news-details
മറ്റുലേഖനങ്ങൾ

കടമകള്‍ ഓര്‍മ്മിപ്പിക്കാന്‍ നിയമം അനിവാര്യമോ?

2009 ഒക്ടോബര്‍ 1-ാം തീയതി സൂര്യാസ്തമനം കഴിഞ്ഞുകാണും, പുറത്ത് പെരുമഴ പെയ്തുകൊണ്ടേയിരിക്കുന്നു, ആരോടോ ദേഷ്യം തീര്‍ക്കുന്നതുപോലെ. കാലം പരുക്കേല്‍പ്പിച്ച നെഞ്ചുരുക്കുന്ന വിഷമങ്ങള്‍ കരഞ്ഞു തീര്‍ക്കുന്നതുപോലെ... വാതിലില്‍ ആരോ ഉറക്കെ മുട്ടുന്നു. വനിതാ സെല്ലിലെ സിന്ധു മാഡവും ശാരദടീച്ചറും "തണല്‍" എന്ന വൃദ്ധമന്ദിരം നടത്തുന്ന റുഖിയാബിത്തയുമായിരുന്നു.

"അമ്മിണിയമ്മ മരിച്ചു. മരണവാര്‍ത്ത മക്കളെ അറിയിച്ചു. അവര്‍ ഇതുവരെ എത്തിയിട്ടില്ല്യാ. കൂടെ ജോലി ചെയ്തിരുന്ന ടീച്ചര്‍മാരും അയല്‍വാസികളുമാണ് കാണാന്‍ വന്നിരിക്കുന്നത്. ഭര്‍ത്താവിന്‍റെ അടുത്തു തന്നെ സംസ്കരിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. അവരുടെ കര്‍മ്മാനുഷ്ഠാനങ്ങള്‍ അനുസരിച്ച് സംസ്കരിക്കണമെങ്കില്‍ പട്ടാമ്പിയിലെ തറവാട്ടിലേക്ക് കൊണ്ടുപോകണം. മോന്‍റെയും മോളുടെയും പേര്‍ക്കാണ് തറവാട്' വിദേശത്തുനിന്നും മോന്‍ വരുന്നതും കാത്ത്..." റുഖിയാബിത്ത പറഞ്ഞു തീര്‍ക്കുന്നതിനുമുമ്പ് ശാരദ ടീച്ചര്‍ ഇടപെട്ടു: "മരിക്കുന്നതിനു രണ്ടുദിവസം മുമ്പ് ഞാന്‍ അമ്മിണി ടീച്ചറെ കണ്ടിരുന്നു. 'പരിചരിക്കാനോ ആശുപത്രിയിലാക്കാനോ ഒന്നും ബാബുമോന്‍ വരണ്ട, പക്ഷേ കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഇവിടെ നില്‍ക്കുന്നു. അമ്മേ എന്ന് വിളിക്കാനെങ്കിലും അവന് വന്നൂടെ? ഇനി പ്രതീക്ഷയില്ല' എന്നവര്‍ പറഞ്ഞിരുന്നു. 'സെപ്റ്റംബര്‍ 28-ാം തീയതി അവന്‍റെ പിറന്നാളിന് ഫോണില്‍ വിളിച്ചു. അപ്പോഴും അവന്‍ എന്‍റെ കാര്യങ്ങള്‍ ഒന്നും ചോദിച്ചില്ല. തറവാട് പൊളിക്കുന്നതിനെക്കുറിച്ചും ലക്ഷ്മിയുടെ അവകാശം തിരികെ വാങ്ങിച്ചു കൊടുക്കണമെന്നുമാണ് ആ വശ്യപ്പെട്ടത്' എന്നും പറഞ്ഞു. സിന്ധു മാഡവും വക്കീലും ഞങ്ങടെ കൂടെ വരണം. നമുക്ക് കാര്യങ്ങള്‍ ഭംഗിയായി നടത്താം. ഞങ്ങടെ പൂര്‍ണ്ണ പിന്തുണയുണ്ടാവും." അന്നത്തെ ദിവസം മുഴുവന്‍ കാത്തു, വന്നില്ല, വിളിച്ചുമില്ല. പിറ്റേന്ന് അതിരാവിലെ ഞങ്ങള്‍ പട്ടാമ്പിയിലുള്ള പുത്തന്‍പുരയ്ക്കല്‍ തറവാട്ടിലേക്ക് പുറപ്പെട്ടു. റുഖിയാബിത്ത എന്നെ ഏല്‍പ്പിച്ച അമ്മിണിയമ്മയുടെ പ്രമാണങ്ങളും പുസ്തകങ്ങളും ഡയറിയും കണ്ണടയുമെല്ലാം എന്‍റെ മടിയില്‍ ഇരിക്കുന്നു. ആ അമ്മ മടിയില്‍ തലചായ്ച്ചു കിടക്കുന്ന അനുഭൂതിയാണ് എനിക്കുണ്ടായത്. ഏകദേശം ഒരു വര്‍ഷം മുമ്പ് ആര്‍ .ഡി. ഒ. കോടതിയില്‍ നിന്നുള്ള കത്തുമായി 'ജനനീതിയില്‍' എന്നെ കാണാന്‍ അമ്മിണി ടീച്ചറെത്തി. ഏറെ ക്ഷീണിച്ചിരുന്നുവെങ്കിലും ശാലീനവും നിഷ്കളങ്കവുമായ അവരുടെ മുഖം എനിക്ക് മറക്കാനാവുന്നതല്ല. പിന്നീട് പല പ്രാവശ്യം അവര്‍ വന്നു. കേസിന്‍റെ കാര്യങ്ങളെക്കാളുപരി മനസ്സിലെ ഭാരമിറക്കിവയ്ക്കാനാണ് അവര്‍ ശ്രമിച്ചത.് വേദനിപ്പിക്കുന്ന ഓര്‍മ്മകളില്‍നിന്നും ഏകാന്തതയില്‍നിന്നും വിമുക്തയാകുക. അവര്‍ക്ക് സാന്ത്വനമേകുക എന്ന ഉദ്ദേശ്യത്തോടെ ഉപേക്ഷിക്കപ്പെട്ടവരുടെ സങ്കേതമായ 'തണല്‍' വീട്ടിലേക്ക് അവരെ മാറ്റി. "എല്ലാം അവസാനിച്ചു എന്ന് വിധിയെഴുതിയ നേരത്ത്, ഒരു കൈത്താങ്ങ്, മോളില്ലെങ്കില്‍ ചിലപ്പോള്‍ ജീവനൊടുക്കാന്‍ മനസ്സ് സമ്മതിച്ചേനെ..." 'മോളെ' എന്ന വിളിയിലേക്കുള്ള പരിണാമം ഒരു പക്ഷേ ഞാനും ഏറെ ആസ്വദിച്ചിരിക്കണം. അതുകൊണ്ടുതന്നെ അവരുടെ ഡയറിയായി മാറി ഞാന്‍ പല സന്ദര്‍ഭങ്ങളിലും.

അന്യജാതിക്കാരിയായ അവരെ ഗോവിന്ദന്‍ നായര്‍ വിവാഹം കഴിച്ചത് ഏറെ കോലാഹലങ്ങള്‍ക്കു ശേഷമായിരുന്നു. മതിയായ വരുമാനമില്ലാത്തതുകൊണ്ടുതന്നെ തറവാട്ടില്‍നിന്ന് വേറിടേണ്ടി വന്നു ഇവര്‍ക്ക.് പിന്നീട് ആറു വര്‍ഷക്കാലം മക്കളില്ലാതെ വിഷമിച്ചു. നിരീശ്വരവാദിയായ മാഷിനെ എതിര്‍ത്ത് പല അമ്പലങ്ങളിലും വഴിപാട് നടത്തിയതിനുശേഷം ആറ്റുനോറ്റുണ്ടായ മോനാണ് ബാബുമോന്‍. ഏറെ താമസിയാതെ മോളും ജനിച്ചു, ലക്ഷ്മി. മറ്റുള്ളവരുടെ മുന്നില്‍ ജീവിച്ചു കാണിക്കണമെന്ന വാശിയായിരുന്നു മാഷിന്. തറവാട്ടിന്‍റെ അടുത്തുതന്നെ ഇരുത്താറുസെന്‍റ് സ്ഥലം വാങ്ങി, ഒരു വീടുവച്ചു. അങ്ങനെ സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കി സന്തോഷത്തോടെ ജീവിച്ചു. എന്നാല്‍ ആ വസന്തകാലം അധികനാള്‍ അനുഭവിക്കാനുള്ള യോഗം അവര്‍ക്കുണ്ടായില്ല. മകന്‍ എഞ്ചിനിയറിങ്ങ് അവസാനവര്‍ഷം പഠിക്കുന്ന സമയത്ത് മാഷ് അസുഖബാധിതനായി, അറ്റാക്കാണ്. മകള്‍ ഡിഗ്രിക്കു പഠിക്കുന്നു. യു. പി. സ്കൂള്‍  ടീച്ചറുടെ വരുമാനംകൊണ്ടു മാത്രം ജീവിതച്ചെലവ് നിയന്ത്രിക്കാന്‍ പറ്റാതെയായി. നീക്കിയിരുപ്പുകളെല്ലാം കാലിയായി. ഈ അവസരത്തിലാണ് ബാബുമോന് ക്യാമ്പസ് സെലക്ഷന്‍ കിട്ടുന്നത്. വിദേശത്ത് നല്ലൊരു ജോലി, അങ്ങനെയവന്‍ ഓസ്ട്രേലിയയിലേക്ക് പറന്നു. ലക്ഷ്മിക്ക് നല്ലൊരു ആലോചന വന്നപ്പോള്‍ അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നടന്നുകാണട്ടെ എന്ന വാശിയില്‍ വിവാഹം നടത്തി. ലോണെടുത്താണ് മകളുടെ വിവാഹം നടത്തിയത്. ലക്ഷ്മിക്ക് തീരെ താത്പര്യമില്ലാത്ത ബന്ധമായിരുന്നു അതെന്ന് പിന്നീട് മനസ്സിലാക്കി. രണ്ടു വര്‍ഷത്തിനിടെ ഒരു മോളെ പ്രസവിച്ച്, അമിതമായ രക്തസ്രാവം മൂലം മരണപ്പെട്ടു. ലക്ഷ്മിയുടെ മരണത്തോടെ മാഷ് വല്ലാതെ തളര്‍ന്നു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ചെയ്യാതെ നിവൃത്തിയില്ലായെന്നു വന്നപ്പോള്‍ മോന്‍റെ സഹായത്തോടെ സര്‍ജറി നടത്തി. ഇതിനിടെ ലോണടയ്ക്കാന്‍ പണം ചോദിക്കുമ്പോഴെല്ലാം അവന് മുറുമുറുപ്പായിരുന്നു. എല്ലാ പ്രതീക്ഷയും ബാബുമോനിലായിരുന്നു, എന്നാല്‍ അവന്‍ സ്വന്തം ജീവിതം സുരക്ഷിതമാക്കാന്‍ മറന്നില്ല. വിദേശത്തുതന്നെയുള്ള സ്ത്രീയെ വിവാഹം കഴിച്ചു. മാഷിന്‍റെയും ഭാര്യയുടെയും സ്ഥിതി വളരെ മോശമാണെന്ന് മനസ്സിലാക്കി ഗോവിന്ദന്‍ മാഷ് കൂട്ടായ സ്വത്ത് മോന്‍റെയും, മകളുടെ മകളായ ശ്രീക്കുട്ടിയുടെയും പേരില്‍ എഴുതി കൊടുത്തു. ഭൂമി അവനെഴുതി കൊടുത്തത് ചെലവാക്കിയ പണത്തിനു പകരമാണെന്നാണ് അവന്‍ അവകാശപ്പട്ടത്. ശ്രീക്കുട്ടിക്ക് എഴുതി കൊടുത്ത ഭാഗം തനിക്കു കിട്ടണമെന്നതായിരുന്നു വഴക്കിന്‍റെ കാരണം. മകളുടെ ഓര്‍മ്മയ്ക്കായി ശ്രീക്കുട്ടി മാത്രമെയുള്ളൂ. ഒരു പെണ്‍കുഞ്ഞായതുകൊണ്ട് അവള്‍ക്ക് കൊടുക്കാതിരിക്കാന്‍ കഴിയില്ല. മോളെ നോക്കുന്നത് ലക്ഷ്മിയുടെ ഭര്‍ത്താവിന്‍റെ വീട്ടുകാരായതു കൊണ്ട് തിരിച്ചുവാങ്ങാനും സാധ്യമല്ലെന്നു തീര്‍ത്തുപറഞ്ഞപ്പോള്‍ മകനുമായുള്ള വഴക്കിന് ശക്തികൂടി. ഈ മാനസിക പിരിമുറുക്കങ്ങള്‍ കാരണമാകും സര്‍ജറി കഴിഞ്ഞ് രണ്ടുമാസത്തിനകം മാഷ് മരിച്ചു. നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ മകന്‍ സഞ്ചയനം വരെ നിന്നു. യാത്ര തിരിക്കുന്നതിനു മുമ്പ് മകന്‍ ഒരു കാര്യം ഓര്‍മ്മിപ്പിച്ചു. ശ്രീക്കുട്ടിയുടെ ഭാഗം എനിക്കെഴുതി തന്നാല്‍ ലോണ്‍ അടയ്ക്കും. ഭാര്യയെ കൊണ്ടുവരണമെങ്കില്‍ തറവാട് പൊളിച്ചു പണിയണം. അന്യനാട്ടില്‍ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ പണം അനാവശ്യമായി കളഞ്ഞില്ലായിരുന്നെങ്കില്‍ സ്വന്തംപേരില്‍ സ്ഥലം വാങ്ങിക്കാമായിരുന്നു. എനിക്ക് ലാഭമൊന്നുമില്ലല്ലോ? എന്നായിരുന്നു മോന്‍റെ സംശയം. നിശ്ചലമായി നില്‍ക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. പിന്നീട് അമ്മിണിയമ്മയെക്കുറിച്ച് അന്വേഷിക്കുകയോ, മരുന്നിന് പണം അയച്ചുകൊടുക്കുകയോ ചെയ്തില്ല. ഏറെനാള്‍ അസുഖം വന്ന് കിടപ്പിലായപ്പോള്‍ മാഷിന്‍റെ അനിയന്‍ മോനെ വിവരം അറിയിച്ചു. മോനെ വിളിച്ച് സംസാരിക്കാനും അയാള്‍ സഹായിച്ചു. അപ്പോഴും സ്വത്തിന്‍റെ കാര്യം ഓര്‍മ്മിപ്പിക്കുവാന്‍ ആ മകന്‍ മറന്നില്ല.

ഇതുപോലെ എത്രയെത്ര മാതാപിതാക്കള്‍! എന്നെ തേടിയെത്തിയ പന്ത്രണ്ടു കേസുകളും ഇതേ സ്വഭാവത്തില്‍പെട്ടതു തന്നെ. ഒരു മനുഷ്യായുസ്സു മുഴുവന്‍ മക്കള്‍ക്കുവേണ്ടി രക്തം വിയര്‍പ്പാക്കി ജീവിച്ച്, പിന്നീട് മാലിന്യങ്ങളെപ്പോലെ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവര്‍. മരണത്തോടൊപ്പം സര്‍വ്വമൂല്യങ്ങളും ശ്മശാനത്തിലേക്ക് പോകുമ്പോള്‍, നീതി മാത്രം പിന്നേയും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് വായിച്ചതോര്‍മ്മയിലുണ്ട്. നീതിബോധമാണ് എല്ലാ മാനുഷിക-ധാര്‍മ്മിക മൂല്യങ്ങളുടെയും നീരുറവ. എന്നാല്‍ സ്നേഹം, വാത്സല്യം, കാരുണ്യം, ദയ എന്നീ പദങ്ങള്‍ ഡിക്ഷനറിയില്‍ ഒതുങ്ങുകയും മൂല്യങ്ങള്‍ കൈമോശം വരുകയും ചെയ്ത പുതിയ തലമുറ, സ്വന്തം മാതാപിതാക്കളുടെ വാര്‍ദ്ധക്യത്തിന്‍റെ ആകുലതകള്‍ മനസ്സിലാക്കാതെ അവരെ ചില്ലിട്ട കണ്ണാടി കൂട്ടില്‍ അടച്ചുവയ്ക്കാന്‍ വെമ്പല്‍ കൊള്ളുകയാണിന്ന്. അണുകുടുംബ സംവിധാനത്തിലേക്കുള്ള പരിവര്‍ത്തനവും സാമ്പത്തിക പരാധീനതയും വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും ഒറ്റപ്പെടലും മുതിര്‍ന്ന പൗരന്മാരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണെന്നും, തന്മൂലം കേരളത്തില്‍ പ്രായമായവരുടെ ഇടയില്‍ ആത്മഹത്യ വല്ലാതെ വര്‍ദ്ധിച്ചുവരുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് ആത്മഹത്യ ചെയ്ത വൃദ്ധരില്‍ അഞ്ചിലൊന്ന് കേരളത്തിലാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ യാഥാര്‍ത്ഥ്യത്തിന്‍റെ വെളിച്ചത്തില്‍ കാര്യങ്ങള്‍ അവലോകനം ചെയ്യുമ്പോഴാണ് വൃദ്ധജനസംരക്ഷണ നിയമത്തിന്‍റെ പ്രസക്തി വ്യക്തമാവുന്നത്.

ഇന്ന് മാതാപിതാക്കളോടുള്ള കടമകള്‍ മറക്കാതിരിക്കാനും, പ്രായമായവരെ സംരക്ഷിക്കാനായും പുതിയ നിയമം The Maintenance and welfare of parents and senior citizens Act 2007 നിലവിലുണ്ട്. മുതിര്‍ന്നവരുടെ അനുഗ്രഹവും ആശീര്‍വാദവുമില്ലാതെ മംഗളകര്‍മങ്ങളൊന്നും പൂര്‍ണ്ണമാവില്ല എന്നു വിശ്വസിച്ചിരുന്ന നാടാണ് നമ്മുടേത്. "മാതാപിതാ ഗുരു ദൈവ"മെന്നും, "മാതാവിന്‍റെ കാല്‍ക്കീഴിലാണ് നിന്‍റെ സ്വര്‍ഗ്ഗ"മെന്നും, പഠിപ്പിച്ച സംസ്കാരപാരമ്പര്യം ഇന്ന് പുഴുക്കുത്തേറ്റിരിക്കുന്നുവെന്നു വേണം കരുതാന്‍. അത്രയേറെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയാവുകയാണ് ഇന്നത്തെ മാതാപിതാക്കള്‍. ഈ നിയമം നിലവില്‍ വരുന്നതിനു മുമ്പ് ജീവനാംശം ലഭിക്കുന്നതിനായി, 1973-ലെ ക്രിമിനല്‍ നടപടി നിയമമനുസരിച്ച് (125-ാം വകുപ്പ്) അപേക്ഷ സമര്‍പ്പിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ട്. എന്നാല്‍ ദൈര്‍ഘ്യമേറിയ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി വിധിനിര്‍ണ്ണയം നടപ്പാക്കുമ്പോഴേക്കും, സംരക്ഷണം ലഭിക്കേണ്ടവരുടെ ആയുസ്സൊടുങ്ങിയിരിക്കും. തിരസ്കരിക്കപ്പെട്ടവരുടെ എണ്ണം വര്‍ദ്ധിക്കുകയും കൂണുപോലെ വൃദ്ധമന്ദിരങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തതോടെ, ഈ പ്രശ്നം വളരെ ഗൗരവത്തോടെ ഗവണ്‍മെന്‍റ്പരിശോധിക്കുകയും, 2007-ല്‍ പാര്‍ലമെന്‍റ് ഈ നിയമം പാസ്സാക്കുകയും ചെയ്തു.

$ വൃദ്ധമാതാപിതാക്കളെ വേണ്ടത്ര പരിപാലിക്കാതിരിക്കുകയും അവരെ മനപ്പൂര്‍വ്വം ഉപേക്ഷിക്കുകയും ചെയ്യുന്നവരെ ശിക്ഷിക്കുക (3.24).

$ അവര്‍ക്ക് ഉപജീവനത്തിന് മാര്‍ഗ്ഗമില്ലാത്ത സാഹചര്യമാണെന്നറിഞ്ഞിട്ടും മതിയായ ജീവനാംശം കൊടുക്കാതിരിക്കുന്നവര്‍ക്കെതിരെ, ചെലവിന് കൊടുക്കുവാന്‍ ഉത്തരവിടുക (G. 4, 55 and 5.9).

$ മക്കള്‍ സംരക്ഷിക്കുമെന്ന ഉത്തമവിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ സമ്പാദ്യം മുഴുവന്‍ മക്കളുടെ പേരിലേക്ക് എഴുതി കൊടുക്കുകയും എന്നാല്‍ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ നിയമപരമായി തടയുകയും, ഭൂമിയുടെ അവകാശം റദ്ദാക്കി തിരികെ ഏല്‍പ്പിക്കുകയും ചെയ്യുക (S. 23).

$ വൃദ്ധജനങ്ങള്‍ക്ക് വേണ്ടത്ര സംരക്ഷണം ഉറപ്പുവരുത്തുക. അവര്‍ക്ക് താമസിക്കുവാന്‍ ഡേ കെയര്‍ സെന്‍റര്‍ അല്ലെങ്കില്‍ ഓള്‍ഡ് ഏജ് ഹോംസ് പണിയുക (S. 19) എന്നിവയാണ് ഈ നിയമത്തിന്‍റെ അടിസ്ഥാന ലക്ഷ്യം. ഇതുപോലെയുള്ള കേസുകള്‍ തീര്‍പ്പാക്കുവാനായി Maintenance Tribunal എല്ലാ ജില്ലകളിലും സ്ഥാപിച്ചിരിക്കുന്നു. ജില്ലയിലെ ആര്‍. ഡി. ഒ. കോടതിയെയാണ് Maintenance tribunal ആയി പരിഗണിച്ചിരിക്കുന്നത്. കൂടാതെ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറെ, ഈ നിയമപ്രകാരമുള്ള Maintenance ഓഫീസറായി നിയമിക്കേണ്ടതുണ്ട്. പരാതി കൊടുക്കുന്ന മാതാപിതാക്കള്‍ ആവശ്യപ്പെടുന്ന പക്ഷം മെയിന്‍റനന്‍സ് ഓഫീസര്‍ ട്രൈബ്യൂണല്‍ നടപടികളില്‍ അവരെ പ്രതിനിധാനം ചെയ്യേണ്ടതുമാണ്. വക്കീല്‍മാര്‍ ഈ കേസ്സുകള്‍ക്കു വേണ്ടി ഹാജരാവാന്‍ പാടില്ലാത്തതാണ്.
സ്വന്തം മക്കളില്‍നിന്നോ, മക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ പേരക്കുട്ടികളില്‍ നിന്നോ, അതുമല്ലെങ്കില്‍ മരണശേഷം വൃദ്ധരുടെ സ്വത്ത് ചെന്നുചേരുന്ന അനന്തരാവകാശികളില്‍നിന്നോ ജീവനാംശം ആവശ്യപ്പെടാവുന്നതാണ്. പരാതിക്കാര്‍ക്ക് നേരിട്ടോ, അവര്‍ നിയോഗിച്ചിട്ടുള്ള വ്യക്തിക്കോ, സന്നദ്ധസംഘടനകളുടെ സഹായത്തോടെയോ പരാതി ആര്‍. ഡി. ഒ. ക്ക് സമര്‍പ്പിക്കാവുന്നതാണ്. ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കുകയും ചെയ്യാം. 90 ദിവസത്തിനകം പരാതി തീര്‍പ്പാക്കണമെന്ന് വ്യവസ്ഥയുണ്ട്. ട്രൈബ്യൂണലിന്‍റെ ഉത്തരവ് ലംഘിച്ച് ജീവനാംശം നല്‍കാതിരുന്നാല്‍ പണം നല്‍കുന്നതുവരെയോ, ഒരു മാസമോ ജയിലില്‍ കഴിയേണ്ടി വരും. മാതാപിതാക്കളെ സംരക്ഷിച്ചു കൊള്ളാമെന്ന വ്യവസ്ഥയില്‍ ആരെങ്കിലും സ്വത്ത് കൈവശമാക്കുകയും അതിനുശേഷം വാഗ്ദാനം ലംഘിക്കുകയുമാണെങ്കില്‍ ആ കൈമാറ്റം തന്നെ അസാധുവാക്കാനുള്ള അധികാരം ട്രൈബ്യൂണലിനുണ്ട്. 2007-നു ശേഷം നടന്ന കൈമാറ്റങ്ങള്‍ക്കു മാത്രമേ ഈ നിയമം ബാധകമാവുന്നുള്ളൂ. മേല്‍വിവരിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി ആര്‍. ഡി. ഒ. കോടതിക്ക് സിവില്‍ കോടതിയുടെ അധികാരങ്ങളും, കുറ്റവാളിയെ ശിക്ഷിക്കുവാനായി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ അധികാരങ്ങളും നിക്ഷിപ്തമായിരിക്കുന്നു. എന്നാല്‍ ഇരുകൂട്ടരും കേസ് ഒത്തു തീര്‍പ്പാക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന പക്ഷം ആര്‍. ഡി. ഒ. കോടതി നിയമിച്ച conciliation officeക്ക് ആ കേസ് കൈകാര്യം ചെയ്യാവുന്നതും, സെറ്റില്‍മെന്‍റ് ഡീഡ് തയ്യാറാക്കി, അന്തിമതീരുമാനത്തില്‍ എത്താവുന്നതുമാണ്. ഈ കോടതിയില്‍നിന്നും വരുന്ന വിധികള്‍ക്കെതിരെ കളക്ടര്‍ മുമ്പാകെ അപ്പീല്‍ സമര്‍പ്പിക്കാവുന്നതുമാണ്.

അമ്മിണിയമ്മയുടെ കാര്യത്തിലും മേല്‍പറഞ്ഞ മാര്‍ഗ്ഗത്തിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിച്ചിരുന്നു. വൈദ്യചെലവിനായി ബുദ്ധിമുട്ടുന്ന സാഹചര്യമായതുകൊണ്ട് ജീവനാംശം ലഭിക്കുന്നതിനായി ഈ നിയമത്തിന്‍റെ 5-ാം വകുപ്പനുസരിച്ച് അപേക്ഷ സമര്‍പ്പിച്ചിരുന്നു. മാസം രണ്ടായിരം രൂപവച്ച് ചെലവിനു കൊടുക്കുവാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. ജീവനാംശ തുക ബാങ്കില്‍ നിക്ഷേപിക്കുകയാണ് ബാബു ചെയ്തിരുന്നത്. 2007-നു ശേഷമാണ് ഗോവിന്ദന്‍ നായരും ഭാര്യ അമ്മിണിയും കൂട്ടായി അവകാശമുള്ള ഭൂമി മക്കള്‍ക്ക് കൈമാറിയത്. എന്നാല്‍ മകന്‍റെ ഭാഗത്തുനിന്നും യാതൊരുവിധ പിന്തുണയോ, പരിരക്ഷയോ ലഭിക്കാത്ത സാഹചര്യത്തില്‍, ഇഷ്ടദാനമായി നല്‍കിയ ഭൂമിയിന്‍മേലുള്ള അവകാശം റദ്ദാക്കി, അമ്മിണിയമ്മയ്ക്ക് തിരികെ ഏല്‍പ്പിക്കുവാന്‍ ട്രൈബ്യൂണലിന് കഴിയുമെങ്കിലും, മാനുഷികമായി തനിക്കതിന് കഴിയില്ലെന്ന തീരുമാനത്തില്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു. മകന്‍ സ്ഥലത്തില്ലാത്തതുകൊണ്ട്, എതിര്‍വാദം ഉന്നയിക്കാതിരിക്കുന്ന പക്ഷം ലഃുമൃലേ ആയി കോടതി വിധിക്കുകയും ചെയ്യുമായിരുന്നു. "ഏറെക്കാലം സന്തോഷത്തോടെ ജീവിച്ച വീട്, മോന്‍ സ്നേഹിച്ചു വളര്‍ത്തിയിരുന്ന പഞ്ചമിതത്ത, മാവിന്‍ കൊമ്പത്തിരുന്നുള്ള ഊഞ്ഞാലാട്ടം, ലക്ഷ്മിമോള്‍ക്കു വേണ്ടി വച്ചുപിടിപ്പിച്ച ചെമ്പകവും തെങ്ങും കവുങ്ങും... വേണ്ട. മധുരിക്കുന്ന ഓര്‍മ്മകളുള്ള വീട് അവനെടുത്തോട്ടെ" എന്നായിരുന്നു അവരുടെ അഭിപ്രായം.

തെറ്റ് മനസ്സിലാക്കി എന്നെങ്കിലും മോന്‍ തിരിച്ചുവരുമെന്നവര്‍ പ്രതീക്ഷിച്ചു കാണണം.  കടമകള്‍ ഓര്‍മ്മപ്പെടുത്തുവാന്‍ മാത്രമല്ലെ നിയമങ്ങള്‍ക്കു കഴിയൂ! അമ്മ സുഖമായി ഉറങ്ങൂ. അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മകന്‍ മാത്രമെ ഇല്ലാത്തതുള്ളൂ. ഞങ്ങളെല്ലാവരുമുണ്ട്. എന്നെങ്കിലും ഈ ആത്മാര്‍ത്ഥ സ്നേഹം മകന്‍ തിരിച്ചറിയും.

You can share this post!

ഏപ്രില്‍ 7: ലോക ആരോഗ്യദിനം - തലച്ചോറിനു വേണ്ട ശരിയായ ഭക്ഷണം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts