news-details
മറ്റുലേഖനങ്ങൾ

പ്രകൃത്യാ ഉള്ള ഭക്ഷണത്തെ നാം എന്തിനു നശിപ്പിക്കുന്നു?

വെള്ളനിറത്തോട് നമുക്കുള്ള ഭ്രമം തര്‍ക്കമറ്റ കാര്യമാണ്. വെള്ളത്തൊലിക്കാരെ ചുറ്റിപ്പറ്റിയാണ് ഈ ഭ്രമം ഉടലെടുത്തതെന്നാണ് ഞാന്‍ ഊഹിക്കുന്നതെങ്കിലും, അവരെക്കുറിച്ചാണു പറഞ്ഞുവരുന്നതെന്ന് ആരും ധരിക്കരുതേ. എനിക്കു പറയാനുള്ളത് വെള്ള നിറത്തിലുള്ള എല്ലാറ്റിനെക്കുറിച്ചുമാണ് -പഞ്ചസാര, ഉപ്പ്, ചോറ്, റൊട്ടി, തുണി, ടൈല്‍സ്... പ്രകൃതി ഏറ്റവും നല്ലതെന്നു കരുതി നമുക്കു നല്കിയവയെ രാസവസ്തുക്കള്‍ ഉപയോഗിച്ച് നാം കഴുകിക്കളയുകയാണ്.

വെള്ള പഞ്ചസാരയുടെ കറുത്തവശം

അടുത്തയിടെ കണ്ട ഒരു പരസ്യം ഇങ്ങനെയാണ്: ചാക്കില്‍ വച്ചിരിക്കുന്ന അത്ര വെളുപ്പുനിറമില്ലാത്ത പഞ്ചസാരയില്‍ പാറ്റകള്‍ ഇഴഞ്ഞുനടക്കുന്നു. അതിനടുത്തുതന്നെ ഒരു കമ്പനിയുടെ പേരുള്ള 'തൂവെള്ള' പഞ്ചസാര. പക്ഷേ, എങ്ങനെയാണ് പഞ്ചസാര തൂവെള്ളയായത്? പഞ്ചസാര ജ്യൂസിനെ ആസിഡ് ചോക്, കാര്‍ബോണിക് ഗ്യാസ്, സള്‍ഫര്‍ ഡയോക്സൈഡ്, സ്ട്രോന്‍ഷ്യം ഹൈഡ്രോക്ലൈഡ്, സള്‍ഫ്യൂറിക് ആസിഡ് എന്നിവയുടെ ഒരു മിശ്രിതത്തിലൂടെ കടത്തിവിട്ടാണ് അതിന് ആ നിറം കൊടുക്കുന്നത്.

പല്ലിലുണ്ടാകുന്ന സുഷിരങ്ങളില്‍ മിക്കതും പഞ്ചസാരയുടെ ഉപയോഗം കൊണ്ടുണ്ടാകുന്നതാണ്. കാപ്പിയിലും ചായയിലും മധുരപലഹാരങ്ങളിലും കോളകളിലും ചേര്‍ക്കുന്ന പഞ്ചസാര പല്ലിലെ ഇനാമലിനെ  നശിപ്പിക്കുന്നു. പല്ലുവേദനയുണ്ടാകുന്നത് നിങ്ങള്‍ എല്ലാ ദിവസവും പല്ലുതേക്കാത്തതുകൊണ്ടോ ദന്തഡോക്ടറെ കാണാത്തതുകൊണ്ടോ മാത്രമല്ലെന്നു സാരം.

ഭക്ഷണത്തില്‍ പ്രകൃത്യാ അടങ്ങിയിരിക്കുന്ന പഞ്ചസാര  മാത്രം കഴിക്കുന്നവരേക്കാള്‍ ഭാരം കൃത്രിമ പഞ്ചസാര കൂടുതല്‍ കഴിക്കുന്നവര്‍ക്കുണ്ടാകുന്നു. കൃത്രിമമായി  നിര്‍മ്മിക്കപ്പെടുന്ന ചില പഞ്ചസാരകള്‍ കാന്‍സറിനു കാരണമാകുന്ന പദാര്‍ത്ഥങ്ങളായി വിഘടിക്കാറുമുണ്ട്.

നാം അകത്താക്കുന്ന കൃത്രിമ  പഞ്ചസാര നമ്മുടെ ശരീരത്തിലെ ആസിഡ് നില ഉയരുന്നതിനുകാരണമാകുന്നു. അത്യന്താപേക്ഷിതമായ ചില വൈറ്റമിന്‍സും ധാതുക്കളും നഷ്ടമാകുന്നതിന് ഇതിടയാക്കും. അതുവഴി ആദ്യം സംഭവിക്കുന്നത് നമുക്കു ഭാരം കൂടും എന്നതാണ്. ആന്തരികാവയവങ്ങളില്‍ പലതിനും പ്രത്യേകിച്ച് കരളിനും രക്തചംക്രമണ സംവിധാനത്തിനും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാനാകാതെ വരും. ശരീരം ബലക്ഷയപ്പെടുകയും പനി, ചുമ, ജലദോഷം, തുടങ്ങിയവയോടുള്ള പ്രതിരോധശേഷി കുറയുകയും ചെയ്യും. തലച്ചോറിന് അത്യന്താപേക്ഷിതമായ വൈറ്റമിന്‍ ബി നഷ്ടപ്പെടുന്നതിനും പഞ്ചസാര കാരണമാകുന്നു.

ഉപ്പ്

'വെള്ള മരണം' എന്നാണ് ഉപ്പ് ചിലയിടത്തൊക്കെ വിളിക്കപ്പെടുന്നത്. മുടിയുടെ അമിതകൊഴിച്ചിലിനും ത്വക്കിന്‍റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുന്നതിനും രക്തസമ്മര്‍ദ്ദം ഏറുന്നതിനും കാഴ്ച സംബന്ധിയായ പ്രശ്നങ്ങള്‍ക്കും ഉത്സാഹത്തിലും ശ്രദ്ധയിലും സംഭവിക്കുന്ന കുറവുകള്‍ക്കും ഉപ്പ് കാരണമാകാറുണ്ട്.

ബേക്കറിയില്‍നിന്നു ലഭിക്കുന്ന ചില ചിപ്സ് ഐറ്റങ്ങളിലും അച്ചാറുകളിലും ബിസ്ക്കറ്റുകളിലുമൊക്കെ ഉപ്പ് അമിതമായി ചേര്‍ക്കപ്പെടുന്നുണ്ട്. അത്തരം സാധനങ്ങള്‍ നാം വാങ്ങിക്കുന്നതുവരെ കടകളില്‍ കേടു കൂടാതെ ഇരിക്കുന്നത് ഈ ഉപ്പുമൂലാണ്. ഉപ്പിനോടും പഞ്ചസാരയോടും നാം അറിയാതെ നമ്മില്‍ ഒരു ഭ്രമം രൂപപ്പെടാറുണ്ട്. കമ്പനികള്‍ പുറത്തിറക്കുന്ന ഉപ്പില്‍ നിന്ന് അവര്‍ പ്രകൃത്യാ ഉള്ള പല ഘടകങ്ങളും നീക്കം ചെയ്തിട്ടാണ് അയഡിന്‍ ചേര്‍ക്കുന്നത്.

ഡോ. പി. രവിചന്ദ്രന്‍ 2008-ല്‍ കല്‍ക്കി എന്ന തമിഴ് മാസികയില്‍ എഴുതി: 'അഞ്ചുലക്ഷം വര്‍ഷംമുമ്പ് പഞ്ചസാരയും ഉപ്പുമൊന്നും ഇവിടെയുണ്ടായിരുന്നില്ല. പ്രകൃതിയിലുള്ള ഭക്ഷണത്തില്‍ ഇവയെല്ലാം ഉള്‍ച്ചേര്‍ന്നിരുന്നു. ഇന്നു വില്ക്കപ്പെടുന്ന ഉപ്പ് വളരുന്ന കുട്ടികളുടെ തലച്ചോറിന് നല്ലതാണെന്നാണ് പരസ്യങ്ങള്‍ പറയുന്നത്. അയഡിന്‍ ചേര്‍ത്ത കമ്പനി ഉപ്പില്‍ 90 ശതമാനവും ഉള്ളത് സോഡിയമാണ്. ഈ കമ്പനികള്‍ പ്രകൃത്യാ ലഭിക്കുന്ന ഉപ്പ് വാങ്ങി, പൊടിച്ചെടുത്ത്, അതിലെ പൊട്ടാസിയവും മഗ്നീഷ്യവും സിങ്ക് സള്‍ഫേറ്റും നീക്കംചെയ്യുന്നു. ഇത്തരം ഉപ്പ് കാന്‍സറിനു കാരണമാകാനുള്ള സാധ്യത വളരെയുണ്ട്. നമുക്ക് ആവശ്യമുള്ള അയഡിന്‍ വളരെ തുച്ഛമാണ്. അതാകട്ടെ, ഭക്ഷണത്തില്‍നിന്നു ലഭ്യവുമാണ്. ഉപ്പില്‍നിന്നു നീക്കം ചെയ്യപ്പെടുന്ന ധാതുക്കള്‍ ഉപയോഗിക്കപ്പെടുന്നത് രാസവളം നിര്‍മ്മിക്കാനാണ്. നമ്മുടെ ശരീരത്തിന് അതൊന്നും ആവശ്യമില്ലെന്നാവാം അവര്‍ കരുതുന്നത്. അങ്ങനെയെങ്കില്‍ അതു വളമാക്കിമാറ്റുന്നത് എന്തുകൊണ്ട്? മനുഷ്യര്‍ക്ക് ദോഷകരമായ ഘടകങ്ങള്‍ മണ്ണിനും ധാന്യങ്ങള്‍ക്കും മോശമല്ലെന്നു വരുമോ?

വെളുത്ത ഗോതമ്പുപൊടി

വെയിലത്തിട്ട് ഗോതമ്പ് ഉണക്കുന്ന പരിപാടിയൊന്നും ഇപ്പോള്‍ ഇല്ലേയില്ല. മിക്ക സ്ത്രീകളും ജോലിക്കു പോയിത്തുടങ്ങിയതോടെ ധാന്യം ഉണക്കാനും പൊടിക്കാനും ഒക്കെ സമയമില്ലെന്നായി. ഗോതമ്പു പൊടിക്കുന്ന മില്ലുകളും നന്നേ കുറഞ്ഞു. കമ്പനികളിറക്കുന്ന പൊടിയുപയോഗിച്ച് നല്ല മാര്‍ദ്ദവമുള്ള ചപ്പാത്തിയുണ്ടാക്കാനാകും. ഒരുപാടു രാസപ്രവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കപ്പെടുന്ന ഗോതമ്പ്, അവയില്‍ എന്തെല്ലാം വൈറ്റമിന്‍സ് ചേര്‍ത്താലും ശരി,  നാര് (ഫൈബര്‍), തവിട് തുടങ്ങിയ ചില പ്രധാന ഘടകങ്ങള്‍ ഇല്ലാത്ത ഗോതമ്പാണ്.

രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് ഇവയൊക്കെ നീക്കിക്കളയുന്നത്. ഇത്തരം തൂവെള്ള ധാന്യങ്ങളെ പെട്ടെന്നു കീടങ്ങള്‍ ആക്രമിക്കില്ല. ഒരു രാസപ്രവര്‍ത്തനത്തിനും വിധേയമാകാത്ത കുറെ ധാന്യമണികള്‍ ഒരിടത്ത് വച്ചുനോക്കൂ. ഉറുമ്പുകള്‍ പെട്ടെന്ന് അവിടേയ്ക്കു വരുന്നതു കാണാം. കമ്പനികള്‍ പുറത്തിറക്കുന്ന ധാന്യങ്ങളുടെ കാര്യത്തില്‍ ഇത് അത്രപെട്ടെന്നു സംഭവിക്കില്ല.

സംസ്കരിക്കപ്പെട്ട ധാന്യങ്ങള്‍ കഴിക്കുന്നവര്‍ക്ക് വണ്ണംകൂടാനുള്ള സാധ്യത ഏറെയാണ്. കാരണം അവരില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍റെ അളവ് അത്തരം ധാന്യം കഴിക്കുന്നതിനനുസരിച്ച് കൂടിക്കൊണ്ടിരിക്കും. ശരീരത്തില്‍ കൊഴുപ്പു കൂടുന്നതിനും ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കും രക്തസമ്മര്‍ദ്ദമേറുന്നതിനും ഇതിടയാക്കുന്നു.
സംസ്കരിക്കപ്പെട്ട കാര്‍ബോ ഹൈഡ്രേറ്റ്സ് കഴിക്കുന്നതിനനുസരിച്ച് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് ഏറെക്കാലം തുടര്‍ന്നാല്‍, രക്തത്തിലെ ഗ്ലൂക്കോസും ഇന്‍സുലിനും തമ്മിലുള്ള ബാലന്‍സ് തെറ്റുകയും ഗൗരവമായ പ്രത്യാഘാതകങ്ങള്‍ ഉണ്ടാകുകയും ചെയ്യാം.
ഗോതമ്പുപൊടിയുടെ വെള്ളനിറം കൂടുംതോറും നിങ്ങള്‍ മരണത്തിലേക്ക് അടുക്കുകയാണ് എന്നൊരു പഴമൊഴി തന്നെയുണ്ട്.

സംസ്കരിച്ച എണ്ണ

പണ്ട് തേനിന്‍റെ നിറമുള്ള നല്ലെണ്ണ ഇന്നു ഒരു വിളറിയ മഞ്ഞനിറത്തോടെയാണു പ്രത്യക്ഷപ്പെടുന്നത്. കടലെണ്ണയുടെയും കാര്യം അങ്ങനെതന്നെ. ഇവയെല്ലാം ചൂടാക്കി, രാസവസ്തുക്കളും ചേര്‍ത്ത്, നിറവും മണവും നീക്കം ചെയ്താണ് കടകളില്‍ എത്തുന്നത്. മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന കോട്ടണ്‍ പാഡുകള്‍ ആസ്ബറ്റോസും മറ്റു ബ്ലീച്ചിംഗ് രാസവസ്തുക്കളുമുപയോഗിച്ച് സംസ്കരിച്ചവയാണ്. ഗര്‍ഭപാത്രസംബന്ധിയായ കാന്‍സറിനു ഇതു കാരണമാകുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ശരീരത്തിലുപയോഗിക്കുന്ന ഡയപ്പറില്‍ വിനൈല്‍, ഇലാസ്റ്റിക്, ജെല്‍, പ്ലാസ്റ്റിക് തുടങ്ങിയവയുണ്ട്. ത്വക്കിനും പ്രകൃതിക്കും ഹാനികരമാണ് ഇവയൊക്കെ.

വിഭവങ്ങളൊക്കെ സംസ്കരിച്ച് സംസ്കരിച്ച് നാം പ്രകൃതിയെ നശിപ്പിക്കുകയാണ്. മണ്ണില്‍ രാസവളം  ചേര്‍ക്കുന്നതു ശരിയാണെന്നു നാം കരുതുന്നു. ഭക്ഷ്യവസ്തുക്കള്‍ സംസ്കരിക്കുന്നതും ദീര്‍ഘനാള്‍ കാത്തുസൂക്ഷിക്കാന്‍ പാകത്തില്‍ ആക്കിത്തീര്‍ക്കുന്നതും ശരിയാണെന്നു നാം കരുതുന്നു. അങ്ങനെയൊക്കെ ഏറ്റവും ആവശ്യമുള്ള പോഷകാംശങ്ങള്‍ നാം നമുക്കുതന്നെ നിഷേധിക്കുന്നു.

ചന്തക്ക് ചന്തയുടേതായ ചില തന്ത്രങ്ങളുണ്ട്. പക്ഷേ നമ്മുടെ ഉള്ളിലേക്കു പോകുന്നതിന്‍റെ കാര്യത്തിലെങ്കിലും ആവുന്നത്രയും പ്രകൃതിയോട് പൊരുത്തപ്പെടുന്ന നടപടികള്‍ സ്വീകരിച്ചുകൂടെ?

You can share this post!

പരീക്ഷണം

ഫാ. വര്‍ഗീസ് സാമുവല്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts