സെമിനാറിന്‍റെ ആദ്യ ദിവസം. യുവാക്കള്‍ക്കും അധ്യാപകര്‍ക്കും സന്ന്യസ്തര്‍ക്കുമെല്ലാം ട്രെയിനിങ്ങ് കൊടുക്കുന്ന ആ സെന്‍ററില്‍, വട്ടത്തില്‍ ഞങ്ങളിരുന്നു. ഓരോരുത്തരും തങ്ങളെത്തന്നെ പരിചയപ്പെടുത്തി.
സെന്‍ററിന്‍റെ ഡയറക്ടറും അസിസ്റ്റന്‍റ് ഡയറക്ടറും രണ്ട് അച്ചന്മാരായിരുന്നു. അവരെ കൂടാതെ ആ സെന്‍ററില്‍ ജോലി ചെയ്തിരുന്നവര്‍ ടൈപ്പിസ്റ്റിന്‍റെയും റിസപ്ഷനിസ്റ്റിന്‍റെയും പണി ചെയ്തിരുന്ന ഒരാളും, വൃദ്ധനായ ഒരു പാചകക്കാരനും, സെന്‍റര്‍ തൂത്തുവൃത്തിയാക്കിയിരുന്ന പാവപ്പെട്ട രണ്ടു സ്ത്രീകളുമായിരുന്നു.
സെമിനാറുമായി ബന്ധപ്പെട്ട് ഒരു കാര്യം ഒളിമങ്ങാതെ ഇന്നും എന്‍റെ മനസ്സിലുണ്ട്. ട്രെയിനിങ്ങ് സെന്‍ററിന്‍റെ ചുമതലയുള്ളവരുടെ ഒരു ഉത്തമബോധ്യത്തെ അക്കാര്യം വെളിവാക്കി. സെമിനാറുകളേക്കാള്‍ അക്കാര്യമാണ് ട്രെയിനിങ്ങിനു വന്നവരെ കൂടുതല്‍ സ്വാധീനിച്ചതെന്നു ഞാന്‍ കരുതുന്നു.
ഞങ്ങള്‍ വൃത്തത്തിലിരുന്നത് ആ ക്ലാര്‍ക്കിനും പാചകക്കാരനും വൃത്തിയാക്കുന്നവര്‍ക്കും ഒപ്പമാണ്. ഓരോരുത്തരും സ്വന്തം പേരുപറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയത്. ആ കൂട്ടായ്മയുടെ ഭാഗമാണ് ആ നാലു പണിക്കാരെന്നും അവര്‍ വളരെ പ്രധാനപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണെന്നും ഡയറക്ടര്‍ പ്രത്യേകം പറഞ്ഞു. "ഞങ്ങള്‍ സ്ഥലത്തെ പ്രധാന പയ്യന്മാര്‍" എന്നും "നിങ്ങള്‍ വേലക്കാര്‍" എന്നുമുള്ള ഒരു വിവേചനം അവിടെ ഞങ്ങള്‍ കണ്ടതേയില്ല. നമ്മുടെ നാട്ടില്‍ ഒട്ടുമില്ലാത്തതാണല്ലോ ഈ മനോഭാവം. ആ നാലുപണിക്കാര്‍ക്കും തങ്ങളെക്കുറിച്ചുതന്നെ അഭിമാനം തോന്നത്തക്ക വിധത്തിലായിരുന്നു ഇടപെടലുകള്‍.
സെന്‍ററിന്‍റെ ഉത്തരവാദിത്വമുള്ള ഒരച്ചന്‍ സ്ഥലം മാറിയപ്പോള്‍ പണിക്കാരുടെ കണ്ണുകളില്‍ കണ്ണീര്‍ പൊടിഞ്ഞതില്‍ അത്ഭുതപ്പെടാനില്ല. ആ അച്ചനെക്കുറിച്ച് മേരി (തൂപ്പുകാരില്‍ ഒരാള്‍) മിക്കപ്പോഴും എന്നോടു ചോദിക്കും.
സെന്‍ററില്‍ താമസിച്ചുകൊണ്ടു നടത്തപ്പെടുന്ന സെമിനാറുകളില്‍ പങ്കെടുക്കുന്നവരുടെ ഇടയില്‍ രൂപപ്പെട്ടിരുന്ന കൂട്ടായ്മ വളരെ പ്രസിദ്ധമായിരുന്നു. സെമിനാറില്‍ പങ്കെടുക്കാന്‍ വന്നവര്‍ തിരികെ പോകുമ്പോള്‍ കണ്ണീര്‍ പൊഴിക്കുന്നതു പലതവണ കണ്ടിട്ടുണ്ട്. വളരെ നല്ല ക്ലാസ്സുകളാണ് അവിടെ നല്കപ്പെട്ടിരുന്നത്. എന്നാലും അതിലും കൂടുതല്‍ അവരെ സ്വാധീനിച്ചത് അപ്രതീക്ഷിതമായി അനുഭവിച്ച കാരുണ്യത്തിന്‍റെ സ്പര്‍ശങ്ങളായിരുന്നു. അസുഖം പിടിപെട്ടപ്പോള്‍ ശുശ്രൂഷിക്കപ്പെട്ടതും വഴിയറിയാതെ നിന്നപ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ആളുവന്നതും ഒക്കെ അവര്‍ക്കു പച്ചപ്പുള്ള ഓര്‍മ്മകളായി.
നമുക്കുവേണ്ടി പണിയെടുക്കുന്ന പാവപ്പെട്ടവരോടുള്ള നമ്മുടെ മനോഭാവം എന്താണ്? അവര്‍ അസുഖം പിടിപെട്ടു കിടക്കുമ്പോള്‍ നാം അവരോട് എങ്ങനെയാണു പെരുമാറുന്നത്? അവരോട് ഏതു രീതിയിലാണു സംസാരിക്കുന്നത്?
"അത്ര പ്രധാനപ്പെട്ടവരല്ല" എന്നു പൊതുവേ കരുതപ്പെടുന്ന മനുഷ്യരോടുള്ള നമ്മുടെ പെരുമാറ്റത്തില്‍നിന്ന് നമ്മുടെ മൂല്യബോധം വെളിവാകുന്നു. ചില മനുഷ്യര്‍ ഇക്കാര്യത്തില്‍ മാതൃകകളാണ്. എന്നാല്‍ ചിലരാകട്ടെ ഫ്യൂഡല്‍ പ്രഭുക്കളെപ്പോലെയുമാണ്.
ഞങ്ങളുടെ സെമിനാരിയില്‍ പണിയെടുക്കുന്ന ആളുകളെ ഒരിക്കലും വേലക്കാര്‍ എന്നു പറഞ്ഞിരുന്നില്ല. അനധ്യാപകര്‍ എന്നു മാത്രമാണ് അവരെ വിളിച്ചിരുന്നത്. ഏതു വാക്ക് ഉപയോഗിക്കുന്നു എന്നതല്ല പ്രധാനപ്പെട്ട കാര്യം, ഏതു മനോഭാവമാണു നമ്മെ നയിക്കുന്നത് എന്നതാണ്. ആരും നമ്മുടെ വേലക്കാരല്ല. വേലക്കാരാകേണ്ടത്, അതായത് മറ്റുള്ളവരെ ശുശ്രൂഷിക്കുന്നവരാകേണ്ടത് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയക്കാര്‍, പുരോഹിതര്‍, സന്ന്യസ്തര്‍ തുടങ്ങിയ പൊതു പ്രവര്‍ത്തകരാണ്.
ഒരു പാചകക്കാരനോടോ തോട്ടത്തില്‍ പണിയെടുക്കുന്ന ആളോടോ പെരുമാറുന്ന കാര്യത്തില്‍ ഇന്ത്യയും പാശ്ചാത്യനാടും തമ്മില്‍ വലിയ അന്തരമുണ്ട്. ഫ്യൂഡല്‍ വ്യവസ്ഥയുടെ തുടര്‍ച്ചയായ ജാതിസമ്പ്രദായവും കൊടും പട്ടിണിയും ഉള്ളതുകൊണ്ട് "ഉള്ളവരുടെ" വേലക്കാരായി "ഇല്ലാത്തവര്‍" മാറുകയാണ്. നമുക്കു വേണ്ടതെല്ലാം ചെയ്തുതന്നതിനുശേഷം അവര്‍ കാണാമറയത്തായിപ്പോകുന്നു. അവര്‍ നമുക്ക് റോബോട്ടുകളെപ്പോലെയാണ്. അവരുടെ വികാരമോ ആവശ്യമോ പരിഗണിക്കാതെ അവരോടു നാം ആക്രോശിച്ചുകൊണ്ടേയിരിക്കുന്നു. ഹോളണ്ടില്‍ നിന്നുള്ള ചെറുപ്പക്കാരനായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ഒരിക്കല്‍ നിരീക്ഷിച്ചു: "ഇന്ത്യയില്‍ വേലക്കാരോട് കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയല്ല, ആജ്ഞാപിക്കുകയാണ്." വലിയൊരളവുവരെ ഇതു ശരിയല്ലേ?
രാജ്യത്തെ തൊഴിലാളികളില്‍ തൊണ്ണൂറു ശതമാനവും സംഘടിതരല്ല. അതുകൊണ്ട് അവര്‍ക്കു പ്രതിഷേധിക്കാനോ, കോടതിയില്‍ പോകാനോ, ട്രെയ്ഡ് യൂണിയന്‍ ഉണ്ടാക്കാനോ ആകില്ല. സഭാസ്ഥാപനങ്ങളിലും വീടുകളിലും പണിയെടുക്കുന്ന കുശിനിക്കാരുടെയും തൂപ്പുകാരുടെയും ഡ്രൈവര്‍മാരുടെയും സ്ഥിതിയാണിത്. ഇത്തരക്കാരോടുള്ള നമ്മുടെ മനോഭാവത്തില്‍ നിന്നാണു ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം വെളിവാകുന്നത്; അല്ലാതെ ആരാധനകള്‍ കൂടുതല്‍ കൂടുതല്‍ ആഘോഷപൂര്‍വമാക്കിയോ സഭാധികാരികള്‍ക്കു വലിയ സ്വീകരണം കൊടുത്തോ അല്ല. ഇക്കാര്യം നമുക്ക് അംഗീകരിക്കാനാകുമോ?
മറ്റുരാജ്യങ്ങളില്‍ വളരെ വ്യത്യസ്തമാണ് സ്ഥിതി. സലേഷ്യന്‍ സഭയുടെ ജനറല്‍ കൗണ്‍സിലിലെ ഒരംഗം റോമിലെ ഒരു വീട്ടില്‍ വിരുന്നിന് വന്നതോര്‍ക്കുന്നു. മൂന്ന് ബസ് മാറിമാറിക്കയറിയാണ് അദ്ദേഹം അവിടെ എത്തിയത്. ഇന്ത്യയിലാകട്ടെ, സന്ന്യസ്തര്‍ക്കിടയിലെ ഒരു ചെറിയ അധികാരിക്കുപോലും വണ്ടിയും ഡ്രൈവറും കൂടാതെ യാത്ര ചെയ്യാനാവില്ല. ആളുകളുടെ ശുശ്രൂഷ സ്വീകരിക്കുന്നതില്‍ നമുക്കൊരു മടിയുമില്ല.
മിസ്സിസ് ആഞ്ചലയില്‍ നിന്നു നമുക്കൊക്കെ പഠിക്കാനേറെയുണ്ട്. ഗ്രാമത്തിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് അവളോടൊപ്പം പണിയെടുക്കുന്നതില്‍ വലിയ സന്തോഷമാണ്. സ്വന്തം മക്കളോടുള്ള ആത്മാര്‍ത്ഥത തന്നെ അവള്‍ അവരോടും കാണിക്കുന്നു. അടുക്കളയില്‍ പണിയെടുത്തിരുന്ന പെണ്‍കുട്ടിയുടെ വിവാഹത്തിന് സ്വന്തം ആണ്‍മക്കളുടെ കൈയില്‍ നിന്നു നല്ലൊരു തുക അവള്‍ വാങ്ങിച്ചു കൊടുത്തു.
മറ്റൊരുദാഹരണം ഇതാ: അമേരിക്കയില്‍ വലിയ ജോലിയുള്ള മക്കളുടെ അടുത്ത് നിങ്ങള്‍ പോയിട്ടു മടങ്ങിവരുമ്പോള്‍ എന്തുകൊണ്ടുവരും? ക്രിസ്തീയ ബോധ്യങ്ങളുള്ള എലിസബത്ത് ചെയ്തത് ഇതാണ്: അവള്‍ രണ്ടു പെട്ടിനിറയെ വസ്ത്രങ്ങളുമായിട്ടാണ് മടങ്ങിവന്നത് -സ്വന്തക്കാര്‍ക്കുവേണ്ടിയല്ല, അയല്‍പക്കത്തുള്ള പാവപ്പെട്ടവര്‍ക്കുവേണ്ടി. അവള്‍ പറഞ്ഞു: "പാവപ്പെട്ടവര്‍ക്കും അവര്‍ക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ നമ്മെപ്പോലെ അവകാശമില്ലേ? അവര്‍ക്കു വേണ്ടത് ആരെങ്കിലും ഉപയോഗിച്ചു കളഞ്ഞവയല്ല."
"ഇന്നത്തെ ഏറ്റവും വലിയ വിശപ്പ് സ്നേഹത്തിനുവേണ്ടിയുള്ളതാണെ"ന്നു മദര്‍ തെരേസ പറയുമായിരുന്നു. നിങ്ങളും ഞാനും ഓര്‍ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്: ക്ലാസ് മുറി അടിക്കുന്ന പെണ്‍കുട്ടിക്കും കക്കൂസ് വൃത്തിയാക്കുന്നവനും ഡ്രൈവര്‍ക്കും കുശിനിക്കാരിക്കും കാവല്‍ക്കാരനും ലിഫ്റ്റില്‍ പണിയെടുക്കുന്നവള്‍ക്കും അവകാശങ്ങളുണ്ട്-നിങ്ങളെയും എന്നെയും പോലെ ആദരിക്കപ്പെടാനും സ്നേഹിക്കപ്പെടാനും. നമ്മുടെ ശൈലി യേശുവിന്‍റെതോ, അതോ ഒരു ഫ്യൂഡല്‍ പ്രഭുവിന്‍റെതോ? നിങ്ങള്‍ക്കുവേണ്ടി പണിയെടുക്കുന്നവര്‍ നിങ്ങളുടെ സാന്നിധ്യം വെറുക്കുന്നുവോ അതോ ഇഷ്ടപ്പെടുന്നുവോ?