മാനവരാശിയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന മാറ്റങ്ങള്‍ക്കു തുടക്കമിടുന്നത് കുട്ടികളുടെ മനസ്സുകളിലാണ്. ഹെര്‍ബര്‍ട്ട് റീഡ് അവളെ, അവളുടെ മാതാപിതാക്കള്‍ തനിയെ വിട്ടിരുന്നെങ്കില്‍ അത്രപെട്ടെന്നു മറക്കാനാവാത്ത ഒരു രൂപമായി അവള്‍ മനസ്സുകളില്‍ നിറഞ്ഞുനില്ക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ അവള്‍ റ്റി. വി. ക്യാമറയിലൂടെ നമ്മെ നോക്കുകയാണ്. ആ ഏഴുവയസ്സുകാരിയുടെ മുഖം കണ്ടാല്‍ മുപ്പതുവയസ്സുകാരിയുടേതാണെന്നേ തോന്നൂ. കൂടുതല്‍ ഭയങ്കരമായത്, അവള്‍ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളും തുണികളും അവളുടെ അമ്മയുടെതോ ചേച്ചിയുടെതോ പോലുള്ളവയാണ് എന്നതാണ്. ഒരു ഇരുപത്തഞ്ചുവയസ്സുകാരിയെപ്പോലെ അവള്‍ പാടുകയും ആടുകയും ചെയ്യുന്നു. 200 കൊല്ലങ്ങള്‍ക്കു മുന്‍പെഴുതിയ ഒരു വാക്യം ആ കുഞ്ഞ് ഓര്‍മ്മപ്പെടുത്തുന്നു: "കുട്ടി വളരുന്നതിനൊപ്പം തടവറകളുടെ നിഴലും അവള്‍ക്കുചുറ്റും വളര്‍ന്നുതുടങ്ങുന്നു."
പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയവന്‍റെ അമ്മ മാധ്യമക്കാരോടു പറയുകയാണ്, "അവന് എന്തൊക്കെ സാധിക്കുമെന്ന് ഇപ്പോള്‍ ഞങ്ങളറിയുന്നു. കൂടുതല്‍ അധ്വാനിക്കാന്‍ ഞങ്ങള്‍ അവനെ പ്രേരിപ്പിക്കും. ഒപ്പംനിന്നു സഹായിക്കും. അവനു നേടാനാവാത്തതായി ഒന്നുമില്ല." ആ കുട്ടി തനിക്ക് ഒന്നാംറാങ്കു കിട്ടിയതായി കേട്ടിരുന്നോ? ഇല്ല. "എന്‍റെ അപ്പനും അമ്മയും ഇതറിഞ്ഞോ?" ഇതു മാത്രമാണ് അവന്‍റെ ചോദ്യം. മറ്റൊരമ്മ പാതിരാത്രിക്ക് മകനോടൊപ്പം കുത്തിപ്പിടിച്ചിരുപ്പാണ്. ടേബിള്‍ ലാമ്പ് കത്തിയിരുപ്പുണ്ട്. ഹോര്‍ലിക്സ്കാപ്പി നിറച്ച ഫ്ളാസ്ക് തിളങ്ങുന്നുണ്ട്. ഉറക്കച്ചടവുള്ള മുഖവും വ്യായാമമില്ലാത്തതുകൊണ്ട് പൊണ്ണത്തടിയുമുള്ള തന്‍റെ പത്താംക്ലാസുകാരന്‍ മകനെ സ്നേഹവായ്പോടെ തലോടിക്കൊണ്ട് അവള്‍ പറയുന്നു: "എന്‍റെ മകന് കൂട്ടിരിക്കുന്നത് എനിക്കു വലിയ സന്തോഷമാണ്." ചൂടുകാപ്പിയെക്കാളും കുറെ പുസ്തകങ്ങളെക്കാളും അവനു വേണ്ടത് അയല്‍പക്കത്തേക്കുള്ള ഒരോട്ടമോ, ഒരു മണിക്കൂര്‍ കളിയോ ആണ്. "ശിശുക്കള്‍ക്കെതിരായ വലിയ പാതകമാണിത്. മാതാപിതാക്കളുടെ സഹായസഹകരണങ്ങളോടെയാണ്എല്ലായിടത്തും ഇത് അരങ്ങേറുന്നത്." ദേഷ്യത്തോടെ പറയുന്നത് കൊച്ചിയിലുള്ള ഒരു ശിശുമനഃശാസ്ത്രവിദഗ്ദ്ധനാണ്. കേള്‍ക്കാന്‍ സന്മനസുള്ളവര്‍ക്കായി അദ്ദേഹം ഇതുംകൂടി പറഞ്ഞു; "നോക്കിക്കോളൂ, ഒരു ദിവസം ഇതിനു നാം വലിയ വില കൊടുക്കേണ്ടി വരും."
കേള്‍ക്കാന്‍ ഇവിടെ ആരെങ്കിലുമുണ്ടോ? ഉണ്ടാവില്ല. എല്ലാവരും തിരക്കിലാണല്ലോ. അടുത്ത ഡാന്‍സ് ക്ലാസിനോ, നീന്തല്‍ മത്സരത്തിനോ കുട്ടികളെ ഒരുക്കുന്ന തിരക്കിലാണല്ലോ അവരൊക്കെ. മത്സരങ്ങള്‍ സൗഹൃദപരമായി കാണപ്പെടുന്നെന്നേയുള്ളൂ. പക്ഷേ ശരിക്കും അവയെല്ലാം കഴുത്തറപ്പന്‍ മത്സരങ്ങള്‍ തന്നെയാണ്. അത്ര സൗന്ദര്യമില്ലാത്ത ഒരു കുട്ടിക്കോ, പുതിയ നീന്തല്‍ വസ്ത്രം കിട്ടാത്ത കുട്ടിക്കോ അതേല്പിക്കുന്ന മാനസികാഘാതം വളരെ വലുതാണ്. തന്‍റെ കുഞ്ഞുമകളെ കുളിപ്പിച്ചിട്ടുള്ള ഏതൊരാള്‍ക്കും അറിയാം അവള്‍ എങ്ങനെയാണ് മതിമറക്കുന്നത് എന്ന്. കുളിപ്പിക്കുന്നതിനായി അവളുടെ തുണി ഉരിയുന്നതോടെ അവള്‍ തുള്ളിക്കളിക്കുന്നു. പിന്നീട് അവള്‍ എങ്ങനെ കാണപ്പെടണമെന്ന സമൂഹത്തിന്‍റെ നിര്‍ബന്ധത്തിന്‍റെ മുമ്പില്‍ അവള്‍ അവളെക്കുറിച്ച് കൂടുതല്‍ ബോധവതിയായിത്തുടങ്ങുന്നു. അടുത്ത പടിയില്‍ അവള്‍ക്ക് അവളെക്കുറിച്ച് വെറുപ്പ് തോന്നിത്തുടങ്ങുന്നു. ഒരു 'റിയാലിറ്റി ഷോ'ക്കു ശേഷം ഒരു പെണ്‍കുട്ടി ജീവനൊടുക്കിയത് വെറും രണ്ടുവര്‍ഷം മുന്‍പല്ലേ? മറ്റുള്ളവരുടെ കൈയടി കിട്ടാന്‍മാത്രം തന്‍റെ കൈയിലൊന്നുമില്ലെന്ന അറിവ് അവളെ വല്ലാതെ തകര്‍ത്തുകളഞ്ഞു. തനിക്ക് ജീവിച്ചിരിക്കാന്‍ യോഗ്യതയില്ലെന്ന തോന്നല്‍ അവളെ കീഴടക്കി. അവളുടെ തോല്‍വിയുടേതിനെക്കാള്‍ വലിയ തോല്‍വി ഈ സമൂഹത്തിന്‍റേതാണ്. ഓരോ കുഞ്ഞും ഓരോ അത്ഭുതമാണെന്ന് അതു തിരിച്ചറിയാതെ പോയി.
കുറച്ചുമാസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഒരു എലിവേറ്ററില്‍ പോവുകയായിരുന്നു. ചെറുപ്പക്കാരിയായ ഒരമ്മയും അവളുടെ ഒരാണ്‍കുഞ്ഞും വോറൊരു പ്രായംചെന്ന സ്ത്രീയും എന്നോടൊപ്പമുണ്ടായിരുന്നു. പ്രായംചെന്ന സ്ത്രീ അമ്മയെയും കുഞ്ഞിനെയും അഭിവാദനം ചെയ്തുകൊണ്ട് ചോദിച്ചു: "കുട്ടി നന്നായി കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടോ?" കുട്ടി മിടുക്കനാണെന്നും ഇപ്പോള്‍ തങ്ങള്‍ വീട്ടിലേക്കു പോകുകയാണെന്നും കുറച്ചുകഴിഞ്ഞ് അവനെ ഉച്ചാരണ ക്ലാസില്‍ കൊണ്ടാക്കാമെന്നും കുട്ടിയുടെ അമ്മ മറുപടി നല്കി. "കുട്ടിക്കു വയസ്സെത്രയായി?" പ്രായംചെന്നവള്‍ വീണ്ടും ചോദിച്ചു. "നാല് പോയിന്‍റ് എട്ട്," അമ്മ മറുപടി പറഞ്ഞു. "ആഹാ, അങ്ങനെയെങ്കില്‍ എന്‍റെ ക്ലാസില്‍ വരാന്‍ മാത്രം അവനു പ്രായമുണ്ട്," എലിവേറ്ററില്‍നിന്നിറങ്ങിക്കൊണ്ട് ആ സ്ത്രീ പറഞ്ഞു. ആ ചെറുപ്പക്കാരിയുടെ ഫ്ളാറ്റില്‍ തന്‍റെ ആര്‍ട്ട്സ് ക്ലാസുകളെക്കുറിച്ചുള്ള പാംഫ്ലെറ്റ് ഇട്ടേക്കാമെന്ന് അവള്‍ വാഗ്ദാനം ചെയ്തു.
ആ കുട്ടിയുടെ ഒരു മണിക്കൂര്‍കൂടി, അവന്‍റെ മനസ്സിന്‍റെ ഏതോ ഭാഗം വികസിപ്പിക്കാനായി ചെലവാക്കാന്‍ പോകുകയാണ്. പക്ഷേ അവനെന്തായിരിക്കും ശരിക്കും ഇഷ്ടപ്പെടുക? തറയില്‍ കിടന്ന് അവന്‍റെ സങ്കല്പലോകത്തെ ഒരു കാറോടിക്കാന്‍, ഒന്നലറി, ആ കാര്‍ ഓടുന്നതിന്‍റെ ഒച്ചയുണ്ടാക്കാന്‍ ഒക്കെയായിരിക്കണം അവന്‍ ഇഷ്ടപ്പെടുന്നത്.
നൂറുകണക്കിനു മാതാപിതാക്കള്‍ അവരുടെ കുഞ്ഞുങ്ങളുടെ ജീവിതം സ്വയം ജീവിച്ചുതീര്‍ക്കുകയാണ്. തങ്ങളുടെ ആഗ്രഹങ്ങളെല്ലാം കുഞ്ഞുമനസ്സുകളിലേക്കു കുത്തിച്ചെലുത്തുകയാണ്. കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും അവര്‍ നിയന്ത്രിക്കുകയും രൂപപ്പെടുത്തകയുമാണ്. ഒന്നുകില്‍ ഈ മാതാപിതാക്കളെ അവരുടെ മാതാപിതാക്കള്‍ ഇതുപോലെ ഉന്തിതള്ളിയിട്ടുണ്ടാകണം. അല്ലെങ്കില്‍, തങ്ങളെ വേണ്ടവിധം പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ ഇന്നുള്ളതില്‍ കൂടുതല്‍ വിജയവും പണവും കൈയിലാക്കാമായിരുന്നു എന്നവര്‍ കരുതുന്നുണ്ടാകണം. മിക്കപ്പോഴും മാതാപിതാക്കള്‍ ഇമവെട്ടാതെ ശ്രദ്ധിക്കുന്ന ഈ മക്കള്‍ അവരുടെ ഒരേയൊരു സന്താനമായിരിക്കും. ഈ കുഞ്ഞുങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളുമുള്ള മുറിയുണ്ടാകും. അവര്‍ക്ക് ഒരിക്കലും ആവശ്യമില്ലാത്ത പാവകളുമുണ്ടാകും. പക്ഷേ അവര്‍ക്ക് അവരായിരിക്കാന്‍ മാത്രം ഒട്ടും സമയം കിട്ടില്ല. സഹോദരങ്ങളുണ്ടെങ്കില്‍ പിന്നെ മാതാപിതാക്കള്‍ നടത്തുന്നത് താരതമ്യം ചെയ്യലാണ്. ആര്‍ക്ക് മറ്റേയാളെക്കാള്‍ ഏതു കാര്യത്തിലാണു മികവ് എന്നയന്വേഷണമാണ് എപ്പോഴും. ഒരു കുഞ്ഞ് കുഞ്ഞായാല്‍മാത്രം പോരത്രെ. അവള്‍/അവന്‍ എന്തെങ്കിലുമൊക്കെ നേടിയേ തീരൂ.
കുട്ടികളുടെ ആത്മവിശ്വാസം കൂട്ടാനായി ചില സ്കൂള്‍ മാനേജുമെന്‍റുകള്‍ കണ്ടെത്തിയ നവീനമാര്‍ഗ്ഗങ്ങള്‍ ഭയപ്പെടുത്തുന്നവയാണ്. കുട്ടികളുടെ മനശ്ശാസ്ത്രം ലവലേശം അറിയാത്തവരാണ് ഈ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നത്. 2010 മാര്‍ച്ച് അവസാനം ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടു കണ്ടു. അതില്‍ നമുക്കു പേടിതോന്നുന്ന ചില പടങ്ങളുണ്ട്. കൗമാരപ്രായത്തിലുള്ള കുറെ കുട്ടികള്‍ കാലുനീട്ടി നിരയായി ഇരിക്കുകയാണ്. അവരുടെ കാലുകളുടെ മുകളിലൂടെ ആദ്യം സൈക്കിള്‍, പിന്നെ ഇരുചക്രവാഹനം, അവസാനം ഒരു ചെറിയകാര്‍ കയറ്റി ഓടിക്കുകയാണ്. ഏതു വേദനയും സഹിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് ഉദ്ദേശം. കൂടുതല്‍ കൂടുതല്‍ അവരെ കാഠിന്യമുള്ളവരാക്കുക, ഏതു ശങ്കയെയും അതിജീവിക്കുക, മുറിവേല്‍ക്കപ്പെടുമോയെന്നുളള ചെറിയ ഭയംപോലും ദൂരെക്കളയുക - ഇതിനൊക്കെ വേണ്ടി നടത്തപ്പെട്ടതായിരുന്നു അത്.
സൂറത്തിലെ പത്തിനും പന്ത്രണ്ടിനും ഇടയ്ക്കു പ്രായമുള്ള കുട്ടികളുടെ ആത്മവിശ്വാസം കൂട്ടാന്‍ എന്താണു ചെയ്തതെന്നോ? കുപ്പിച്ചില്ലുകളും കനല്‍കട്ടകളും വിരിച്ചിട്ട് അതിന്‍റെ മുകളിലൂടെ നഗ്നപാദരായി നടക്കാന്‍ അവരെ പ്രേരിപ്പിച്ചു. അവരുടെ കാല്‍പ്പാദങ്ങള്‍ക്കും ആത്മാവിനും എത്ര ക്ഷതമേറ്റിട്ടുണ്ടെന്ന് ചിന്തിക്കുന്നതുതന്നെ പേടിയുളവാക്കുന്നു. ദുഃഖകരമായ സത്യം, ഈ രണ്ടുരീതികളും അവലംബിക്കപ്പെട്ടത് മാതാപിതാക്കളുടെ സമ്മതത്തോടെ ആയിരുന്നു എന്നതാണ്. അവര്‍ ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍, കാണികളായി അടുത്തുണ്ടായിരുന്നു.
പണ്ടത്തെകാലത്തുണ്ടായിരുന്ന ഉച്ചയുറക്കങ്ങള്‍ക്കും ദീര്‍ഘനേരമുള്ള വായനകള്‍ക്കുമൊക്കെ എന്തുപറ്റി? തങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങള്‍ക്കിണങ്ങുംവിധം കഴിവുള്ള ഒരു കുട്ടിയായിരിക്കണം തന്‍റെ മകള്‍ എന്ന വിചാരത്തോടെയല്ലാതെ അവളെ നോക്കാന്‍പോലും മാതാപിതാക്കള്‍ക്കാകുന്നില്ല. അവളെ ഏറ്റവും മികവുറ്റവളാക്കിത്തീര്‍ക്കാന്‍ ഏതു പ്രസംഗപരിശീലന ക്ലാസിനും നൃത്തക്ലാസിനും വിടണമെന്നാണ് എപ്പോഴും അവരുടെ ചിന്ത. ഇതിനൊക്കെയിടയില്‍ നമ്മള്‍ മറന്നുപോകുന്ന വലിയൊരു സത്യമുണ്ട്. ജീവിതത്തിലെ വലിയ പ്രതിസന്ധികളുടെ മുമ്പില്‍ അടിപതറാതെ നില്ക്കാന്‍ അവശ്യംവേണ്ടത് സ്വന്തം ആന്തരിക മൂല്യത്തിലുള്ള വിശ്വാസമാണ്.
ജീവിക്കാന്‍ വേണ്ടിയുള്ള ആയോധന തന്ത്രങ്ങള്‍ കുട്ടികളെ നിരന്തരം പരിശീലിപ്പിക്കുക വഴി, നമ്മുടെ കുട്ടികള്‍ക്കു നഷ്ടമാകുന്നത് ജീവിതമെന്ന സന്തോഷം തന്നെയാണോ?
കടപ്പാട്: ദ ഹിന്ദു