news-details
മറ്റുലേഖനങ്ങൾ

അഴിമതി - നവഉദാരീകരണത്തിന്‍റെ അവിഭാജ്യഘടകം

ആമുഖം

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി കൊണ്ടാടപ്പെടുന്ന ഇന്ത്യ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കാര്യത്തില്‍ അഗ്രിമസ്ഥാനത്തു നില്‍ക്കുന്നു. ആഗോളരംഗത്തെ അഴിമതിയെ സംബന്ധിച്ചു പഠനം നടത്തുന്ന ലോകത്തെ രണ്ടു എന്‍.ജി.ഒകളായ ട്രാന്‍സ്പേരന്‍സി ഇന്‍റര്‍നാഷണലും  (Transparency international) ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്‍റഗ്രിറ്റിയും (Global Financial Integrity) ഇക്കാര്യത്തില്‍  ഇന്ത്യയെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഈയിടെ പുറത്തുവിട്ടിട്ടുള്ളത്. ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കുത്തകകളും ആഗോള പണമിടപാടുകാരും ഓഹരി-നാണയ-റിയല്‍ എസ്റ്റേറ്റ് വിപണികളിലെ ചൂതാട്ടക്കാരും ഭരണമുഖ്യന്മാരും കള്ളക്കടത്തുകാരും മയക്കുമരുന്നു കച്ചവടക്കാരുമെല്ലാം ചേര്‍ന്ന് പ്രതിവര്‍ഷം ഏറ്റവും കുറഞ്ഞത് ഒരു ലക്ഷംകോടി ഡോളര്‍ അടിച്ചുമാറ്റുന്നുണ്ടെന്നാണ് ട്രാന്‍സ്പേരന്‍സി ഇന്‍റര്‍ നാഷണല്‍ കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് കൂടുതല്‍ വസ്തുതാപരമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത് ഫോര്‍ഡ് ഫൗണ്ടേഷനുകൂടി പങ്കാളിത്തമുള്ള ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്‍റഗ്രിറ്റി എന്ന സ്ഥാപനമാണ്.

"1948-2008 കാലത്തെ ഇന്ത്യയില്‍ നിന്നുള്ള നിയമവിരുദ്ധ പണമൊഴുക്കിന്‍റെ ചലനക്രമങ്ങളും നായകരും" എന്ന പഠനത്തിലൂടെ ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നും 46200 കോടി ഡോളര്‍ നിയമവിരുദ്ധമായി കടത്തിക്കൊണ്ടു പോയതായി അതു ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ദേശീയവരുമാനത്തിന്‍റെ 36 ശതമാനത്തിനും വിദേശകടത്തിന്‍റെ ഇരട്ടിക്കും തുല്യമായ തുകയാണിത്. അതേസമയം ഇപ്രകാരം കടത്തിയ പണത്തിന്‍റെ 70 ശതമാനത്തോളം മന്‍മോഹന്‍സിങ്ങിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ സാമ്പത്തിക ഉദാരീകരണങ്ങള്‍ നടപ്പാക്കിത്തുടങ്ങിയ 1991 നു ശേഷമുള്ള നവ ഉദാരീകരണകാലത്താണെന്നും പ്രസ്തുത പഠനം പറയുന്നു. ഇന്ത്യയില്‍നിന്നു മാത്രം ഏകദേശം  ഒരുലക്ഷംകോടി ഡോളര്‍ സ്വിസ്സ് ബാങ്കുകളിലേക്ക് ഒഴുകിയിട്ടുണ്ടെന്നാണ് പല അനൗദ്യോഗിക പഠനങ്ങളും പറയുന്നത്.

നവ ഉദാരീകരണവും വളരുന്ന അഴിമതിയും

അടുത്തകാലത്തായി ഇന്ത്യയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന അഴിമതി കുംഭകോണങ്ങള്‍ എണ്ണിയാലൊടുങ്ങാത്തവയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗും കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു കോടി രൂപയുടെ തട്ടിപ്പ് ചര്‍ച്ചാവിഷയമായിരിക്കുമ്പോഴാണ് ഒന്നേമുക്കാല്‍ലക്ഷം കോടി രൂപയുടെ 2 ജി  സ്പെക്ട്രം അഴിമതി മുന്‍പന്തിയിലേക്കു കയറിവന്നത്. അതിനിടയിലാണ് ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനിലെയും പൊതുമേഖലാ ബാങ്കുകളിലെയും ആയിരക്കണക്കിനു കോടി രൂപ ഭവനവായ്പയുടെ മറവില്‍ റിയല്‍ എസ്റ്റേറ്റ് കുത്തകകള്‍ക്കും ഓഹരിവിപണിയിലെ കോര്‍പ്പറേറ്റ് ചൂതാട്ടക്കാര്‍ക്കും കൈമാറിയ മറ്റൊരു കുംഭകോണം വാര്‍ത്തയായത്. ഇതോടൊപ്പം കാര്‍ഗില്‍ യുദ്ധത്തിലെ ജവാന്മാരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും വീടുവയ്ക്കാനെന്ന മറവില്‍ നടന്ന ആദര്‍ശ് ഫ്ളാറ്റ് തട്ടിപ്പ്, ഖനി- പ്രകൃതിവിഭവങ്ങള്‍ കൊള്ളചെയ്യാന്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ക്കും ഖനിമാഫിയായ്ക്കും ഒത്താശചെയ്തതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലും ഛത്തീസ്ഘട്ടിലും ജാര്‍ഖണ്ഡിലുമടക്കം നിരവധി അഴിമതികള്‍, പ്രകൃതിവാതക-എണ്ണപ്പാടങ്ങള്‍ പാട്ടത്തിനു കൊടുത്തതും അവയുടെ വില നിര്‍ണ്ണയിച്ചതുമായി ബന്ധപ്പെട്ട അഴിമതികള്‍, ഓഹരി കുംഭകോണത്തിലൂടെ വിദേശ ഊഹക്കുത്തകകള്‍ പതിനായിരക്കണക്കിനു കോടിരൂപ കടത്തിക്കൊണ്ടുപോയത,് പൊതുമേഖലാ ഓഹരികള്‍ വിലകുറച്ചു വിറ്റതുമായി ബന്ധപ്പെട്ട് പൊതുഖജനാവിനുണ്ടായ ആയിരക്കണക്കിനു കോടിയുടെ നഷ്ടം, 'കിട്ടാക്കട'മെന്ന പേരില്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ പൊതുമേഖലാ ബാങ്കുകള്‍ക്കു കൊടുക്കാനുള്ള ലക്ഷക്കണക്കിനു കോടി രൂപ എഴുതിത്തള്ളുന്നത്,  വ്യോമയാനമേഖല സ്വകാര്യക്കുത്തകകള്‍ക്കു തീറെഴുതിയതിലെ അഴിമതി തുടങ്ങിയവ ഒന്നിനു പുറകെ മറ്റൊന്നായി മാധ്യമങ്ങളില്‍ വന്നുംപോയുമിരിക്കുന്നു. അതുകൂടാതെ വമ്പന്‍ നികുതിവെട്ടിപ്പുകള്‍ക്കു കുപ്രസിദ്ധരായ ഇന്ത്യന്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ നികുതിയിളവുകളുടെ രൂപത്തില്‍ ലക്ഷക്കണക്കിനു കോടികള്‍ കീശയിലാക്കുന്ന ഏര്‍പ്പാട് ഓരോ ബജറ്റിലും വര്‍ദ്ധിച്ചുവരുന്നു. 2008-2009 കേന്ദ്രബജറ്റില്‍ ഇപ്രകാരം നികുതിയിളവുകളായി നേടിയെടുത്തത് 4.14 ലക്ഷം കോടി രൂപയായിരുന്നത് 2009-10 ബജറ്റില്‍ 5.02 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. തികച്ചും 'നിയമവിധേയ'മെന്നു തോന്നാവുന്ന രാജ്യസമ്പത്തിന്‍റെ ഈ കൊള്ളയടിവഴി സാധാരണജനങ്ങള്‍ക്ക് ഭക്ഷണം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സബ്സിഡികളിലൂടെ നല്‍കുന്ന തുകയുടെ പലമടങ്ങാണ് കുത്തകകളുടെ കൈപ്പിടിയിലാകുന്നത്. തട്ടിപ്പിന്‍റെയും വെട്ടിപ്പിന്‍റെയും കൊള്ളയുടെയുമെല്ലാം നവഉദാരീകരണ രീതികളാണ് ഇതുവഴി അനാവരണം ചെയ്യപ്പെടുന്നത്.

ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങളും കോര്‍പ്പറേറ്റ് മാധ്യമങ്ങളും കൂലിയെഴുത്തുകാരായ ബുദ്ധിജീവികളും നിരന്തരം പറഞ്ഞുപോന്നിരുന്നത് നെഹ്രുവിയന്‍ കാലത്തു നിലനിന്ന 'ലൈസന്‍സ് - പെര്‍മിറ്റ്രാജ്' നിമിത്തമാണ് രാജ്യത്ത് കൈക്കൂലിയും അഴിമതിയും വ്യാപകമായതെന്നും അത് എടുത്തുകളഞ്ഞാല്‍ അഴിമതിവിമുക്തവും സുതാര്യവുമായ സാമൂഹ്യസാഹചര്യം രൂപപ്പെടുമെന്നുമായിരുന്നു. എന്നാല്‍ നെഹ്റുവിയന്‍ ക്ഷേമരാഷ്ട്രകാലത്ത് കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നതിന്‍റെ പേരില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തിന് പ്രതിഫലം ലഭിക്കുന്നതായിരുന്നു അഴിമതിയുടെ മുഖ്യരൂപമെങ്കില്‍, നവഉദാരീകരണകാലത്ത് കോര്‍പ്പറേറ്റ് ഊഹക്കുത്തകകള്‍ സര്‍വതന്ത്ര സ്വതന്ത്രമായി നടത്തുന്ന ദേശീയ കൊള്ളയില്‍ ഭരണ-രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വങ്ങളും അവരുടെ ഇടനിലക്കാരും പങ്കുപറ്റുന്നതും ഇവരെല്ലാമടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ടായി അഴിമതി രൂപാന്തരം പ്രാപിക്കുന്നതും സാധാരണമാകുന്നതാണ് നാം കാണുന്നത്.

ഒരു മൂല്യപ്രശ്നമെന്നതിനപ്പുറം ഊഹമൂലധനത്തിന്‍റെ മുന്‍കയ്യില്‍ നടക്കുന്ന സമാഹരണപ്രക്രിയയില്‍ അന്തര്‍ലീനമാണ് അഴിമതിയും കുംഭകോണവുമെന്നത് ഇന്ത്യയുടെ മാത്രം ഒരു സവിശേഷപ്രശ്നമല്ല. 1970കളിലെ സ്റ്റാഗ്ഫ്ളേഷനെ തുടര്‍ന്ന് സാമ്രാജ്യത്വം കെയ്നീഷ്യന്‍ ക്ഷേമരാഷ്ട്രങ്ങള്‍ അവസാനിപ്പിച്ച് നവഉദാരീകരണത്തിലേക്കു നീങ്ങിയതോടൊപ്പം പ്രത്യക്ഷപ്പെട്ട പ്രവണതയാണത്. ഉല്പാദന മേഖലകളെ  അപേക്ഷിച്ച് ഊഹമേഖലകള്‍ സമ്പദ്ഘടനയില്‍ നിര്‍ണായകസ്ഥാനം നേടിയതോടെ പണസമാഹരണത്തിനുള്ള ആര്‍ത്തിയും തിരിമറികളും തട്ടിപ്പുകളും ക്രിമിനല്‍ ഇടപെടലുകളും ഭരണവര്‍ഗ്ഗങ്ങള്‍ തന്നെ പ്രോത്സാഹിപ്പിക്കുകയും ആ പ്രക്രിയക്കിടയില്‍ തൊഴിലാളികളുടെയും അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെയും സാമ്പത്തികവും ജനാധിപത്യപരവുമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തു. അതേസമയം, ബഹുരാഷ്ട്രക്കുത്തകകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ അടങ്ങുന്ന വരേണ്യവര്‍ഗ്ഗത്തിന്‍റെയും വരുമാനത്തിലും ലാഭവിഹിതത്തിലും അഭൂതപൂര്‍വ്വമായ വര്‍ദ്ധനവുണ്ടാവുകയും ചെയ്തു. കമ്പോളത്തിന്‍റെയും മൂലധന പ്രവാഹത്തിന്‍റെയും മേല്‍ ഭരണകൂടത്തിനുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും ഒന്നൊന്നായി റദ്ദാക്കുകയും സര്‍ക്കാര്‍ ചെലവുകളും സാമൂഹ്യസുരക്ഷാ പദ്ധതികളും വെട്ടിക്കുറയ്ക്കുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ചുളുവിലയ്ക്ക് കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് കൈമാറിയതിനൊപ്പം പൊതുമേഖലാ ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും സമാഹരിച്ചിട്ടുള്ള പണമത്രയും ഓഹരി-നാണയ-റിയല്‍ എസ്റ്റേറ്റ്- ഊഹക്കച്ചവടമേഖലകളില്‍ യഥേഷ്ടം ഉപയോഗിക്കുന്നതിനായി കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. ഒരു സമ്പന്ന ന്യൂനപക്ഷത്തിന്‍റെ കയ്യില്‍ സമ്പത്ത് വന്‍തോതില്‍ കേന്ദ്രീകരിച്ചതിനൊപ്പം ഉല്പാദനമേഖലയുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് തൊഴിലില്ലായ്മയും ബഹുഭൂരിപക്ഷത്തിന്‍റെ പാപ്പരീകരണവും വ്യാപകമായി. ജനങ്ങളുടെ നികുതിപ്പണംകൊണ്ടു കെട്ടിപ്പൊക്കിയ പൊതുമേഖലാ സംരംഭങ്ങളുടെ തലപ്പത്തിരുന്ന് അവയെ തകര്‍ക്കുന്ന ഉദ്യോഗസ്ഥമേധാവികളെ റിട്ടയര്‍മെന്‍റിനുശേഷം തങ്ങളുടെ സ്ഥാപനങ്ങളുടെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നത് കോര്‍പ്പറേറ്റ് കുത്തകകള്‍ ഒരു പതിവാക്കിയിട്ടുണ്ട്.

പന്നിക്കൂടാക്കുന്ന പാര്‍ലമെന്‍റ്

നവഉദാരീകരണ നയങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമാകുന്ന അഴിമതിയും കുംഭകോണങ്ങളുമെല്ലാം ഇന്ന് പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ തനിനിറം കൂടുതല്‍ തുറന്നുകാട്ടിയിരിക്കുന്നു. ടെലികോം കുംഭകോണത്തെ സംബന്ധിച്ച് ഒരു സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റിയുടെ അന്വേഷണം ഒഴിവാക്കുന്നതിനായി ടെലികോം കുംഭകോണത്തില്‍ പങ്കുകാരായ ദല്ലാള്‍ കുത്തകകളുടെ പിന്‍തുണയോടെ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം അപ്പാടെ വേണ്ടെന്നുവയ്ക്കുകയാണുണ്ടായത്. ജനകീയാധികാരത്തിന്‍റെ ശ്രീകോവിലെന്ന് ഭരണവര്‍ഗ്ഗങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്ന ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്‍റെ പാര്‍ലമെന്‍റിന് സാമ്രാജ്യത്വ ദല്ലാളന്മാര്‍ പുല്ലുവിലപോലും കല്പിക്കുന്നില്ലെന്ന് ഇതിലൂടെ വ്യക്തമായിരിക്കുന്നു. 1994-ല്‍ റാവു-മന്‍മോഹന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ടെലികോം നയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും ഈ രംഗത്തെ കുംഭകോണങ്ങള്‍ അരങ്ങേറുന്നതെന്നതിനാല്‍ 90കള്‍ മുതല്‍ കേന്ദ്രഭരണത്തില്‍ കക്ഷികളായിട്ടുള്ള ഒരു പാര്‍ട്ടിക്കും അവയുടെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞുനില്‍ക്കാനാവില്ല.
'ഏറ്റവും വലിയ ജനാധിപത്യ'ത്തില്‍ കോര്‍പ്പറേറ്റ് മുഖ്യന്മാര്‍ മന്ത്രിമാരെ നിര്‍ണയിക്കുന്നതോടൊപ്പം ശതകോടീശ്വരന്മാരുടെയും ക്രിമിനലുകളുടെയും തട്ടിപ്പുകാരുടെയും എണ്ണം പാര്‍ലമെന്‍റില്‍ കൂടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ലോകസഭയില്‍ മാത്രം 200 കോടിയിലധികം രൂപയുടെ സമ്പത്തുള്ള 315 ശതകോടീശ്വരന്മാര്‍ കയറിക്കൂടിയിട്ടുണ്ട്. കഴിഞ്ഞ ലോകസഭയില്‍ അവരുടെ എണ്ണം 156 ആയിരുന്നു. 40 ശതമാനത്തോളം പാര്‍ലമെന്‍റംഗങ്ങള്‍ പണാപഹരണം, ഹവാല ഇടപാടുകള്‍, നികുതിവെട്ടിപ്പ്, ബലാല്‍സംഗം, കൊലപാതകം തുടങ്ങിയവയുടെ പേരില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഫിനാന്‍സ് മൂലധനത്തിന്‍റെ ആധിപത്യവും അതു സംജാതമാക്കുന്ന ജീര്‍ണ്ണതയും വ്യാപകമായതോടെ, ഒരു നൂറ്റാണ്ടിനുമുമ്പ് ലെനിന്‍ ചൂണ്ടിക്കാട്ടിയതുപോലെ പാര്‍ലമെന്‍റ് പന്നിക്കൂടായി പരിണമിച്ചിരിക്കുന്നു. പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ എം. പി. മാരെ കോഴകൊടുത്തു ചാക്കിട്ടു പിടിക്കുന്ന ഏര്‍പ്പാടില്‍ തന്‍റെ മുന്‍ഗാമിയായിരുന്ന നരസിംഹറാവുവിനെപോലെ മന്‍മോഹന്‍സിങ്ങും ഒട്ടും പിറകിലല്ല. ഇതിനുള്ള പണമെത്തിക്കുന്നത് ഗുണഭോക്താക്കളായ കോര്‍പ്പറേറ്റ് ലോബികള്‍ തന്നെയാണ്. ആണവകരാറിന്‍റെ സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കിയാണ് അമേരിക്കന്‍ കുത്തകകളും ഇന്ത്യന്‍ ദല്ലാളന്മാരും ഈ ചാക്കിട്ടുപിടിത്തത്തിനു നേതൃത്വം നല്‍കിയതെന്ന് വ്യക്തമായിരുന്നു. ഉന്നത നീതിപീഠത്തിലെ പല ജഡ്ജിമാരും വന്‍ അഴിമതിക്കാരും ഭൂമി തട്ടിപ്പുകാരുമാണെന്ന് പരക്കെ അറിവുള്ളതാണ്. ചുരുക്കത്തില്‍ പുത്തന്‍ കൊളോണിയല്‍ ഭരണകൂടത്തിന്‍റെ മൂന്നു ഘടകങ്ങളായ എക്സിക്യൂട്ടീവും ജുഡീഷ്യറിയും നിയമനിര്‍മ്മാണസഭയും ഒരേപോലെ അഴിമതിയിലും കുംഭകോണങ്ങളിലും മുങ്ങിത്താണിരിക്കുന്നു.

മന്‍മോഹണോമിക്സ് അഴിമതിയുടെ പര്യായം

ഇന്ത്യയില്‍ നവ ഉദാരീകരണത്തിനു തുടക്കമിട്ട മന്‍മോഹന്‍സിങ്ങിന്‍റെ നയങ്ങളാണ് അഴിമതിയുടെയും കുംഭകോണങ്ങളുടെയും മലവെള്ളപ്പാച്ചിലിന് ആരംഭം കുറിച്ചത്. ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകളിലെ ലക്ഷക്കണക്കിനു കോടി രൂപ (ഇപ്പോള്‍ ഈ നിക്ഷേപം ഏകദേശം 50 ലക്ഷം കോടി രൂപ വരുമെന്നാണ് കണക്ക്)യില്‍നിന്നും രാജ്യത്തെ കോടാനുകോടി വരുന്ന ദരിദ്രകര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വായ്പയായി ലഭിക്കാനാവാത്തവിധം ബാങ്കുവായ്പയുടെ മുന്‍ഗണനാക്രമങ്ങള്‍ അട്ടിമറിച്ചത്, ആ പണമത്രയും ഓഹരി വിപണികളിലും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും ഊഹക്കച്ചവടത്തിലും വിന്യസിച്ചതിലൂടെയാണ്. മന്‍മോഹന്‍സിങ്ങ് ധനമന്ത്രിയായിരിക്കെ ഹര്‍ഷദ്മേത്തയുടെയും കേതന്‍ പരേഖിന്‍റെയും നേതൃത്വത്തില്‍ രാജ്യത്തിന് 5000 കോടി രൂപയോളം നഷ്ടമാക്കിയ ഓഹരി കുംഭകോണം നവഉദാരീകരണകാലത്ത് സംഭവിക്കാനിരിക്കുന്ന കുംഭകോണങ്ങളുടെ നാന്ദി മാത്രമായിരുന്നു. ബാങ്കുകളുടെ വാതിലുകള്‍ കൊട്ടിയടച്ചതോടെ ഹുണ്ടികക്കാരെയും കൊള്ളപ്പലിശക്കാരെയും ആശ്രയിക്കാന്‍ ദരിദ്രകര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമടങ്ങുന്ന ജനകോടികള്‍ നിര്‍ബന്ധിതരായപ്പോള്‍ പൊതുമേഖലാ ബാങ്കുകളുടെ പണമുപയോഗിച്ച് ഓഹരിക്കമ്പോളത്തിലും റിയല്‍ എസ്റ്റേറ്റ് വിപണികളിലും കളിച്ച അംബാനി കേവലമൊരു ദശാബ്ദം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകയാകുകയും ലോക കുത്തക പട്ടികയില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഇപ്രകാരം ചൂതാട്ടത്തിലൂടെ കൊയ്തെടുത്ത പണമുപയോഗിച്ച് പൊതുമേഖലാസ്ഥാപനങ്ങളും രാജ്യസമ്പത്തും ചുളുവിലയ്ക്ക് അംബാനി വാരിക്കൂട്ടി. കൃഷ്ണ-ഗോദാവരി പ്രകൃതിവാതക- എണ്ണപ്പാടം അംബാനിക്കു കൈമാറിയതിലൂടെ മാത്രം 81000 കോടിരൂപയുടെ നഷ്ടമാണ് രാജ്യത്തിനുണ്ടായത്. മുംബൈ ഓഹരിസൂചികയായ സെന്‍സെക്സ് 21000-ലേക്കു കുതിച്ച പ്രക്രിയക്കിടയില്‍ പ്രതിദിനം 20000 കോടി രൂപയാണ് ഓഹരി വിപണിയില്‍നിന്നും അംബാനി ലാഭം അടിച്ചെടുത്തത്. ഈ ചൂതാട്ടത്തിന്‍റെ മേല്‍ ഒരു പൈസപോലും മന്‍മോഹന്‍സിംങ്ങ് നികുതി ചുമത്തുകയുണ്ടായില്ല. ഈ ദിശയിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളിലൂടെയാണ് അഞ്ചുലക്ഷം കോടി രൂപയിലധികം സമ്പത്തുമായി ദേശീയ വരുമാനത്തിന്‍റെ 20 ശതമാനം കൈപ്പിടിയിലൊതുക്കുന്നതിലേക്ക് അംബാനി വളര്‍ന്നത്. ചുരുക്കത്തില്‍ ഊഹ മേഖലകളുടെ വികാസവും പൊതുമേഖലയും ധാതു-പ്രകൃതി വിഭവങ്ങളുമടങ്ങുന്ന രാഷ്ട്രസമ്പത്ത് കോര്‍പ്പറേറ്റുകള്‍ കൈവശപ്പെടുത്തിയതും നികുതി വെട്ടിപ്പുകളും എല്ലാമടങ്ങുന്ന നവഉദാരീകരണത്തിന്‍റെ അവിഭാജ്യഘടകമായിട്ടാണ് അഴിമതിയും കുംഭകോണങ്ങളും 90കള്‍ മുതല്‍ വ്യാപകമായത്. വാസ്തവത്തില്‍, കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി രാജ്യത്ത് നടപ്പായിക്കൊണ്ടിരിക്കുന്ന മന്‍മോഹണോമിക്സിന്‍റെ യഥാര്‍ത്ഥ ഉള്ളടക്കമാണ് ഇപ്പോഴത്തെ വന്‍ അഴിമതികളിലൂടെ തുറന്നുകാട്ടപ്പെടുന്നത്.

ഉപസംഹാരം

'ഭരണസംവിധാനം സ്വകാര്യ നേട്ടത്തിനുപയോഗിക്കുന്ന' ലളിതമായ ഒരു  വിഷയമായി ഇപ്പോഴത്തെ അഴിമതിയെ വിലയിരുത്താനാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. നവ ഉദാരീകരണത്തില്‍ കോര്‍പ്പറേറ്റ് മൂലധനസമാഹരണം നടക്കുന്നതുതന്നെ ഇത്തരം അഴിമതിയിലൂടെയും കുംഭകോണങ്ങളിലൂടെയുമാണെന്ന വസ്തുത അവര്‍ മറച്ചുവയ്ക്കുന്നു. കെയ്നീഷ്യന്‍ കാലത്തെ ഊഹമൂലധനത്തിനെതിരായ നിയന്ത്രണങ്ങളില്‍ നിന്നും മുക്തമായ ഫിനാന്‍സ് മൂലധനം ആഗോളതലത്തില്‍ വ്യാപകമാക്കിക്കൊണ്ടിരിക്കുന്ന പരാന്നഭോജിത്വത്തിന്‍റെയും ജീര്‍ണ്ണതയുടെയും ഭാഗമാണ് അടുത്തകാലത്ത് ഇന്ത്യയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അഴിമതി. തീര്‍ച്ചയായും സാമ്പത്തിക ഘടകങ്ങള്‍ക്കൊപ്പം ആഴത്തിലുള്ള സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായ മാനങ്ങള്‍ അതിനുണ്ട്. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ മുമ്പേ നടന്നുകഴിഞ്ഞ ജനാധിപത്യ വല്‍ക്കരണവും ജനങ്ങളുടെ ഉയര്‍ന്ന സാംസ്കാരിക ബോധനിലവാരവും നിമിത്തം  അഴിമതി അധികാരത്തിന്‍റെ ഉന്നതശ്രേണികളില്‍ മാത്രം ഒതുങ്ങുന്നു. എന്നാല്‍ അത്തരമൊരു ജനാധിപത്യവല്‍ക്കരണ പ്രക്രിയയ്ക്ക് പൊതുവെ വിധേയമായിട്ടില്ലാത്ത ഇന്ത്യയെപ്പോലുള്ള പുത്തന്‍ കൊളോണിയല്‍ രാജ്യങ്ങളില്‍ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുമാറ് അഴിമതി എല്ലാ തലങ്ങളിലേക്കും അതിവേഗതയില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നു. ഭരണവര്‍ഗ്ഗങ്ങള്‍ക്കൊപ്പം വിദേശപണം പറ്റി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ കളും ഇതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ടെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ആന്ധ്രാപ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും എന്‍ ജി ഒ കളുമായി ബന്ധപ്പെട്ട മൈക്രോഫൈനാന്‍സ് കുംഭകോണങ്ങള്‍ അതാണു സൂചിപ്പിക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍ക്കുള്ള ഔപചാരിക വായ്പാ സംവിധാനങ്ങള്‍ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലായതോടെ കൊള്ളപ്പലിശ ഈടാക്കുന്ന അനൗപചാരിക വായ്പാ സംവിധാനങ്ങളെ ആശ്രയിക്കാന്‍ അധ്വാനിക്കുന്ന ബഹുജനങ്ങള്‍ നിര്‍ബന്ധിതരാകുന്നതിന്‍റെ ദുരന്തമാണിത്. വാസ്തവത്തില്‍, സ്ഥൂലതലത്തില്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ അഴിമതി സമ്പദ്ഘടനയുടെ അവിഭാജ്യ ഭാഗമാക്കുമ്പോള്‍ സൂക്ഷ്മതലങ്ങളില്‍ സമൂഹത്തെ ദുഷിപ്പിക്കുന്ന പണിയാണ് എന്‍ ജി ഒ കള്‍ ഇന്നേറ്റെടുത്തിരിക്കുന്നത്.  ചുരുക്കത്തില്‍ കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി രാജ്യത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന മന്‍മോഹണോമിക്സില്‍ നിന്നും അടര്‍ത്തിമാറ്റി അഴിമതിയെ കാണാനാവില്ല. ഓരോ ദിവസം കഴിയുന്തോറും അഴിമതികളുടെ എണ്ണം കൂടിക്കൂടിവരുന്നു.

നവഉദാരീകരണ ആഗോളീകരണനയങ്ങള്‍ ശക്തിപ്പെടുന്ന മുറയ്ക്കു അഴിമതിയും വ്യാപകമാകുകയാണ്. ഇക്കാരണത്താല്‍, പുത്തന്‍ കൊളോണിയല്‍ - നവ ഉദാരീകരണനയങ്ങള്‍ക്കെതിരായ രാഷ്ട്രീയ സമരത്തോടൊപ്പം ജനാധിപത്യവല്‍ക്കരണത്തിലൂന്നുന്ന സാംസ്കാരിക മുന്നേറ്റങ്ങളും ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ, അഴിമതിക്കെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകാനാവൂ എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.

You can share this post!

പരീക്ഷണം

ഫാ. വര്‍ഗീസ് സാമുവല്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts