മതപരിസരങ്ങളില്‍ നിന്നൊക്കെ വല്ലാതെ അകറ്റിനിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന വാര്‍ത്തയും സംവാദങ്ങളും പെരുകുന്നു. പ്രതീക്ഷിച്ച ഗുണാനുഭവങ്ങള്‍ക്ക് പ്രതിലോമകരമായി അനുഭവങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ നീ വല്ലാത്തൊരു ആത്മസംഘര്‍ഷത്തില്‍ പെട്ടുപോകാന്‍ ഇടയുണ്ട്. തര്‍ക്കങ്ങള്‍, സമരങ്ങള്‍, അപവാദങ്ങള്‍ എന്നിങ്ങനെ പലതുണ്ടല്ലോ ഉലയ്ക്കാന്‍! എന്നു കരുതി പെട്ടെന്നങ്ങ് വിട്ടുകളയേണ്ടതല്ല മതം. നോക്കുക, പുരോഹിതന്‍ സഖറിയായും എലിശുബായുമൊക്കെ എന്തിന് അമ്മ മറിയം വരെ എത്രമേല്‍ മതാനുസാരികളായിരുന്നു. അവരില്‍ നിന്നാണ് സത്യവും സത്യത്തിന് സാക്ഷി പറയുന്നവനും പിറവിയെടുത്തത്. ദേവാലയങ്ങളോടും ആരാധനകളോടും ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യരില്‍ സല്‍ഫലങ്ങള്‍ ഉണ്ടാവുകയില്ല എന്ന് ആരും വാശിപിടിക്കരുത്. ക്രിസ്തു ഉരുവായത് തികച്ചും മതബദ്ധമായി ജീവിച്ച ഒരു കന്യകയില്‍ നിന്നാണ്. ഒന്നു ഗൗരവമായിട്ടെടുത്താല്‍ ക്രിസ്തു ഉരുവാകുന്ന ആഴത്തിലേക്ക് നിന്‍റെ മതജീവിതം നിന്നെ നയിക്കാതിരിക്കില്ല. ആത്മാന്വേഷണത്തിന്‍റെ വാതില്‍ തുറക്കാതിരിക്കില്ല.
എല്ലാത്തിനുമുള്ള ഉത്തരമല്ല; ചോദ്യങ്ങള്‍ നിന്നില്‍ നിന്നുണ്ടാകാത്തതിലാണ് നീ ഭാരപ്പെടേണ്ടത്. ഞാന്‍ ആര്, എന്തിന്, എന്നിങ്ങനെ കുറേ ചോദ്യങ്ങള്‍ ഇല്ലാതെ എങ്ങനെയാണെടോ ഞാന്‍ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ ഹിതംപോലെ എനിക്ക് ഭവിക്കട്ടെ എന്നൊക്കെ പറയാനാവുക. നിഷേധങ്ങള്‍ക്ക് മുമ്പ് നിയോഗങ്ങള്‍ക്ക് കൂടെ ഇടം കണ്ടെത്താന്‍ നമുക്ക് കഴിയുന്നതും അപ്പോള്‍ മാത്രമാണ് സഖേ!