ഫരിസേയര്‍ ശിഷ്യന്‍മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്? (മത്താ. 9:11)
1. ഒരു വസ്തുവും ആ വസ്തുവിനെക്കുറിച്ചുള്ള ധാരണകളും തമ്മില്‍ വലിയ അന്തരമുണ്ട്. വീഞ്ഞിനെക്കുറിച്ചുള്ള ധാരണയല്ല വീഞ്ഞ്. സ്ത്രീയെക്കുറിച്ചുള്ള ധാരണകളല്ല സ്ത്രീ. ഒന്നിനെ അടുത്തറിയുന്നതിനുള്ള ഏറ്റവും വലിയ തടസ്സം അതിനെക്കുറിച്ചുള്ള നിങ്ങളിലെ ധാരണകളാണ്. യാഥാര്‍ത്ഥ്യത്തെ തൊട്ടറിയണമെങ്കില്‍, ഒരു കാര്യം നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയേ പറ്റൂ; ഏതൊരു ധാരണയും യാഥാര്‍ത്ഥ്യത്തെ വികലമാക്കുന്നുണ്ട്.
എനിക്ക് ഒരു സ്ത്രീയെ അടുത്തറിയണമെങ്കില്‍ സ്ത്രീയെക്കുറിച്ചുള്ള എന്‍റെ എല്ലാ ധാരണകളും മാറ്റിവച്ച്, കണ്‍മുമ്പിലുള്ള 'ഈ സ്ത്രീ'യെ, മൂര്‍ത്തമായി, അനന്യയായി തിരിച്ചറിയേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ മിക്കയാളുകളും ഇങ്ങനെയല്ല ചെയ്യുന്നത്. അവര്‍ക്ക് ആകെ കാണാന്‍പറ്റുന്നത് വാക്കുകളും ആശയങ്ങളുമാണ്. അവള്‍ അവര്‍ക്കൊരു ഇന്ത്യക്കാരിയായ കര്‍ഷക സ്ത്രീ മാത്രമാണ്, അല്ലാതെ അത്ഭുതമൂറുന്ന കണ്ണുകളോടെ കാണേണ്ട അനന്യയായ ഒരു വ്യക്തിയല്ല. ധാരണകള്‍ നിങ്ങള്‍ക്കും യാഥാര്‍ത്ഥ്യത്തിനും ഇടയില്‍ പുകമറ സൃഷ്ടിക്കുന്നു.
2. യാഥാര്‍ത്ഥ്യത്തെ തൊട്ടറിയാന്‍ തടസ്സമായി നില്ക്കുന്ന മറ്റൊരു തടസ്സം മുന്‍വിധികളാണ്. നമുക്ക് ഒരു വസ്തുവോ വ്യക്തിയോ എപ്പോഴും ഒന്നുകില്‍ നല്ലത് അല്ലെങ്കില്‍ മോശം, ഒന്നുകില്‍ സുന്ദരം അല്ലെങ്കില്‍ വിരൂപം എന്ന രീതിയിലാണല്ലോ.
നമ്മുടെ ധാരണകള്‍ ഒരു വ്യക്തിയെയോ വസ്തുവിനെയോ അടുത്തറിയാന്‍ വലിയ തടസ്സമാണ്. മുന്‍വിധികള്‍ യാഥാര്‍ത്ഥ്യത്തില്‍നിന്നു നമ്മെ കൂടുതല്‍ അകറ്റുന്നു. ഒരു പെണ്‍കുട്ടി സുന്ദരിയോ വിരൂപയോ അല്ലെന്നുള്ളതാണ് സത്യം. അവള്‍ അവളാണ്; അവളുടെ എല്ലാ അനന്യതയോടും കൂടി. മുതലയും കടുവയുമൊന്നും നല്ലതോ ചീത്തയോ അല്ല, മുതലയും കടുവയും മാത്രമാണ്. അവ നല്ലതോ ചീത്തയോ ആകുന്നത് മറ്റെന്തെങ്കിലുമൊക്കെയായി ബന്ധപ്പെടുത്തുമ്പോഴാണ്. എന്‍റെ ആവശ്യത്തിന് ഉപകരിക്കപ്പെടുന്നതോ എനിക്കു കാഴ്ചയ്ക്കു കൗതുകമുളവാക്കുന്നതോ ആണെങ്കില്‍ ഒന്നിനെ ഞാന്‍ നല്ലതെന്നു വിളിക്കുന്നു. അല്ലെങ്കില്‍ എനിക്കതു നല്ലതല്ലെന്നും ഞാന്‍ പറയുന്നു.
ആരെങ്കിലും നിങ്ങളെക്കുറിച്ച് നല്ലവളെന്നോ, സുന്ദരിയെന്നോ പറഞ്ഞത് ഒന്നോര്‍ത്തു നോക്കൂ. ആ അഭിപ്രായപ്രകടനത്തിനെതിരെ ഒന്നുകില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കിയിട്ടുണ്ടാകും. വിരൂപയാണെന്നാണു നിങ്ങള്‍ സ്വയം കരുതുന്നതെങ്കില്‍ ഇങ്ങനെയായിരിക്കും നിങ്ങള്‍ പ്രതികരിച്ചിട്ടുണ്ടാകുക: "ഞാന്‍ എന്താണെന്നു ശരിക്കും അറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ എന്നെ സുന്ദരിയെന്നു വിളിക്കില്ലായിരുന്നു." സ്വയം വലിയ മതിപ്പുള്ള ആളാണെങ്കില്‍ ആ അഭിപ്രായ പ്രകടനം നിങ്ങളെ കോരിത്തരിപ്പിക്കുകയാവും ചെയ്തിരിക്കുക. ഈ രണ്ടു പ്രതികരണരീതികളും തെറ്റാണ്. കാരണം നിങ്ങള്‍ സുന്ദരിയോ വിരൂപയോ അല്ല; നിങ്ങള്‍ നിങ്ങളാണ്.
നിങ്ങളുടെ ചുറ്റുമുള്ളവരുടെ വിധിവാക്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍, ആധിയും ആകാംക്ഷയും അരക്ഷിതത്വവും ഭക്ഷിക്കുകയാണെന്നു മനസ്സിലാക്കുക. കാരണം സുന്ദരിയെന്ന അനുമോദനത്താല്‍ ഇന്നു വല്ലാതെ സന്തോഷിക്കുന്ന നിങ്ങള്‍ക്ക്, വിരൂപയെന്ന വിമര്‍ശനത്താല്‍ ദുഃഖിക്കാതിരിക്കാന്‍ ആകാതെ വരും.
നിങ്ങള്‍ സുന്ദരിയാണെന്ന് ഒരാള്‍ അഭിനന്ദിച്ചാല്‍, അതിനോടുള്ള ശരിയായ പ്രതികരണം ഇങ്ങനെയാണ്: "ഇപ്പോഴുള്ള കാഴ്ചപ്പാടും മൂഡും അനുസരിച്ചാണ് ഞാന്‍ സുന്ദരിയെന്ന് അയാള്‍ വിലയിരുത്തുന്നത്. പക്ഷേ, അത് എന്നെക്കുറിച്ച് ഒന്നുംതന്നെ പറയുന്നില്ല. വേറൊരു മൂഡും കാഴ്ചപ്പാടുമുള്ള മനുഷ്യന്‍ എന്നെ വിരൂപയെന്നു വിലയിരുത്തിയേക്കാം. പക്ഷേ, അതും എന്നെക്കുറിച്ച് ഒന്നുംപറയുന്നില്ല."
3. പൂര്‍ണ്ണമായും സ്വതന്ത്രയാകണമെങ്കില്‍ നിങ്ങള്‍ നിങ്ങളെക്കുറിച്ചു പറയപ്പെടുന്ന നല്ലതും മോശവുമായ എല്ലാ കാര്യങ്ങളും കേള്‍ക്കണം. പക്ഷേ, വൈകാരികാവേശങ്ങള്‍ക്ക് അടിമപ്പെടാതെ, ഒരു കംപ്യൂട്ടര്‍ ഡേറ്റ സ്വീകരിക്കുന്നതുപോലെഅവ സ്വീകരിക്കുക. കാരണം, ആളുകളുടെ അഭിപ്രായപ്രകടനങ്ങള്‍, നിങ്ങളെക്കുറിച്ചെന്നതിനേക്കാള്‍ കൂടുതല്‍ അവരെക്കുറിച്ചുതന്നെയുള്ള വെളിപ്പെടുത്തലുകളാണ്.
സത്യത്തില്‍, നിങ്ങളെക്കുറിച്ചുതന്നെ നിങ്ങള്‍ നടത്തുന്ന വിധിതീര്‍പ്പുകളെക്കുറിച്ചും നിങ്ങള്‍ ബോധവതിയായിരിക്കണം. കാരണം, അത്തരം വിധിതീര്‍പ്പുകളൊക്കെ പൊതുവേ നിങ്ങള്‍ അന്യരില്‍നിന്നു പെറുക്കിയെടുത്തവയാകും. നിങ്ങള്‍ വിധിക്കുകയോ കുറ്റപ്പെടുത്തുകയോ അംഗീകരിക്കുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തെ അതായിരിക്കുന്ന രീതിയില്‍ കാണാനേ പറ്റില്ല. നിങ്ങള്‍ വളരെ പ്രിയപ്പെട്ടവളാണെന്ന് ഒരാള്‍ നിങ്ങളോടു പറഞ്ഞുവെന്നിരിക്കട്ടെ. അതു നിങ്ങള്‍ സ്വീകരിച്ചാല്‍, അതോടെ നിങ്ങളില്‍ ടെന്‍ഷന്‍ പ്രവേശിക്കുകയായി. മറ്റൊരാള്‍ക്കു പ്രിയപ്പെട്ടവളാകാനും അയാളുടെ വിധിവാക്യത്തിനു മുമ്പില്‍ തലകുനിച്ചുനില്ക്കാനും എന്തിനു നിങ്ങള്‍ തയ്യാറാകുന്നു? നിങ്ങള്‍ നിങ്ങളായിരിക്കുന്നതില്‍ എന്തുകൊണ്ടു സംതൃപ്തയല്ല?
നിങ്ങള്‍ പ്രിയപ്പെട്ടവളാണെന്ന് ഒരാള്‍ നിങ്ങളോടു പറഞ്ഞാല്‍ പ്രതികരിക്കേണ്ടതിന്‍റെ ശരിയായ രീതി ഇതാണ്: "ഇയാളുടെ പ്രത്യേക താത്പര്യങ്ങളും ഇഷ്ടങ്ങളും മുന്‍ഗണനകളും അഭിനിവേശങ്ങളുമൊക്കെ നിമിത്തം ഇയാള്‍ക്ക് എന്നോട് ഒരു പ്രത്യേക താത്പര്യം തോന്നുന്നുണ്ട്.പക്ഷേ അത് ഞാനെന്ന വ്യക്തിയെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യമല്ല. മറ്റൊരാള്‍ക്കു തീര്‍ച്ചയായും എന്നില്‍ ഒരു പ്രത്യേകതയും കാണ്മാനുണ്ടാകില്ല. അതും ഞാനെന്ന വ്യക്തിയെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യമല്ല."
മറ്റൊരാളുടെ അഭിനന്ദനം നിങ്ങള്‍ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യാന്‍ തുടങ്ങുമ്പോള്‍തന്നെ നിങ്ങളിന്മേലുള്ള നിയന്ത്രണം നിങ്ങള്‍ അയാളെ ഭരമേല്പിക്കുകയാണ്. അയാള്‍ക്കു പ്രിയപ്പെട്ടവളായി തുടരാന്‍ നിങ്ങള്‍ ഏതറ്റംവരെ വേണമെങ്കിലും പോകും. മറ്റൊരാള്‍ അയാള്‍ക്കു പ്രിയപ്പെട്ടവളായി മാറുമോയെന്നും ഇപ്പോഴുള്ള സ്ഥാനം നിങ്ങള്‍ക്കു നഷ്ടപ്പെടുമോയെന്നുമുള്ള ടെന്‍ഷനും നിങ്ങള്‍ അടിപ്പെട്ടുപോകുന്നു.
അയാളുടെ ഈണത്തിനനുസരിച്ച് നിങ്ങള്‍ ചുവടുവച്ചു തുടങ്ങുന്നു. അയാളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നു. നിങ്ങള്‍ക്കു സന്തോഷിക്കണമെങ്കില്‍ അയാളെ ആശ്രയിക്കാതെ നിവൃത്തിയില്ലാതാകുന്നു; കാരണം നിങ്ങളുടെ സന്തോഷത്തിന്‍റെ അടിസ്ഥാനം അയാള്‍ക്കു നിങ്ങളെക്കുറിച്ചുള്ള അഭിപ്രായമാണ്.
നിങ്ങളെ പ്രിയപ്പെട്ടവളായി കരുതുന്ന കൂടുതല്‍ പേരെ അന്വേഷിച്ചുതുടങ്ങുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ മോശമാകും. അവര്‍ക്കു നിങ്ങളെക്കുറിച്ചുള്ള അഭിപ്രായവും ഇഷ്ടങ്ങളും നഷ്ടപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഒരുപാടു സമയവും ഊര്‍ജ്ജവും ചെലവഴിക്കേണ്ടിവരുന്നു. എന്തൊരു ദയനീയമായ ജീവിതമാണ് അത്! തുടര്‍ന്ന് ഭയം നിങ്ങളെ പിടികൂടുകയായി. നിങ്ങളെക്കുറിച്ചുള്ള നല്ല അഭിപ്രായം നഷ്ടപ്പെടുമോ എന്നുള്ള വേവലാതി നിങ്ങളെ വിടാതെ പിന്തുടരുന്നു.
സ്വാതന്ത്ര്യവും നിര്‍ഭയത്വവും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു കാര്യം ചെയ്തേ മതിയാകൂ: നിങ്ങള്‍ പ്രിയപ്പെട്ടവളാണ് എന്നു പറയുന്നയാളെ ഗൗരവമായി എടുക്കാതിരിക്കുക. ഞാന്‍ നിങ്ങളോട് "നിങ്ങള്‍ പ്രിയപ്പെട്ടവളാണ്" എന്നു പറഞ്ഞാല്‍, ആ അഭിപ്രായം എന്‍റെ മൂഢിനെക്കുറിച്ചും അപ്പോഴുള്ള മാനസികാവസ്ഥയെക്കുറിച്ചും താത്പര്യങ്ങളെക്കുറിച്ചും എന്തോ ചിലതു പറയുന്നുവെന്നേ ഉള്ളൂ. അതില്‍ കൂടുതല്‍ അതൊന്നും പറയുന്നില്ല. അതുകൊണ്ടുതന്നെ ആ അഭിപ്രായ പ്രകടനത്തെയോര്‍ത്ത് ഒരുപാടു സന്തോഷിക്കാതിരിക്കുക. നിങ്ങള്‍ സന്തോഷിക്കേണ്ടത് എന്‍റെ സൗഹൃദത്തെ ഓര്‍ത്താണ്, അഭിനന്ദനത്തെ ഓര്‍ത്തല്ല.
നിങ്ങള്‍ ജ്ഞാനിയാണെങ്കില്‍ മറ്റനേകം പ്രിയപ്പെട്ടവരെ കണ്ടെത്താന്‍ നിങ്ങള്‍ എന്നെ പ്രേരിപ്പിക്കും. അതുവഴി എനിക്കു നിങ്ങളെക്കുറിച്ചുള്ള ധാരണയില്‍ മുറുകെപ്പിടിച്ചിരിക്കാനുള്ള നിങ്ങളിലെ പ്രലോഭനത്തില്‍ നിന്നു നിങ്ങള്‍ കുതറിമാറും. നിങ്ങളില്‍ സന്തോഷമുളവാക്കുന്നത് എനിക്കു നിങ്ങളെക്കുറിച്ചുള്ള ധാരണകളല്ല. കാരണം, ധാരണകള്‍ എപ്പോള്‍ വേണമെങ്കിലും മാറാമെന്ന് നിങ്ങള്‍ക്കറിയാം.ഈ പറഞ്ഞതിന്‍റെ വെളിച്ചത്തില്‍, നിങ്ങളെക്കുറിച്ചുള്ള എല്ലാ ധാരണകളെയും ഒന്നു നിരീക്ഷിക്കുക. നിങ്ങള്‍ ബുദ്ധിമതിയാണെന്നോ, വിശുദ്ധയാണെന്നോ, നല്ലവളാണെന്നോ ആളുകള്‍ പറഞ്ഞിട്ടുണ്ടാകാം. അത് ആസ്വദിക്കാന്‍ തുടങ്ങുന്നതോടെ, നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങള്‍ക്കു നഷ്ടപ്പെടുന്നു. ആ അഭിപ്രായം കേടുകൂടാതെ കാത്തുസൂക്ഷിക്കാനുള്ള പരാക്രമത്തില്‍ നിങ്ങള്‍ പെട്ടുപോകുന്നു. തെറ്റുകള്‍ ചെയ്യാന്‍ നിങ്ങള്‍ പേടിച്ചുതുടങ്ങും. നിങ്ങളായിരിക്കാന്‍ നിങ്ങള്‍ ഭയപ്പെടും. നിങ്ങളെക്കുറിച്ചുള്ള മറ്റുള്ളവരുടെ ധാരണകള്‍ക്കു വിപരീതമായി നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകാതെ വരും.
ഒരു വിഡ്ഢിയായി കാണപ്പെടാനോ, മറ്റുള്ളവരാല്‍ പരിഹസിക്കപ്പെടാനോ, നിങ്ങളെക്കുറിച്ചുതന്നെ കളിയാക്കി സംസാരിക്കാനോ ഉള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കു നഷ്ടപ്പെടുന്നു. സ്വയം ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കു ചെയ്യാനാകാതെ വരുന്നു. അന്യര്‍ക്കു നിങ്ങളെക്കുറിച്ചുള്ള ധാരണകള്‍ക്കു അനുരൂപപ്പെടുന്നവ മാത്രം നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു.
ഇതില്‍ നിന്നുള്ള മോചനം എങ്ങനെ കരഗതമാകും? ചുറ്റുമുള്ളവര്‍ക്ക് നിങ്ങളെക്കുറിച്ചുള്ള ധാരണകള്‍ നിങ്ങളില്‍ ചെയ്യുന്നത് എന്തെന്ന് മണിക്കൂറുകളെടുത്ത് പഠിക്കുകയും നിരീക്ഷിക്കുകയും ബോധ്യപ്പെടുകയും ചെയ്യുക. കോരിത്തരിപ്പിക്കുന്നതോടൊപ്പം ആ ധാരണകള്‍ നിങ്ങളെ അശാന്തിയിലേക്കും അരക്ഷിതത്വത്തിലേക്കും അടിമത്തത്തിലേക്കും തള്ളിയിടുന്നു. ഇതു ശരിക്കും നിരീക്ഷിക്കാന്‍ നിങ്ങള്‍ക്കായാല്‍, ആര്‍ക്കെങ്കിലും പ്രിയപ്പെട്ടവളായി മാറാനുള്ള എല്ലാ ആഗ്രഹവും നിങ്ങള്‍ ഉപേക്ഷിക്കും.
അതോടെ, ഗുരുവിനെപ്പോലെ പാപികളുടെ ഇടയില്‍ അവരോടൊപ്പം സഞ്ചരിക്കാനും നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുമാത്രം ചെയ്യാനും പറയാനും അന്യരുടെ അഭിപ്രായങ്ങളെക്കുറിച്ച് ആകുലയാകാതിരിക്കാനും നിങ്ങള്‍ക്കാകും. പറവകളെയും പൂവുകളെയും പോലെ, തന്നെക്കുറിച്ച് ഒട്ടുംതന്നെ ചിന്തിക്കാതിരിക്കാനുമാകും. ജീവിതത്തിന്‍റെ ഓരോ നിമിഷവും ജീവിക്കുന്നതുകൊണ്ട് അപരര്‍ തന്നെക്കുറിച്ച് എന്തു കരുതുന്നുവെന്ന് ഒട്ടും വിചാരപ്പെടാത്തവളായിത്തീരും നിങ്ങള്‍. അവസാനം നിങ്ങള്‍ സ്വാതന്ത്ര്യവും നിര്‍ഭയത്വവും ഉള്ളവളായിത്തീരും.