'ദേ, എനിക്കൊട്ടും ഉറക്കം വരണില്ല. വല്ലാത്തചൂട്. പുറത്താണെങ്കില്‍ നല്ല നിലാവുണ്ട്. നമുക്കിത്തിരിനേരം വരാന്തയില്‍പ്പോയി ഇരിക്കാം. ഉറക്കം വരുമ്പോള്‍ കയറിക്കിടന്നാല്‍ മതി." അവളുടെ നിര്‍ബന്ധം ശല്യമായി തോന്നിയപ്പോള്‍ അവന്‍ വരാന്തയിലേക്കിറങ്ങി. കൈയിലെടുത്ത ബഡ്ഷീറ്റ് വരാന്തയില്‍ വിരിച്ച് നീണ്ടു നിവര്‍ന്ന് കിടന്നു.
"എനിക്കു നന്നായി ഉറക്കം വരുന്നു. നിലാവ് കണ്ട് പൂതി തീരുമ്പം അകത്തുകയറി കതകടച്ച് കിടന്നോണം. എന്നെ വിളിക്കണ്ട."
അവനോടൊന്നിച്ച് അല്പനേരം ചെലവഴിക്കാന്‍... മോഹങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കാന്‍... തന്‍റെ കൊച്ചു കൊച്ചു സങ്കടങ്ങള്‍ പറയാന്‍... ജീവിതപങ്കാളിയോടു മാത്രം പറയാനുള്ള എന്തെന്തു കാര്യങ്ങളാണ് നെഞ്ചിനുള്ളില്‍ വിതുമ്പി നില്ക്കുന്നത്. അതൊന്നു പെയ്തൊഴിയാന്‍ ഒരവസരവും കിട്ടുന്നില്ല. ഇപ്പം ദാ, തന്നെ യൊന്ന് മൈന്‍ഡുപോലും ചെയ്യാതെ കല്ലുപോലെ കിടന്നുറങ്ങുന്നു.
ഓര്‍മ്മയില്‍നിന്ന് എത്ര ആട്ടിയകറ്റാന്‍ ശ്രമിച്ചിട്ടും മായാതെ നില്ക്കുന്ന ആ സംഭവം അവളുടെ നെഞ്ചിലൊരു നെരിപ്പോടായി കത്തിയെരിഞ്ഞുകൊണ്ടിരുന്നു. ആ നിമിഷം അത് ഒന്നാളിക്കത്തി. അന്ന്, വിവാഹദിവസം പള്ളിമുറ്റത്ത് വന്നിറങ്ങിയ സമയം. ഒരു കല്യാണപെണ്ണിനുണ്ടാകുന്ന എല്ലാ വികാരവായ്പോടും കൂടിയാണ് താനും വിവാഹവേദിയിലെത്തിയത്.
"എന്തൊരു കോലമാ ഇത്. ഇങ്ങനെ വേഷം കെട്ടാന്‍ ആരാ പറഞ്ഞത്?"
അവന്‍ അടുത്തെത്തി സ്വരം താഴ്ത്തി ചോദിച്ചു.
'ആളിത്രയ്ക്കും രസികനാണോ, എന്നാലും ഇതിത്തിരി കടുത്തു പോയി കേട്ടോ' എന്ന മട്ടില്‍ അവള്‍ അവനെ നോക്കി. പക്ഷേ ആ കണ്ണുകളില്‍ കുസൃതിയും തമാശയും ഒന്നുമില്ല. വെറുപ്പും പുച്ഛവും മാത്രം.
ഈ നിമിഷം തനിക്കു വേണമെങ്കില്‍ തിരിഞ്ഞോടാം. പക്ഷേ, എങ്ങോട്ട്? എവിടെവരെ? അതിനുമപ്പുറം? ആത്മഹത്യയും തിരിഞ്ഞോട്ടവും തമ്മില്‍ വ്യത്യാസമില്ലാത്ത അവസ്ഥ. ഉള്ളിലുണര്‍ന്ന കിതപ്പടക്കാന്‍ അവള്‍ നന്നേ പണിപ്പെട്ടു.
"ഇന്നു മുതല്‍ മരണം വരെ... ഒരുമിച്ചു ജീവിച്ചു കൊള്ളാം." സത്യവാചകം ഏറ്റുചൊല്ലുമ്പോള്‍ മനസ്സ് പറഞ്ഞു, 'നീ പള്ളി മുറ്റത്തുവച്ചു തന്നെ മരിച്ചു തുടങ്ങി യല്ലോ.'
മധുരം പങ്കുവച്ചപ്പോഴും ഗൃഹപ്രവേശം നടത്തിയപ്പോഴും അവന്‍റെ മുഖത്ത് പ്രകടമായി കണ്ട നിസ്സംഗത അവളുടെ ഉള്ളിലേയ്ക്ക് ഒരു മരവിപ്പായി പടര്‍ന്നു.
ആദ്യരാവിന്‍റെ ചടങ്ങുകള്‍ അരങ്ങേറിയപ്പോഴും അവന്‍റെ കണ്ണുകളിലെ ഭാവം അതുതന്നെയായിരുന്നിരിക്കണം. അണഞ്ഞ ലൈറ്റുകള്‍ക്കപ്പുറം ഭാവപ്പകര്‍ച്ച കളൊന്നും കാണാനായില്ല. സ്നേഹത്തിന്‍റെ, കരുതലിന്‍റെ, വാത്സല്യത്തിന്‍റെ ഒരു സ്പര്‍ശം ഓര്‍ത്തെടുക്കാനാവുന്നില്ല, എത്ര ശ്രമിച്ചിട്ടും.
മഞ്ഞുപെയ്തു തുടങ്ങി. കുളിരു തോന്നണുണ്ട്. അകത്തുകയറി കിടന്നാലോ... വിളിക്കരുതെന്നല്ലേ പറഞ്ഞത്... ഒരു പുതപ്പെടുത്ത് അവനെ പുതപ്പിച്ചു. അതിന്‍റെ സുഖത്തില്‍ അവന്‍ ഒന്നുകൂടി ചുരുണ്ടുകൂടി കിടന്നു.
"മഞ്ഞുകൊള്ളാതെ കയറി കിടക്ക്, ജലദോഷം പിടിപ്പിക്കണ്ട..." എന്ന് എപ്പോഴെങ്കിലും തന്നോടു പറയുമെന്ന് അവള്‍ വിചാരിച്ചു, അല്ല, കൊതിച്ചു. പക്ഷേ കൊതിയും വിചാരവും ഒന്നും ഒരിടത്തും എത്തിയില്ല. നേരം വെളുത്തു.
ഉള്ളിലെ പരിഭവം കുത്തി വീര്‍പ്പിച്ച മുഖവുമായി രാവിലെ കാപ്പിയുമായി എത്തി. മുഖത്തെ ഭാവമാറ്റം അവന്‍ തെല്ലും പരിഗണിച്ചില്ല.
"വരാന്തയില്‍ കിടന്നതുകൊണ്ട് ഒറ്റ ഉറക്കത്തിനു നേരം വെളുപ്പിക്കാനായി." അവന്‍ തികച്ചും സംതൃപ്തന്‍.
* * * * *
"പകല്‍ മുഴുവന്‍ ഞാനിവിടെ ഒറ്റയ്ക്കല്ലേ. ഒന്നു മിണ്ടാനും പറയാനും ആരുമില്ല. സന്ധ്യയാകുമ്പോഴെങ്കിലും വന്നൂടെ? കവലയില്‍ എന്തുമാത്രം സമയമാ ചെലവിടുന്നേ?"
"വേണ്ട സമയത്ത് കൃത്യമായി ഞാനിവിടെത്തുന്നുണ്ടല്ലോ? അല്ലെങ്കില്‍ത്തന്നെ ദിവസം മുഴുവനും പറയാനും മാത്രം എന്താണുള്ളത്?"
ശരിയാണ്, വേണ്ടസമയത്ത് കൃത്യമായി എത്താറുണ്ട്. അതില്‍ യാതൊരു പരാതിയും പറയാനില്ല. പക്ഷേ ഇതാണോ താന്‍ മനസ്സില്‍ താലോലിച്ചു വളര്‍ത്തിയ ദാമ്പത്യം? ഒത്തിരി ഒത്തിരി ആശകള്‍ കൊരുത്തിരുന്നില്ലേ... ഒന്നും ശരീരത്തിന്‍റെ വെമ്പലുകളോ, ഇളക്കങ്ങളോ ആയിരുന്നില്ല. ഒക്കെയും മനസ്സിന്‍റെ നിമ്ന്നോന്നതികളെ തഴുകി ഈറന്‍ പുതപ്പിക്കുന്നവയായിരുന്നു. ഒരു നോട്ടത്തിലൂടെ, ഒരു പുഞ്ചിരിയിലൂടെ, ഒഴുകിയിറങ്ങുന്ന പ്രണയകുളിര്... സ്വപ്നവും പ്രണയവും കൂടുകൂട്ടാത്ത ഒരു നെഞ്ചില്‍ നിന്നും എന്തു പ്രണയച്ചൂട് അറിയാന്‍... ജീവനുള്ള ഏതൊരുവന്‍റെയും നെഞ്ചില്‍ ഒരു ചൂട് ഉണ്ടല്ലോ... പക്ഷേ ആ ചങ്കില്‍ ഒരു പ്രണയവല്ലിക്ക് വേരോടാന്‍ കഴിയുമോ...
* * * * *
കുറച്ചു നേരമായി തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. മൂളുകയും ഞരങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നിട്ടും ചേര്‍ന്നുകിടക്കുന്നവന്‍ ഒന്നും അന്വേഷിക്കുന്നതേയില്ല. ഇപ്പം ചോദിക്കുമെന്നു കരുതിയിട്ട്, രക്ഷയില്ല. സങ്കടം സഹിക്കവയ്യാതെ ഒടുവില്‍ പറഞ്ഞു: "ദേ, എന്‍റെ ദേഹം നുറുങ്ങുന്നപോലെ വേദനിക്കുന്നു. തല പൊട്ടിപ്പോകുന്ന വേദന..."
അസ്വസ്ഥനായി തിരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു: "ഒന്നു മോങ്ങാതെ കിടക്ക്... നേരം വെളുക്കട്ടെ, കുറഞ്ഞില്ലെങ്കില്‍ മരുന്നു വാങ്ങിക്കാം."
"പനിക്കുന്നുണ്ടോ... നോക്കട്ടെ... നന്നായി പനിക്കുന്നുണ്ടല്ലോ... കുടിക്കാന്‍ ചൂടുവെള്ളം ഉണ്ടാക്കി വേണോ?... ഒരു തുണി നനച്ച് നെറ്റിയില്‍ ഇട്ടാലോ... ഇത്തിരി ആശ്വാസം കിട്ടുമെന്നേ... സാരമില്ല, കണ്ണടച്ച് എന്നോടു ചേര്‍ന്നു കിടന്നോ... ഇപ്പം ഉറക്കംവരും... " എന്നൊക്കെ പറഞ്ഞ് ചേര്‍ത്തു കിടത്തി ആശ്വസിപ്പിച്ചിരുന്നെങ്കില്‍... വെറുതെ ആശിച്ചു.
പക്ഷേ പനിക്കുന്നുണ്ടോയെന്നു പോലും ചോദിച്ചില്ല. കണ്ണുകള്‍ നിറഞ്ഞൊഴുകി.
നേരം പുലര്‍ന്നു. അസുഖവിവരം കൃത്യമായി അന്വേഷിച്ചു. മരുന്നു വാങ്ങിക്കൊണ്ടു വന്നു.
"മരുന്ന് മേശപ്പുറത്ത് വച്ചിട്ടുണ്ട്. നേരം പോയി. കഴിക്കണ്ട വിധമൊക്കെ കവറിനു പുറത്ത് എഴുതിയിട്ടുണ്ട്."
"ഇപ്പം എങ്ങനെയുണ്ട്...?" പകല്‍ മുഴുവന്‍ ഒരു ഫോണ്‍കോള്‍ പ്രതീക്ഷിച്ചതു മാത്രം മിച്ചം.
"വൈകുന്നേരത്തെ മരുന്ന് കഴിച്ചോ? ഇപ്പോഴത്തെ പനി സൂക്ഷിക്കണം." കിടക്കാന്‍ നേരത്ത് അളന്നു തൂക്കി പറഞ്ഞു.
ഇതു പറയാന്‍ വേണ്ടി മാത്രം ഒരു ജീവിതപങ്കാളിയെന്തിന്? അങ്ങനെ ചിന്തിക്കാന്‍ പാടില്ലെങ്കിലും ചിന്തിപ്പിച്ചുപോയി, സാഹചര്യങ്ങള്‍. മരുന്നെടുത്ത് നിര്‍ബന്ധിച്ചു കഴിപ്പിക്കുന്ന പങ്കാളി സങ്കല്പങ്ങള്‍ക്കപ്പുറ ത്തേക്ക് വളരുന്നില്ല. ഇനിയൊട്ടു വളരുമെന്ന് പ്രതീക്ഷി ക്കാനുമാവില്ല.
* * * *
ഒരു ദിവസം രാവിലെ എണീറ്റപ്പോള്‍ ഒരു അരുതായ്ക. നേരിയ സംശയം ഉള്ളില്‍ തോന്നി. കലണ്ടറില്‍ നോക്കി സംഗതി ഉറപ്പിച്ചു. ദേഹമാസകലം ഒരു കുളിര്... ഒരു വിറയല്‍...
"വിശേഷമായോന്ന് ഒരു സംശയം." അവള്‍ ഏതൊരു സ്ത്രീക്കും ഉണ്ടാകുന്ന നാണത്തോടെ പറഞ്ഞു. ഒന്നും മനസ്സിലാകാത്ത ഭാവത്തില്‍ അവന്‍ മിഴിച്ചു നോക്കി. 'ഇതെന്തൊരു മനുഷ്യന്‍' എന്ന് ഉള്ളില്‍ പറഞ്ഞെങ്കിലും അവള്‍ കാര്യങ്ങള്‍ കുറച്ചുകൂടി വിശദീകരിച്ചു.
"ഞാനൊരു ആണാണെന്ന് ഇപ്പം പിടികിട്ടിയല്ലോ..."
അതിലൊതുങ്ങി അവന്‍റെ ആഹ്ളാദവും സന്തോഷവും.
"എനിക്കിന്ന് കൂടെവരാനും മറ്റും ഒട്ടും സമയമില്ല. പണം മേശയ്ക്കകത്തിരിപ്പുണ്ട്. ആരെയെങ്കിലും കൂട്ടിക്കൊണ്ട് ഇന്നുതന്നെ ഹോസ്പിറ്റലില്‍ പൊയ്ക്കൊ."
ഉത്തരവാദിത്തങ്ങള്‍ മറക്കാത്ത ഭര്‍ത്താവ്. അവള്‍ ഹോസ്പിറ്റലില്‍ പോയി. ഡോക്ടര്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ പറയാനായി അവനെ വിളിച്ചു. പലവ്യജ്ഞനലിസ്റ്റു കേള്‍ക്കുന്ന ലാഘവത്തോടെ അവനെല്ലാം മൂളികേട്ടു.
"നിനക്ക് പ്രത്യേകിച്ച് ക്ഷീണമൊന്നും....?" അങ്ങനെയൊരു അന്വേഷണം ഉണ്ടോയെന്ന് കാതോര്‍ത്തു. വെറുതെ ഒരാശ.
വൈകുന്നേരം അയാള്‍ വന്നപ്പോള്‍ പതിവിനു വിപരീതമായി ഉണ്ടായിരുന്നത് കുറച്ച് ഫ്രൂട്ട്സും ഒരു ഭരണി ഹോര്‍ലിക്സും മാത്രം. മുഖത്ത് യാതൊരു ഭാവപ്പകര്‍ച്ചയും ഇല്ല. എന്നത്തേതും പോലെതന്നെ. ജീവിതത്തില്‍ പുതുതായിട്ടൊന്നും സംഭവിച്ചിട്ടേ ഇല്ലായെന്ന മട്ടും മാതിരിയും.
എന്നാല്‍ തനിക്കോ... ഉള്ളില്‍ തുടികൊട്ടുന്ന പുളക മേളകള്‍ ആരോടു പറയും, എങ്ങനെ പറയും... ഒന്നും അറിയില്ല. ആകെയൊരു തിക്കുമുട്ടല്‍... ഉള്ളിലെ തുടിപ്പി നെക്കുറിച്ച് എന്തെല്ലാം പറയാനുണ്ട്... കണക്കുകൂട്ടാനുണ്ട്.
ഒന്നും പറയാനുമില്ല, അറിയാനുമില്ല. നടക്കേണ്ട സംഗതിയൊക്കെ അതിന്‍റെ സമയത്ത് അങ്ങ് നടന്നു കൊള്ളും എന്ന ഭാവത്തില്‍, തന്‍റെ കൈയെത്തും ദൂരത്ത് കൂര്‍ക്കംവലിച്ചുറങ്ങുന്ന അവനെ അവള്‍ സൂക്ഷിച്ചു നോക്കി. ഈ മനുഷ്യന്‍ എന്തേ ഇങ്ങനെ? താനിതുവരെ കേട്ടറിഞ്ഞ ജീവിതങ്ങള്‍ ഇങ്ങനെയുള്ളവ ആയിരുന്നില്ലല്ലോ.
ഇയാള്‍തന്നെ സ്നേഹിക്കുന്നുണ്ടോ?
ഉണ്ടായിരിക്കാം.
പരിഗണിക്കുന്നില്ലേ?
ഉണ്ടായിരിക്കാം.
അംഗീകരിക്കുന്നില്ലേ?
ഉണ്ടായിരിക്കാം.
പക്ഷേ,തന്നെ പ്രണയിക്കുന്നുണ്ടോ? തന്നോടു വാത്സല്യമുണ്ടോ?
ഇല്ല... ഇല്ലാ... ഇല്ലാാ...
അവള്‍ കിടക്കയില്‍ ഏണീറ്റിരുന്നു കിതച്ചു.
ഒക്കെയും തന്‍റെ തെറ്റിദ്ധാരണ. തന്നെ ഇദ്ദേഹം പ്രണയിക്കുന്നുണ്ട്. ഒത്തിരി ഒത്തിരി ഓമനിക്കുന്നുണ്ട്. ലാളിക്കുന്നുണ്ട്. ഒരു കൊച്ചു കുഞ്ഞിനോടുള്ള സ്നേഹവായ്പോടെ തന്നെ കരുതുന്നില്ലേ...
അവളുടെ മനസ്സിന്‍റെ മോഹങ്ങള്‍ നിറം വിരിച്ചു. തന്‍റെ പങ്കാളി തന്നോട് എങ്ങനെയൊക്കെ പെരുമാറണമെന്ന് അവള്‍ കൊതിച്ചുവോ... അതെല്ലാം അവള്‍ സങ്കല്പങ്ങളിലൂടെ ജീവിപ്പിച്ചു. അവള്‍, അവനായി അവളോടു സല്ലപിച്ചു, ഇണങ്ങി, പിണങ്ങി, ചിരിച്ചു. അവള്‍ അമ്മയായി, അവന്‍ അച്ഛനായി പിറക്കാന്‍ പോകുന്ന കുഞ്ഞിനെ പുന്നാരിച്ചു, കൊഞ്ചിച്ചു. അവളും അവനും പൊട്ടിച്ചിരിച്ചു. അടുത്ത നിമിഷം യാഥാര്‍ത്ഥ്യം, ഉറക്കത്തില്‍ തിരിഞ്ഞുകിടന്ന അവന്‍റെ ചലനം അവളെ തൊട്ടുണര്‍ത്തി. ഒരു നെടുവീര്‍പ്പോടെ അവളും ആ കട്ടിലില്‍തന്നെ ചുരുണ്ടുകൂടി.