news-details
മറ്റുലേഖനങ്ങൾ

ദൈവത്തിന്‍റെ ഇടതും വലതും

ഇടതരോട് പൊതുവെ താത്പര്യമില്ലാത്തവരാണ് ക്രൈസ്തവര്‍.  ഇടത്തോട്ട് പോക്ക് ശരിയല്ലാത്ത പോക്കാണ്.  കാരണം മത്തായിയുടെ സുവിശേഷം തന്നെ.  "അനന്തരം രാജാവ് തന്‍റെ വലത്തുഭാഗത്തുള്ളവരോടു പറയും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍" അനന്തരം അവന്‍ തന്‍റെ ഇടതുഭാഗത്തുള്ളവരോട് പറയും.  ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്ന് അകന്നുപോകുവിന്‍" (മത്താ. 25:34-41)  വലതര്‍ സ്വര്‍ഗരാജ്യത്തിലേക്കും ഇടതര്‍ നരകത്തിലേക്കും.  നീതി വലതാണ് എന്നു വരുന്നു.  എന്നാല്‍ നീതിയുടെ പേരില്‍ ഇടത്തോട്ട് തിരിയുന്നവര്‍ ലോകത്തിലുണ്ട്.  ദൈവത്തിന്‍റെ വലത്താണ് എന്ന് ആര്‍ക്കു ഉറപ്പു പറയാന്‍ കഴിയും? ദൈവം എങ്ങോട്ട് തിരിഞ്ഞുനില്ക്കും എന്ന് ആര്‍ക്കറിയാം? "പിമ്പന്മാര്‍ മുമ്പന്മാരും മുമ്പന്മാര്‍ പിമ്പന്മാരുമാകും" (മത്താ. 20:16) എന്നു പറഞ്ഞവന്‍ വലതന്മാര്‍ ഇതടന്മാരും ഇടതന്മാര്‍ വലതന്മാരുമാകും എന്നു പറയാന്‍ മടിക്കുമോ?

ജര്‍മ്മന്‍ സാഹിത്യകാരന്‍ ലെസ്സിംഗ് (1729-1781) എഴുതി: ദൈവം തന്‍റെ വലംകയ്യില്‍ സത്യവും ഇടംകയ്യില്‍ സത്യാന്വേഷണവും വച്ചു തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ഇടതുകൈയിലെ സത്യാന്വേഷണം തിരഞ്ഞെടുക്കും. സത്യമല്ല സത്യാന്വേഷണമാണ് അദ്ദേഹത്തിനു വേണ്ടത്.  അന്വേഷിക്കാതെ കിട്ടുന്ന സത്യത്തിനു വിലയില്ലാതായിപ്പോകും! ജീവന്‍റെ ജ്വാല ജിജ്ഞാസയാണ് - മൂടിയിരിക്കുന്നതൊക്കെ തുറന്നു കാണാനുള്ള താത്പര്യം.

അലക്സാഡ്രിയായിലെ പുരാണപ്രസിദ്ധമായ ലൈബ്രറിയുടെ ആയിരക്കണക്കിനു പുസ്തകങ്ങള്‍ 640-ല്‍ ഖാലിഫ വിറകായി കത്തിക്കാന്‍ കൊടുത്തു എന്നൊരു കഥയുണ്ട്.  അതിനൊരു കാരണം അദ്ദേഹം പറഞ്ഞു: ഖുര്‍-ആന്‍ സത്യമാണ്.  പുസ്തകശാലയിലെ പുസ്തകങ്ങള്‍ അതിലുള്ളതാണ് പറയുന്നതെങ്കില്‍ പിന്നെ ആ പുസ്തകങ്ങളുടെ ആവശ്യമില്ല,  ഖുര്‍-ആന്‍ മതി.  ഖുര്‍-ആന് എതിരാണ് പുസ്തകങ്ങള്‍ പറയുന്നതെങ്കില്‍ അവ നുണയാണ്, കത്തിക്കേണ്ടതാണ്.'

ഈ കഥയുടെ മറ്റൊരു പതിപ്പാണ് എക്കോയുടെ ക്രൈസ്തവ സന്ന്യാസാശ്രമത്തിലെ അതിവിശിഷ്ടമായ ലൈബ്രറിയുടെ കഥയും (The Name of the Rose).  ആ ലൈബ്രറിക്കു തീയിട്ടത് അതിന്‍റെ ലൈബ്രേറിയന്‍ തന്നെയാണ്.  അദ്ദേഹത്തിന് അതിനു കാരണമുണ്ട്.  ലൈബ്രറിയില്‍ എല്ലാ പുസ്തകങ്ങളും സൂക്ഷിക്കുന്നത് സത്യാന്വേഷണത്തിനല്ല.  സത്യം വെളിപ്പെട്ടു കഴിഞ്ഞു. ഇനി അന്വേഷണമില്ല.  വെളിപ്പെട്ട സത്യത്തിന്‍റെ തുടര്‍ച്ചയായ ധ്യാനം മാത്രം.  വെളിപ്പെടുത്തപ്പെട്ട സത്യത്തിനു വിരുദ്ധമായ വചനങ്ങള്‍ കാത്തുസൂക്ഷിക്കണം, സൂക്ഷിക്കുന്നവരെ മലിനമാക്കാതെ. കാത്തുസൂക്ഷിക്കുന്നവര്‍ അതു ചെയ്യുന്നത് വെളിപ്പെട്ട സത്യത്തിന്‍റെ മഹത്ത്വം പ്രകാശിതമാകുന്ന പശ്ചാത്തലമായി മാത്രം.  അവിടെ കാത്തുസൂക്ഷിക്കുന്നവര്‍ക്ക് അഹന്ത വരാം: മനുഷ്യവര്‍ഗ്ഗത്തിന് ഇതുവരെ കിട്ടിയിട്ടില്ലാത്ത ഏതോ അറിവ് അന്വേഷിക്കാനുണ്ട് എന്ന അഹന്ത.  അറിവ് കാത്തുസൂക്ഷിക്കലല്ല, അന്വേഷിക്കലാണ് എന്ന അഹങ്കാരം.  ഈ അഹന്ത കൊവേന്തയില്‍ കടന്നു എന്നു മനസ്സിലാക്കിയപ്പോള്‍ ലൈബ്രേറിയന്‍ പുസ്തകശാലയ്ക്കു തീവച്ചു.  വെളിപാടിന്‍റെ അവസാനവാചകം ഇനിയും മാലാഖ പറഞ്ഞിട്ടില്ല എന്നു കരുതുന്ന മഹാശാപത്തെ വെട്ടി നീക്കുക സത്യത്തോടുള്ള വിശ്വസ്തതയുടെ ഉത്തരവാദിത്വമായി മാറിയപ്പോള്‍ അദ്ദേഹം പുസ്തകലോകത്തിനു തീ വച്ചു; ലോക പുസ്തകത്തിന് ഇന്ന് അത്തരക്കാര്‍ തീവച്ചുകൊണ്ടിരിക്കുന്നു.

അറിവിന്‍റെ അപകടമാണീ മൗലികവാദം - അറിവ് അഹന്തയായി മാറാം.  ഇനി ഒന്നും അറിയാനില്ല എന്ന അഹന്ത. എനിക്കുശേഷം ആര്‍ക്കും ഒന്നും പുതിയതായി പറയാനില്ല എന്ന ശാഠ്യം.  പുതിയതൊന്നും കേള്‍ക്കാനോ നോക്കാനോ കണ്ണും കാതുമില്ലാത്ത ഗര്‍വ്.  "നിങ്ങള്‍ അറിഞ്ഞു എങ്കില്‍ അതു ദൈവമല്ല" എന്നു സെന്‍റ് അഗസ്റ്റിന്‍ പറഞ്ഞപ്പോള്‍ അതിനര്‍ത്ഥം സത്യം എന്നും പുതിയ പൂക്കളുമായി വിടരും എന്നാണ്.  സത്യാന്വേഷണവും സത്യജ്ഞാനവും ഒരിക്കലും പൂര്‍ത്തിയാകുന്നില്ല.

You can share this post!

പരീക്ഷണം

ഫാ. വര്‍ഗീസ് സാമുവല്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts