വാര്‍ദ്ധക്യത്തിന്‍റെ വാതില്പ്പാളികള്ക്കപ്പുറത്തേ യ്ക്ക് കൈ പിടിച്ചു നടക്കാന്‍ ഒരു കൂട്ടുതേടിയിറങ്ങി ഒരാള്‍. പാദങ്ങളിടറുമെന്നും സ്വരം പതറുമെന്നും കേള്‍വി ക്ഷയിക്കുമെന്നും അയാള്‍ കേട്ടിരുന്നു. വഴുതിവീഴാതിരിക്കാന്‍ ഒരു വഴി കണ്ടെത്തേണ്ടതുണ്ട്. അങ്ങനെയാണ് ആ അറുപത്തഞ്ചുകാരന്‍ ഒരു അറുപതുകാരിയെ തന്‍റെ ജീവിതത്തിലേക്ക് ചേര്‍ത്തത്. പിന്നെയെല്ലാം മായാജാലം. അയാള്‍ പിന്നീടു നടന്നത് താന്‍ പിന്നിട്ട യൗവനത്തിലേയ്ക്കായിരുന്നു. തളര്‍ന്നുപോയ ചിറകുകള്‍ക്കു വീണ്ടും ജീവന്‍ വച്ച് വാനോളം പറന്നുയര്‍ന്ന് പുതിയൊരു ലോകം കണ്ടെത്തിയത് പിന്നെ അയാളായിരുന്നു.
എപ്പോഴാണ് ഒരാള്‍ വൃദ്ധന്‍/വൃദ്ധ ആകുന്നത്? അന്‍പതുകളിലൂടെ ഭയന്നുനടന്ന് അറുപതുകളിലെത്തുമ്പോള്‍ വിറച്ചുവീഴേണ്ടതുണ്ടെന്ന് എവിടെയാണ് പറഞ്ഞുവച്ചിട്ടുള്ളത്? നോക്കൂ, മേല്‍പ്പറഞ്ഞയാള്‍ എന്‍റെ അങ്കിളാണ് ജീവിതത്തെ സ്നേഹിച്ചുതീര്‍ക്കാന്‍ തീരുമാനിച്ചയാള്‍. പലപ്പോഴും വാര്‍ദ്ധക്യത്തിലെത്തും മുന്‍പേ ഭാര്യയോ ഭര്‍ത്താവോ മരിച്ചുപോയ പലരും അച്ഛനമ്മമാരുടെ റോള്‍ ഒരുമിച്ചു കൈകാര്യം ചെയ്ത്, മക്കളെ വളര്‍ത്തിയും മാതാപിതാക്കളെ പരിപാലിച്ചും സഹോദരങ്ങള്‍ക്ക് സേവ ചെയ്തും തളര്‍ന്നുവീഴുമ്പോള്‍, പിന്നീടുള്ള കാലം ഒറ്റയ്ക്കായിരിക്കണമെന്ന് എന്തിനാണ് തീര്‍പ്പുകല്പ്പിക്കുന്നത്? ജീവിതത്തിന്‍റെ സായംകാലത്തിന് അരുണാഭ പകരാനുള്ള ഒരു തുറന്ന വാതിലായി പുനര്‍വിവാഹത്തെ കരുതിയാലെന്താണ്?
പ്രായമായവരുള്ള വീടുകളില്‍ച്ചെന്നു നോക്കിയാല്‍ കാണാം, അവര്‍ ഓടിവന്ന് കൈപിടിച്ചോ ആലിംഗനം ചെയ്തോ ചുംബിച്ചോ ഒക്കെ നമ്മെ സ്വീകരിക്കുന്നത്. ഏതു വൈകാരിക ഭാവമാവും അവരെക്കൊണ്ടിതു ചെയ്യിക്കുന്നത്? തിരിച്ചറിയേണ്ടത്, ഈ വാര്‍ദ്ധക്യത്തിലും അവര്‍ നിങ്ങളുടെ സാമീപ്യവും സ്നേഹസ്പര്‍ശവും ആഗ്രഹിക്കുന്നു എന്നതുതന്നെയാണ്. അറുപതുകളിലും എഴുപതുകളിലും വച്ചൊക്കെ ഒറ്റയ്ക്കായിപ്പോകുന്ന നമ്മുടെ മാതാപിതാക്കളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ചിലരാകട്ടെ, ഇരുപതുകളിലും മുപ്പതുകളിലുമൊക്കെവച്ച് പങ്കാളിയെ നഷ്ടപ്പെടുന്നവര്‍. എന്നിട്ടും അവര്‍ ഒറ്റയ്ക്കായിരിക്കണം എന്നതാണ് ശരിയായ സംസ്കാരമെന്ന് നാം ശഠിക്കുന്നു. സന്തോഷസന്താപങ്ങളെ പങ്കുവയ്ക്കാതെ, ശാരീരികാവശ്യങ്ങളെ നിറവേറ്റാതെ മരണംവരെ കഴിഞ്ഞു കൊള്ളണമെന്ന് ചെറുപ്രായക്കാരായ മക്കളും സമൂഹവും നിര്‍ബന്ധിക്കുന്നു. മറിച്ചാഗ്രഹിച്ചാല്‍ സ്വഭാവദൂഷ്യമെന്ന് കുറ്റം വിധിക്കും. തിരക്കിന്‍റെ വഴികളില്‍ സഞ്ചരിക്കുന്ന മക്കളാവട്ടെ, ജീവിത സായന്തനത്തില്‍ ഒന്നു മിണ്ടാനോ ചിരിക്കാനോ കരയാനോ ഒരു കൂട്ടില്ലാതിരിക്കുന്ന മാതാവിനോടോ പിതാവിനോടോ ഒത്തൊരല്പനേരം ചെലവഴിക്കാന്‍ തയ്യാറാവുകയുമില്ല.
എവിടെയാണ് അപാകത സംഭവിച്ചിരിക്കുക? ചില നിഷ്ഠകളില്‍ കുടുങ്ങിക്കിടക്കേണ്ടവരാണോ ഈ വൃദ്ധര്‍? അടക്കിവച്ച വൈകാരികഭാവങ്ങളും ഒപ്പം, ക്ഷയിക്കുന്ന ശാരീരികാരോഗ്യവും ഏറെക്കുറെ അവര്‍ക്കു മറ്റുള്ളവരാല്‍ വിധിക്കപ്പെടുന്നതല്ലേ? മറിച്ചായാല്‍ എന്തു സംഭവിക്കുമെന്നാണ് നാം കരുതുന്നത്!
ചുറ്റുപാടുമൊന്നു കണ്ണോടിച്ചാല്‍ ഇത്തരം ചിലരെയെങ്കിലും - ചില 'പിന്തിരിപ്പന്‍' ബുദ്ധിക്കാരെയെങ്കിലും കണ്ടെത്താനായേക്കും. ഒരു പക്ഷേ നമ്മുടെ അമ്മയോ അച്ഛനോ ഒക്കെത്തന്നെ. വയസേറെയായിട്ടും വീണ്ടും വിവാഹം കഴിച്ച് ഒന്നിച്ചുകഴിയുന്നവര്‍ക്ക് നഷ്ടങ്ങളൊന്നും സംഭവിക്കുന്നതായി കണ്ടെത്താനാവില്ല. കാഴ്ച, കേള്‍വി, ഓര്‍മ ഇവയൊക്കെ കുറഞ്ഞു പോകാനിടയുള്ള, ശാരീരിക പീഡകള്‍ വര്‍ദ്ധിക്കാനിടയുള്ള ഈ നാളുകളില്‍, ഇതിനെയൊക്കെ അതിജീവിച്ച് കുറേക്കൂടി സുന്ദരമായി ജീവിക്കുന്നവര്‍ തന്നെയാണ് അവര്‍. ഒരുമിച്ചുള്ള കൃഷി, വായന, സിനിമ, സംസാരം, ലൈംഗികത, എന്തിനേറെ, ഒരു പഠനംപോലും അവര്‍ക്കു പ്രാപ്തമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതവര്‍ക്കു നല്‍കുന്ന നവജീവിതം അവരുടെ മനസ്സിനെയും ശരീരത്തെയും ഊര്‍ജ്ജസ്വലമാക്കി നിലനിര്‍ത്താന്‍ ഉതകുന്നതുമായിരിക്കും.
ഒരാള്‍ ജനനം മുതല്‍ പാതിവഴിയിലേറെ ഒറ്റയ്ക്കായിരുന്നു. യൗവനത്തിന്‍റെ ചുറുചുറുക്കിലയാള്‍ അങ്ങനെ എല്ലാം മറന്ന് ജീവിച്ചതാണ്. പക്ഷേ നാളുകള്‍ കഴിയവേ മുടി നരയ്ക്കാനും മുഖം ചുക്കിച്ചുളിയാനും തുടങ്ങിയപ്പോള്‍ അയാള്‍ മരണത്തെ പ്രാര്‍ത്ഥിച്ചു. ഒരു കൂട്ടു തേടിയലഞ്ഞ അയാളുടെ മനസ്സുതന്നെയാവണം മരണത്തെ കൂട്ടുവിളിക്കാന്‍ അയാളെ പ്രേരിപ്പിച്ചിരിക്കുക. അങ്ങനെയിരിക്കവേ ആണ് സമാനചിന്താഗതിക്കാരിയായ ഒരു വൃദ്ധസ്ത്രീയെ അയാള്‍ കണ്ടു മുട്ടുന്നത്. അവര്‍ പരിചയപ്പെട്ടു. കൂട്ടുചേര്‍ന്ന് മിണ്ടിയും പറഞ്ഞും ഒക്കെ മുന്നോട്ടു പോകവേ അവരുടെ ജീവിതം മെല്ലെത്തളിര്‍ക്കാന്‍ തുടങ്ങി. പിന്നെയയാള്‍ മരണത്തെ മറന്നു. അതെ, ആ വൃദ്ധ കൊണ്ടുവന്നു കൊടുത്തത് ഒരു ജീവിതമായിരുന്നു; ഒപ്പം അവര്‍ സ്വയം നേടിയതും. ഇങ്ങനെ കൊള്ളാനും കൊടുക്കാനുമാവുന്ന ഏറെ വൃദ്ധര്‍ ഞെരുങ്ങിയും പതുങ്ങിയുമൊക്കെയിരുന്ന് മരണത്തെ പ്രാര്‍ത്ഥിക്കുന്നുണ്ടാവും. എന്തിനുവേണ്ടി? ഈ ചോദ്യത്തിനുത്തരം പറയാനാവില്ലല്ലോ നമുക്ക്!
അമ്മ മരിച്ചുപോയപ്പോള്‍ അച്ഛന്‍ ഒറ്റപ്പെട്ടാലോ എന്നു ഭയന്ന ഏകമകന്‍ പുതിയൊരമ്മയെ കണ്ടെത്താന്‍ അച്ഛന്‍റെ കൂടെ നിന്നു. അച്ഛനു യോജിച്ചൊരാളെ കണ്ടെത്താന്‍ അവന്‍ ഏറെ അന്വേഷിച്ചു. അവസാനം പറ്റിയൊരാളെ കണ്ടുപിടിച്ച് അച്ഛനു നല്‍കി. ആ പുതിയ ദാമ്പത്യത്തിന് വേണ്ടതെല്ലാം ഒരുക്കിക്കൊടുത്തിട്ടാണ് അവന്‍ വിദൂരത്തുള്ള ജോലിസ്ഥലത്തേയ്ക്ക് മടങ്ങിയത്. അച്ഛന്‍റെ പുതിയ ഭാര്യയെ 'അമ്മേ' എന്നു വിളിച്ചാണ് പിന്നീടവന്‍ അച്ഛനെ സ്നേഹിച്ചത്. പെട്ടെന്നുതന്നെ അവര്‍ അവന്‍റെ നഷ്ടപ്പെട്ട അമ്മയ്ക്കു പകരമായി. അവന്‍റെ കുഞ്ഞുങ്ങള്‍ക്ക് മുത്തശ്ശിയായി. പലഹാരങ്ങളുണ്ടാക്കിവച്ച്, നൂറുവിശേഷങ്ങള്‍ പറയാന്‍ മകന്‍ വരുന്നതും നോക്കി വഴിക്കണ്ണുമായി കാത്തിരിക്കും ആ അമ്മ ഇപ്പോള്‍. ഇത് ആദ്യം പറഞ്ഞ സംഭവകഥയുടെ ബാക്കി.
ടി. വി കൊച്ചുബാവയുടെ 'വാര്‍ദ്ധക്യപുരാണം' എന്ന കഥാസമാഹാരത്തിലെ 'പടിവാതില്‍' എന്ന കഥയില്‍ ഒരു രണ്ടാനമ്മയുണ്ട്. "ചെറ്യമ്മേ" അവന്‍ പതുക്കെ വിളിച്ചു...
"ഞാനിന്ന് തിരിച്ചു പോക്വാണ്" അവന്‍ അതിസ്നേഹത്തോടെ ചെറിയമ്മയെ നോക്കി. നോക്കുന്തോറും അമ്മ നിനവിലേക്ക്...
"പോകല്ലേ" ചെറിയമ്മ അവന്‍റെ വിരലില്‍ തൊട്ടു. അവരുടെ നെഞ്ചുവിട്ട് ഒരു നിലവിളിയുണര്‍ന്നു "ന്‍റെ മോനേ..."
ഇത്തരം ചില അമ്മമാരിലേയ്ക്ക്, അച്ഛന്മാരിലേയ്ക്ക് അവരുടെ വാത്സല്യക്കൂട്ടിലേയ്ക്ക് ഓടിക്കയറാന്‍ എത്ര ഉണ്ണിമാരുണ്ട് ഇവിടെ? അല്ലെങ്കില്‍ അത്രത്തോളം ശുദ്ധിയും വെളിവും ഉള്ളവരാകാന്‍ എത്ര പേര്‍ക്കു കഴിഞ്ഞേക്കും? വാര്‍ദ്ധക്യത്തിന്‍റെ തിരശീലകള്‍ക്കപ്പുറത്ത് തളിര്‍ക്കാനും പൂക്കാനും ഒരുദ്യാനമുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട് അതിന്. രണ്ടാനമ്മയുടെ ഗര്‍ഭത്തിനെതിരേ കൂക്കി വിളികളുമായി വന്ന, സ്വത്ത് ഭാഗംവച്ചു പോകുമോ എന്നു ഭയന്ന ചില മക്കളുമുണ്ട് കൊച്ചുബാവയുടെ ഈ കഥയില്‍, ഗര്‍ഭിണിയായ ഭാര്യയുമായി പടിയിറങ്ങുന്ന ആ അച്ഛന്‍റെ കഥ ഇങ്ങനെ അവസാനിക്കുന്നു: "വഴിവക്കിലെ ദേവദാരുവിന്‍റെ ചുവടെ എത്തിയപ്പോള്‍ അച്യുതന്‍നായര്‍ വിശാലാക്ഷിയുടെ കൈയില്‍ പിടിച്ചു. ഇനി സ്വാതന്ത്ര്യമായി. ജീവിതം ശിക്ഷണശാലയാക്കിയത് ഉത്കണ്ഠകളായിരുന്നു ഇതുവരെ. മക്കള്‍, സമൂഹബോധം, അച്ഛന്‍"
പൊടുന്നനെയുള്ള ആ തിരിച്ചറിവ് സ്വാതന്ത്ര്യത്തിന്‍റെ ചവിട്ടടികളിലേക്ക് അയാളെ കൊണ്ടുപോകുന്നു. മക്കളുടെ സ്വാര്‍ത്ഥതയിലും സമൂഹബോധത്തിന്‍റെ കാണാക്കയറിലും 'അച്ഛന്‍' എന്ന അമിതയാഥാര്‍ത്ഥ്യബോധത്തിലും കുടുങ്ങിക്കിടന്ന അച്യുതമേനോന്‍ താന്‍ രണ്ടാംവിവാഹം കഴിച്ച ഭാര്യ ഗര്‍ഭിണിയായി എന്ന കാരണത്താല്‍ ഏറെ ക്രൂശിക്കപ്പെടുന്നുണ്ട്. മക്കള്‍ മാതാപിതാക്കളുടെ വാര്‍ദ്ധക്യകാല ജീവിതത്തില്‍ അരുതുകളും അരുതായ്കകളും കല്പിച്ചു കൊടുത്തപ്പോള്‍ പെരുവഴിയിലേയ്ക്കിറങ്ങുന്ന ഈ ദമ്പതികള്‍ക്ക് ചില സ്വാതന്ത്ര്യസ്വപ്നങ്ങള്‍ ഇനിയും മുന്നിലവശേഷിക്കുന്നുണ്ട്. കാരണം, മടങ്ങിപ്പോകുമ്പോഴും ഒരു കൂട്ട്, അത് ഒരു വലിയ ആശ്വാസം തന്നെ.
വാര്‍ദ്ധക്യത്തിന്‍റെ പുരാണങ്ങളില്‍ നിറയേ അനുഭവങ്ങളുടെ ചൂരും ചൂടുമാണ്. എരിഞ്ഞും പൊരിഞ്ഞും അലഞ്ഞും ജീവിതം പടുത്തതിന്‍റെ നേര്‍സാക്ഷ്യങ്ങളായും നിശ്ചയ ദാര്‍ഢ്യത്തിന്‍റെ വന്‍മലകയറ്റങ്ങളായും ആഗ്രഹങ്ങളും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യത്തിന്‍റെ തീരത്തണയാതെ നഷ്ടപ്പെട്ടുപോയതിന്‍റെ നൊമ്പരച്ചാലുകളായും ചില ജീവിതങ്ങള്‍ നമുക്കു മുന്‍പില്‍ എരിഞ്ഞു തീരാറായി നില്‍ക്കുമ്പോള്‍ മറക്കാതിരിക്കേണ്ടതൊന്നുണ്ട്. ഈ കൈത്തഴമ്പുകളില്‍ നിന്നാണ് നമുക്കു കരുത്തു കിട്ടിയതെന്നും ഈ അകക്കാമ്പിന്‍റെ ദൃഢതകൊണ്ടാണ് നാം ഇത്രത്തോളമെത്തിയതെന്നും. വാര്‍ദ്ധക്യത്തിന്‍റെ സമസ്യാപൂരണങ്ങള്‍ക്കായി നാമവരെ അളന്നും കുറിച്ചും ഗവേഷണം നടത്തുന്നു. ചിലപ്പോള്‍ ആറും അറുപതും ഒന്നെന്നു ചൊല്ലി അവഗണിക്കുന്നു. വിറച്ചു വീഴാതെ നടക്കാന്‍ ഉപദേശിക്കുന്നു. 'ഈ തള്ളയൊരിക്കലും ചാകില്ലേ' എന്നു പ്രാക്കു പറയുന്നു. എന്നിട്ട് ഒരു കൈത്താങ്ങുപോലും കൊടുക്കാതെ സ്വന്തം വാര്‍ദ്ധക്യത്തിലേയ്ക്ക് സ്വയമറിയാതെ നടന്നു കയറുന്നു. പക്ഷേ തിരിച്ചറിയേണ്ടയൊന്നുണ്ട്. എത്ര പഠിച്ചാലും തീരില്ല ഈ വാര്‍ദ്ധക്യം. പകര്‍ന്നു കൊടുത്ത്, ബലപ്പെടുത്തി ഊര്‍ജ്ജസ്വലമാക്കി നിലനിര്‍ത്തിയാല്‍ പണ്ടത്തേക്കാളേറെ കരുത്തായും വാത്സല്യമായും കനിഞ്ഞൊഴുകും ഈ മഹാപ്രവാഹങ്ങള്‍.ചിറക്