(വിഷാദരോഗ (depression) - ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന(Bipolar disorder) ത്തിനും മരുന്നില്ലാ പരിഹാരമായി ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ 14 ദിവസം നീണ്ടുനില്‍ക്കുന്ന ചികിത്സാപദ്ധതിയായ മനോനിലചിത്രണം (Mood Mapping)തുടരുന്നു. മനോനില (Mood) യില്‍ ശാരീരികാരോഗ്യത്തിനുള്ള പ്രാധാന്യം വിവരിക്കുന്ന ഏഴാം ദിവസത്തെ ചര്‍ച്ചയില്‍, ഇന്ന് ശാരീരിക രോഗങ്ങള്‍ വൈകാരിക പക്വതയെ എപ്രകാരം തകരാറിലാക്കുന്നുവെന്ന് പരിശോധിക്കുന്നു.)
ശാരീരിക അനാരോഗ്യം നിങ്ങളുടെ മനോനില (Mood) യെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വിഷാദത്തിനു പരിഹാരം തേടി എന്‍റെ അടുക്കല്‍ വന്ന യുവാവിനെ ഉദാഹരണമായി എടുക്കാം. അവന്‍റെ ജീവിതത്തിലെ അഞ്ച് മര്‍മ്മപ്രധാന മേഖലകളും ഞാന്‍ പരിശോധിച്ചു. പ്രസന്നമായ ചുറ്റുപാടിലാണ് അവന്‍റെ ജീവിതം. രണ്ടു കിടപ്പുമുറികളുള്ള ഒതുങ്ങിയ ഫ്ളാറ്റില്‍ ഭാര്യക്കും കൊച്ചുകുഞ്ഞിനുമൊപ്പം. ഭക്ഷണക്രമം ആരോഗ്യപ്രദം. ഭാര്യയുമായി മികച്ച ബന്ധം. നല്ല സഹപ്രവര്‍ത്തകര്‍. ജീവിതം സന്തോഷകരമാകേണ്ട സാഹചര്യം. ജോലി അവന്‍ ആസ്വദിക്കുന്നു. കുടുംബജീവിതം ആസ്വദിക്കുന്നു. എങ്കിലും അവന്‍ നിരാശിതനാണ്. അവന്‍ വിഷാദത്തിലാണ്.
അവന്‍റെ വിഷാദ( depression) ത്തിന് മാനസികമായ കാരണങ്ങള്‍ ഒന്നുമില്ല. ശാരീരികമായ എന്തെങ്കിലും കാരണമുണ്ടോയെന്നറിയാന്‍ ഞാന്‍ പൂര്‍ണ പരിശോധനകള്‍ നടത്തി. അന്വേഷണം നടത്തി. അതെ, ഉണ്ട്. അവന്‍റെ തൈറോയിഡ് നില വളരെ കുറവാണെന്ന് രക്തപരിശോധനയില്‍ തെളിഞ്ഞു. അതു ക്ഷീണത്തിനും വിഷാദത്തിനും കാരണമാകാം. അതു പരിഹരിച്ചാല്‍ അവന്‍റെ ഉന്മേഷം, ഊര്‍ജ്ജം തിരിച്ചുകിട്ടും. മനോനില പ്രസന്നമാകും. നിരാശയ്ക്ക്, ഉന്മേഷമില്ലായ്മയ്ക്ക് നിങ്ങളുടെ ജീവിതത്തിലെ തന്ത്രപ്രധാന മേഖലകളില്‍ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ ശാരീരിക ആരോഗ്യം പരിശോധിക്കുക. രക്തക്കുറവ് അഥവാ വിളര്‍ച്ചയും എന്തിന് പ്രമേഹം വരെ വിഷാദത്തിനു കാരണമാകും.
വിഷാദരോഗത്തിനടിമപ്പെട്ട ഒരു യുവതിയെയും അതിനിടെ ഞാന്‍ കണ്ടുമുട്ടി. അവളുടെ ജീവിതം പുറമേ പ്രസന്നമായി കാണപ്പെട്ടു. മികച്ച ബന്ധം പുലര്‍ത്തുന്ന, സ്നേഹധനരായ അപ്പനും അമ്മയ്ക്കും ഒപ്പമാണ് അവളുടെ താമസം. ആസ്വാദ്യമായ ഇഷ്ടപ്പെട്ട ജോലി. ഒരല്പം തടി കൂടുതലാണെന്നതൊഴിച്ചാല്‍ കാഴ്ചയില്‍ ആരോഗ്യവതി. പക്ഷേ അവളിപ്പോള്‍ എന്താണെന്നറിയില്ല 'കോളയ്ക്ക്' അഡിക്ട് ആയിരിക്കുന്നു. ഒരു ദിവസം അഞ്ച് ക്യാന്‍ കോളവരെ കുടിക്കുന്നു. ഞാന്‍ അതേപ്പറ്റി അവളോടു പറഞ്ഞു. കോള ഇല്ലാതെ ഒരാഴ്ച ജീവിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് അവള്‍ ഏറ്റു. വെള്ളമോ, ഓറഞ്ച് ജ്യൂസോ കഴിച്ച് ഒപ്പിക്കാമോയെന്ന് പരിശ്രമിക്കാം. പിന്നീട് ഞാന്‍ അവളെ ഒരു മാസം കഴിഞ്ഞാണ് കാണുന്നത്. അവളുടെ മനോനില നാടകീയമാംവിധം മാറിയിരിക്കുന്നു. മാത്രമല്ല തൂക്കവും കുറഞ്ഞിരിക്കുന്നു.
ഒരു ക്യാന്‍ കോളയില്‍, കൊഴുത്ത ഫോസ്ഫോറിക് ആസിഡ് സിറപ്പായി ഏകദേശം 40 ഗ്രാം പഞ്ചസാര അടങ്ങിയിരിക്കുന്നു. സാന്ദ്രീകൃതമായ ആസിഡിന്‍റെ രൂപത്തില്‍ ആയതിനാല്‍ കോള വയറ്റില്‍ ചെന്ന ഉടന്‍ പഞ്ചസാര രക്തത്തിലേയ്ക്ക് പൂര്‍ണമായി ആഗിരണം ചെയ്യുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് അപകടകരമാം വിധം ഉയരുന്നത് തടയുന്നതിന് അതിനെ മറ്റു സ്ഥലങ്ങളില്‍ കൊണ്ടുപോയി സംഭരിച്ചുവയ്ക്കുക എന്ന ഭാരിച്ച ജോലി ചെയ്യാന്‍ ശരീരം അമിതമായി ജോലിചെയ്യേണ്ടി വരുന്നു. അധിക അളവില്‍ പെട്ടെന്നുള്ള പഞ്ചസാരയുടെ രംഗപ്രവേശം തലച്ചോറിലെ കോശങ്ങളെ ഉദ്ദീപിപ്പിക്കുമെന്നതു ശരിതന്നെ. പക്ഷേ ഒരു മണിക്കൂറിനുള്ളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പഴയപടി ആകുന്നു. നിങ്ങള്‍ തീര്‍ത്ത് അവശതയിലെത്തുകയും ചെയ്യുന്നു. ഓരോ ക്യാന്‍ കോള കുടിക്കുമ്പോഴും ഈ പ്രക്രിയ ആവര്‍ത്തിക്കും. രക്തത്തില്‍ പഞ്ചസാരയുടെ അളവ് അടിക്കടി കൂടുകയും കുറയുകയും ചെയ്യുന്നത് നിങ്ങളുടെ മനോനിലയെ ബാധിക്കും. മനോനില ചഞ്ചലമാകും. അതു തുടരെത്തുടരെ മാറിക്കൊണ്ടിരിക്കും. മാറുന്ന മനോനില നിങ്ങളുടെ ശരീരത്തെ സമ്മര്‍ദ്ദത്തിലാക്കും.
തുടരെത്തുടരെ ആയതിനാല്‍ ഉദ്ദീപനങ്ങള്‍ തലച്ചോറിലെ കോശങ്ങള്‍ അറിയാതെ പോലും പോകുന്നു. 'ഡയറ്റ് ഡ്രിങ്ക്' കുടിച്ച് ഇതു പരിഹരിക്കാമെന്നു കരുതേണ്ട. അതില്‍ കൃത്രിമ പഞ്ചസാരയുണ്ട്. അതു ഞരമ്പുകള്‍ക്ക് തളര്‍ച്ചയുണ്ടാക്കുന്നു. മാനസികനിലയില്‍ സ്വാധീനം ചെലുത്തുന്നു.
(തുടരും)