news-details
മറ്റുലേഖനങ്ങൾ

സ്നേഹത്തിന്‍റെ ചേരുവകള്‍

"യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാര്‍ ഭാഗ്യവാന്മാര്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവന്‍ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുചെന്ന് അവരെ പരിചരിക്കുകയും ചെയ്യും."  ലൂക്കാ 12:37

ലോകത്തെ ആത്യന്തികമായി രക്ഷിക്കാന്‍ സ്നേഹത്തിനു മാത്രമേ കഴിയൂ എന്നത് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. സ്നേഹമാണ് ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതും മുന്നോട്ടു നയിക്കുന്നതും. അതുകൊണ്ടാകണം എല്ലായിടത്തും എല്ലാവരും സ്നേഹത്തിനുവേണ്ടിയുള്ള അന്വേഷണത്തിലാണ്.

പക്ഷേ, സ്നേഹം യഥാര്‍ത്ഥത്തില്‍ എന്താണെന്നോ, അതെങ്ങനെയാണു ഹൃദയത്തില്‍ ഉരുവാകുന്നതെന്നോ അറിയാവുന്നവര്‍ എത്ര കുറവാണ്. മിക്കവര്‍ക്കും സ്നേഹമെന്നാല്‍ മറ്റുള്ളവരോടു തോന്നുന്ന നല്ല വികാരങ്ങളാണ് - സഹാനുഭൂതി, അഹിംസ, സേവനം തുടങ്ങിയവ. പക്ഷേ അവ അവയില്‍തന്നെ സ്നേഹമല്ല.

സ്നേഹം ഉറവയെടുക്കുന്നത് അവബോധത്തില്‍നിന്നാണ്. ഇപ്പോള്‍, ഇവിടെ, നിങ്ങളുടെ കണ്‍മുമ്പിലുള്ള വ്യക്തിയെ അയാളായിരിക്കുന്ന അതേ രീതിയില്‍ കാണാനാകുമ്പോഴേ നിങ്ങള്‍ക്ക് അയാളെ സ്നേഹിക്കാനാകൂ. നിങ്ങളുടെ ഓര്‍മ്മയിലോ സങ്കല്പത്തിലോ ആഗ്രഹത്തിലോ ഉള്ള ഒരു ചിത്രത്തെ നിങ്ങള്‍ മുറുകെപിടിച്ചുകൊണ്ടിരുന്നാല്‍ നിങ്ങള്‍ക്ക് അയാളെ സ്നേഹിക്കാനാകില്ല, കാരണം അപ്പോള്‍ നിങ്ങള്‍ സ്നേഹിക്കുന്നത് ആ വ്യക്തിയെയല്ല. ആ വ്യക്തിയെക്കുറിച്ച് നിങ്ങള്‍ രൂപപ്പെടുത്തിയ ആശയത്തെയായിരിക്കും.

1. അതുകൊണ്ട് സ്നേഹിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഒരു വ്യക്തിയോ വസ്തുവോ എന്താണോ, അങ്ങനെതന്നെ അയാളെ/അതിനെ കാണുക എന്നതാണ്. അതിനുകഴിയണമെങ്കില്‍ നല്ല അച്ചടക്കം ശീലിക്കേണ്ടതുണ്ട്. അതായത്, നിങ്ങളുടെ ആഗ്രഹങ്ങളും മുന്‍വിധികളും ഓര്‍മകളും സങ്കല്പങ്ങളും ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കാനും മറ്റുള്ളവ അവഗണിക്കാനുമുള്ള പ്രവണതയും ഒക്കെ നിങ്ങള്‍ ഉപേക്ഷിക്കേണ്ടിവരും.  ഇത്തരമൊരു അച്ചടക്കശീലനം പലര്‍ക്കുമാകാത്തതുകൊണ്ട് പലരും സ്നേഹമെന്ന ലേബലൊട്ടിച്ചിട്ടുള്ള നന്മ പ്രവൃത്തികളിലേക്കും സേവനശുശ്രൂഷകളിലേക്കും എടുത്തുചാടുന്നു. നിങ്ങള്‍ ശരിക്കൊന്നു കാണാന്‍ കൂടി തയ്യാറാകാത്ത ഒരു വ്യക്തിയെ ശുശ്രൂഷിക്കാനായി ഇറങ്ങിപ്പുറപ്പെടുന്നു. നിങ്ങള്‍ സത്യത്തില്‍ ആരെയാണു ശുശ്രൂഷിക്കുന്നത് -ആ വ്യക്തിയെയോ, അതോ നിങ്ങളെത്തന്നെയോ? സ്നേഹത്തിന്‍റെ ആദ്യത്തെ ചേരുവ ഒരാളെ ശരിക്കും നോക്കിക്കാണുക എന്നതാണ്.

2. സ്നേഹത്തിന്‍റെ രണ്ടാമത്തെ ചേരുവ ആദ്യത്തേതുപോലെതന്നെ പ്രധാനപ്പെട്ടതാണ്. അത്, നിങ്ങളെ തന്നെ നോക്കിക്കാണലാണ്. നിങ്ങളുടെ ആഗ്രഹങ്ങള്‍, വികാരങ്ങള്‍, ആവശ്യങ്ങള്‍, സത്യസന്ധതയില്ലായ്മ,  സ്വാര്‍ത്ഥത, എങ്ങനെയും ആളുകളെ നിയന്ത്രിക്കാനും സ്വാധീനിക്കാനുമുള്ള ആഗ്രഹം ഒക്കെയും ദീര്‍ഘസമയമെടുത്ത് കാണുക. ഇവയൊക്കെ നിങ്ങളിലുണ്ടെന്ന തിരിച്ചറിവ് വളരെ വേദനാജനകമായിരിക്കും. എങ്കിലും ഓരോന്നും ഇഴപിരിച്ചെടുത്ത് നോക്കിക്കാണുക.

3. അന്യരെക്കുറിച്ചും നിങ്ങളെക്കുറിച്ചും ഇത്തരമൊരു അവബോധം നേടിയെടുക്കാനായാല്‍, സ്നേഹം എന്താണെന്ന് നിങ്ങള്‍ തിരിച്ചറിയും. കാരണം, ജാഗ്രത്തായ, കാഴ്ചപ്പാടിനു തെളിമയുള്ള വ്യക്തതയും കൃത്യതയുമുള്ള, സംവേദനക്ഷമമായ ഒരു ഹൃദയവും മനസ്സും നിങ്ങള്‍ക്കു സ്വന്തമാകും. അതോടെ, അനുനിമിഷം മാറിമറിയുന്ന വ്യത്യസ്തമായ ചുറ്റുപാടുകളോട് ഏറ്റവും ശരിയും ഉചിതവുമായ രീതിയില്‍ പ്രതികരിക്കാന്‍ നിങ്ങള്‍ പ്രാപ്തരാകും. ചിലപ്പോള്‍ ഒരു കാര്യത്തിലേക്ക് നിങ്ങള്‍ എടുത്തുചാടിയേക്കാം. ചിലപ്പോള്‍ നിങ്ങള്‍ സ്വയം നിയന്ത്രിച്ച് ഒന്നും ചെയ്യാതെ ഇരുന്നേക്കാം. ചിലപ്പോള്‍ നിങ്ങള്‍ ആളുകളെ ശ്രദ്ധയോടെ ശ്രവിച്ചേക്കാം. ചിലപ്പോള്‍ അവരെ അവഗണിച്ചേക്കാം. ചിലപ്പോള്‍ നിങ്ങള്‍ സഹാനുഭൂതിയും വിട്ടുവീഴ്ചയും ഉള്ളവളായേക്കാം, ചിലപ്പോള്‍ കാഠിന്യത്തോടെയും അധികാരത്തോടെയും കടുംപിടുത്തത്തോടെയും അക്രമാത്മകമായും പ്രവര്‍ത്തിച്ചേക്കാം.

സംവേദനക്ഷമതയില്‍നിന്നും ഉരുത്തിരിയുന്ന സ്നേഹം അപ്രതീക്ഷിതമായ പല രൂപവും കൈക്കൊള്ളും. അത്തരം സ്നേഹം പഠിച്ചുവച്ച തത്ത്വങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുമനുസരിച്ചല്ല പ്രതികരിക്കുന്നത്. പിന്നെയോ തൊട്ടുമുമ്പിലുള്ള മൂര്‍ത്തമായ യാഥാര്‍ത്ഥ്യത്തോടാണ്. ഈയൊരു സംവേദനക്ഷമത നിങ്ങള്‍  ആദ്യമായി അനുഭവിക്കുമ്പോള്‍, അതു നിങ്ങളെ ഭയപ്പെടുത്തിയേക്കാം. കാരണം അന്നുവരെ നിങ്ങള്‍ക്കു സുരക്ഷിതത്വം നല്‍കിയ മതിലുകള്‍ അതു തകര്‍ക്കും. നിങ്ങളുടെ സത്യസന്ധതയില്ലായ്മയെ നിങ്ങളുടെ കണ്‍മുമ്പില്‍ കൊണ്ടുവരും.

ഒരു ധനാഢ്യന്‍ ഒരു ദരിദ്രന്‍റെ നിസ്സഹായാവസ്ഥ ശരിക്കുമൊന്നു കാണാന്‍ തയ്യാറായാല്‍ അയാള്‍ക്കുണ്ടാകാവുന്ന ഭീതിയെപ്പറ്റി ഒന്നാലോചിച്ചുനോക്കുക. ആളുകളെ അടിച്ചമര്‍ത്തുന്ന ഒരു സ്വേച്ഛാധിപതിക്ക് താന്‍ ചവിട്ടിതേക്കുന്നവരെ യഥാര്‍ത്ഥത്തില്‍ കാണാനായാല്‍ എന്തു ഭീതിദമായിരിക്കും അത്. മതമൗലികവാദികള്‍ക്കും മതഭ്രാന്തര്‍ക്കുമൊക്കെ തങ്ങളുടെ വിശാസങ്ങള്‍ യാഥാര്‍ത്ഥ്യത്തോടു പെരുത്തപ്പെടുന്നില്ല എന്നു വ്യക്തമായാല്‍ എന്തു ദുസ്സഹമായിരിക്കും അത്. ഒരു കാമുകന്‍ താന്‍ സ്നേഹിക്കുന്നതു തന്‍റെ കാമുകിയെയല്ല, അവളെക്കുറിച്ച് അവനുണ്ടാക്കിയ ചിത്രത്തെയാണ് എന്നു തിരിച്ചറിയുമ്പോള്‍ അവന്‍റെയുള്ളില്‍ എന്തായിരിക്കും സംഭവിക്കുന്നത്?  

ഒരു വ്യക്തിക്ക് ചെയ്യാവുന്നതില്‍ വച്ചേറ്റവും വേദനാജനകമായ പ്രവൃത്തി കാണുക എന്നതാണെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നില്ലേ? അതുകൊണ്ടുതന്നെ അവള്‍ ആ പ്രവൃത്തിയെ ഒരുപാടു ഭയക്കുകയും ചെയ്യുന്നു. കാഴ്ചയില്‍നിന്നാണ് സ്നേഹം ഉടലെടുക്കുന്നത്. അഥവാ, കാഴ്ചയാണു സ്നേഹം.

നിങ്ങള്‍ കാണാന്‍ തുടങ്ങുന്ന മാത്രയില്‍ നിങ്ങളുടെ സംവേദനക്ഷമത നിങ്ങളെ അവബോധമുള്ളവളാക്കി തീര്‍ക്കും. ആ അവബോധം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്ന കുറച്ചുകാര്യങ്ങളെക്കുറിച്ചു മാത്രമായിരിക്കുകയില്ല, എല്ലാ കാര്യങ്ങളെക്കുറിച്ചുമായിരിക്കും.

നിങ്ങള്‍ തീര്‍ത്തിരിക്കുന്ന പ്രതിരോധങ്ങളുടെ മതില്‍ക്കെട്ടുകളെ ഈ കാഴ്ച തകര്‍ക്കും. നിങ്ങള്‍ക്കു മറഞ്ഞിരിക്കാന്‍ പിന്നീട് ഒരു മറകളും ഉണ്ടാകില്ല. അതുകൊണ്ട് നിങ്ങളുടെ സംവേദനക്ഷമതയെ മുരടിപ്പിക്കാന്‍ നിങ്ങളിലെ അഹംബോധം സര്‍വ്വദാ ശ്രമിച്ചുകൊണ്ടിരിക്കും. കാഴ്ച നിങ്ങളെ കൊല്ലുകതന്നെ ചെയ്യും. സ്നേഹം ഭയപ്പെടുത്തുന്നതാകുന്നത് അങ്ങനെയാണ്. സ്നേഹിക്കുകയെന്നാല്‍ കാണുകയെന്നാണ് അര്‍ത്ഥം. കാണുകയെന്നാല്‍ മരിക്കുകയെന്നാണ് അര്‍ത്ഥം. അതേസമയം വളരെ നിറവ് അനുഭവപ്പെടുന്നതുമാണു സ്നേഹം. അഹം മരിക്കുന്നതോടെ നിങ്ങളില്‍ സ്വാതന്ത്ര്യവും ശാന്തതയും സൗകുമാര്യവും സന്തോഷവും നിറഞ്ഞുതുളുമ്പും.

സ്നേഹമാണ് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നതെങ്കില്‍ നോക്കിക്കാണുക എന്ന പ്രവൃത്തിയിലേര്‍പ്പെടുക. നിങ്ങള്‍ വളരെ വെറുക്കുന്ന ഒരു വ്യക്തിയെ നോക്കുക. നിങ്ങളിലെ മുന്‍വിധികള്‍  അതോടെ വെളിച്ചത്തുവരും. നിങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വ്യക്തിയെ നോക്കുക. ആ ബന്ധം കൊണ്ടുവരുന്ന വേദനയും അടിമത്തവും അര്‍ത്ഥശൂന്യതയും അതോടെ നിങ്ങള്‍ തിരിച്ചറിയും. കൂടാതെ, അനേകം മനുഷ്യമുഖങ്ങളിലേക്കു സ്നേഹത്തോടെ നിങ്ങള്‍ക്കു നോക്കാനാകും. കുറെയേറെ സമയമെടുത്ത് പ്രകൃതിയെ ഒന്നുനോക്കിക്കാണുക. ഒരു പക്ഷി പറക്കുന്നതും ഒരു പൂവു വിരിയുന്നതും ഒരു ഉണക്കയില പൊടിയുന്നതും ഒരു നദി ഒഴുകുന്നതും ചന്ദ്രന്‍ ഉദിക്കുന്നതും ഒരു മല ആകാശത്തെ ഉരുമ്മതും ഒക്കെയൊന്നു കാണുക. അപ്പോള്‍ നിങ്ങളുടെ ഹൃദയത്തെ ആവരണം ചെയ്തു നില്‍ക്കുന്ന കടുപ്പമുള്ള തോട് ഉരുകിപ്പോകുകയും നിങ്ങളുടെ ഹൃദയം സംവേദനക്ഷമതയും പ്രതികരണശേഷിയും വീണ്ടെടുക്കുകയും ചെയ്യും. നിങ്ങളുടെ കാഴ്ച വ്യക്തമാകുകയും ചെയ്യും. അങ്ങനെയവസാനം സ്നേഹമെന്തെന്നു നിങ്ങള്‍ തിരിച്ചറിയും.

You can share this post!

ഏപ്രില്‍ 7: ലോക ആരോഗ്യദിനം - തലച്ചോറിനു വേണ്ട ശരിയായ ഭക്ഷണം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts