പ്പും വിരോധവുമാണ് രാഷ്ട്രീയത്തിന്‍റെ അന്തസ്സത്തഎന്ന് ധരിച്ചതുപോലെ തോന്നുന്നു. നെഹ്റു നിരീക്ഷിച്ചത് പ്രകാരമുള്ള ജനാധിപത്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് നാടിന്‍റെ നന്മയ്ക്കായി രാഷ്ട്രീയകക്ഷികള്‍ പരസ്പരം സഹകരിക്കും. വീക്ഷണഭേദങ്ങളിരിക്കേ തന്നെ സമൂഹ നന്മയ്ക്കുവേണ്ടിയും പൗരമര്യാദയുടെ ഭാഗമായും ഒരുമിക്കുന്ന ഈ അഭിജാതര്‍ യഥാര്‍ത്ഥത്തില്‍ പ്രകടമാക്കുന്നത് ആദരാര്‍ഹമായ തങ്ങളുടെ സന്മനസ്സാണ്. ഈ മനഃസൗന്ദര്യം അവരുടെ കലാബോധം തന്നെയാണ്. ജനാധിപത്യം വിനോദമാണെന്നും, വിവാദങ്ങളൊഴിവാക്കലാണെന്നും വീക്ഷണഭേദങ്ങള്‍ നിലനില്ക്കവേ തന്നെ ബഹുജനത്തിന്‍റെ അടിയന്തരാവശ്യങ്ങള്‍ക്കായി അവ തമ്മിലുള്ള താത്കാലികമായ ഒത്തുതീര്‍പ്പിന് സന്നദ്ധരാവലാണെന്നും നെഹ്റു പറഞ്ഞത് എത്ര അര്‍ത്ഥവത്തും വിചാര രമണീയവുമാണ്!

എന്നാല്‍ ഇത്തരത്തില്‍ ജനാധിപത്യ സംസ്കാരം ശീലിച്ചിട്ടില്ലാത്തവരുടെ രാഷ്ട്രീയ അഴിഞ്ഞാട്ടം നാനാതരം കുഴപ്പങ്ങള്‍ക്ക് ഹേതുവാവുകയാണിപ്പോള്‍. അനൈക്യം, ശത്രുത, വകവരുത്തല്‍ - ഇങ്ങനെ എന്തെല്ലാം പ്രത്യാഘാതങ്ങള്‍! സാംസ്കാരിക സമിതികള്‍, യൂത്ത് ക്ലബ്ബുകള്‍, വായനശാലകള്‍, ഗ്രന്ഥാലങ്ങള്‍ -എല്ലാം പാര്‍ട്ടികളുടെ പേരില്‍ വെവ്വേറെയുണ്ടാവുന്നു. ഇവ കേവലമരുത് എന്നല്ല പറഞ്ഞുവരുന്നത്. വിഭാഗീയതകള്‍ക്കതീതമായി എല്ലാവര്‍ക്കും നാട്ടുകാരെന്ന നിലയില്‍ പങ്കെടുക്കാന്‍ തരപ്പെടുന്ന ഇടങ്ങള്‍ നഷ്ടപ്പെടാത്തവിധം ഈ പ്രവണത നിയന്ത്രിക്കപ്പെടണമെന്നാണ് വിവക്ഷ. ഏതെങ്കിലും രാഷ്ട്രീയകക്ഷിക്ക് പ്രാമുഖ്യമുള്ള പ്രദേശങ്ങളില്‍ ആ കക്ഷിയുടെ നേതാവിന്‍റെ സ്മാരകമായിട്ടാവും വായനശാലയോ ഗ്രന്ഥാലയമോ സ്ഥാപിക്കപ്പെടുക. എല്ലാവര്‍ക്കും തങ്ങളുടേത് എന്ന് അഭിമാനപൂര്‍വ്വം അവകാശപ്പെടാന്‍ പറ്റുംവിധം ദേശീയ നേതാക്കളുടെയോ നവോത്ഥാന നായകരുടെയോ സാഹിത്യ സാംസ്കാരികവ്യക്തിത്വങ്ങളുടെയോ പേരില്‍ വായനശാലകളും ഗ്രന്ഥാലയങ്ങളും മറ്റും സ്ഥാപിക്കുന്നതാണ് ഉചിതം. ഗുണപ്രദവും അതുതന്നെ.

ദേശീയലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കേണ്ടത് ക്ലാസ്സ് മുറികളിലൂടെയാണെന്ന് മഹാത്മാഗാന്ധി ഓര്‍മ്മിപ്പിച്ചു. മനുഷ്യരെന്ന നിലയില്‍, സഹപൗരന്മാരെന്നനിലയില്‍ തങ്ങള്‍ സമന്മാരും സഹോദരുമാണെന്ന അറിവ് ഒരുമിച്ച് കളിച്ചും ഒരുമിച്ച് പഠിച്ചും ഒരുമിച്ച് ആഹരിച്ചും തങ്ങളുടെ അനുഭവമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നത് വിദ്യാലയം മുഖേനയാണ്. പൊതുവിദ്യാലയങ്ങള്‍ മതസമുദായങ്ങള്‍ക്കു വീതിച്ചു കൊടുക്കുമ്പോള്‍ ഈ സാധ്യത ചുരുങ്ങിപ്പോകുന്നു.

മനുഷ്യ മനസ്സുകളെ ഐക്യപ്പെടുത്തുന്ന ദൈവിക സിദ്ധിയാണ് കല.മൂല്യച്യുതി കലാമേഖലയെയും ബാധിച്ചുവെന്നത് ശരി. എങ്കിലും വര്‍ഗ്ഗീയതയുടെ വേലിക്കെട്ടുകളെ തകര്‍ക്കാന്‍ സഹായിക്കുന്ന പ്രധാന ഇടങ്ങള്‍ ഇപ്പോഴും കലയുടേതാണെന്ന് സമ്മതിക്കണം. കലാകേരളത്തിന് വിവിധ മതസമുദായങ്ങളില്‍നിന്ന് കൈവന്ന സംഭാവനകള്‍ പ്രശംസാര്‍ഹമാണ്. ഏത് മതത്തിന്‍റെ പേരിലറിയപ്പെടുന്ന കലയായാലും അതിന്‍റെ നിര്‍മ്മാണത്തിലും അവതരണത്തിലും മതഭേദമന്യേ കഴിവുള്ളവര്‍ പങ്കെടുക്കുന്നുവെന്ന വസ്തുത ആഹ്ലാദകരമാണ്. ഉദാഹരണാര്‍ത്ഥം പറയട്ടെ, മാപ്പിളപ്പാട്ട് ആ കലയില്‍ തത്പരരും പ്രവീണരുമായ സകല സഹൃദയരുടെയും കലയാണ്. ഭക്തിഗാനങ്ങളാലപിക്കുന്ന ഗായകര്‍ ഹൈന്ദവ, ക്രിസ്തീയ, ഇസ്ലാമികഗാനങ്ങള്‍ ഉള്ളില്‍ തട്ടുംവിധം പാടുന്നു. മുഹമ്മദ്റാഫിയുടെയും യേശുദാസിന്‍റെയും പ്രിയങ്കരത്വത്തിന് മതവ്യത്യാസത്തിന്‍റെ അതിരുകളില്ല.

പൊതു ഇടങ്ങള്‍ വീണ്ടെടുക്കാന്‍ ഉദ്ദേശിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന സുമനസ്സുകള്‍ ഏത് മനോഭാവത്തോടെ പ്രവര്‍ത്തിക്കണമെന്ന് ചൂണ്ടിക്കാണിക്കാനുള്ള എളിയ ശ്രമം മാത്രമാണ് ഈ കുറിപ്പ്. ചുരുക്കത്തില്‍ മനുഷ്യത്വത്തിന്‍റെയും മാനവൈക്യത്തിന്‍റെയും വീണ്ടെടുപ്പിന് മതമോ രാഷ്ട്രീയമോ മറ്റെന്തെങ്കിലുമോ വിഘാതമാവാതിരിക്കാന്‍ സുചിന്തിതമായ കര്‍മ്മ പരിപാടികള്‍ ഉണ്ടായേ തീരൂ. ഭിന്നിപ്പുകളുടെ വീര്‍പ്പുമുട്ട് സമൂഹത്തെ ആ വഴിയിലേയ്ക്ക് ആകര്‍ഷിക്കുമെന്ന് വിശ്വസിക്കാം.

You can share this post!

പരീക്ഷണം

ഫാ. വര്‍ഗീസ് സാമുവല്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts