നഗ്നത...
ഇതാണെന്‍റെ ആദിമവസ്ത്രം
നിങ്ങളെന്നെ അണിയിച്ച ചേലകള്‍ക്കും
തൊങ്ങലുകള്‍ക്കുമപ്പുറം
നിഷ്കളങ്കതയുടെയും നിര്‍ഭയതയുടെയും പ്രാഗ്രൂപം.
നിങ്ങളെന്‍റെ ഉച്ചിയിലിറ്റിച്ച തൈലത്തിനും
നെറ്റിയില്‍ ചാര്‍ത്തിയ വര്‍ണ്ണങ്ങള്‍ക്കുമപ്പുറം
നിര്‍മ്മമതയുടെയും വിടുതലിന്‍റെയും പ്രഖ്യാപനം
"പിതാവേ, ഇതാ ഞാന്‍ നിനക്കു മുമ്പില്‍
ഒട്ടും കൂടുതലോ കുറവോ ഇല്ലാതെ."
ചൂടിയ തണലുകള്‍ക്കു ഞാന്‍ വിട നല്കുന്നു.
ഇനി ആകാശമാണെന്‍റെ തണല്‍.
ധരിച്ച പാദുകങ്ങളേ വിട
ഇനി ഭൂമിയാണെന്‍റെ പാദുകം.
പിന്നെ, ഈ നഗ്നത
അമ്മയുടെ ഉദരത്തില്‍
ശിശു ഏതു വസ്ത്രമാണു ധരിക്കുക?
അവന്‍റെ കരവലയം എന്നെ
ആ ആദിമഗര്‍ഭത്തിലേക്ക്
ആവഹിച്ചിരിക്കുന്നു.
ചിറകുകള്‍ക്കു കരുത്തുറയ്ക്കുന്നതുവരെ
ഞാനിവിടെ വിശ്രമിക്കട്ടെ.