വൈദ്യശാസ്ത്രരംഗത്തേയും സാമൂഹിക സാമ്പത്തിക മേഖലകളിലേയും വിപ്ലവകരമായ മുന്നേറ്റങ്ങള്‍ ലോകജനതയുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. ഇന്ന് ലോക ജനസംഖ്യയിലെ മുപ്പത്തഞ്ച് ശതമാനത്തോളം പേര്‍ വൃദ്ധരാണ് എന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഇവരുടെ സാമൂഹിക സാമ്പത്തിക ശാരീരിക മാനസിക പ്രശ്നങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ലോകമെങ്ങും സജീവമാണ്. വൃദ്ധരുടെ എണ്ണം വര്‍ദ്ധിച്ചു എന്നതുമാത്രമല്ല, കേരളീയ സമൂഹത്തിലെ കുടുംബ സാമൂഹിക വ്യവസ്ഥയില്‍ വന്ന വലിയ മാറ്റമാണ് വൃദ്ധജനങ്ങളുടെ ജീവിതം സംബന്ധിച്ച ചര്‍ച്ച നമ്മുടെ ഇടയില്‍ സജീവമാക്കിയത്
എപ്പോഴാണ് വാര്‍ദ്ധക്യം വരിക?
കേരളസര്‍ക്കാര്‍ കണക്കില്‍ അമ്പത്തഞ്ചിലും കേന്ദ്രസര്‍ക്കാര്‍ കണക്കില്‍ അറുപതാം വയസ്സിലും ഒരാള്‍ വൃദ്ധനാകുന്നു (റിട്ടയര്‍മെന്‍റ് പ്രായം). വികസിത രാജ്യങ്ങളില്‍ വാര്‍ദ്ധക്യം അറുപത്തിയഞ്ചു വയസ്സിലേ ആരംഭിക്കൂ. പ്രായം മാത്രമല്ല സാമൂഹിക സാഹചര്യങ്ങളും ജീവിതശൈലിയും എല്ലാം വാര്‍ദ്ധക്യത്തെ നിര്‍വ്വചിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നു. ആരോഗ്യമേഖല അറുപത്തിയഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ളവരെ വൃദ്ധരായി കണക്കാക്കുന്നു. പ്രായം കൂടുംതോറും അനാരോഗ്യം വര്‍ദ്ധിക്കുകയും പരാശ്രയത്വം അത്യാവശ്യമായി തീരുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിന്‍റെ ശ്രദ്ധ ഇവരിലേക്ക് കൂടുതല്‍ ഉണ്ടാകേണ്ടതുണ്ട്. വാര്‍ദ്ധക്യ പ്രശ്നങ്ങളെ ആധുനിക ജീവിതസാഹചര്യത്തില്‍ വിലയിരുത്താനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
വാര്‍ദ്ധക്യത്തിലെ പ്രധാന മാനസിക പ്രശ്നങ്ങള്‍
വാര്‍ദ്ധക്യമെത്തുന്നതോടെ ആളുകള്‍ തങ്ങളെപ്പറ്റി തന്നെയുള്ള ചിന്തകളില്‍ വല്ലാതെ വ്യാപൃതരാകുന്നത് കാണാം. തന്മൂലം തന്‍കാര്യപ്രമത്തത (ego centric and self centered) ഇവരുടെ സ്വഭാവത്തില്‍ മുന്നിട്ട് നില്‍ക്കും. മറ്റുള്ളവരെപ്പറ്റിയുള്ള കരുതല്‍ ഇവരില്‍ കുറഞ്ഞുവരുന്നതായി കൂടെ വസിക്കുന്നവര്‍ക്ക് തോന്നാം. എപ്പോഴും അവരവരുടെ ആരോഗ്യത്തെപ്പറ്റി ഉത്കണ്ഠപ്പെട്ടുകൊണ്ടേയിരിക്കും. ശരീരത്തിലുണ്ടാകുന്ന കുഞ്ഞു കുഞ്ഞു മാറ്റങ്ങള്‍, രോഗങ്ങള്‍ എന്നിവയെ പെരുപ്പിച്ചു കാണിക്കുകയും അതെപ്പറ്റി ആകുലപ്പെടുകയും ചെയ്യുന്നത് കാണാം. സ്വന്തം പ്രശ്നങ്ങളെ ഊതിപ്പെരുപ്പിച്ച് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് പ്രായാധിക്യമുള്ളവരുടെ പൊതുസ്വഭാവമാണ്. ശരീരപരവും ബുദ്ധിപരവുമായ ശോഷണമാണ് ഈ സ്വഭാവത്തിന്നടിസ്ഥാനമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. തങ്ങളുടെ ജീവിതത്തിന് കുടുംബത്തിലും സമൂഹത്തിലും പ്രാധാന്യം കുറഞ്ഞുവരുന്നു എന്നുള്ള തോന്നല്‍ വൃദ്ധരില്‍ വലിയ അരക്ഷിതത്വബോധമാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങളുടെയും മറ്റും ശ്രദ്ധ ലഭിക്കുന്നതിനായി അപക്വമായ പല ശ്രമങ്ങളും വൃദ്ധരില്‍ നിന്ന് ഉണ്ടായേക്കാം. പ്രായാധിക്യത്തിന്‍റെ ഭാഗമായി ഉണ്ടാകാവുന്ന ശാരീരികമായ ക്ഷീണത്തിനും വൈകല്യങ്ങള്‍ക്കും ചെറിയ രോഗങ്ങള്‍ക്കും എല്ലാം വലിപ്പംകൊടുത്തു പ്രകടിപ്പിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കുന്നതിനു വേണ്ടി തന്നെയാണ്. ഇത് പലപ്പോഴും മറ്റു കുടുംബാംഗങ്ങള്‍ക്ക് ശല്യമോ ഭാരമോ ആയി തോന്നാറുണ്ട്. "ഇത്രയേറെ പരിഗണന കൊടുത്തിട്ടും പരാതി മാത്രമേ പറയുവാനുള്ളല്ലോ" എന്നാണ് കുടുംബാംഗങ്ങളുടെ ചിന്ത. ചിലപ്പോഴെങ്കിലും യുവജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഈ 'പരാതിപ്പെട്ടികള്‍' തടസ്സമാകാറുണ്ട്. തന്മൂലം പലപ്പോഴും ഇവര്‍ കുടുംബാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അനഭിമതരായി തീരുന്നു. മൂന്നുതരത്തിലാണ് പ്രധാനമായി ഇവര്‍ തങ്ങളുടെ അരക്ഷിതത്വം പ്രകടിപ്പിക്കുന്നത്:
1) സ്വന്ത ശരീരത്തോടുള്ള അമിതമായ താത്പര്യം. നരച്ചമുടി കറുപ്പിക്കുന്നതിനും ശരീരസൗന്ദര്യത്തെപ്പറ്റി ബോധവാന്മാരാകുന്നതിനും അപ്പുറമായി ശാരീരികമായ കുറവുകളെയും രോഗങ്ങളെയും അമിത ശ്രദ്ധയോടെ പരിഹരിക്കുവാന്‍ ശ്രമിക്കുന്നു.
2) സാമ്പത്തികമായ വ്യാകുലത. ചെറുപ്പത്തില്‍ കാണിക്കുന്നതിനേക്കാള്‍ കൂടുതലായി പണവും സമ്പത്തും സ്വന്തം കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിന് ഇവര്‍ കാണിക്കുന്ന വ്യഗ്രത കുടുംബങ്ങളില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. പലപ്പോഴും തങ്ങളുടെ സ്വാതന്ത്ര്യത്തിന്‍റെയും ആത്മാഭിമാനത്തിന്‍റെയും അടയാളമായിട്ടാണ് സ്വന്തം ധനത്തെ അവര്‍ കാണുന്നത്. അതുകൊണ്ടുതന്നെ ചെലവാക്കുന്നതിനേക്കാള്‍ സൂക്ഷിച്ചുവയ്ക്കുന്നതിനും പിശുക്ക് കാണിക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നു. പലപ്പോഴും നമ്മുടെ നാട്ടിലെ കാരണവാന്മാര്‍ സ്വത്ത് ഭാഗംവയ്ക്കുന്നതിന് വൈമനസ്യം കാണിക്കുന്നതിനു കാരണം ഇതാണ്.
3) അധികാര താത്പര്യം. പ്രായമാകുംതോറും അധികാരസ്ഥാനങ്ങളിലും പ്രമാണിത്വത്തിലും കുറെപ്പേര്‍ വല്ലാതെ താത്പര്യം പ്രകടിപ്പിക്കും. പള്ളികളിലെ കൈക്കാരന്മാരായും കമ്മറ്റിയംഗങ്ങളായും സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരായും സാമൂഹിക നേതാക്കന്മാരായും സുവിശേഷ പ്രസംഗകരായും സൊസൈറ്റി യോഗ കണ്‍വീനര്‍മാരായും പെന്‍ഷന്‍ പറ്റിയവര്‍ രൂപാന്തരം പ്രാപിക്കുന്നതിന് പ്രധാന കാരണം ഇതാണ്.
മാനസിക കഴിവുകളുടെ ശോഷണം തലച്ചോറിന്‍റെ ശോഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. മാനസികമായ എല്ലാ കഴിവുകളുടെയും ഉറവിടം തലച്ചോറാണ്. ബുദ്ധി, ശ്രദ്ധ, ഓര്‍മ്മ, പുതിയത് പഠിക്കുവാനുള്ള കഴിവ് തുടങ്ങിയവയെല്ലാം തലച്ചോറിന്‍റെ പ്രവര്‍ത്തനക്ഷമതയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായമാകുന്നതോടെ തലച്ചോറിന്‍റെ പ്ലാസ്റ്റിസിറ്റി (plasticity) കുറയും. തന്മൂലം പുതിയത് പഠിക്കുവാനും അംഗീകരിക്കുവാനുമുള്ള കഴിവ് ഇവര്‍ക്ക് കുറയുന്നു. അതുകൊണ്ടുതന്നെ ഏതു മാറ്റത്തേയും വയോജനങ്ങള്‍ പ്രതിരോധിക്കും. അവരുടെ ശീലങ്ങളില്‍നിന്ന് അണുവിട വ്യത്യാസം വരുന്നത് അവര്‍ക്ക് സഹിക്കാവുന്നതിനപ്പുറമാണ്. പുതിയ തലമുറയുമായി നിരന്തരം ഏറ്റുമുട്ടുന്നതിനുള്ള കാരണം മാറ്റത്തോടുള്ള ഈ എതിര്‍പ്പാണ്. പഴയതുമാത്രമേ ശരിയുള്ളൂ, പുതിയത് ഒന്നും ശരിയല്ല എന്നുള്ളതും ഇവരുടെ പൊതുവികാരമാണ്. മറവിമൂലം ഉണ്ടാകുന്ന പല കുഴപ്പങ്ങളും ഇവര്‍ മറ്റുള്ളവരുടെമേല്‍ കെട്ടിവയ്ക്കുന്നു. വച്ചത് എവിടെയാണ് എന്നത് മറന്ന് "ഞാന്‍ ഇത് ഇന്ന സ്ഥലത്ത് വച്ചതാണ്, ആരോ മാറ്റിവച്ചു" എന്നും മറ്റും ആരോപിക്കുന്നു. തങ്ങളുടെ ഭാഗത്തുനിന്നുള്ള പിഴവുകളെ അംഗീകരിക്കാതെ വല്ലാതെ ന്യായീകരിക്കുന്നത് കാണാം. ഇതിനെയെല്ലാം വിമര്‍ശിക്കുകയല്ല, മറിച്ച് സമാധാനത്തോടെ അംഗീകരിക്കുകയാണ് യുവതലമുറ ചെയ്യേണ്ടത്. തലച്ചോറിന്‍റെ കഴിവുകേടുകളുടെ ലക്ഷണമാണ് ഇവയെല്ലാം എന്ന തിരിച്ചറിവ് കരുതലോടെ ഇവരെ ഉള്‍ക്കൊള്ളുവാന്‍ നമ്മെ സഹായിക്കുന്നു.
വാര്‍ദ്ധക്യത്തിന്‍റെ ദൗര്‍ഭാഗ്യങ്ങള്‍
വാര്‍ദ്ധക്യത്തിന്‍റെ ഒഴിച്ചു നിര്‍ത്താനാവാത്ത ചില സാഹചര്യങ്ങള്‍ വാര്‍ദ്ധക്യ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കാറുണ്ട്. സാമൂഹികമായ മുന്‍വിധികളാണ് ഇതില്‍ ഏറ്റവും പ്രധാനം. യുവതലമുറയ്ക്ക് വൃദ്ധരെക്കുറിച്ച് അനാരോഗ്യകരമായ ധാരാളം മുന്‍വിധികളുണ്ട്. പരാതിപെട്ടി, ബോറന്മാര്‍, മൂരാച്ചികള്‍ എന്നിങ്ങനെയൊക്കെയാണ് പല മുന്‍വിധികളും. അതുകൊണ്ടുതന്നെ പ്രായമായവരുടെ പരിചയസമ്പന്നതയും വിവേകവും പ്രയോജനപ്പെടാതെ പോകാറുണ്ട്. അതോടൊപ്പം തന്നെ അവരുടെ ന്യായമായ ആവശ്യങ്ങളും പരാതികളും യുവരക്തം തിരസ്കരിക്കുന്നു. അതുകൊണ്ടുണ്ടാകുന്ന ആത്മവേദനയും നിസ്സഹായതയും വളരെ വലുതാണ് എന്ന് നാം തിരിച്ചറിയണം. പ്രായമാകുംതോറും വിവിധതരം മനോരോഗങ്ങളിലേക്ക് (തലച്ചോറിന്‍റെ ക്ഷതം മൂലം) വഴുതിവീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. മേധാക്ഷയം (dementia), വാര്‍ദ്ധക്യകാല വിഷാദരോഗം, സംശയരോഗം, ഉത്കണ്ഠാരോഗം ഇവയെല്ലാം ഉണ്ടാകുന്നതിനുള്ള സാധ്യത മേല്‍പ്പറഞ്ഞ മനോവേദന വര്‍ദ്ധിപ്പിക്കും എന്നതിന് സംശയമില്ല. വൃദ്ധജനങ്ങളുടെ ആത്മഹത്യാ നിരക്കും മനോരോഗ നിരക്കും വര്‍ദ്ധിക്കുന്നതിനെല്ലാം സമൂഹത്തിലെ പിന്‍തിരിപ്പന്‍ മുന്‍വിധികള്‍ കാരണമാകുന്നു. ഇതോടൊപ്പം ആധുനിക സമൂഹത്തിന്‍റെ ദ്രുതഗതിയിലുള്ള മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവുകുറവും ഭാവിയെപ്പറ്റിയുള്ള അമിതമായ ഉത്കണ്ഠയും ഭൂതകാലത്തെ പ്രവൃത്തിയെപ്പറ്റിയുള്ള അനാരോഗ്യകരമായ കുറ്റബോധവുമെല്ലാം വാര്‍ദ്ധക്യത്തിന്‍റെ ദൗര്‍ബല്യങ്ങളാണ്. മനഃശാസ്ത്രജ്ഞരുടെ വീക്ഷണത്തില്‍ ജീവിതത്തിന്‍റെ ആരംഭം മുതലുള്ള ഓരോ ഘട്ടവും ആരോഗ്യകരമായി ജീവിച്ചവര്‍ക്ക് വാര്‍ദ്ധക്യത്തിന്‍റെ സഹജമായ പ്രശ്നങ്ങളെ നേരിടാന്‍ കഴിവ് ഏറും. ചെറുപ്പകാലം മുതല്‍ ജീവിതത്തിന്‍റെ വ്യത്യസ്ത സാഹചര്യങ്ങളോട് ആരോഗ്യകരമായി അഡ്ജസ്റ്റ് ചെയ്യാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. അതുപോലെതന്നെ കൗണ്‍സലിങ്ങും ബോധവല്‍ക്കരണവും വഴി വാര്‍ദ്ധക്യകാല അഡ്ജസ്റ്റ്മെന്‍റ് കൂടുതല്‍ ഫലപ്രദമാക്കാനാകും. വാര്‍ദ്ധക്യത്തിന്‍റെ ശാസ്ത്രവശങ്ങളെപ്പറ്റിയുള്ള ബോധവല്‍ക്കരണം സമൂഹത്തില്‍ പൊതുവില്‍ ഉണ്ടായാല്‍ വൃദ്ധരോടുള്ള സമൂഹത്തിന്‍റെ പൊതുസമീപനം ആരോഗ്യകരമായി മാറും.
ജീവിതപങ്കാളിയുടെ നഷ്ടം വാര്‍ദ്ധക്യകാല ദൗര്‍ഭാഗ്യങ്ങളില്‍ ഏറ്റവും തീവ്രമാണ്. നമ്മുടെ നാട്ടില്‍ ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ അവന്‍ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് അവന്‍റെ കുടുംബത്തില്‍ തന്നെയാണ്. കുടുംബത്തിന്‍റെ കാതല്‍ ഭാര്യാഭര്‍തൃബന്ധവുമാണ്. പരസ്പരം സ്നേഹിച്ചും കലഹിച്ചും ദീര്‍ഘകാലം ഒരുമിച്ച് ചെലവഴിക്കുന്ന ദമ്പതികള്‍ വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ പരസ്പരം പങ്കുവയ്ക്കുന്ന സമയത്തിന്‍റെ അളവ് വളരെയേറെ വര്‍ദ്ധിക്കും. അതുകൊണ്ടുതന്നെ ജീവിതപങ്കാളി നഷ്ടപ്പെടുമ്പോള്‍ അവശേഷിക്കുന്ന ആള്‍ അനുഭവിക്കുന്ന ഏകാന്തത ഏറെയാണ്. നമ്മുടെ സാമൂഹിക സാഹചര്യമനുസരിച്ച് വാര്‍ദ്ധക്യത്തില്‍ പുതിയ ഒരു ജീവിതപങ്കാളിയെ കണ്ടെത്തുക എന്നത് എറെക്കുറെ അസംഭവ്യമാണ്. അതുകൊണ്ട് നമ്മുടെ നാട്ടില്‍ ജീവിത പങ്കാളിയുടെ നഷ്ടം വലിയ ഒരു ദുരന്തമായി തീരുന്നു. വിരഹദുഃഖവും ഏകാന്തതയും നിരാശ്രയത്വബോധവും ഇവരുടെ ആയുര്‍ദൈര്‍ഘ്യത്തെപ്പോലും കുറയ്ക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് ഈ കൂട്ടരാണ് സമൂഹത്തിന്‍റെ പ്രത്യേകിച്ച് സഭയുടെ പരിഗണന ഏറെ അര്‍ഹിക്കുന്നത്. വാര്‍ദ്ധക്യത്തിലെ പുനര്‍വിവാഹം സംബന്ധിച്ച് ആരോഗ്യകരമായ ചര്‍ച്ചയെ പ്രോത്സാഹിപ്പിക്കേണ്ടത് മതങ്ങളുടെ കടമയാണ്.
റിട്ടയര്‍മെന്‍റ് (വിരമിക്കല്‍) ആണ് മറ്റൊരു ഒഴിച്ചുകൂടാനാവാത്ത വാര്‍ദ്ധക്യകാല യാഥാര്‍ത്ഥ്യം. ജീവിതത്തിലെ നല്ല പങ്കും ചെലവഴിച്ച ഉദ്യോഗത്തില്‍നിന്ന് വിരമിക്കുമ്പോള്‍ മനസ്സിനുണ്ടാകുന്ന പ്രയാസം വലുതാണ്. റിട്ടയര്‍മെന്‍റാകുന്നതോടെ സാമ്പത്തിക-സാമൂഹിക 'സ്റ്റാറ്റസി' ലുണ്ടാകുന്ന വന്‍ഇടിവുമായി പൊരുത്തപ്പെടുക എന്നത് ക്ലേശകരമായ കാര്യം തന്നെ. അമ്പത്തഞ്ച് വയസ്സില്‍ റിട്ടയറാകുന്നവരില്‍ മിക്കവരും പുതിയ താവളങ്ങള്‍ തേടിപ്പിടിക്കുമ്പോള്‍ കുറെ ഏറെ മനസംതൃപ്തി അവര്‍ക്കു ലഭിക്കുന്നു. എന്നാല്‍ അറുപത്തഞ്ച് വയസ്സില്‍ റിട്ടയേര്‍ഡ് ആകുന്നവര്‍ക്കും, റിട്ടയര്‍മെന്‍റിനുശേഷം പ്രവേശിച്ച തൊഴിലില്‍നിന്ന് പിന്നീട് റിട്ടയര്‍ഡ് ആകുന്നവര്‍ക്കും, അഡ്ജസ്റ്റ്മെന്‍റ് (പൊരുത്തപ്പെടല്‍) കൂടുതല്‍ പ്രയാസകരമാകുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. ഇത്തരുണത്തില്‍ വൃദ്ധജനങ്ങളും സമൂഹവും പ്രത്യേകം ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ ഉണ്ട്. വാര്‍ദ്ധക്യത്തിന്‍റെ ഏതു പാരമ്യതയിലും മനുഷ്യനില്‍ നഷ്ടമാവാതെ നില്‍ക്കുന്ന കുറെയേറെ കഴിവുകളും വാസനകളുമുണ്ട്. ഇവയെ കണ്ടെത്തുകയും സൃഷ്ടിപരമായി ഉപയോഗിക്കുകയും ചെയ്താല്‍ അത് സമൂഹത്തിനൊരു മുതല്‍ക്കൂട്ടാവുകയും വൃദ്ധര്‍ക്ക് അത് ആരോഗ്യദായകമാവുകയും ചെയ്യുന്നു. കുടുംബാംഗങ്ങളും സമൂഹത്തിന്‍റെ പൊതുധാരയും മതങ്ങളുമെല്ലാം ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.
സാമൂഹ്യബന്ധങ്ങളിലെ നഷ്ടം വാര്‍ദ്ധക്യത്തിന്‍റെ സങ്കീര്‍ണ്ണതകള്‍ വര്‍ദ്ധിപ്പിക്കും. ശരീരശേഷി കുറയുന്നതോടെ യാത്രകള്‍ ബുദ്ധിമുട്ടായി തീരുന്നു. ചിലരെല്ലാം കിടപ്പിലാകുന്നു. അതോടെ സമൂഹത്തില്‍ ഇടപെടാനും സാമൂഹികമായ താത്പര്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുവാനും സാധ്യതകള്‍ കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. തത്ഫലമായി ഒറ്റപ്പെടലും ഏകാന്തതയും ഉണ്ടാവുക സ്വാഭാവികമാണ്. ഇതോടൊപ്പം കാഴ്ചയും കേള്‍വിയും രുചിയും സ്പര്‍ശനവും മണവുമെല്ലാം വീടെന്ന കൊച്ചുലോകത്തില്‍ പരിമിതപ്പെടുന്നു. അതോടെ പ്രകൃതിയും വിശാലലോകവും അന്യമായിത്തീര്‍ന്ന് ജീവിതം വിരസമായിത്തീരുന്നു. ഇത് ബുദ്ധിയുടെയും ശരീരത്തിന്‍റെയും ശോഷണത്തെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വൃദ്ധരായവരുടെ, പ്രത്യേകിച്ച് ചലനശേഷി കുറഞ്ഞവരുടെ സാമൂഹ്യ ആവശ്യങ്ങളെ അനുകമ്പാപൂര്‍വ്വം പരിഗണിക്കണം. ഒട്ടും എഴുന്നേല്‍ക്കാന്‍ ആവാത്തവര്‍ക്കും പൂര്‍ണ്ണമായും മേധാക്ഷയം ബാധിച്ചവര്‍ക്കും പോലും ഔട്ടിംഗും സാമൂഹികവും പ്രകൃതിപരവുമായ (soul and environmental stimulation) ഉത്തേജനം അത്യന്താപേക്ഷിതമാണ്. അതിനുള്ള ശ്രമവും ക്രമീകരണവും മനസ്സും ഇനിയെങ്കിലും നമുക്കുണ്ടാകണം.
വാര്‍ദ്ധക്യത്തെ എങ്ങനെ ആരോഗ്യകരമായി സമീപിക്കാം?
ബഹുമുഖ സമീപനമാണ് ഇതിനാവശ്യം. ആരോഗ്യ-മനഃശാസ്ത്ര, സാമൂഹിക-രാഷ്ട്രീയ-മതപരമായ ഭാവങ്ങള്‍ ഇതിനുണ്ടാകണം. വാര്‍ദ്ധക്യത്തിലെ രോഗങ്ങളെ കൃത്യമായി ചികിത്സിക്കുകയും ഭേദമാക്കുകയും വേണം. ആവശ്യത്തിനു വ്യായാമവും പോഷകാഹാരവും വാര്‍ദ്ധക്യത്തില്‍ പ്രധാനപ്പെട്ടതാണ്. അതുവഴി വാര്‍ദ്ധക്യത്തിലെ ക്ഷിതിയെ (decline) പരമാവധി കുറയ്ക്കുകയും കാര്യശേഷിയെ പരമാവധി നിലനിര്‍ത്തുകയും ചെയ്യാം. അതിനുവേണ്ടി നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഓരോന്നും (വളരെ ചെറിയ കാര്യങ്ങള്‍ ഉള്‍പ്പെടെ -ഷെയ്വ് ചെയ്യുക, നഖം വെട്ടുക, വീടും പരിസരവും വൃത്തിയാക്കുക, കറിക്ക് അരിയുക, നടക്കുക, ബസ്സില്‍ യാത്രചെയ്യുക, ടെലിഫോണ്‍ ഉപയോഗിക്കുക, പാട്ട് കേള്‍ക്കുക, എഴുതുക, വായിക്കുക തുടങ്ങിയ ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും) വാര്‍ദ്ധക്യത്തിലും തുടരുന്നതിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഇന്ന് ചെയ്യുന്നതെല്ലാം നാളെയും പരമാവധി വൃത്തിയായി, കൃത്യമായി ചെയ്യുവാന്‍ ശ്രമിക്കുക വഴി ആ കഴിവ് നഷ്ടപ്പെടാതിരിക്കും എന്ന് മറക്കാതിരിക്കുക. പരാശ്രയത്വം പരമാവധി കുറച്ച് സ്വയംപര്യാപ്തതയില്‍ നിലനില്‍ക്കുവാന്‍ ഓരോരുത്തരിലും ശ്രമമുണ്ടാകണം. വീട്ടുജോലി ചെയ്യുന്നതിലൂടെ സ്വയം പര്യാപത്ത മാത്രമല്ല തലച്ചോറിന്‍റെ പ്രവര്‍ത്തനക്ഷമതയെ പരമാവധി ഉത്തേജിപ്പിക്കുകയും നിലനിര്‍ത്തുകയും കൂടിയാണ് നാം ചെയ്യുന്നതെന്ന് മറക്കാതിരിക്കുക. മാതാപിതാക്കളെ നിര്‍ബ്ബന്ധിത വിശ്രമത്തിനയയ്ക്കുകയല്ല, പരമാവധി സ്വതന്ത്രരായി ജീവിക്കാന്‍ അനുവദിക്കുകയാണു വേണ്ടത്.
വാര്‍ദ്ധക്യകാലത്ത് സമൂഹത്തിലെ കര്‍മ്മനിരതരായ യുവത്വത്തിന്‍റെ സഹായത്തിനായി കേഴുകയല്ല, മറിച്ച് വൃദ്ധരുടെ തന്നെ കൂട്ടായ്മ ഉണ്ടാക്കുകയാണ് വേണ്ടത്. ഈ കൂട്ടായ്മയ്ക്ക് വാര്‍ദ്ധക്യത്തിലെത്തിയവരുടെ മിക്കവാറും എല്ലാക്കാര്യങ്ങളും സാധിച്ചു കൊടുക്കുവാന്‍ കഴിയും. സൗഹൃദവേദി എന്നതിനപ്പുറം ക്ഷീണിതരായവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്വയംപര്യാപ്ത കൂട്ടായ്മകള്‍ ഉണ്ടാകണം. പരസ്പരം സന്ദര്‍ശിക്കുന്നതിനും, ആശുപത്രി, പള്ളി, മറ്റു സാമൂഹിക വേദികള്‍ എന്നിവിടങ്ങളില്‍ പോകുന്നതിനും ക്ഷീണിതരായവരെ സഹായിക്കാന്‍ ആരോഗ്യവാന്മാരായ വൃദ്ധര്‍ക്കാകും. മാതാപിതാക്കളുടെ സംരക്ഷണം മക്കളുടെ മാത്രമല്ല സമൂഹത്തിന്‍റെ പൊതുവായ ഉത്തരവാദിത്വമാണ് എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. അതുകൊണ്ട് വൃദ്ധരുടെ സ്വയംപര്യാപ്ത കൂട്ടായ്മകള്‍ക്ക്, ഒരു പരിധിയില്‍ കവിഞ്ഞ് മക്കളെപ്പോലും ആശ്രയിക്കാതെ ആരോഗ്യകരമായി ജീവിക്കുവാന്‍ വൃദ്ധരെ സഹായിക്കാനാകും. "മക്കള്‍തന്നെ എന്നെ നോക്കണം, അവര്‍തന്നെ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം" എന്ന വിചാരത്തിനപ്പുറം, കൂട്ടുകാരെ കൂടുതല്‍ ആശ്രയിക്കുവാനും സഹകരിക്കുവാനും തുടങ്ങുന്നതോടെ വാര്‍ദ്ധക്യം കൂടുതല്‍ മനോഹരമായി തീരും എന്നതിന് സംശയമില്ല.
ഹോം നേഴ്സിന്‍റെ പരിചരണത്തില്‍ വീടിന്‍റെ നാലു ഭിത്തിക്കുള്ളില്‍ കഴിഞ്ഞ് മനോവ്യഥയും ഒറ്റപ്പെടലും നഷ്ടബോധവും സഹിക്കാതെ തങ്ങളുടെ പ്രായത്തെ ആസ്വാദ്യകരമാക്കുന്ന വൃദ്ധജന കൂട്ടായ്മകളിലും വൃദ്ധസദനങ്ങളിലും പ്രവര്‍ത്തിക്കുകയാണ് എന്തുകൊണ്ടും ഉത്തമം. വൃദ്ധസദനങ്ങളെ ആശ്രയിക്കുന്നത് ഗതികേടോ, തലയിലെഴുത്തോ, അവഗണനയോ ആയി കാണാതിരിക്കുക എന്നതാണ് പ്രധാനം. വൃദ്ധരെ ഒഴിവാക്കുവാനും പാര്‍ശ്വവല്‍ക്കരിക്കുവാനുമുള്ള ഒരു ക്രമീകരണമാണ് വൃദ്ധസദനങ്ങള്‍ എന്ന കാഴ്ചപ്പാട് മാറണം. പണ്ട് കാര്‍ഷികവൃത്തി മാത്രമായിരുന്നു മനുഷ്യന്‍റെ പ്രധാന തൊഴില്‍. മക്കളില്‍ ഒരാളെങ്കിലും ഈ തൊഴിലിലുണ്ടാവും. അവര്‍ക്ക് മാതാപിതാക്കന്മാരുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇന്ന് കുടുംബങ്ങളില്‍ അംഗസംഖ്യ കുറയുകയും എല്ലാ മക്കളും വിദേശത്തോ, സ്വദേശത്തോ വിവിധരംഗങ്ങളില്‍ (പ്രധാനമായും പ്രൈവറ്റ് കമ്പനികളില്‍) ജോലിക്കാരാകുകയും ചെയ്തു. ലീവും മറ്റ് അഡ്ജസ്റ്റ്മെന്‍റുകളും ഒട്ടും സാധിക്കാത്ത സാഹചര്യങ്ങളിലാണ് അവര്‍ മിക്കവാറും ജോലിചെയ്യുന്നത്. മാതാപിതാക്കളെ സ്വന്തമായി ശുശ്രൂഷിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ജീവിത സാഹചര്യം കൊണ്ടുമാത്രം അത് സാധ്യമല്ലാതാകുകയും അതിന്‍റെ പേരില്‍ വലിയ കുറ്റബോധം അനുഭവിക്കുകയും ചെയ്യുന്ന ഏറെപ്പേരുണ്ട്. പലപ്പോഴും മാതാപിതാക്കളും മക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് ഇവിടെയാണ്. ആവാത്തത്ര ബുദ്ധിമുട്ടുകളുടെ ഇടയിലും മക്കള്‍ ചെയ്യുന്നതില്‍ തൃപ്തിയില്ലാത്ത മാതാപിതാക്കളും, ഉള്ളസമയത്തുപോലും മാത്രനേരം മാതാപിതാക്കള്‍ക്കായി ചെലവാക്കാത്ത മക്കളും ഒരേപോലെ വിധിക്കപ്പെടുന്നത് ശരിയല്ല. വൃദ്ധസദനങ്ങള്‍ (റിട്ടയര്‍മെന്‍റ് ഹോമുകള്‍) ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കുകയും അവയെ ശരിയായ വിധം നോക്കിക്കാണുകയും വേണം. ഹോം നേഴ്സിന്‍റെ പരിചരണത്തിനപ്പുറം കൂട്ടായ്മയുടെ സന്തോഷവും സഹകരണത്തിന്‍റെ ശക്തിയും ക്രിയാത്മകതയുടെ പരിപോഷണവും നിറഞ്ഞുനില്‍ക്കുന്ന സൗഹൃദവേദിയാണ് ഈ ഇടമെന്നു നാം തിരിച്ചറിയുക. മാതാപിതാക്കളെ ഒഴിവാക്കണം എന്ന ചിന്ത മക്കള്‍ക്കും മക്കള്‍ തന്നെ നോക്കണം എന്ന ചിന്ത മാതാപിതാക്കള്‍ക്കും വേണ്ട. സാഹചര്യത്തിനനുസരിച്ച് കൂട്ടായതീരുമാനം എടുക്കാന്‍ നമുക്കാവണം. മൂഢ പാരമ്പര്യമോ മാന്യതയോ അല്ല ആരോഗ്യപരമായ സമീപനമാണ് നമ്മെ നയിക്കേണ്ടത്.
സാഹചര്യങ്ങള്‍ മാറുകയാണ്. ശരിയല്ലെന്നു വിശ്വസിച്ചതു പലതും ശരിയാകുകയും, ശരിയാണ് എന്നു വിശ്വസിച്ചതു പലതും ശരിയല്ലാതാകുകയും ചെയ്യുന്ന സമയമാണിത്. വിശാലമായ കാഴ്ചപ്പാടും ശാസ്ത്രീയ വീക്ഷണവും മുന്‍വിധികള്‍ വിട്ടൊഴിയുകയുമാണ് വാര്‍ദ്ധക്യത്തെ ആരോഗ്യകരമാക്കാന്‍ ചെയ്യേണ്ടത്. സഭകള്‍ക്കും പൊതുസമൂഹത്തിനും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനാകും.
(ഡയറക്ടര്‍, സന്തുല ട്രസ്റ്റ് ഹോസ്പിറ്റല്‍, കൂത്താട്ടുകുളം)