news-details
മറ്റുലേഖനങ്ങൾ

ജീവിതം ഉപമയാക്കിയവന്‍

അഴിമതിപൂണ്ട പട്ടാളഭരണകൂടത്തിന് അദ്ദേഹം കണ്ണിലെ കരടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ കൊല്ലാനായി ഒരു വാടകക്കൊലയാളിയെ അദ്ദേഹത്തിന്‍റെ അടുത്തേയ്ക്ക് അവരയച്ചു.

അദ്ദേഹം ഒരു മെത്രാനായിരുന്നെങ്കിലും, താമസം മെത്രാന്‍റെ ബംഗ്ളാവിലായിരുന്നില്ല. പാവപ്പെട്ടവരുടെ ഇടയില്‍ ഒരു ചെറിയ വീട്ടില്‍ അദ്ദേഹം താമസിച്ചു. അദ്ദേഹം ശത്രുക്കളാല്‍ നിരന്തരം വേട്ടയാടപ്പെട്ടു. പലരും വിമര്‍ശിച്ചു. വധഭീഷണി വരെയുണ്ടായി. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും സംസാരിക്കുന്നതില്‍നിന്ന് മാധ്യമങ്ങള്‍ വിലക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഉദ്ധരിക്കാനോ, പ്രവര്‍ത്തനങ്ങളെക്കുറിച്ചു പറയാനോ അവയ്ക്ക് അനുവാദമില്ലായിരുന്നു. അദ്ദേഹത്തെ നേരിട്ടു നിശ്ശബ്ദനാക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഭരണകൂടം ഇത്തരം മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചത്. എന്നിട്ടും രാജ്യത്തിനകത്തും പുറത്തും അദ്ദേഹത്തിന്‍റെ സ്വാധീനം ഏറിയതേയുള്ളു. അങ്ങനെയാണ് അവര്‍ ഒരു വാടകക്കൊലയാളിയെ ഉപയോഗിക്കാന്‍ തീരുമാനമെടുക്കുന്നത്.

വെറുമൊരു സാധാരണ വീടിന്‍റെ വാതിലില്‍ കൊലയാളി മുട്ടി. ളോഹ ധരിച്ച ഒരു കുറിയ മനുഷ്യന്‍ പുറത്തുവന്നു. "ഞാന്‍ ഡോംഹെല്‍ഡര്‍ ക്യാമറയെ അന്വേഷിച്ചു വന്നതാണ്." സന്ദര്‍ശകന്‍ പറഞ്ഞു. "ഞാനാണ് ഹോംഹെല്‍ഡര്‍" മെത്രാന്‍ ദയയോടെ മൊഴിഞ്ഞു. "താങ്കളാണോ ഡോം ഹെല്‍ഡര്‍ ക്യാമറ?" "അതെ" "ദൈവമെ! അവര്‍ പറഞ്ഞത് എനിക്കു ചെയ്യാനാവില്ല." "എന്താണവര്‍ നിങ്ങളോട് ആവശ്യപ്പെട്ടത്?" അപ്പോള്‍ താന്‍ മെത്രാനെ കൊല്ലാന്‍ വാടകയ്ക്ക് എടുക്കപ്പെട്ടവനാണെന്ന് അയാള്‍ തുറന്നുപറഞ്ഞു.

ബിഷപ്പ് ഹെല്‍ഡര്‍ ക്യാമറ ഒരു സാധാരണക്കാരനായിരുന്നില്ല. അദ്ദേഹം ഒട്ടും ചഞ്ചലിച്ചില്ല.  അദ്ദേഹം വാടകക്കൊലയാളിയോടു പറഞ്ഞു, "എനിക്കു മരിക്കാന്‍ ഭയമില്ല, സഹോദരാ. നിങ്ങള്‍ എന്നെ കൊന്നാല്‍ ഞാന്‍ എന്‍റെ നാഥന്‍റെ അടുത്തേക്കുപോകും." "ഇല്ല" അയാള്‍ മറുപടി പറഞ്ഞു. "നിങ്ങളെപ്പോലുള്ളവരെ ഞങ്ങള്‍ക്കു കൊല്ലാനാവില്ല. നിങ്ങള്‍ ദൈവത്തിന്‍റേതാണ്." പിന്നെ അയാള്‍ ഇറങ്ങിപ്പോയി.

വളരെ അസാധാരണത്വമുള്ള ഒരു ക്രിസ്തുശിഷ്യന്‍റെ ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ അനേകം സംഭവങ്ങളിലൊന്നാണ് മേല്‍വിവരിച്ചത്. ഡോംഹെല്‍ഡര്‍ തന്നെ പറയുമായിരുന്നു: "ദരിദ്രരെ സഹായിക്കണമെന്നു ഞാന്‍ പറഞ്ഞാല്‍ ആളുകള്‍ എന്നെ വിശുദ്ധനെന്നു വിളിക്കും. അവരെന്തുകൊണ്ടു ദരിദ്രരായി എന്നു ഞാന്‍ ചോദിച്ചാല്‍ അവര്‍ക്കു ഞാനൊരു കമ്യൂണിസ്ററാണ്."

അതിശയിപ്പിക്കുമാറ്, പ്രചോദനാത്മകമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. അതിരാവിലെ എഴുന്നേറ്റ് മണിക്കൂറുകള്‍ അദ്ദേഹം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. "മരുഭൂമി ഫലഭൂയിഷ്ഠമാണ്" എന്ന കവിതാസമാഹാരം രചിച്ചു. അദ്ദേഹം സംസാരിക്കുന്നതു കേള്‍ക്കാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. തലയ്ക്കുമുകളിലൂടെ പറക്കുന്ന ഒരു വിമാനത്തെപ്പോലും, അസ്സീസിയിലെ ഫ്രാന്‍സിസിനെപ്പോലെ ആശീര്‍വ്വദിച്ചു. കിളികളോടു സംസാരിക്കുക കൂടി ചെയ്തു അദ്ദേഹം. ദരിദ്രരോടുള്ള പക്ഷപാതപരമായ സ്നേഹത്തിലേക്കു ലാറ്റിനമേരിക്കന്‍ സഭയെ നയിച്ചു. ദരിദ്രരായവര്‍ക്കുവേണ്ടി ധീരമായി സംസാരിക്കുകയും അതിന്‍റെയൊടുക്കം ജീവന്‍തന്നെ വിലയായി നല്കുകയും ചെയ്തു.

ഒരിക്കല്‍ പട്ടാളഭരണകൂടത്തിന്‍റെ ആളുകളും മെത്രാന്മാരും ഒരു പൊതു പരിപാടിയില്‍ ഒരുമിച്ചു പങ്കെടുക്കുകയായിരുന്നു. ഭരണകൂടവും സഭാധികാരികളും പൊതുവേ ഇഷ്ടപ്പെടാതിരുന്ന വ്യക്തിയായിരുന്നു ഡോം ഹെല്‍ഡര്‍. കാഴ്ചയില്‍ കുറുകിയ അദ്ദേഹം മറ്റുള്ളവരുടെ ശ്രദ്ധ ഒട്ടും മോഹിച്ചവനായിരുന്നില്ല. ഓരോ മെത്രാനെയും ആളുകള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തുകൊണ്ടിരുന്നപ്പോള്‍ ചെറിയ കൈയടിയൊക്കെയെ  കേള്‍ക്കാനുണ്ടായിരുന്നുള്ളു. അപ്പോഴാണ് ബിഷപ്പ് ഹെല്‍ഡറിന്‍റെ പേരു വിളിക്കപ്പെട്ടത്. തുടര്‍ന്ന് നീണ്ട കൈയടിയുടെ ഒരു ഘോഷമായിരുന്നു. കാണികളെയെല്ലാം ഒരാവേശം കീഴടക്കിയതുപോലെ തോന്നിച്ചു. എഴുന്നേറ്റുനിന്ന് സന്തോഷാധിക്യം കൊണ്ട് അവര്‍ കൂകിവിളിച്ചു. കുര്‍ബാനയ്ക്കുശേഷം ജനക്കൂട്ടം അദ്ദേഹത്തെ പൊതിയുകയായിരുന്നു; കാണാന്‍, സ്പര്‍ശിക്കാന്‍, ഒരനുഗ്രഹം ലഭിക്കാന്‍. ജനത്തിനു സ്വതസ്സിദ്ധമായി  തിരിച്ചറിയാന്‍ കഴിഞ്ഞു ആരാണ് യഥാര്‍ത്ഥത്തില്‍ സുവിശേഷാനുസൃതമായയി ജീവിക്കുന്നതെന്ന്.

ബിഷപ്പുമാരുടെ ഒരു സിനഡ് മെത്രാന്മാരുടെ രണ്ടു പ്രധാന ഗുണവിശേഷങ്ങളായി ഊന്നിപ്പറഞ്ഞത് ആത്മീയതയും ദരിദ്രരോടൊത്ത് ദരിദ്രരായി ജീവിക്കുക എന്നതും ആയിരുന്നു. ഇവ ബിഷപ്പുമാരുടെ മാത്രമല്ല, എല്ലാവരുടെയും പ്രത്യേകിച്ച് മറ്റുള്ളവരോട് സുവിശേഷ പ്രസംഗത്തിലേര്‍പ്പെടുന്നവരുടെ സ്വഭാവവിശേഷങ്ങളാണ്.

പോള്‍ ആറാമന്‍ മാര്‍പാപ്പ പറയുമായിരുന്നു: "ഇന്നത്തെ മനുഷ്യര്‍ പ്രസംഗകരെ കേള്‍ക്കാനല്ല, ജീവിതസാക്ഷ്യങ്ങളെ കാണാനാണ് ഇഷ്ടപ്പെടുന്നത്. ഇന്ന് ഏതെങ്കിലും പ്രഘോഷകന്‍ ഗൗരവത്തോടെകേള്‍ക്കപ്പെടുന്നെങ്കില്‍, അദ്ദേഹത്തിന്‍റെ ജീവിതം അതിനു സാക്ഷ്യം വഹിക്കുന്നതുകൊണ്ടാണത്."

വിമര്‍ശനങ്ങളെ അവഗണിച്ചും ജീവഹാനി ഭയക്കാതെയും സ്വന്തം സ്വാതന്ത്ര്യംപോലും വേണ്ടെന്നുവച്ചും പാവപ്പെട്ടവര്‍ക്കുവേണ്ടി സ്വരമുയര്‍ത്തിയ വ്യക്തിയായിരുന്നു ബിഷപ്പ് ഹെല്‍ഡര്‍. പ്രസംഗിച്ചതു സധൈര്യം ജീവിച്ചുകാണിക്കുകയും ചെയ്തു അദ്ദേഹം. ക്രസ്തുവിന്‍റെ ഹൃദയം പോലെ, എല്ലാവര്‍ക്കും -പാവപ്പെട്ടവനും വിമര്‍ശിക്കുന്നവനും- അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ സ്ഥാനമുണ്ടായിരുന്നു. സുവിശേഷം ഇന്നും ജീവിക്കാനാകുമെന്നും അതിനു കൊടുക്കേണ്ട വിലയെന്തെന്നും അദ്ദേഹം കാണിച്ചുതന്നു. അനേകം ദരിദ്രരുടെ ഹൃദയങ്ങളില്‍ അദ്ദേഹം ഇന്നും ജ്വലിച്ചുനില്‍ക്കുന്നു. പിന്നെ, അദ്ദേഹം പ്രചോദനവും പ്രതീക്ഷയുമായി മാറിയ, അദ്ദേഹത്തിന്‍റെ ജീവിതവീക്ഷണത്തോടു ചേര്‍ന്നു നില്‍ക്കുന്ന കുറെ സ്ത്രീപുരുഷന്മാരിലും അദ്ദേഹം മരിക്കാതെയുണ്ട്.

ഇനിയും അനേകമനേകം ഹെല്‍ഡര്‍ ക്യാമറമാര്‍ ഇവിടെയുണ്ടായിരിക്കട്ടെ. നാമെല്ലാം അങ്ങനെ അനുഗൃഹീതരാകട്ടെ.

അതിലുപരിയായി, നീയും ഞാനും ദരിദ്രരോടൊപ്പം നില്ക്കുന്ന ദൈവസ്നേഹികളാകട്ടെ; അവിടുത്തെ മക്കളോടുള്ള സ്നേഹത്തിന്‍റെ ഗായകരാകട്ടെ; നീതിക്കുവേണ്ടി പോരാടാന്‍ വേണ്ട ധൈര്യവും വിനയവുമുള്ള സ്ത്രീപുരുഷന്മാരാകട്ടെ. ക്രൈസ്തവ സഭയിലുള്ള എല്ലാവരും, മുകളറ്റം മുതല്‍ താഴറ്റംവരെ ഇത്തരമൊരു സാക്ഷ്യം നല്‍കിയാല്‍ നാം യഥാര്‍ത്ഥത്തില്‍ ക്രിസ്തുശിഷ്യരായിത്തീരും. അപ്പോഴാണു നാം പ്രസക്തിയുള്ളവരായിത്തീരുന്നത്. ലോകത്തിന്‍റെ മുറിവുണക്കുന്നവരായി നാം മാറുകയും ചെയ്തു.

സാക്ഷ്യം കൂടാതെയുള്ള പ്രസംഗം, പോള്‍ ആറാമന്‍ മാര്‍പാപ്പാ സൂചിപ്പിച്ചിട്ടള്ളതുപോലെ, വെറും വാക്യത്തില്‍ പ്രയോഗങ്ങളായി ഒടുങ്ങും. ആശയങ്ങളുടെ ദാരിദ്ര്യമൊന്നും ഇന്നു ലോകത്തിനില്ല. ആഴമുള്ള ജീവിതങ്ങള്‍ക്കാണ് പഞ്ഞം. നിങ്ങള്‍ അത്തരം ജീവിതത്തിനുടമയാകട്ടെ - കണ്ടുമുട്ടുന്നവര്‍ക്ക് ഇഷ്ടപ്പെടാന്‍ തോന്നുന്ന ജീവിക്കുന്ന ഉപമയായി നിങ്ങള്‍ തീരട്ടെ.

You can share this post!

ഏപ്രില്‍ 7: ലോക ആരോഗ്യദിനം - തലച്ചോറിനു വേണ്ട ശരിയായ ഭക്ഷണം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts