news-details
കവിത

ഛേദിക്കപ്പെടാനായി ഇതാ കൈകള്‍

പറയൂ,
കൈകള്‍ കൊണ്ട്
എന്തു പ്രയോജനം?
ചട്ടിയില്‍ വീണ അയിലയെ
മൂന്നായി മുറിക്കാം. പിന്നെ?
വിലാപങ്ങള്‍ പുറത്തുവരാതെ വായ്മൂടാം.
കരയുന്ന പെണ്ണിന്‍റെ മടിക്കുത്തഴിക്കാം.
ഗര്‍ഭിണിയുടെ വയര്‍
പച്ചജീവനോടെ പിളര്‍ന്നു
കുഞ്ഞിനെ പുറത്തെടുത്ത കൈകള്‍!
ആ കൈകള്‍ ആരുടേതാണ്?
സ്വപ്നത്തിന്‍റെ ആകാശഗോപുരങ്ങളിലേക്ക്
അസ്വസ്ഥതയുടെ വിമാനങ്ങളുമായി
പറന്നുകയറിയ കൈകള്‍?
മിന്നാരങ്ങള്‍ തച്ചുതകര്‍ത്ത കൈകള്‍?
വിഗ്രഹങ്ങള്‍ക്കു കല്ലെറിഞ്ഞ കൈകള്‍?
ജീവനു തീവെച്ച കൈകള്‍?
എല്ലാ കൈകളും ഒരുപോലിരുന്നു!
ഒരേ നിറം! ഒരേ മണം!
ചിലര്‍ നിസ്കാരപ്പായകളില്‍ മുട്ടുകുത്തി!
ചിലര്‍ ശ്രീലകങ്ങള്‍ക്കു മുന്നില്‍ കൈകൂപ്പി!
ചിലര്‍ അള്‍ത്താരയ്ക്കു മുന്‍പില്‍ കുമ്പിട്ടു!
അനന്തരം
വടിവാളുകളും കൈമഴുവും ഏന്തി
അയല്‍ക്കാരനെ തേടി പുറപ്പെട്ടു!
ഛേദിക്കപ്പെടാനുള്ള കൈകള്‍
ആരുടേതാണ്?
ചോരയുടെ മണം
തെരുവില്‍ നിന്നും
തെരുവുകളിലേക്കു പടര്‍ന്നു.
പുരോഹിതര്‍
പ്രാര്‍ത്ഥനാ മുദ്രകളോടെ
കാണിക്ക വഞ്ചിക്കു ചുറ്റും നിരന്നു
വെളിച്ചത്തെക്കുറിച്ചു പ്രസംഗിച്ചു.
വചനങ്ങള്‍ പെയ്തു.
"ദൈവം സ്നേഹമാകുന്നു'
പിന്നെയവര്‍
പഴയതുപോലെ
ഇരുട്ടിനു കാവല്‍ നിന്നു!
വന്‍ മരങ്ങളില്‍ എല്ലാം
ഇത്തിള്‍കണ്ണികള്‍ ആണ്!
കമ്മട്ടങ്ങളില്‍ കള്ളനാണയങ്ങള്‍!
കൊടിമരങ്ങളില്‍ കൗപീനം!
ദീപശിഖകളില്‍ വിഷജ്വാല!
വിലാപങ്ങള്‍ ഉയരുന്നത് എവിടെനിന്നാണ്?
പിശാചുക്കള്‍
ദൈവത്തിന്‍റെ പോരാളികളായി
തെരുവില്‍ പരസ്പരം നായാടി,
കത്തുന്ന തകരക്കുടിലുകളില്‍ നിന്നും
വിശ്വാസികളുടെ
തീപിടിച്ച ഉടലുകള്‍ ഓടിവന്നു.
കരിഞ്ഞ കൈകള്‍
ആകാശത്തേക്ക് ഉയര്‍ന്നു
'എന്‍റെ ദൈവമേ... എന്‍റെ ദൈവമേ...'
രോദനങ്ങള്‍ക്കു നടുവില്‍,
അപരാധങ്ങളുടെ തീ വെയിലില്‍,
ഒരു കുടക്കമ്പിപോലും
പ്രതിരോധമായി ഉയര്‍ത്താതെ
തണുത്ത ഞരമ്പുകളോടെ
നീയും ഞാനും തലകുനിച്ചു നിന്നു.
ഷണ്ഡന്മാര്‍!
മതി!
വിലപിക്കാനായി
ഇനി നാവുമാത്രം മതി!
വരുവിന്‍!
പിഴുതെടുക്കുവാനായി
ഇതാ എന്‍റെ കണ്ണുകള്‍!
പറിച്ചെടുക്കുവാനായി
ഇതായെന്‍ ഹൃദയം!
ഛേദിക്കപ്പെടാനായി
ഇതാ എന്‍റെ കൈകള്‍!

You can share this post!

ഫ്രാന്‍സിസ് അസ്സീസിയുടെ കവിത

അന്‍റ്റോണിന്‍ അര്‍റ്റോഡ് (മൊഴിമാറ്റം: ജോസ് സുരേഷ്)
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts