news-details
മറ്റുലേഖനങ്ങൾ

പ്രവാചകത്വം പ്രതിസന്ധിയിലോ?

പ്രാഥമികവിദ്യാഭ്യാസത്തിന്‍റെ ആവശ്യവും പ്രസക്തിയും എല്ലാ സമൂഹങ്ങളും അംഗീകരിക്കുന്നുണ്ട്. കുട്ടികളുടെ ശാരീരിക-ബൗദ്ധിക വികാസത്തിനു സഹായകമായരീതിയില്‍ ഘട്ടംഘട്ടമായി പരിസ്ഥിതികളൊരുക്കി പുരോഗതികളെ മോനിട്ടര്‍ ചെയ്തു ത്വരിതപ്പെടുത്തുന്നതില്‍ സമൂഹത്തിനും മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും അവരുടേതായ റോളുകളുണ്ട്. ഒന്നാംക്ലാസ്സ് കുട്ടിക്കു വളര്‍ച്ചയ്ക്കുള്ള ഒരു ഘട്ടമാണ്. അടുത്തഘട്ടത്തിലേയ്ക്കുള്ള അവന്‍റെ വളര്‍ച്ചയെ സാദ്ധ്യമാക്കുക എന്നതാണ് ഒന്നാംക്ലാസ്സിലെ അദ്ധ്യാപകന്‍റെ ജോലി.  അതിനു കുട്ടിയെ സഹായിക്കാത്തവന്‍ അദ്ധ്യാപകനല്ല, അയാളെ ആ പണിയില്‍ തുടരാന്‍ സമൂഹം അനുവദിച്ചെന്നും വരില്ല.

വിദ്യാഭ്യാസവ്യവസ്ഥിതികളെപ്പറ്റി പരാമര്‍ശിച്ചത് ഈ ലേഖനവിഷയത്തിനൊരു പശ്ചാത്തലമായിട്ടു മാത്രമാണ്. ഇവിടുത്തെ പരാമര്‍ശന വിഷയം ധാര്‍മ്മികതയിലുള്ള വ്യക്തികളുടെ വളര്‍ച്ചയാണ്. നീതിബോധം, സത്യസന്ധത, പരസ്പരബഹുമാനം ഇതിലൊക്കെയുള്ള വളര്‍ച്ചതന്നെയാണ് ആദ്ധ്യാത്മികതയിലുള്ള വളര്‍ച്ചയും. ആത്മികതയും ഭൗതികതയും തമ്മിലൊരു വേര്‍തിരിവ് അനാവശ്യവും അപകടകരവുമാണെന്നു യേശു പഠിപ്പിച്ചതാണല്ലൊ. ബൗദ്ധിക വിദ്യാഭ്യാസത്തിലെന്നതുപോലെതന്നെ ആദ്ധ്യാത്മികതയിലും വ്യക്തികള്‍ക്കു പ്രാഥമികപരിശീലനഘട്ടങ്ങളുണ്ട്. ഇവിടെ മാതാപിതാക്കളോടൊത്ത് അവരുടെ റോളില്‍ മതവുമുണ്ട്, അദ്ധ്യാപകരുടെ സ്ഥാനത്ത് അധികാരശുശ്രൂഷകരുമുണ്ട്. ഒരു മെഷിനറി പ്രസക്തമാകുന്നത് അതുകൊണ്ടുദ്ദേശിക്കുന്ന ലക്ഷ്യംനേടുന്നതിലാണ്. മതസംവിധാനങ്ങളും അതിന്‍റെ ശുശ്രൂഷാസ്ഥാപനങ്ങളുമെല്ലാം ഒരു മെഷിനറിയാണ്. അത് അതിന്‍റെ ലക്ഷ്യംനേടുന്നുണ്ടോ എന്നു കൃത്യമായി മോണിറ്റര്‍ചെയ്യപ്പെടണം. ധാര്‍മ്മികതയിലുള്ള വളര്‍ച്ചയും വ്യത്യസ്തഘട്ടങ്ങളിലൂടെയാണ്. ഓരോ ഘട്ടത്തിനും അനുയോജ്യമായ രീതിയില്‍ മെഷിനറികള്‍ രൂപകല്പന ചെയ്യുക, കാലോചിതമായി വരുത്തേണ്ട പുനരുദ്ധാരണങ്ങള്‍ നടത്തി തലമുറകള്‍ക്കുവേണ്ടി അതു സൂക്ഷിക്കുകയെന്ന ശ്രമകരമായ ജോലിയോടൊപ്പം ഓരോ ഘട്ടത്തിലും ജനം ആര്‍ജ്ജിക്കുന്ന ധാര്‍മ്മികതയിലുള്ള വളര്‍ച്ചയും നിലവാരവും ഉറപ്പുവരുത്തി അവരോടൊത്തു സഹയാത്രചെയ്യുക എന്ന പരമപ്രധാനമായ ഉത്തരവാദിത്വവും പൗരോഹിത്യത്തിലൂടെ അധികാരശുശ്രൂഷയുടെ ഭാഗമാക്കിയിട്ടുണ്ട്. ഈ സഹയാത്ര മെഷിനറിയുടെ സൂക്ഷിപ്പിനേക്കാള്‍ പ്രാധാന്യമേറിയതുകൊണ്ട്, ദൈവജനത്തോടൊത്തു സഹയാത്രചെയ്യാനും മുന്നേറ്റം ഉറപ്പുവരുത്താനുമായി എല്ലാ സംഘടിതമതങ്ങളിലും സന്ന്യാസം എന്ന സ്ഥാപനംകൂടെ ചരിത്രത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. സഭയിലും സന്ന്യാസം ഒരു സ്ഥാപനമാണ്, ഒരു പ്രവാചകസാന്നിദ്ധ്യമാണ്. എന്നാല്‍ അധികാരശ്രേണിയുടെ ഭാഗമല്ലതാനും. പുരോഹിതനും അല്മായനും ഇടയിലാണു വത്തിക്കാന്‍പ്രമാണ രേഖകളില്‍ സന്ന്യാസിയുടെ സ്ഥാനം.

ക്രിസ്തീയ ദൈവവിളിയുടെ കടമകള്‍ ധീരതയോടെ നിര്‍വ്വഹിക്കുന്ന ദൃശ്യചിഹ്നമായിട്ടാണ് സന്ന്യാസി വര്‍ത്തിക്കേണ്ടത്. ഈ സമൂഹം എങ്ങോട്ട് എവിടംവരെ എന്ന് അവ്യക്തതകളില്ലാതെ ജീവിച്ചുകാണിക്കാനുള്ള ഒരു സ്ഥാപനം. തീര്‍ത്ഥാടകസമൂഹത്തിന്‍റെ മുമ്പേപറക്കുന്ന പക്ഷികള്‍. ഏതൊരു ക്രൈസ്തവകുടുംബത്തിനും എന്നും ഒരാദര്‍ശമായി ഉറ്റുനോക്കി പകര്‍ത്താന്‍ പര്യാപ്തമായിരിക്കണം ഓരോ സന്ന്യാസഭവനവും അതിലെ പരസ്പരബന്ധങ്ങളും അവര്‍ സ്വന്തമാക്കിയ ദൈവരാജ്യാനുഭവങ്ങളും എന്നാണു സങ്കല്പം. സ്വര്‍ഗ്ഗീയപിതാവിന്‍റെ പരിപൂര്‍ണ്ണതയിലേയ്ക്കാണ് എല്ലാ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നത്. അതെല്ലാ മനുഷ്യരുടെയും സാദ്ധ്യതയാണെന്നു തെളിയിക്കപ്പെടുന്ന രീതിയില്‍ യേശുവിലൂടെ ചരിത്രത്തില്‍ ആവിഷ്ക്കരിക്കപ്പെട്ടിട്ടുമുണ്ട്. സ്നേഹിക്കാനുള്ള കഴിവില്‍ അവനോളം വളര്‍ന്നാല്‍ അതു ദൈവത്തിനു സമാനവും വിശുദ്ധിയുടെ പൂര്‍ണ്ണതയുമാകുമെന്നാണു ക്രൈസ്തവദര്‍ശനം. സ്നേഹിക്കുക എന്നാല്‍ അനുഗ്രഹിക്കുക എന്നാണെന്നാണു യേശുവിന്‍റെ പഠനങ്ങളുടെ സാരം. ശരീരത്തില്‍നിന്നും ജീവന്‍റെ അവസാനത്തെ അംശവും ചോര്‍ത്തിക്കളയുന്ന കൊലയാളിയേക്കാള്‍ സ്നേഹയോഗ്യനല്ലാത്ത ഒരുവനെ ജീവിതത്തില്‍ ആര്‍ക്കുംതന്നെ കണ്ടെത്താനാവില്ലല്ലൊ. അവനെയാണു സുവിശേഷങ്ങള്‍ ഏറ്റവുംചെറിയവന്‍ എന്നു വിശേഷിപ്പിക്കുന്നത്. അവനെ നിരുപാധികം അനുഗ്രഹിച്ചപ്പോള്‍ തന്‍റെ വ്യക്തിത്വത്തില്‍ അപരനെ അനുഗ്രഹിക്കുന്ന പ്രക്രിയയില്‍ പങ്കുചേരാത്ത ഒരംശംപോലും ഇല്ലെന്ന് യേശു തെളിയിച്ചു. അതിലൂടെ എന്തിനേയും ഏതിനേയും ഏതവസ്ഥയിലും അനുഗ്രഹിക്കുവാനുള്ള കഴിവില്‍ സജ്ജമാക്കപ്പെടാവുന്നത് ഏതൊരുവനുമുള്ള സാദ്ധ്യതയാണെന്നു കൂടി അവന്‍ പ്രഖ്യാപിക്കുന്നു. ഈ അവസ്ഥയിലെത്തിയാല്‍ ഏതൊരുവനും സ്വര്‍ഗ്ഗീയപിതാവിന്‍റെ പൂര്‍ണ്ണതയിലായി. ഒരു മൈക്രോ കോസ്മോസില്‍ ഒരു മാക്രോ കോസ്മോസ് ആയിരിക്കുന്നതുപോലെ സ്വര്‍ഗ്ഗീയപിതാവിന്‍റെ പരിപൂര്‍ണ്ണത ഓരോ വ്യക്തിയുടെയും സാദ്ധ്യതയും കടമയുമാണെന്നു സ്ഥാപിക്കുകയെന്നത് യേശുവിന്‍റെ ചരിത്രനിയോഗമായിരുന്നു. അസ്സീസിയിലെ ഫ്രാന്‍സിസിനെ രണ്ടാംക്രിസ്തു എന്നു ചരിത്രം വിശേഷിപ്പിക്കുന്നത് യേശുവിന്‍റെ ക്ഷതങ്ങളുടെ ആത്മാവിനെ അദ്ദേഹം വ്യക്തിത്വത്തില്‍ ആവഹിച്ചതുകൊണ്ടാണ്. ഫ്രാന്‍സിസ് കുഷ്ഠരോഗിയെ ചുംബിക്കുമ്പോഴും, യേശു ഘാതകനെ അനുഗ്രഹിക്കുമ്പോഴും വെളിപാട് ഒന്നുതന്നെ. ഏറ്റവും സ്നേഹയോഗ്യനല്ലാത്തവന്‍ തന്നെ ഏറ്റവും ചെറിയവന്‍, അവനെ അനുഗ്രഹിക്കുമ്പോള്‍ എല്ലാവരേയും അനുഗ്രഹിക്കുന്നവനായി വളരുന്നു എന്ന്. ഈ വെളിപാടിനെമാത്രം ശരിവയ്ക്കാതിരിക്കാന്‍ ഒരു കാലത്തിനും കഴിയില്ല. കുഷ്ഠരോഗിയെ ചുംബിച്ച നിമിഷംമുതല്‍ ഫ്രാന്‍സിസ് സകലതിനെയും സ്നേഹിക്കാനും ആദരിക്കാനും പ്രാപ്തനായി പരിണമിച്ചു. സ്രഷ്ടപ്രപഞ്ചം മുഴുവന്‍ അവനെ സഹോദരാ എന്ന് അഭിസംബോധനചെയ്തു. ആരേയും ഭയപ്പെടേണ്ടതില്ലാത്ത, ഒന്നിനേയും ഹനിക്കേണ്ടതില്ലാത്ത നിര്‍ഭയത്വത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും തികവ്. ഈ പ്രപഞ്ചത്തില്‍ ഏതൊന്നിനും അര്‍ഹമായ ഇടം അനുവദിച്ചുകൊടുക്കാനാവുന്ന നീതിബോധത്തിന്‍റെ ഉന്നതശൃംഗം. അഹിംസ എന്ന ഭാരതീയഭാഷ്യത്തിന്‍റെ ഭാവാത്മകഭാഷയാണ് അനുഗ്രഹം അല്ലെങ്കില്‍ സ്നേഹം എന്നത്. സ്വര്‍ഗ്ഗീയപിതാവിനെപ്പോലെ അസ്സീസിയിലെ കൊച്ചുമനുഷ്യനും പ്രപഞ്ചത്തിനു മുഴുവന്‍ അനുഗ്രഹവര്‍ഷം ചൊരിയുന്ന സൂര്യതേജസ്സായി മാറി. അവന്‍ രണ്ടാം ക്രിസ്തുവായി.

പരിപൂര്‍ണ്ണതയിലേക്കുള്ള പാത പഥികനു സമ്മാനിക്കുന്നതു നിതാന്ത ജാഗ്രതയും അനുസ്യൂതമായ പോരാട്ടങ്ങളുമാണ്. ഇവിടെ അതിജീവിക്കപ്പെടാനുള്ള ശത്രു ഒരുവന്‍റെ ശരീരത്തിനുള്ളിലാണ്. അതിനെ തിരിച്ചറിയാനുള്ള വേദി പരസ്പരബന്ധങ്ങളാണ്. അപരന്‍റെ സ്നേഹയോഗ്യതക്കുറവുകളുടെ മുമ്പിലാണ്, ശത്രുവായ അഹം, അനുഗ്രഹിക്കാനുള്ള കഴിവുകേടുകളുടെയും നിസ്സാഹയതകളുടെയും ഭാവത്തില്‍, അതിന്‍റെ ഒളി സങ്കേതങ്ങളുടെ മറനീക്കി പുറത്തുവരുന്നത്. പ്രതിരോധിക്കാനും പിടിച്ചുനില്‍ക്കാനുമിടമില്ലാതെ അഹം പൂര്‍ണ്ണമായും ഉച്ചാടനം ചെയ്യപ്പെടുന്നതിലൂടെ മാത്രമേ ഒരുവന്‍റെ ആദ്ധ്യാത്മികവളര്‍ച്ചയും പൂര്‍ണ്ണമാവുകയുള്ളൂ. ഈ ചെറിയവനെ സ്വീകരിച്ചപ്പോള്‍ എന്നെ സ്വീകരിച്ചു. എന്നെ സ്വീകരിച്ചപ്പോള്‍ എന്നെ അയച്ചവനെ -ദൈവത്തെ- സ്വീകരിച്ചു എന്ന പഠനത്തിലൂടെ ചരിത്രംകണ്ട ഏറ്റവും വലിയ സാമൂഹിക-ധാര്‍മ്മിക വിപ്ലവത്തിനു യേശു ബീജാവാപം ചെയ്യുകയായിരുന്നു. നിന്‍റെ മുമ്പില്‍ വന്നുനില്‍ക്കുന്ന ആ ഏറ്റവും ചെറിയവന്‍ ദൈവമാണ്, അവന്‍റെ മുമ്പിലാണ് നിന്‍റെ അസ്തിത്വത്തിന്‍റെ തന്നെ വലിയമൂല്യവും പ്രസക്തിയുമെല്ലാം നിര്‍ണ്ണയിക്കപ്പെടുന്നത്. ദൈവത്തെതേടി ഇനിയാര്‍ക്കും ഏതെങ്കിലും ഗിരിശൃംഗങ്ങള്‍ ഓടിക്കയറേണ്ടതില്ല.

അവന്‍ നമ്മോടുകൂടെ എന്നും എപ്പോഴും ആയിരിക്കുന്ന ഇമ്മാനുവേല്‍ ആണ്. എനിക്കും നിങ്ങള്‍ക്കും പിതാവാണ്. ആ പിതാവിന്‍റെ പൂര്‍ണ്ണതയിലേക്കുള്ള അകലം അടുത്തു നില്‍ക്കുന്ന ഏറ്റവും ചെറിയവനിലേക്കുള്ള അകലം മാത്രം എന്നൊക്കെയാണ് യേശു സ്ഥാപിച്ചത്. ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടുംവരും നിങ്ങളെ കൂട്ടിക്കൊണ്ടുപോകും എന്നവന്‍ പറഞ്ഞു. അവന്‍ പിന്നീടൊരിക്കലും വരാതിരുന്നിട്ടുമില്ല. പക്ഷേ അവന്‍റെ ദൈവസങ്കല്പവുമായി അവനോടൊത്തു യാത്രചെയ്യാന്‍ ഇന്നും അധികമാരും ഒരുങ്ങിയിട്ടില്ല. ജീവിതം കൂടുതല്‍ സുഗമമാകണമെങ്കില്‍ ദൈവത്തോടു ബന്ധപ്പെടാനുള്ള അവസരങ്ങള്‍ കഴിവതും കുറച്ചായിരിക്കണം. അതിനുവേണ്ടി, യേശു തള്ളിപ്പറഞ്ഞ പഴയ അനുഷ്ഠാനമതത്തിലെ ദൈവസങ്കല്പത്തെതന്നെ പുരാണങ്ങളുടെ ഭാണ്ഡക്കെട്ടുകളില്‍നിന്നും പുറത്തെടുത്തു പ്രതിഷ്ഠിക്കുന്നു. യേശുവിന്‍റെ വരവോടെ പിച്ചിച്ചീന്തപ്പെട്ടതാണെങ്കിലും, ദൈവത്തിനും മനുഷ്യര്‍ക്കും വെവ്വേറെ മേഖലകള്‍ വേര്‍തിരിച്ചിടുന്ന അതിരുകള്‍ വീണ്ടും പുനഃസ്ഥാപിക്കപ്പെടുന്നു. യേശു കാലഹരണപ്പെടുത്തിയ അനുഷ്ഠാനമതം അതിന്‍റെ എല്ലാ പൗരാണിക പ്രൗഢിയും പുനഃപ്രതിഷ്ഠിക്കുന്നു. ദൈവത്തോടു ബന്ധപ്പെടാനുള്ള വേദി ആലയങ്ങള്‍ക്കുള്ളിലാക്കുന്നു. അനുഷ്ഠാനവിധികള്‍കൊണ്ട് ദൈവമനുഷ്യബന്ധം നിജപ്പെടുത്തി. ജീവിതംവേറെ, പ്രാര്‍ത്ഥനവേറെ സ്വാഭാവികജീവിതവും ആദ്ധ്യാത്മികജീവിതവും പരസ്പരം ബന്ധിപ്പിക്കാനാവാത്ത രീതിയില്‍ വെവ്വേറെ വായുബന്ധിത കമ്പാര്‍ട്ടുമെന്‍റുകളില്‍ വേര്‍തിരിച്ചിടുന്നു. ദേവാലയംവിട്ടു പുറത്തിറങ്ങിയാല്‍ ദൈവം കൂടെയില്ലല്ലൊ, അതുകൊണ്ട് ആലയത്തിനുള്ളിലെ ഏറ്റവും വലിയ ഭക്തനും പുറത്തിറങ്ങി എങ്ങനെയും ജീവിക്കാം എന്ന അവസ്ഥയുണ്ടായി. അങ്ങനെ നിരന്തരം കണ്ടുകൊണ്ടിരിക്കേണ്ട ദൈവത്തെ ആലയങ്ങളിലടച്ച്, നിരന്തരം സംസാരിക്കുന്ന ദൈവത്തെ നിശബ്ദനാക്കി ജീവിതം എളുപ്പമാക്കി മാറ്റുന്ന ആധുനിക മതവിശ്വാസികളുടെ ആത്മവഞ്ചനയും ദൈവനിഷേധങ്ങളും നേടിക്കൊടുക്കുന്ന തിരിച്ചടികളും പന്നിക്കുഴി അനുഭവങ്ങളും ചെറുതൊന്നുമല്ല. സുഖജീവിതം തേടി ഇറങ്ങിത്തിരിക്കുന്ന മനുഷ്യന്, ഒരു സത്യദൈവത്തിന്‍റെ നഷ്ടം സൃഷ്ടിക്കുന്ന ഭീതിദമായ ശൂന്യതയും ആന്തരികസംഘര്‍ഷങ്ങളും ജീവിതത്തെ ദുസ്സഹമാക്കുന്നു. അങ്ങനെയുള്ളവരുടെ മനസ്സില്‍ കുമിഞ്ഞുകൂടുന്ന കുറ്റബോധത്തിനും ശൂന്യതകള്‍ക്കും താല്‍ക്കാലിക ശമനംനേടാന്‍ ഇടവിട്ടിടവിട്ടുള്ള ദേവാലയസന്ദര്‍ശനങ്ങളും കുറെ തൊട്ടുമുത്തലുകളും അനുഷ്ഠാനവിധിപ്രകാരമുള്ള പാപനാശിനിപ്രയോഗങ്ങളുമൊക്കെ നടത്തുന്നു. ജീവിത സംഘര്‍ഷങ്ങള്‍ക്കു താല്‍ക്കാലിക ശമനംപകരുന്ന വേദനസംഹാരികളും ആശ്വാസദായനികളും മാത്രം വിതരണംചെയ്യുന്ന ഏജന്‍സികളുടെ തലംവിട്ടുയരാന്‍ ക്രിസ്തുമതത്തിനുപോലും കഴിയാത്ത അവസ്ഥയുണ്ടെങ്കില്‍ അതു ചരിത്രത്തിന്‍റെ ഗതിതെറ്റിയുള്ള പ്രയാണംതന്നെ. എത്ര ഹീനവും ക്രൂരവുമായ മനുഷ്യാവകാശലംഘനങ്ങള്‍ക്കും മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും കാര്യക്ഷമമായ മറയായി മതത്തെതന്നെയാണല്ലോ മനുഷ്യന്‍ ഇന്നു കൂടുതല്‍ ഉപയോഗിക്കുന്നത്. എന്തിനീമതം, എന്തിനീ പൗരോഹിത്യം, എന്താണീ ആദ്ധ്യാത്മികത, ആര്‍ക്കുവേണ്ടിയാണീ സന്ന്യാസം, എവിടെയാണീ വിശുദ്ധി ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരമുള്ളവരുടെ എണ്ണമല്ല തൃപ്തികരമായ ഉത്തരം കണ്ടെത്താന്‍ കഴിയാത്തവരുടെ എണ്ണമാണു സമൂഹത്തില്‍ ഗണ്യമായി വര്‍ദ്ധിക്കുന്നത്. മനുഷ്യന്‍റെ ജീവിതപ്രശ്നങ്ങള്‍ക്കു വേദനസംഹാരികള്‍കൊണ്ടുമാത്രം ചികിത്സകള്‍ നടത്തി മതംതന്നെ മനുഷ്യന് ഇമ്മ്യൂണ്‍ ആയി മാറുകയല്ലെ.

സ്വന്തം വിശപ്പുകളുടെ ശമനങ്ങളും അതിലൂടെ ലഭിക്കുന്ന ആശ്വാസങ്ങളും തേടിയായിരുന്നില്ല യേശുവിന്‍റെ യാത്രകളും ജീവിതവും പ്രവര്‍ത്തനങ്ങളും. നിങ്ങള്‍ക്കറിയാത്ത ഭക്ഷണം എനിക്കുണ്ട് എന്നവന്‍ പറഞ്ഞതിന്‍റെ പൊരുള്‍ കണ്ടെത്താന്‍ ശിഷ്യന്മാര്‍ കാലങ്ങള്‍ എടുത്തില്ലെ, ഇപ്പോഴും പലര്‍ക്കും കഴിയുന്നുണ്ടോ? അപരനെ അനുഗ്രഹിക്കുന്നവനായുള്ള വളര്‍ച്ചയില്‍ അവന്‍ എത്തിനിന്നത് പിതാവുമായുള്ള ഐക്യത്തിലും സമാനതയിലുമായിരുന്നു. ആ അവസ്ഥയുടെ സ്വഭാവികപ്രതിഫലനങ്ങള്‍ മാത്രമായിരുന്നു അവന്‍റെ പ്രാര്‍ത്ഥനകളും പ്രവര്‍ത്തനങ്ങളും പ്രബോധനങ്ങളുമെല്ലാം. അവയൊന്നും പരസ്പരം വേറിട്ട പ്രതിഭാസങ്ങളായിരുന്നില്ല. ഒരു സമഗ്രവ്യക്തിത്വത്തിന്‍റെ നൈസര്‍ഗ്ഗിക പ്രകാശനങ്ങള്‍മാത്രം. അവന്‍റെ വാക്കിലും പ്രവൃത്തിയിലും പ്രാര്‍ത്ഥനയിലും സ്വര്‍ഗ്ഗത്തിന്‍റെ അംഗീകാരം നിറഞ്ഞുനിന്നിരുന്നു. അതുകൊണ്ടാണ്, അധികാരമുള്ളവനെപ്പോലെ അവന്‍ സംസാരിക്കുന്നത്.

അവന്‍ ആയിരുന്ന ആ അവസ്ഥയിലേക്കുതന്നെയാണ് അവന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകും എന്നുപറഞ്ഞത്. സഭയും സംവിധാനങ്ങളും അവന്‍റെയീ കൂട്ടിക്കൊണ്ടുപോകല്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള വേദിയാണ്, അതിനുള്ള മെഷിനറികളാണ്. സഭാശുശ്രൂഷകന്‍ വെറും ചൂണ്ടുപലകയല്ല. യേശു ആയിരിക്കുന്ന അവസ്ഥകള്‍ അനുഭവിക്കുന്നവനും അങ്ങോട്ടുള്ള വഴിതെളിക്കാന്‍ അയയ്ക്കപ്പെട്ടവനുമാണ്. ജീവിതത്തികവിലേക്കുള്ള യാത്രയില്‍ വ്യക്തികളെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലൂടെ വഴിനടത്താന്‍ മാതാപിതാക്കളുടെ റോളില്‍ മതം -സഭ- സ്ഥാപിതമായി. ഓരോ ഘട്ടത്തിലൂടെയുള്ള വ്യക്തികളുടെ വളര്‍ച്ച ശ്രദ്ധിക്കാനും സുഗമമാക്കാനുമുള്ള ഉത്തരവാദിത്വത്തിലാണ്, അധികാര ശുശ്രൂഷകര്‍. ഒന്നാം ക്ലാസ്സില്‍ പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട അദ്ധ്യാപകന്‍റെ മുഴുവന്‍ സമയവും ഒന്നാംക്ലാസ്സിന്‍റെ പരിധിയില്‍ ഒതുങ്ങുന്നതും അതിനെ അങ്ങേയറ്റം കാര്യക്ഷമമാക്കുന്നതിലുമാണ്. സഭയിലെ അധികാരശുശ്രൂഷകര്‍ പാര്‍ട്ട് ടൈം തൊഴിലാളികളല്ല. തീര്‍ത്ഥാടക സംഘത്തോടൊത്ത് അവരുടെ മുമ്പില്‍നടന്ന് അവരെ നയിക്കുക എന്നതാണവരുടെ ധര്‍മ്മം. വിദ്യാര്‍ത്ഥികള്‍ക്ക് എന്തുകൊടുക്കുന്നു എന്നതിലല്ല, വിദ്യാര്‍ത്ഥിയെ എന്താക്കുന്നു, എവിടെ എത്തിക്കുന്നു എന്നതിലാണ് അദ്ധ്യാപകന്‍റെ മേന്മകള്‍ കാണേണ്ടത്. കുഞ്ഞുങ്ങള്‍ നിങ്ങളിലൂടെ വന്നു, പക്ഷേ അവര്‍ നിങ്ങളുടേതല്ല, അവരെ നിങ്ങളെപ്പോലെ ആക്കരുത്, നിങ്ങള്‍ക്കുവേണമെങ്കില്‍ അവരെപ്പോലെയാകാം എന്ന ഖലില്‍ജിബ്രാന്‍റെ പ്രവാചകശബ്ദം മാതാപിതാക്കള്‍ മാത്രം ശ്രവിച്ചാല്‍പോരാ. അന്വേഷണത്വരയും ഗവേഷണചാതുരികളും നിറഞ്ഞ ഒരു മനസ്സിന്‍റെ രൂപീകരണമാണ് പ്രാഥമികവിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്കു ലഭ്യമാകേണ്ടത്. അതുകിട്ടിയവര്‍ക്കു നടന്നുകയറാവുന്ന മേഖലകള്‍ക്ക് അതിരുകളില്ല, അതനന്തമാണ്. ഒന്നാംക്ലാസ്സില്‍ കിട്ടിയ എഞ്ചുവടി മാത്രമേ ഏതുപ്രായത്തിലും ഏതുലോകത്തിലും ഏതഭ്യാസത്തിനും എടുത്തുപയോഗിക്കാനുള്ളു എന്ന ഒരുവന്‍റെ അവസ്ഥ അവന്‍ ഒന്നാംക്ലാസ്സുവിട്ടു വളര്‍ന്നിട്ടില്ല എന്നാണല്ലോ. ഒന്നാംക്ലാസ്സിന്‍റെ ചുറ്റുവട്ടങ്ങളില്‍ ഒരു ജീവിതത്തിന് ആവശ്യമായതെല്ലാമുണ്ടെന്ന ധാരണയില്‍, പഴമയും പരിചയവും പാരമ്പര്യവുമായി അവിടെത്തന്നെ വിലസാന്‍ വിദ്യാര്‍ത്ഥിയെ പിടിച്ചുനിര്‍ത്തുന്ന അലസമായ അദ്ധ്യാപനകല അധികാരശുശ്രൂഷയെ ബാധിച്ചിട്ടുണ്ടോ എന്നു സംശയിക്കണം. പത്തുവയസ്സുകാരന്‍റെ ബാല്യകാലവേദപാഠവുംകൊണ്ട് 20-ലും, 30-ലും 60-ലും, 90-ലും ജീവിക്കുന്ന സത്യക്രിസ്ത്യാനികളെ ധാരാളംകാണാന്‍ കഴിയുമെങ്കില്‍ നാം തിരിച്ചറിയണം, സഭയുടെ സുപ്രധാന ധര്‍മ്മമായ മനസ്സാക്ഷി രൂപീകരണത്തില്‍ നമുക്കു പാളിച്ചകള്‍ പറ്റിയിരിക്കുന്നു.

ജനിക്കുന്ന ഓരോ വ്യക്തിയുടെയും ജന്മസിദ്ധവും ദൈവദത്തവുമായ അവകാശമാണ് ഈ ഭൂമിയില്‍ നൂറുമേനി വിളയുക, ജീവിതത്തികവു നേടുക, സ്നേഹത്തില്‍ ജ്വലിക്കാനാവുക എന്നത്. മാനവചരിത്രത്തിന്‍റെ നടുമുറ്റത്ത് നാട്ടിനിര്‍ത്തപ്പെട്ട മരക്കുരിശിലേക്കു നോക്കി മഹാനായ പൗലോസ് അപ്പസ്തോലനു മാത്രമല്ല ഓരോ വ്യക്തിക്കും പറയേണ്ടിവരുന്നുണ്ട്, അതുപോലെ നന്മചെയ്യാന്‍ ആഗ്രഹമുണ്ട്, പക്ഷേ കഴിയുന്നില്ല, ആഗ്രഹിക്കാത്തതു ചെയ്തു പോകുന്നു എന്ന് .  ഈ നിസ്സഹായതയില്‍നിന്നും നിര്‍ജ്ജീവത്വത്തില്‍ നിന്നും വ്യക്തികളെ വിമോചിപ്പിച്ചുണര്‍ത്താനാണ് സഭ നിലനില്‍ക്കുന്നതുതന്നെ.

മുള്‍പ്പടര്‍പ്പുകള്‍ എരിഞ്ഞടങ്ങാതെ ഹോറേബില്‍ ഇപ്പോഴും കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നു. അതു ഭൂമിയിലാകമാനം കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവിടെ അരങ്ങേറുന്ന എല്ലാ അവകാശസമരങ്ങളും വംശീയകലാപങ്ങളും യുദ്ധങ്ങളും മറ്റൊന്നുമല്ല. പലസ്തീനിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ശ്രീലങ്കയിലും ഇന്‍ഡ്യയിലുമെല്ലാം ഹോറേബാവര്‍ത്തിക്കപ്പെടുന്നു. മുള്‍ച്ചെടികള്‍ തന്നെ കത്തുന്നു, എരിഞ്ഞടങ്ങാത്ത അഗ്നിയില്‍. ആ അഗ്നിയില്‍ നിന്നുമാണ് എന്നും ആയിരിക്കുന്നവന്‍ എന്ന സത്യദൈവത്തിന്‍റെ നാമം ആദ്യമായി മനുഷ്യനു വെളിപ്പെടുത്തപ്പെട്ടത്. ആ സത്യദൈവത്തെ ഉപാസിക്കുന്ന ഒരു പ്രവാചകനിന്നുണ്ടെങ്കില്‍ അവനിന്നും ഉറ്റുനോക്കും ഈ അഗ്നിജ്വാലയില്‍ നിന്നും സത്യദൈവത്തിന്‍റെ സ്വരംകേള്‍ക്കും, നീ നില്‍ക്കുന്ന ഭൂമി പരിശുദ്ധമാണ്, ചെരിപ്പുകള്‍ അഴിച്ചു മാറ്റുക എന്ന്. മനുഷ്യന്‍റെ ക്രോധാഗ്നികള്‍ ഭൂഗോളത്തില്‍ കത്തിപ്പടരുമ്പോഴും  ആ അഗ്നികുണ്ഡത്തില്‍ നിന്നും ദൗത്യബോധം വീണ്ടെടുക്കുന്നവനാണ് സത്യദൈവത്തിന്‍റെ പ്രവാചകന്‍. കളപറിക്കലും തീ കെടുത്തലുമൊക്കെ ശുശ്രൂഷകരുടെ ജീവിതവ്യഗ്രതകളായിമാറുമ്പോള്‍ ജനത്തിന്‍റെ തീര്‍ത്ഥാടനം വഴിമുട്ടുന്നു, വഴിതെറ്റുന്നു, ദിശ പിഴയ്ക്കുന്നു. പരിശീലനക്കളരികള്‍ ദുരിതാശ്വാസ ക്യാമ്പുകളോ,  അതിജീവനാഭ്യാസക്കളിരകളോ ഒക്കെയായി മാറും. തീര്‍ത്ഥാടകസമൂഹത്തെ സഹയാത്രചെയ്തു സഹായിക്കാന്‍ ഉത്തരവാദപ്പെട്ട ശുശ്രൂഷാമേഖലകളുടെ നിജസ്ഥിതി തിരിച്ചറിയാന്‍ ക്രിസ്തുമതത്തിന്‍റെ മാത്രം പരിച്ഛേദം മതിയാവും. മതത്തിന്‍റെ ശുശ്രൂഷാശൃംഖലകള്‍ക്ക് എന്നും മാര്‍ഗ്ഗദര്‍ശനം നല്‍കിയിട്ടുള്ളതു കത്തോലിക്കാസഭതന്നെയാണ്. ഉദാഹരണമായി കേരളസഭയെ തന്നെ എടുത്താല്‍, രൂപതകള്‍, ഇടവകകള്‍, കുടുംബയൂണിറ്റുകള്‍, ഞായറാഴ്ചയാചരണം, കുമ്പസാരങ്ങള്‍, കുര്‍ബ്ബാനകള്‍, മതപഠനസംവിധാനങ്ങള്‍ എല്ലാം എത്രയോ സുസംഘടിതമാണ്. നവീനസംരംഭങ്ങള്‍കൊണ്ടും കര്‍മ്മനിരതമാണത്. എന്നിട്ടും ഈ സമൂഹത്തിന്‍റെ നീതിബോധം, സത്യസന്ധത, പരസ്പരബഹുമാനം എന്നീ മൂല്യങ്ങളെല്ലാം ഒട്ടും ഭദ്രമല്ലായെന്നനുഭവങ്ങള്‍ വ്യക്തമാക്കുന്നു.

തീര്‍ത്ഥാടകസമൂഹത്തെ സഹയാത്രചെയ്തു നയിക്കുന്നതില്‍ ശുശ്രൂഷാവൃന്ദവും സംവിധാനങ്ങളും എവിടെയോ പരാജയപ്പെടുന്നു. ഫലശൂന്യമെന്നു തിരിച്ചറിയപ്പെടാതെ മെഷിനുകള്‍ എല്ലാം കൃത്യമായി എണ്ണയിട്ടു പ്രവര്‍ത്തിക്കുന്നു. പ്രായത്തില്‍ എത്ര വളര്‍ന്നാലും ബുദ്ധിശക്തിയിലും ചിന്താശീലത്തിലും എത്ര മുന്നേറിയാലും 15 വയസ്സിനുള്ളില്‍ പായ്ക്കു ചെയ്തു കിട്ടിയ വേദപാഠങ്ങളും വിശ്വാസപ്രമാണങ്ങളും അതേരീതിയില്‍ കൊണ്ടുനടക്കാനാകുന്നു. ഒന്നാംക്ലാസ്സുകാരന്‍ അന്നു കൈക്കലാക്കിയ പഴയ എഞ്ചുവടി എന്ന മൂല്യശ്രേണിയുമായി, രണ്ടായിരംവര്‍ഷം മുമ്പ് കാലഹരണപ്പെടുത്തപ്പെട്ട അനുഷ്ഠാനബന്ധിയായ ഒരാദ്ധ്യാത്മികതയുടെ ഊന്നുവടിയിലൂന്നി ആരോ വരച്ചിട്ട വട്ടങ്ങളില്‍കിടന്ന് ഒരായുഷ്ക്കാലം മുഴുവന്‍ കറങ്ങിത്തിരിയുന്ന ഒരു ദൈവജനത്തിന്‍റെ ചിത്രം കേരളത്തിലുണ്ടോ? ഒരു ജനതയുടെ പ്രൈമറി വിദ്യാഭ്യാസത്തിനുവേണ്ടി മാത്രം ഉഴിഞ്ഞുവയ്ക്കപ്പെടേണ്ടതാണോ, ഇത്രമാത്രം പ്രൗഢവും പൗരാണികവും സുസംഘടിതവുമായ ഒരു സഭയുടെ ആസ്തികളും ആള്‍ബലങ്ങളുമെല്ലാം? ദൈവജനത്തിനും ശുശ്രൂഷകര്‍ക്കും മാര്‍ഗ്ഗദര്‍ശികളാകാന്‍ നിയോഗം ലഭിച്ചിരിക്കുന്ന പ്രവാചകര്‍ തങ്ങളുടെ തനിമയും ധര്‍മ്മവും തിരിച്ചറിയേണ്ടതും നിര്‍വ്വഹിക്കേണ്ടതും ഈ കാലത്തിലും ഇടത്തിലുമാണ്. അതില്‍ക്കാണിക്കുന്ന നിസ്സംഗത യേശുവിന്‍റെ പ്രസ്ഥാനത്തോടു കാണിക്കുന്ന നിര്‍ദ്ദാക്ഷിണ്യമായ അപരാധമായി ചരിത്രം കുറിച്ചുവയ്ക്കും.

നഴ്സറിസ്കൂളിന്‍റെ വാഹനം ഉത്തരവാദിത്വപൂര്‍വ്വം ആരെ ഏല്പിക്കാനാകും, രക്ഷാകര്‍ത്തൃസമിതി ചര്‍ച്ചചെയ്തു. വളയംപിടിക്കാന്‍ അറിയുന്നവനായിരിക്കണം, അധികം സംസാരിക്കാത്തവനായിരിക്കണം, കുഞ്ഞുങ്ങള്‍ക്ക് ഉച്ചയ്ക്കു പയറും കഞ്ഞിയും പാകത്തിനു പാകംചെയ്യുന്നവനായിരിക്കണം. മാനേജരച്ചന്‍റെ തീര്‍പ്പ്. ചര്‍ച്ചകള്‍ അവസാനിച്ചു.

You can share this post!

ഏപ്രില്‍ 7: ലോക ആരോഗ്യദിനം - തലച്ചോറിനു വേണ്ട ശരിയായ ഭക്ഷണം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts